ഒരു പഞ്ചായത്തിന്റെ ദാഹം മാറ്റിയ മഴർകൊടി

അഞ്ച് വർഷത്തെ അശാന്ത പരിശ്രമം കൊണ്ടാണ് മേലാമരുങൂർ പഞ്ചായത്തിലെ എട്ട് ഗ്രാമങ്ങളിലേയ്ക്ക് പൈപ്പുകൾ വലിക്കാൻ കഴിഞ്ഞത്. റിവേഴ്സ് ഓസ്മോസിസ് വാട്ടർ പ്ലാന്റ് എട്ട് ഗ്രാമങ്ങളിലും സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതിയ്ക്ക് തുടക്കമിട്ടു.

ഒരു പഞ്ചായത്തിന്റെ ദാഹം മാറ്റിയ മഴർകൊടി

തികച്ചും ഓണം കേറാമൂല എന്ന് വിളിക്കാവുന്ന മേലമരുങൂർ എന്ന പഞ്ചായത്തിൽ അടുത്ത കാലത്തൊന്നും വികസനം തൊട്ടുതീണ്ടാനിടയില്ലാത്ത അവസ്ഥയായിരുന്നു. കുടിവെള്ളം കിട്ടാത്തത് പ്രധാന പ്രതിസന്ധി. ദിവസങ്ങൾ കൂടുമ്പോൾ വെള്ളം വരുന്ന പൊതുടാപ്പിനു മുന്നിൽ വരിനിന്നാൽ കിട്ടുന്നത് തുച്ഛമായ അളവ് കുടിവെള്ളം മാത്രം. കുട്ടികൾ പോലും സ്കൂളിൽ പോകാതെ പ്ലാസ്റ്റിക് കുടങ്ങളുമായി വരി നിൽക്കേണ്ടി വരുന്ന അവസ്ഥ.

ഇങ്ങനെയായിരുന്നു ആറ് വർഷങ്ങൾക്കു മുൻപ് മഴർകൊടി ധനശേഖർ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ മേലമരുങൂർ പഞ്ചായത്ത്.

"ബ്ലോക്ക്, ജില്ലാ അധികാരികൾ ഞങ്ങളുടെ പഞ്ചായത്തിലേയ്ക്ക് വരുകയേയില്ലായിരുന്നു. ഞങ്ങളുടേത് പോലത്തെ ഓണം കേറാമൂലകൾ അവർക്ക് താല്പര്യമുള്ളതായിരുന്നില്ല. വികസനത്തിനായി ആവശ്യമുള്ള ഫണ്ട് തരില്ലെന്ന് തന്നെ. അവരുടെ കണ്ണുകളിൽ ഞങ്ങൾ ജീവിച്ചിരിക്കുന്നവരല്ലായിരുന്നു. പട്ടണത്തിനോടടുത്തുള്ള പഞ്ചായത്തുകൾക്കേ അവർ ഫണ്ട് നൽകുകയുള്ളൂ," മഴർകൊടി തന്റെ അനുഭവം പങ്കുവയ്ക്കുന്നു.

ഈ അവസ്ഥ ദുരീകരിക്കണമെന്ന് അവർ തീരുമാനിച്ചു. സ്വന്തം നിലയ്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് അധികാരികൾക്ക് കാണിച്ചു കൊടുക്കണമെന്ന് തീരുമാനിച്ചു. മാസങ്ങളോളം നീണ്ട എഴുത്തുകുത്തുകൾക്കും പരാതികൾക്കും ശേഷം ഗ്രാമാവികസനവകുപ്പിൽ നിന്നും ജില്ലാ ഭരണകൂടത്തിൽ നിന്നും ഫണ്ട് വാങ്ങിച്ചെടുക്കാൻ അവർക്കായി.

പ്രധാന പ്രശ്നമായ കുടിവെള്ളം തന്നെയായിരുന്നു ആദ്യത്തെ പരിഗണനയിൽ. കാവേരി വെള്ളം മാത്രം ആശ്രയിച്ചു കഴിയുകയായിരുന്നു ആ പഞ്ചായത്ത്. മൺസൂൺ ചതിച്ചതും കാവേരി തീരത്തെ ഖനനവും കാരണം കിട്ടാനുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞു.

അഞ്ച് വർഷത്തെ അശാന്ത പരിശ്രമം കൊണ്ടാണ് മേലാമരുങൂർ പഞ്ചായത്തിലെ എട്ട് ഗ്രാമങ്ങളിലേയ്ക്ക് പൈപ്പുകൾ വലിക്കാൻ കഴിഞ്ഞത്. റിവേഴ്സ് ഓസ്മോസിസ് വാട്ടർ പ്ലാന്റ് എട്ട് ഗ്രാമങ്ങളിലും സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതിയ്ക്ക് തുടക്കമിട്ടു. രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള വൈരാഗ്യവും ചുവപ്പുനാടകളും മറിമടന്ന് വേണമായിരുന്നു കുടിവെള്ളത്തിനുള്ള വഴി കണ്ടെത്താൻ. മഴർകൊടി അതെല്ലാം താണ്ടി നാട്ടുകാർക്ക് കുടിവെള്ളം എത്തിച്ചു.

അടുത്ത പ്രശ്നമായിരുന്നു ശുചിത്വമില്ലായ്മ. തുറന്ന സ്ഥലത്തെ മലമൂത്രവിസർജ്ജനം ഒഴിവാക്കുന്നതായി മഴർകൊടിയുടെ അടുത്ത ലക്ഷ്യം. പഞ്ചായത്തിൽ 650 കക്കൂസുകൾ നിർമ്മിച്ച് നൽകിക്കൊണ്ടായിരുന്നു അവർ ആ പ്രതിസന്ധി മറികടന്നത്. സർക്കാരിൽ നിന്നും ലഭിച്ച പണം പോരാതെ വന്നപ്പോൾ സ്വന്തം കീശയിൽ നിന്നും പണം ചെലവഴിക്കാനും അവർ മടിച്ചില്ല.

ഇപ്പോൾ തുറന്ന സ്ഥലത്തുള്ള വിസർജ്ജനം ഇല്ലാത്ത തമിഴ് നാട്ടിലെ പഞ്ചായത്ത് ആണ് മേലാമരുങൂർ. മഴർകൊടി ധനശേഖർ എന്ന ഇച്ഛാശക്തിയും ലക്ഷ്യബോധവും ഉള്ള സാരഥിയുടെ അക്ഷീണമായ പരിശ്രമം തന്നെയാണ് ഈ നേട്ടങ്ങൾക്കു മുന്നിൽ എന്ന് നിസ്സംശയം പറയാവുന്നതാണ്.

loading...