ഒരു ഇന്ത്യന്‍ പെണ്‍കുട്ടി

സ്ത്രീപക്ഷപരമായ വാദങ്ങളും അഭിപ്രായങ്ങളും പുരുഷവിദ്വേഷമല്ല എന്നു തിരിച്ചറിയുക. ഒരേ ജന്മാവകാശത്തില്‍ രണ്ടു പേര്‍ക്ക് ലഭിക്കുന്ന വിഭിന്ന നീതിയെ ചോദ്യം ചെയ്യലാണ് അത്!

ഒരു ഇന്ത്യന്‍ പെണ്‍കുട്ടി

പ്രിയപ്പെട്ട ഇന്ത്യ,

ഒരു പെണ്ണായി ജനിക്കാന്‍ കഴിഞ്ഞതില്‍ എത്രത്തോളം അഭിമാനം കൊള്ളുന്നുവോ അത്രത്തോളം ഈ രാജ്യത്തില്‍ ഒരു സ്ത്രീയായി ജീവിക്കുന്നതിലുള്ള നിസ്സഹായതയും അനുഭവപ്പെടുന്നുണ്ട്. ഒരു സ്ത്രീയായി ജനിച്ചതിനാല്‍, എതിര്‍ലിംഗക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമായത് പോലും നേടുവാനും എല്ലാം നേടുവാനും ഞങ്ങള്‍ക്ക് പോരാടേണ്ടി വരുന്നു. എന്റെ ആരോപണങ്ങളെ നീ ഒരിക്കലും ശരിവയ്ക്കില്ലെന്ന് അറിയാം, കാരണം തനതായ സംസ്ക്കാര പാരമ്പര്യത്തെ അംഗീകരിക്കുന്ന ഒരു രാജ്യമാണ് നീ.

സമൂഹത്തിന്റെ നാനാകോണുകളിലും നിന്നും എനിക്ക് നേരെ ഉയർന്നു വരുന്ന മുൻവിധികളെ എതിർത്തു ഞാൻ മടുത്തു കഴിഞ്ഞു. ചെറുപ്പം മുതൽ കേൾക്കുന്നത് ഞാൻ എന്ത് ധരിക്കണം, എങ്ങനെ പെരുമാറണം, ഒരു പെണ്ണായതിനാൽ എന്തെല്ലാം ചെയ്യാൻ പാടില്ല എന്നൊക്കെയുള്ള കാര്യങ്ങളാണ്. എനിക്ക് ചുറ്റുമുള്ള നിയന്ത്രണങ്ങളെ കുറിച്ച് ബോധവതിയാകണം എന്ന് നിരന്തരം എല്ലാരും എന്നെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഞങ്ങളുടെ സ്വാതന്ത്ര്യത്തെ നിങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു, മാത്രമല്ല എന്റെ ജീവിതത്തിലെ ഓരോ തീരുമാനങ്ങളെയും നിങ്ങൾ സസൂക്ഷ്മം വീക്ഷിക്കുകയും ചെയ്യുകയാണ്. ചോദ്യം ചെയ്യാൻ പോലും എനിക്ക് അർഹതയില്ലെന്നുള്ളതാണ്,കാരണം എന്നെ നിങ്ങൾ ചിട്ടയായ ഒരു അച്ചിലേക്ക് ക്രമീകരിച്ചിരിക്കുകയാണ്.

ദയവായി മനസിലാക്കുമല്ലോ...ഞാനൊരു സിൻഡ്രല്ലയല്ല, ആ ഷൂസിൽ എന്റെ പാദങ്ങൾ ഒതുങ്ങുകയുമില്ല. എനിക്ക് എന്റേതായ ഫെയറി കഥകൾ രചിക്കണം, എനിക്ക് അനായാസകരവും സ്വാതന്ത്ര്യവുമുള്ള എന്റെതായ ഒരു സാമ്രാജ്യം സൃഷ്ടിക്കണം.

എപ്പോൾ വിവാഹിതയാകണം എന്നും എപ്പോൾ ഒരു കുഞ്ഞിന് ജന്മം നൽകണം എന്നുള്ളതും എന്റെ തീരുമാനമാകണം. പരമ്പരാഗതമായ ചിട്ടവട്ടങ്ങളിൽ നിയന്ത്രിക്കപ്പെടുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതെന്റെ രീതിയല്ല! ലിവിംഗ് ടുഗതര്‍ എന്ന ആശയം ഞാന്‍ സംസാരിക്കുന്നത് പോലും പാപമാണ്. കഷ്ടം! മദ്യപാനവും പുകവലിയും സ്ത്രീകളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും പോലും. ഒന്നു ചോദിക്കട്ടെ, സ്ത്രീകള്‍ക്ക് മാത്രം? ഹേയ്! അല്ലേയല്ല...പിന്നെന്താണ് ഞങ്ങള്‍ മാത്രം എപ്പോഴും ഇക്കാര്യങ്ങളില്‍ വിമര്‍ശിക്കപ്പെടുന്നത്? ഇതെല്ലാം ചോദിക്കാന്‍ തുടങ്ങിയതോടെ എന്റെ നാവ് വരണ്ടതാണ് ഏക മെച്ചം, കൂടാതെ കൂടുതല്‍ കൂടുതല്‍ അപഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നു.

ഗ്രാമീണ മേഖലകളിൽ മാത്രമാണ് ഇവ നിലനിൽക്കുന്നതെന്നു കരുതുന്നവരോട്, ഇന്ത്യയുടെ നഗരങ്ങളെ പ്രതിനിധീകരിച്ചാണ് ഞാൻ ഇത് എഴുതുന്നത്. എത്ര മോഡേൺ സ്ത്രീയാണ് എങ്കിൽ പോലും ലിംഗപരമായ വേർത്തിരിവിൽ അവർ ചിലപ്പോൾ നേരിടുന്ന നിസ്സഹായാവസ്ഥ എനിക്ക് ഇവിടെ അക്ഷരങ്ങളിൽ വിവരിക്കാൻ കഴിയുന്നില്ല. നിങ്ങൾക്ക് അത് മനസിലാക്കണം എന്നുമില്ല. കാരണം, ഫെമിനിസം എന്നാൽ പുച്ഛിക്കാനുള്ള എന്തോ ഒന്നാണല്ലോ. അല്ലെ?

ഒരേ ചിന്താശക്തിയും, ചോദ്യങ്ങൾ ഉയർത്താനുള്ള അവകാശവുമായിട്ടാണ് നമ്മൾ ജനിച്ചതെന്ന് പോലും വിസ്മരിക്കപ്പെടുന്നു.

സ്ത്രീയെന്ന വിശദീകരണത്തിൽ 'വിധിയെ ' അംഗീകരിച്ചു എങ്ങനെയൊക്കെയോ ജീവിക്കണം!

വിദ്യാസമ്പന്നരായ ഒരു ജനക്കൂട്ടത്തിനിടയിൽ ജീവിച്ചിട്ടും. പാവാടയില്‍ കാണപ്പെട്ട രക്തക്കറയുടെ പേരില്‍ ഞാന്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. എപ്പോഴെന്നു തീര്‍ത്തും കൃത്യതയില്ലാതെ, ഏകദേശം 28 ദിവസങ്ങള്‍ കൂടുമ്പോള്‍ എന്റെ ശരീരം പ്രകടമാക്കുന്ന ഒരു സ്വാഭാവിക പ്രക്രിയക്ക് ഞാന്‍ നേരിടേണ്ടി വരുന്ന കുറ്റപ്പെടുത്തലുകള്‍ നിറഞ്ഞ അസ്സഹനീയമാണ്.

അതേ...എന്റെ ആര്‍ത്തവരക്തത്തിന്റെ നിറം ചുവപ്പാണ്, നീലയല്ല! ഇതേ അശുദ്ധരക്തത്തില്‍ ജീവന്‍ നേടിയവര്‍, ഇപ്പോള്‍ അതിനെ പരിഹസിക്കുന്നത് കാണുമ്പോള്‍ തമാശ തോന്നുന്നു. അശുദ്ധമായ രക്തത്തില്‍ പിറന്ന ചിലര്‍ മാത്രം എങ്ങനെ വിശുദ്ധരാകും?

ഞാന്‍ കൈവരിച്ച നേട്ടങ്ങളെ ഒരു സ്ത്രീയായതിന്റെ പേരില്‍ മാത്രം പരിമിതപ്പെടുത്തിയ എത്രയോ അവസരങ്ങളുണ്ട്? സംശയം തോന്നുണ്ടോ? ഒരു പത്രം എടുക്കുക, അതിലേക്കു നോക്കുക- എത്ര തവണ ഞാൻ ശിക്ഷിക്കപ്പെട്ടു, വിലയിരുത്തപ്പെട്ടു, അപമാനിക്കപ്പെട്ടു? കുറ്റവാളികളായവര്‍ക്ക് പോലും ചിലപ്പോള്‍ സമൂഹം പല ആനുകൂല്യങ്ങളും നല്‍കി, ഞങ്ങളോട് എന്താണ് ഇങ്ങനെയൊരു അയിത്തം?

ഞാന്‍ എപ്പോൾ വീട്ടില്‍ കയറണം എന്നൊരു സമയം പറയരുത്, എന്റെ വസ്ത്രധാരണ രീതികളില്‍ എന്നെ ഉപദേശിക്കരുത്, ഞാന്‍ എന്തു ജോലി ചെയ്യണം എന്നും പറയരുത്. എന്തു പറഞ്ഞാലും 'ആദര്‍ശവതിയായ' ഒരു സ്ത്രീ ചെയ്യേണ്ടുന്ന പട്ടിക എന്റെ മുന്നില്‍ നിരത്തരുത്. ആദ്യം എനിക്ക് അത്തരത്തില്‍ 'ആദര്‍ശപരമായ' ഒരു രാജ്യം നല്‍കൂ- ഇൻഡ്യയിലെ സ്ത്രീകൾ അത് ആവശ്യപ്പെടുന്നു. നിങ്ങൾ എന്നെ ഒരു മൂടുപടംധരിപ്പിക്കുന്നതിന് മുന്‍പ് അല്ലെങ്കില്‍ എന്റെ നാവിനെ ബന്ധിക്കും മുന്‍പ് ഈ രാജ്യത്തെ സ്ത്രീകളെ വളയം ചെയ്തു നില്‍ക്കുന്ന 'അരുതുകള്‍' ഒന്നു കാണാന്‍ ശ്രമിക്കണം.

ഞങ്ങള്‍ പോരാടിയിരുന്നു, ഇനിയും പോരാടും. അതു ചെയ്തേ മതിയാകൂ...ഈ പോരാട്ടം നമ്മള്‍ ഒരുമിച്ചാണ് എങ്കില്‍, ആരോഗ്യകരമായ ഒരു രാഷ്ട്രമെന്ന നിലയിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ സാധിക്കും,

ശുഭാപ്തിവിശ്വാസത്തോടെ,

എന്നെ പോലെയുള്ള പലര്‍ക്കും വേണ്ടി സംസാരിക്കുന്ന 'ഒരു ഇന്ത്യന്‍ പെണ്‍കുട്ടി'

=സൗമ്യ ശ്രീവാസ്തവ=

Read More >>