പൊള്ളുന്നു...

പെണ്ണ് ഇരയാകുന്നുവെങ്കില്‍ അതു അവളുടെ മാത്രം തെറ്റാണ് പോലും. നമ്മുടെ പെണ്‍കുട്ടികള്‍ 'പെട്രോള്‍ കൊലപാതകങ്ങളെ പേടിച്ച് അടങ്ങി ഒതുങ്ങി കഴിയണമെന്നു സമൂഹം തീരുമാനിച്ചുക്കഴിഞ്ഞു.

പൊള്ളുന്നു...

തേപ്പിനുള്ള ശിക്ഷ എന്തായിരിക്കണം? അല്ലെങ്കിൽ, പ്രണയം നിരസിക്കുന്ന പെൺകുട്ടി എങ്ങനെ ശിക്ഷിക്കപ്പെടണം?

മറുപടി സോഷ്യൽ മീഡിയ പറയും. എന്താണ് സംശയം, ഒന്നുകിൽ അവൾ ദാരുണമായി കൊല്ലപ്പെടണം. അല്ലെങ്കിൽ മിനിമം പരസ്യമായി അപമാനിക്കപ്പെടുകയെങ്കിലും വേണം. വെര്‍ബല്‍ അബ്യൂസിനുള്ള അവസരമെങ്കിലും മിനിമം ഉണ്ടാകണം- തേപ്പിനു അതാണ് ശിക്ഷ.

പുരുഷാധിപത്യം ഇന്നും വച്ചൊഴിയാൻ മടിക്കുന്ന സമൂഹത്തിൽ പെണ്ണിനോളം നല്ലൊരു ഇരയില്ല. വിദ്യാഭ്യാസം തുലോം കുറവായിരുന്ന നോർത്തിന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം കേട്ടിരുന്ന പ്രാകൃത ശിക്ഷാ നടപടികളാണ് ഇപ്പോൾ കേരളത്തിലും സംഭവിക്കുന്നത്. ഇന്ന് കൊച്ചി കാക്കനാട് വച്ച് മിഥുൻ അവളെ ചുട്ടു കൊന്നു. അങ്ങനെ പറയാനാണ് താൽപര്യപ്പെടുന്നത്. പക്ഷെ വലിയ വാർത്താ പ്രാധാന്യമൊന്നും ഈ വാർത്തയ്ക്കു ലഭിച്ചില്ല. സോഷ്യൽ മീഡിയയിൽ അനുശോചന പ്രവാഹങ്ങളും ഇല്ല. കാരണം രസകരമാണ്- ഒന്നാമത് എല്ലാവരും ജോളിയുടെ പിന്നാലെയാണ്. ജോളിയുടെ പിന്നില്‍ മസാല കഥകള്‍ കണ്ടെത്താതെ ഇനി വാര്‍ത്താവതാരങ്ങള്‍ക്ക് വിശ്രമമില്ല. രണ്ടാമത്- "ഏതായാലും ആ ചെക്കനും മരിച്ചില്ലേ, ഇനിയിപ്പോ എന്ത് പറയാനാ."

കൊല്ലപ്പെട്ട പെണ്‍കുട്ടി ഏതെങ്കിലും തരത്തില്‍ മരിക്കേണ്ടവളായിരുന്നു എന്നൊരു പ്രാദേശിക വികാരം വൈകാതെ ഉടലെടുക്കും. അവളുടെ പേരും തേപ്പുകാരിയുടെ ഗണത്തില്‍ ഉള്‍പ്പെടും. അതോടെ, പുതിയ 'പെട്രോള്‍ കൊലപാതകങ്ങള്‍ക്ക്' കാതോര്‍ക്കുകയെ വേണ്ടൂ.

സ്ത്രീകളെ ബഹുമാനിച്ചിരുന്ന ഒരു സംസ്ക്കാരത്തില്‍ നിന്നും എങ്ങനെയാണ് അവളെ ഒരു ഇരയായി മാത്രം കണക്കാക്കുന്ന നിലയിലേക്ക് മലയാളികള്‍ എത്തിയത്? സ്ത്രീയുടെ വേദനയെ, അവളുടെ അപമാനങ്ങളെ ഇത്രയധികം ആഘോഷിക്കാന്‍ നമ്മള്‍ ശീലിച്ചത് എന്നു മുതല്‍ക്കാണ്?

കടയുടെ മുന്നില്‍ ബൈക്ക് നിര്‍ത്തി, കാമുകിയോട് ഷോള്‍ വാങ്ങി ധരിക്കാന്‍ നിര്‍ദ്ദേശിക്കുന്ന യുവാവ് ഹീറോയാണ്, വിവാഹം നിരസിക്കുന്ന കാമുകിയുടെ വീട്ടിലെത്തി അവളുടെ അനിയത്തിയെ കല്യാണം ആലോചിക്കുന്ന യുവാവ് 'പൊളിച്ചു', തേച്ചിട്ട് പോയ പെണ്ണിനെ തന്ത്രപരമായി വിജനതയില്‍ എത്തിച്ചു ബൈക്കിടിച്ച് കൊലപ്പെടുത്തുന്ന നായകന്‍ 'മാസാണ്' മലയാളം ഷോര്‍ട്ട് ഫിലിമുകള്‍ നിശബ്ദമായി ഇന്‍ജക്റ്റ് ചെയ്ത വിഷം ഫലം കണ്ടു തുടങ്ങിരിക്കുന്നുവെന്ന് വേണം പറയാന്‍.

പെണ്ണ് ഇരയാകുന്നുവെങ്കില്‍ അതു അവളുടെ മാത്രം തെറ്റാണ് പോലും. നമ്മുടെ പെണ്‍കുട്ടികള്‍ 'പെട്രോള്‍ കൊലപാതകങ്ങളെ പേടിച്ച് അടങ്ങി ഒതുങ്ങി കഴിയണമെന്നു സമൂഹം തീരുമാനിച്ചുക്കഴിഞ്ഞു.

ഇനി പെണ്ണെങ്ങാനം തിരിച്ചു പ്രതികരിച്ചാലോ? കഴിഞ്ഞു കഥ! "സതീശന്റെ മോനല്ലേടാ...നീ എന്നെ തേച്ചിട്ട് പോയതല്ലേ?" എന്ന് ട്രോളിയ പെണ്‍കുട്ടികള്‍ അഹങ്കാരികളായി. പോയിനെടി നിനക്കൊന്നും വേറെ പണിയില്ലേ? നിനക്കൊന്നും വീട്ടിൽ ചോദിക്കാനും പറയാനും ആരും ഇല്ലേ. ആളാവാൻ നടക്കുന്നു. അലവലാതികൾ. എന്നാണ് അവര്‍ക്ക് കിട്ടിയ കോംപ്ലിമെന്റ്റ്‌ . 'കിളിനക്കോട്' വിവാദത്തിലും പെണ്‍കുട്ടികള്‍ തന്നെ തെറ്റുകാര്‍. അവര്‍ അവിടെ വേറെ പണിക്ക് വന്നതാണ് എന്ന് വരെ സദാചാര കേരളം വിധിയെഴുതി. പെണ്ണാണോ ...'മറ്റേ പണി' മസ്റ്റാണ്.

പ്രണയം നിരസിക്കുന്നു പെണ്ണിനെ വീട്ടിൽ കയറി കത്തിക്കും, അവളുടെ ക്ലാസ് മുറിയിലിട്ടും കത്തിക്കും, പട്ടാപകൽ നാട്ടുകാർ നോക്കി നിൽക്കെ കാറിടിച്ചു വീഴ്ത്തി പെട്രോൾ ഒഴിച്ച് കത്തിക്കും- അവന്റെ മനസ്സ് നൊന്താൽ അവനു എന്തും ചെയ്യാം. അവൻ ആണല്ലേ!

പ്രണയത്തിന്റെ കലിരൂപമെന്നും, പ്രണയനൈരാശ്യമെന്നും മറ്റും തലക്കെട്ടുകള്‍ നല്‍കി ആണ്‍ മനോവൈകല്യങ്ങളെ സാധൂകരിക്കുന്ന പ്രവണതയ്ക്ക് അടുത്ത കാലത്തൊന്നും ശമനം ഉണ്ടാകുമെന്നു തോന്നുന്നില്ല. പെട്രോൾ കൊലപാതകങ്ങൾ ആണിന്റെ ന്യായമായി പരിഗണിക്കപ്പെടുന്നു. "പാവം...അവനും ചത്തില്ലേ? പിന്നെന്താ..." കേരളം കാഴ്ചക്കാരാകാൻ ശീലിച്ചു കഴിഞ്ഞു.

പെട്രോൾ കൊലപാതകങ്ങൾ തുടർക്കഥയാകുമ്പോൾ, എന്ത് കർശന നടപടികളാണ് കേരളം നടപ്പിലാക്കാൻ പോകുന്നത്? ഇനി ഒരാൾക്കും ഈ മനോവൈകല്യത്തെ പ്രകടിപ്പിക്കാതിരിക്കാൻ തക്ക എന്ത് ശിക്ഷയാണ് നൽകാൻ പോകുന്നത്? പെണ്മക്കളുള്ളവർ തെറ്റ് ചെയ്ത മാതാപിതാക്കന്മാരല്ല... അവർക്കും പൊള്ളും!

Read More >>