ഇത് പെണ്ണും നിന്ന് മൂത്രമൊഴിക്കും കാലം; യൂറിൻ കപ്പ് പ്രചാരത്തിൽ

വൃത്തിയില്ലാത്ത ക്ളോസറ്റിൽ ഇരിക്കുന്നതിനെ കുറിച്ച് ഓർക്കാൻ പോലുമാകാതെ എത്ര മണിക്കൂറാണ് അവർ മൂത്രം പിടിച്ച് വെക്കുന്നത് ഇത് കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ധാരാളം

ഇത് പെണ്ണും നിന്ന് മൂത്രമൊഴിക്കും കാലം; യൂറിൻ കപ്പ് പ്രചാരത്തിൽ

'അവൾ നിന്ന് മൂത്രമൊഴിക്കുന്നു' . എന്താ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടോ? ഇതു കേട്ടാൽ പലരും മൂക്കത്ത് വിരൽ വെക്കും. പെണ്ണെങ്ങനെ നിന്ന് മൂത്രമൊഴിക്കും ദേഹത്താകെയാവില്ലേ?-ഇതാണ് സംശയമെങ്കിൽ ഇനിയത് വേണ്ട. ആണിനെ പോലെ പെണ്ണിനും നിന്ന് മൂത്രമൊഴിക്കാനുള്ള സംവിധാനവുമായി വിപണി സജീവമാവുന്നു. മൂത്രകുഴൽ (pee funnel ), യൂറിൻ കപ്പ് എന്നെല്ലാം പേരുള്ള ഈ ഉപകരണം വിപണിയിൽ എത്തിയിട്ട് വർഷങ്ങൾ കുറെയായി . എന്നിട്ടും അധികമാരും ഇതിനെ കുറിച്ച് അറിഞ്ഞിട്ട് പോലുമില്ല.

എന്തിനാണിപ്പോ ഇങ്ങനൊന്ന് എന്നാണോ?

ഇത് സ്ത്രീകൾക്ക് നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല. ഒന്ന് പുറത്ത് പോകുമ്പോൾ, ദൂരയാത്ര ചെയ്യുമ്പോൾ പബ്ലിക് ടോയിലെറ്റുകളിൽ പോകേണ്ടി വരുമ്പോൾ പെണ്ണുങ്ങൾ വല്ലാതെ പെടാറുണ്ട്. വൃത്തിയില്ലാത്ത ക്ളോസറ്റിൽ ഇരിക്കുന്നതിനെ കുറിച്ച് ഓർക്കാൻ പോലുമാവാതെ എത്ര മണിക്കൂറാണ് അവർ മൂത്രം പിടിച്ച് വെക്കാറ്. ഇത് കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ധാരാളം. എന്നാൽ ഈ സംവിധാനം വരുന്നതോടെ മൂത്രമൊഴിക്കാൻ പറ്റുന്ന എവിടേയും സ്ത്രീക്കും നിന്ന് മൂത്രമൊഴിക്കാം.

തുറസ്സായ സ്ഥലത്ത്‌ മൂത്രമൊഴിക്കണമെന്ന് ആഗ്രഹിക്കാത്ത പെണ്ണുങ്ങൾ കുറവായിരിക്കും. അവർക്കും ഇത് സന്തോഷം നൽകുന്ന വാർത്ത തന്നെ. ആർത്തവ സമയത്ത് പാഡിന് പകരം ഉപയോഗിക്കാവുന്ന മെൻസ്സ്ട്രുവൽ കപ്പ് കണ്ട് പിടിച്ചതായിരുന്നു ഇതിന് സമാനമായി മുൻപുണ്ടായ വിപ്ലവകരമായ കണ്ടുപിടുത്തം. യൂറിൻ കപ്പ് ഉപയോഗിക്കാൻ വളരെ എളുപ്പമാണ് എന്നതും ഇതിനെ ആകർഷകമാക്കുന്നുണ്ട്. കപ്പിന്റെ വിസ്തൃതമായ ഭാഗം യോനിയോട് ചേർത്ത് വെച്ച് മൂത്രമൊഴിക്കാം. കുഴൽ പോലുള്ള ഭാഗത്തിലൂടെ മൂത്രം പുറത്തേക്ക് പോയ്കൊള്ളും. ഇനി കുഴലിന് നീളം പോരെങ്കിൽ കൂട്ടാനുള്ള എക്സ്റ്റൻഷൻ കുഴലും ചില കമ്പനികൾ നൽകുന്നുണ്ട്. വിസ്തൃതമായ ഭാഗത്തുള്ള അരികുകൾ ശരീരത്തോട് ചേർനിരിക്കുന്നതിന് കൂടുതൽ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ചോർച്ച ഉണ്ടാകുമെന്ന പേടിയും വേണ്ട.

ഉപയോഗ ശേഷം കളയാവുന്ന പേപ്പർ യൂറിൻ കപ്പ് സംവിധാനവും ഉണ്ട്. 1922 ലാണ് ഇതിന് ആദ്യമായി പേറ്റന്റ് എടുക്കപ്പെട്ടത്. കട്ടിയുള്ള പേപ്പർ കൊണ്ട് നിർമിച്ചതായിരുന്നു അത്. പിന്നീട് ഇതിന് സമാനമായി 1956 ലാണ് പുതിയൊരുസംവിധാനം വരുന്നത്. എന്നാൽ 1996 ലാണ് മുഖ്യധാരയിലേക്ക് ഈ ഉത്പന്നം വരുന്നത്. വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തോളമെ ആകുന്നുള്ളു.

Story by
Read More >>