നീലയും പിങ്കും പറയുന്ന ലിംഗവിവേചനം

ആണ്‍കുട്ടികള്‍ പിങ്ക് ധരിക്കുകയോ...അയ്യേ! അത് പെണ്‍കുട്ടികളുടെ നിറമല്ലേ?

നീലയും പിങ്കും പറയുന്ന ലിംഗവിവേചനം

എന്താണ് പിങ്ക് നിറത്തിന്റെ മന:ശാസ്ത്രം? എന്നു മുതല്‍ക്കാണ് പിങ്ക് പെണ്‍കുട്ടികളുടെയും നീല ആണ്‍കുട്ടികളുടെയും നിറമായി മാറിയത്. വാര്‍ത്താശ്രദ്ധ ഏറെ നേടിയ 'വിരുഷ്ക്കാ' വിവാഹത്തിന്റെ തീം പിങ്ക് നിറത്തിലായിരുന്നു എന്ന് കണ്ടെത്തി സോഷ്യല്‍ മീഡിയകളില്‍ ഏറെ അനുകൂല ഹാഷ്ടാഗുകള്‍ കണ്ടതിനെ തുടര്‍ന്നാണ്‌ ഇങ്ങനെയൊരു ചിന്ത ഉടലെടുത്തത്. സ്ത്രീയെ അംഗീകരിക്കുകയും അവളെ ബഹുമാനിക്കുകയും ചെയ്യുന്നതായിരുന്നു വിരാട് കോഹ്ലി പിങ്ക് കുര്‍ത്ത ധരിക്കുന്നത് വഴി ചെയ്തത് എന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. അതു കാര്യമെന്തുമാകട്ടെ, അതിനു പിന്നിലെ മന:ശാസ്ത്രപരമായ വീക്ഷണം എന്തായിരുന്നു എന്ന് വിരുഷ്ക്കാ ദമ്പതികള്‍ തന്നെ പറയുന്നത് വരെ കാത്തിരിക്കാം.

ഏതായാലും ഇപ്പോഴത്തെ ഏറ്റവും ചെറിയ തലമുറ പോലും എങ്ങനെയോ ധരിച്ചു വച്ചിരിക്കുന്ന ഒരു കാര്യമുണ്ട്- ആണ്‍കുട്ടികള്‍ പിങ്ക് ധരിക്കുകയോ...അയ്യേ! അത് പെണ്‍കുട്ടികളുടെ നിറമല്ലേ? പക്ഷെ പെണ്‍കുട്ടികള്‍ക്ക് ഇങ്ങനെ ഒരു വേര്‍ത്തിരിവ് ഇല്ല-നീലയോ പിങ്ക് നിറമോ , ഏതു വേണമെങ്കില്‍ ധരിക്കാം,കുഴപ്പമില്ല, എന്നിരുന്നാലും ഒരു 'ഗേളിഷ്' ലൂക്ക് വേണമെങ്കില്‍ പിങ്ക് തന്നെ വേണം എന്നു മാത്രം! എവിടെയാണ് ഈ നിറങ്ങള്‍ ലിംഗഭേദത്തിന്റെ ഒരു അടയാളമായി മാറിയത്? എന്നാല്‍ ഒരു കാലത്ത് പിങ്ക് ആണ്‍കുട്ടികളുടെ നിറമായിരുന്നു എന്നറിയാമോ? പാശ്ചാത്യ സംസക്കാരത്തിലാണ് ഇങ്ങനെ ഒരു പ്രവണത ഉണ്ടായിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് കൊച്ചു കുട്ടികള്‍ക്കായി പിങ്ക്, നീല നിറങ്ങളിൽ വസ്ത്രങ്ങള്‍ക്ക് നിറം നല്‍കി വന്നു.എന്നിരുന്നാലും, ഈ രണ്ടു വർണ്ണങ്ങളും ലിംഗ സൂചനകൾ എന്ന നിലയിൽ ഒന്നാം ലോകമഹായുദ്ധത്തിനു മുൻപ് വരെ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല

അമേരിക്കന്‍ പോപ്‌ സംസക്കരത്തിന്റെ ഭാഗമായാണ് ഈ നിറങ്ങള്‍ ഇങ്ങനെ വീതം വച്ച് നല്‍കപ്പെട്ടത്‌ എന്നു പറയപ്പെടുന്നു. നൈര്‍മല്യതയുടെയും ശുചിത്വത്തിന്റെയും പ്രതീകമായി കൊച്ചുകുട്ടികള്‍ക്ക് ലിംഗഭേദമെന്യേ വെള്ളകുപ്പായങ്ങളാണ് ധരിപ്പിച്ചിരുന്നത്. ഫാഷന്‍ ട്രെന്‍ഡിന്റെ ഭാഗമായി വസ്ത്രനിര്‍മ്മാണ കമ്പനികള്‍ നടത്തിയ ഒരു പരീക്ഷണമാണ് ഒടുവില്‍ നിറങ്ങളില്‍ ഒരു ജെന്ടെര്‍ വ്യത്യാസം കൊണ്ടുവന്നത്. 1940 കളിലും രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിലും ലിംഗ നിർദ്ദിഷ്ട വസ്ത്രം ശൈലികളിൽ നിറങ്ങളും പൊതുബോധത്തിൽ കയറിപറ്റി.ഒരു ധീരതയുടെ പരിവേഷം ലഭിച്ചിരുന്നതിനാൽ ചുവപ്പ് നിറം പുരുഷന്മാരുടെ നിറമായി കണക്കാക്കി വന്നതും അക്കാലത്താണ്. ചുവപ്പിന്റെ ഒരു ഇളം നിറമായ പിങ്ക് ചെറിയ ആൺകുട്ടികളുടെ വസ്ത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു വന്നു. കന്യാമറിയത്തിന്റെ വസ്ത്രത്തിനു ചിത്രകാരന്മാർ നീല നിറം കല്പിച്ചു നല്കിയിരുന്നതിനാൽ പെൺകുട്ടികളുടെ വസ്ത്രധാരണത്തിൽ നീല നിറവും കടന്നു കൂടി. അങ്ങനെ ആദ്യനാളുകളിൽ ആൺകുട്ടികൾ ഉപയോഗിക്കുന്ന വസ്തുക്കൾക്ക് പിങ്ക് നിറവും പെൺകുട്ടികളുടെത് നീല നിറവുമായിരുന്നു പോലും!

1918-ൽ, Earnshaw's Infants Department എന്ന പ്രസിദ്ധീകരണത്തിൽ വന്ന ഒരു ലേഖനത്തില്‍ ആൺകുട്ടികൾക്കു പിങ്ക് നിറവും പെണ്‍കുട്ടികള്‍ക്ക് നീല നിറവും ഫാഷന്‍ ട്രെന്‍ഡ് ആയി വിവരിച്ചിട്ടുണ്ട്. അതെ, കേട്ടത് തെറ്റിയില്ല, ആണിന് പിങ്കും പെണ്ണിന് നീലയും തന്നെ! അതിനു കാരണമായി അവര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്- പിങ്ക് കൂടുതൽ കരുത്തുറ്റതും ശക്തവുമായ വർണമാണ്, ആൺകുട്ടികള്‍ക്ക് ഇത് കൂടുതൽ അനുയോജ്യമാണ്, നീല നിറത്തിനു കൂടുതൽ വശ്യതയും മനോഹാരിതയും ഉള്ളതിനാല്‍ പെൺകുട്ടികള്‍ക്ക് ഇത് സൌന്ദര്യമാണ് എന്നായിരുന്നു.

പിന്നെ എവിടെ നിന്നാണ് ഇപ്പോൾ ഉള്ളത് പോലെ ഒരു മാറ്റം ഉണ്ടായത്? എപ്പോൾ മുതൽക്കാണ് പിങ്ക് നിറം സ്ത്രൈണതയുമായി ബന്ധപ്പെടുത്തി കാണാൻ തുടങ്ങിയത്?

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് ഈ മാറ്റം സംഭവിച്ചത്‌ എന്ന് കരുതപ്പെടുന്നു. പുരുഷന്മാർ മാത്രം ചെയ്തു വന്നിരുന്ന ഫാക്ടറി ജോലികൾ സ്ത്രീകൾ ചെയ്യാൻ ആരംഭിക്കുകയും ചെയ്തതോടെ, ഇങ്ങനെ ഉള്ളവരെ പ്രതിനിധീകരിച്ച് സ്ത്രീ ശാക്തീകരണത്തിന്റെയും അവരുടെ സാമ്പത്തിക ഉന്നമനത്തിന്റെയും പ്രതീകമായ 'റോസി ദി റിവറ്റർ' എന്ന കഥാപാത്രമുണ്ടായി. റോസിയുടെ നീല നിറത്തിലെ വസ്ത്രത്തിൽ പിങ്ക് നിറവും കൂടി ചേർത്താണ് പ്രചരിക്കപ്പെട്ടത്. ഇവരുടെ നീല കുപ്പായത്തിലെ പിങ്ക് പൂക്കളായോ അല്ലെങ്കിൽ തലപ്പാവിന്റെ നിറമായോ പിങ്ക് അവതരിപ്പിക്കപ്പെട്ടു. സ്ത്രീമുന്നേറ്റം കൂടുതൽ കരുത്താർജ്ജിച്ചതോടെ അന്നു വരെ നിലനിന്നിരുന്ന പല സങ്കൽപ്പങ്ങൾക്കും മാറ്റമുണ്ടായി,അതിലൊന്നായിരുന്നു വസ്ത്രങ്ങളുടെ ശബ്ദവും! മാറ്റങ്ങള്‍ അവിടെ നിന്നും ആരംഭിക്കുകയായിരുന്നു.

പിന്നീട്, പിങ്ക് നിറവും നീലയും '80 കളുടെ മധ്യത്തോടെ വീണ്ടും ഫാഷൻ ലോകത്തിലേക്ക് ലിംഗഭേദവുമായി കടന്നു വന്നു. ജനിക്കാൻ പോകുന്ന കുഞ്ഞിന് വേണ്ടി മാതാപിതാക്കൾക്ക് മുൻകൂട്ടി ഒരുക്കങ്ങൾ നടത്താനുള്ള സൗകര്യം പരിഗണിച്ചായിരുന്നു ഇത്. ഒരു കുഞ്ഞിന് ഒരുക്കുന്ന നഴ്സറിയിൽ "അനുയോജ്യമായ" വർണമെന്ന നിലയിൽ ആൺകുട്ടികൾക്ക് നീലയും പെൺകുട്ടികൾക്ക് പിങ്ക് നിറവും സ്ഥാപിക്കപ്പെട്ടു. ജനനം മുതൽ തന്നെ നിഷ്പക്ഷതയുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതല്ലാതെ മറ്റെന്താണ് ഈ നിറങ്ങളുടെ സന്ദേശം നൽകുന്നത് എന്നു ചിന്തിക്കുന്നത് ഗുണപ്രദമാകും!

Read More >>