മൂന്ന് മാസത്തിനിടെ ഒരു പെണ്‍കുഞ്ഞ് പോലും ജനിച്ചില്ല- 132 ഗ്രാമങ്ങളിൽ സര്‍ക്കാര്‍ അന്വേഷണം

പെണ്‍കുട്ടികള്‍ ജനിക്കാത്ത ഗ്രാമങ്ങള്‍ അപകടകരമായ സ്ഥിതിവിശേഷമായിരിക്കും രാജ്യത്തിന്‌ സമ്മാനിക്കുക

മൂന്ന് മാസത്തിനിടെ ഒരു പെണ്‍കുഞ്ഞ് പോലും ജനിച്ചില്ല- 132 ഗ്രാമങ്ങളിൽ സര്‍ക്കാര്‍ അന്വേഷണം

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരൊറ്റ പെണ്‍കുഞ്ഞ് പോലും ജനിച്ചിട്ടില്ല- ഉത്തരാഖണ്ഡിലെ 132 ഗ്രാമങ്ങളിൽ 'റെഡ് സോണ്‍' രേഖപ്പെടുത്തി സര്‍ക്കാരിന്റെ അന്വേഷണം. ലിംഗനിര്‍ണ്ണയം നടത്തി ഏതെങ്കിലും തരത്തിലെ ഗര്‍ഭചിദ്രം നടന്നിട്ടുണ്ടോ എന്ന് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടതിനു പിന്നാലെ സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഉത്തര്‍കാശി ജില്ലയിലെ 132 ഗ്രാമങ്ങളാണ് അന്വേഷണവിധേയമാക്കുക. ഇതിനായി 25 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേകസംഘത്തെയും ജില്ലാ ഭരണകൂടം രൂപീകരിച്ചിട്ടുണ്ട്.

പെണ്ഭ്രൂണഹത്യ നടന്നിട്ടുള്ളതായി ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും, എന്നാല്‍ നിര്‍ബന്ധിതമായോ അല്ലാതെയോ ഇങ്ങനെ ഒരു നീക്കം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കുമെന്ന് ജില്ലാ നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു.

അന്താരാഷ്‌ട്രാ മാധ്യമങ്ങള്‍ ഏറെ വാര്‍ത്താപ്രാധാന്യം നല്‍കിയാണ്‌ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പെണ്‍കുട്ടികള്‍ ജനിക്കാത്ത ഗ്രാമങ്ങള്‍ അപകടകരമായ സ്ഥിതിവിശേഷമായിരിക്കും രാജ്യത്തിന്‌ സമ്മാനിക്കുക എന്ന് അവര്‍ ചൂണ്ടികാട്ടുന്നു. 1994-ൽ പെണ്ഭ്രൂണഹത്യ ഇന്ത്യയില്‍ നിയമം മൂലം നിരോധിച്ചതാണ്. എങ്കിലും ഗ്രാമങ്ങളില്‍ ഇപ്പോഴും അവ നിര്‍ബാധം തുടരുന്നു എന്നാണ് പുതിയ സാഹചര്യത്തില്‍ മനസിലാക്കാന്‍ കഴിയുക.

ബ്രിട്ടീഷ് മെഡിക്കൽ ജേണൽ ദി ലാൻസെറ്റ് 2011ല്‍ നടത്തിയ ഒരു പഠനത്തിൽ കണ്ടത്തിയത് ഇന്ത്യയില്‍ കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി 12 മില്യണ്‍ പെണ്ഭ്രൂണഹത്യ നടന്നുവെന്നാണ്. 2011 ൽ നടത്തിയ സെൻസസ് പ്രകാരം നിലവില്‍ 1000 പുരുഷന്മാർക്ക് 943 സ്ത്രീകൾ എന്ന അനുപാതമാണ് രാജ്യത്തുള്ളത്. 2015-17ൽ ഇത് 896 ആയി കുറഞ്ഞു, ആശങ്കാജനകമായ പ്രവണതയിലേക്കാണ് ഈ കണക്കുകള്‍ വിരൽ ചൂണ്ടുന്നത്.

Read More >>