സമീറയും പാർവതിയും ഒന്ന് തന്നെ; അകത്തും പുറത്തും തീ വീശുന്ന ഒരാൾ

മഹേഷ് നാരായണനൊപ്പം എഴുത്ത് നിർവഹിച്ച പി വി ഷാജികുമാർ ടേക്ക് ഓഫിലെ പാർവതിയെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നു

സമീറയും പാർവതിയും ഒന്ന് തന്നെ; അകത്തും പുറത്തും തീ വീശുന്ന ഒരാൾ

ഗോവ ഇന്റർനാഷണൽ ചലച്ചിത്രോത്സവത്തിൽ മികച്ച നടിയായി പാർവതി തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ഇതാദ്യമായാണ് ഗോവ ഇന്റെർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്ക്കാരം മലയാള സിനിമയ്ക്ക് ലഭിക്കുന്നത്. ടേക്ക് ഓഫ് എന്ന സനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. ഇറാഖിലേക്ക് നഴ്സായി പോകുന്ന സമീറയുടെ വേഷത്തിലാണ് പാർവതി ടേക്ക് ഓഫിൽ എത്തുന്നത്. സമീറയുടെ ബുദ്ധിപരമായ നീക്കത്തിലൂടെ ഇറാഖിൽ നിന്ന് രക്ഷപ്പെടുന്ന നഴ്സുമാരുടെ കഥ പറയുകയാണ് ഈ സിനിമ. മഹേഷ് നാരായണനാണ് സംവിധാനം. 2014ൽ ഇറാഖിൽ ഐഎസ് തടങ്കലിൽ അകപ്പെട്ട മലയാളി നഴ്സുമാരുടെ അനുഭവമാണ് മഹേഷ് നാരായണനും സംഘവും സിനിമയാക്കിയത്.

മഹേഷ് നാരായണനൊപ്പം എഴുത്ത് നിർവഹിച്ച പി വി ഷാജികുമാർ ടേക്ക് ഓഫിലെ പാർവതിയെ കുറിച്ചുള്ള ഓർമകൾ നാരദാ ന്യൂസുമായി പങ്കുവയ്ക്കുന്നു:

'നോട്ട് ബുക്ക്' എന്ന സിനിമയിൽ തന്നെ വ്യത്യസ്തയായിരുന്നു പാർവതി. അതിൽ തുടങ്ങി 'എന്ന് നിന്റെ മൊയ്തീനി'ലും 'ചാർലി'യിലുമെല്ലാം തന്റെ കഥാപാത്രത്തെ പകർന്നാടുകയായിരുന്നു പാർവതി. ടേക്ക് ഓഫിൽ എത്തിനിൽക്കുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. വളരെ താഴേക്കിടയിൽ ജീവിച്ച, ദുരന്തപൂർണമായ അവസ്ഥകളിലൂടെ കടന്നുപോയ സമീറയായാണ് പാർവതി സ്ക്രീനിൽ എത്തുന്നത്. കഥാപാത്രമായി ജീവിക്കുക എന്നത് ലളിതമല്ലെങ്കിലും ടേക്ക് ഓഫിലെ പാർവതിയുടെ പ്രകടനം അത്തരത്തിലുള്ളതായിരുന്നു. അതിനാൽ തന്നെ ഇത് അർഹതക്കുള്ള അംഗീകാരമാണ്.

പാർവതിയെ മുന്നിൽ കണ്ടായിരുന്നോ രചന?

കഥ എഴുതുമ്പോൾ പാർവതിയെ മുന്നിൽ കണ്ടില്ലെങ്കിൽ തന്നെയും കഥയ്ക്ക് പറ്റിയ എല്ലാം പാർവതിയിൽ ഉണ്ടായിരുന്നു. മാത്രമല്ല ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ വളരെയധികം ഹോംവർക്ക് ചെയ്തിട്ടുമുണ്ട്. ഇറാഖിൽ ബന്ധികളാക്കപ്പെട്ടിരുന്ന നഴ്സുമാരെ കാണുകയും സംസാരിക്കുകയും അവരുടെ അനുഭവത്തെ ഉൾകൊള്ളുകയും ചെയ്തിരുന്നു പാർവതി.

എഴുതിയതിന് അപ്പുറത്തേക്ക് പാർവതി സഞ്ചരിച്ചു എന്ന് തോന്നിയ സന്ദർഭങ്ങളുണ്ടോ?

സിനിമയിലുടനീളം അവർ വെപ്രാളപ്പെട്ടിരുന്നു. ദുരന്തപൂർണമായ ജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു സ്ത്രീക്കുണ്ടാകുന്ന എല്ലാ ആകുലതയും അവരിൽ നിറഞ്ഞുനിൽക്കുകയായിരുന്നു. ഇനിയെന്ത് എന്ന് അവരുടെ മുഖം തന്നെ ചോദിച്ചിരുന്നു. അഭിനയിക്കുകയല്ലായിരുന്നു, പെരുമാറുകയായിരുന്നു അവർ ചെയ്തത്. ഓവർ ആക്ടിങ്ങിലേക്ക് പോകാൻ സധ്യത ഉള്ളിടത്ത് പോലും അവർ പക്വമതിയായി കെെകാര്യം ചെയ്തു.

ഷൂട്ടിങ് ഇല്ലാത്ത സമയത്ത് പാർവതിയിലെ സമീറ?

ഷൂട്ടിങ് ഇല്ലാത്ത സമയത്തും അവർ ആ കഥാപാത്രത്തിൽ നിന്ന് പുറത്തു കടന്നിട്ടില്ല. പക്ഷേ കൂളായിരുന്നു. ഇരുട്ടു നിറഞ്ഞ മുറിയിൽ കുറേനേരം ഇരിക്കും. പിന്നെ കഥാപാത്രക്കുറിച്ച് സംസാരിക്കും. ഇതൊക്കെയായിരുന്നു പതിവ്.

പാർവതി ഉള്ളത് കൊണ്ടാണോ ഇങ്ങനെ ഒരു സിനിമ സാധ്യമാവുന്നത്?

സമീറയായി പാർവതിയെയല്ലാതെ മറ്റൊരു നടിയെ സങ്കൽപ്പിക്കാൻ പറ്റാത്ത വിധം അവരതിനെ അനശ്വരമാക്കി. എന്നാൽ പാർവതിക്ക് പകരം വെറെ ആരെങ്കിലുമായിരുന്നെങ്കിൽ എന്ന ചോദ്യത്തിന് ഒരുത്തരം പറയാൻ ഇപ്പോൾ ആകില്ല.

മനസിൽ രൂപം നൽകിയിരുന്ന സമീറയെ തന്നെയാണോ സ്ക്രീനിലും കാണാൻ കഴിഞ്ഞത്?

സമീറയുടെ ജീവിതം മാത്രമാണ് ഞങ്ങൾ എടുത്തത്. ബാക്കിയെല്ലാം ഫിക്ഷനാണ്. സമീറയും പാർവതിയും ഒന്നു തന്നെ ആയിരുന്നു എന്നാണ് എനിക്കനുഭവപ്പെട്ടത്. അകത്തും പുറത്തും തീ വീശുന്ന ഒരാളാണ് സമീറ എന്നതായിരുന്നു എന്റെ കൺസെപ്റ്റ്. ഉള്ളിൽ ഗർഭം പേറുന്നു, പുറത്ത് അതിനേക്കാൾ ഭീകരമായ അവസ്ഥകളിലൂടെ കടന്നു പോകുന്നു. ഈ രണ്ട് അവസ്ഥയേയും പാർവതി ഉൾകൊണ്ടു. അവരാണ് സിനിമയെ കൊണ്ടുപോയത്. അതിനാൽ തന്നെ പാർവതി ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഇത്രകണ്ട് മറ്റൊരു ലെവലിലെക്ക് എത്തിപ്പെടുമായിരുന്നോ എന്ന് സംശയമാണ്.

സമീറയെ സൃഷ്ടിക്കാൻ എഴുത്തുകാരനെന്ന നിലയിൽ ചെയ്ത ഹോം വർക്കുകൾ?

ആ സമയത്ത് ഐഎസ് നഴ്സുമാരെ തടവിൽ അടക്കപ്പെട്ടതിനെ കുറിച്ചുവന്ന ഡോക്യുമെന്ററികൾ, പത്ര കുറിപ്പുകൾ എന്നിവ പരിശോധിക്കുകയും റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകരെ കാണുകയും മെർലിൻ ജോസിനെ പോലെ തടവിലായിരുന്ന ചില നേഴ്സ് മാരോട് സംസാരിക്കുകയും ചെയ്തു. കൂട്ടുകാരായ നഴ്സുമാരുടെ അഭിപ്രായങ്ങളും രചനയെ സഹായിച്ചിട്ടുണ്ട്. മിക്ക സിനിമകളും നഴ്സുമാരെ ചിത്രീകരിക്കുന്നത് മോശം രീതിയിൽ ആണ്. അതുകൊണ്ട് തന്നെ ഇത് അത്തരത്തിൽ ആകരുത് എന്ന നിർബന്ധബുദ്ധി എഴുത്തിന്റെ സമയത്ത് ഉണ്ടായിരുന്നു. സ്ത്രീയെ ഒരു വസ്തുവായി മാത്രം കാണിക്കരുത് എന്ന് തന്നെയായിരുന്നു ലക്ഷ്യം.

എന്തുകൊണ്ടായിരിക്കാം സമീറയെ സ്വീകരിക്കാൻ പാർവതിക്ക് സാധിച്ചത്?

ഒരുപാട് വായിക്കാൻ ഇഷ്ടപ്പെടുകയും സാസ്കാരിക പ്രവർത്തനങ്ങളിൽ വ്യാപൃതയാവുകയും ചെയ്യുന്നതിനാൽ തന്നെ ആ ഗുണങ്ങൾ പാർവതിയുടെ അഭിനയത്തെ ഏറെ സഹായിക്കുന്നുണ്ട്. അവരൊരു സാമൂഹ്യ പ്രതിബദ്ധതയുള്ള സ്ത്രീയാണ്. അതുകൊണ്ടൊക്കെ തന്നെയാണ് വിമൺ ഇൻ കളക്ടീവ് സംഘടനയുടെ മുഖ്യധാരയിൽ അവർ വലിയ ആവേശത്തോടെ നിൽക്കുന്നത്. ആ രാഷ്ട്രീയം അവരിലുടനീളം കാണാൻ പറ്റുന്നുണ്ട്.

പഞ്ചാഗ്നിയിലെ ഗീതയെ മറികടക്കാൻ സമീറക്ക് കഴിഞ്ഞിട്ടുണ്ടോ?

അത്തരമൊരു താരതമ്യം സാധ്യമാണ് എന്ന് തോന്നുന്നില്ല. രണ്ടും രണ്ടാണല്ലോ? പിന്നീടുവന്ന മഞ്ജു വാര്യരുടെ കണ്ണെഴുതി പൊട്ടും തൊട്ട് പോലുള്ള ധാരാളം സിനികൾ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ വരും കാലത്ത് മറക്കാനാവാതെ നിൽക്കുന്ന കഥാപാത്രമായിരിക്കും സമീറ എന്ന് എനിക്ക് ഉറപ്പുണ്ട്.

സമീറ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയ നിമിഷം?

സമീറ എന്ന വാക്കിന്റെ അർത്ഥം ഇളംകാറ്റ് എന്നാണ്. ഇളംകാറ്റ് പോലെ എല്ലാവരിലേക്കും സങ്കടം നൽകുന്നവളായാണ് സമീറയെ ചിത്രീകരിക്കുന്നതും. സ്ത്രീകൾ പല മേഖലയിലും അനുഭവിക്കുന്ന വേദനകളെ മുഴുവനായി സമീറ ഉൾകൊള്ളുന്നു.

Read More >>