മെട്രോ ശ്രീധരനെന്ന സ്വപ്നയന്ത്രം ഇവിടെ ആകാശത്തേക്ക് ഗോവണി പണിയുന്നു!

80 വര്‍ഷം മുമ്പ്, മൂന്നുവര്‍ഷം മാത്രം പഠിച്ച സർക്കാർ വിദ്യാലയത്തിനു ഇ ശ്രീധരനെന്നാൽ ജീവശ്വാസംപോലെയാണ്. എന്താണിയാൾ അവിടെക്കാട്ടുന്ന അത്ഭുതവൃത്തികളെന്ന് അന്വേഷിച്ചുപോയ നാരദാ ന്യൂസ് ലേഖകൻ സുകേഷ് ഇമാം കണ്ടറിഞ്ഞ കാഴ്ചകൾ. വളർന്ന മണ്ണിനെയും പഠിച്ച പള്ളിക്കൂടത്തെയും കുറ്റബോധം തീണ്ടാതെ മറക്കുന്നവരെ വേരുകൾ മറക്കാത്ത ഈ വിശ്വപൗരൻ കുറച്ചു കാര്യങ്ങൾ ഓർമിപ്പിക്കും. വാക്കായിട്ടല്ല, കർമയോഗിക്കു സഹജമായ പ്രവൃത്തിയിലൂടെ.

മെട്രോ ശ്രീധരനെന്ന സ്വപ്നയന്ത്രം ഇവിടെ ആകാശത്തേക്ക് ഗോവണി പണിയുന്നു!

ഞാവല്‍ മരങ്ങളും നെല്ലിയും മാവുമൊക്കെ തണല്‍ വിരിക്കുന്ന മുറ്റം. മുറ്റം നിറയെ മുന്തിരി വിതറിയപോലെ പഴുത്തുവീണു കിടക്കുന്ന ഞാവല്‍പ്പഴങ്ങള്‍. മരങ്ങളില്‍ നെല്ലിക്കയുമുണ്ട്. മരത്തണലില്‍ കെട്ടിയുണ്ടാക്കിയ കമ്പി ഊഞ്ഞാലില്‍ ആടുകയും കളിക്കുകയും ചെയ്യുന്ന കൊച്ചുകുട്ടികള്‍. പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്കടുത്ത് തിരുമിറ്റക്കോട് പഞ്ചായത്തിലെ ചാത്തന്നൂര്‍ എല്‍പി സ്‌കൂളില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്ക് എത്തിയപ്പോള്‍ കണ്ട കാഴ്ചയാണിത്. സ്‌കൂളിലാകെ ഉത്സാവാന്തരീക്ഷം. സ്‌കൂളില്‍ മാത്രമല്ല, സ്‌കൂളിന്റെ പേരില്‍ നാട്ടിലാകെയും ജനങ്ങള്‍ വലിയ ആഹ്ലാദത്തിലാണ്.

കേരളത്തില്‍ ആദ്യമായി ഡല്‍ഹി മെട്രോ റെയില്‍വേ കോര്‍പ്പറേഷന്‍ രണ്ട് ക്ലാസ് മുറികള്‍ നിര്‍മിക്കുകയാണ് ഈ സ്‌കൂളിൽ. ക്ലാസ് മുറികൾ പണിയാൻ മുൻകൈയെടുക്കുന്നതോ, സ്‌കൂളിലെ ഈ ശതാബ്ദത്തിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥി. പുറംലോകത്തൊന്നും കൊട്ടിഘോഷിക്കാതെയാണ്, വിശ്വപൗരനായിത്തീർന്ന പൂർവവിദ്യാർത്ഥി ഈ ഉദ്യമത്തിനു മുതിർന്നത്.

രഹസ്യമായിരുന്ന ഇക്കാര്യം കഴിഞ്ഞദിവസം ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്‌റ്റോടെ പുറംലോകം അറിഞ്ഞു. മറ്റാരുമല്ല ഈ പൂർവ്വവിദ്യാർത്ഥി. ഡല്‍ഹി മെട്രോ റെയില്‍വേ കോര്‍പ്പറേഷന്‍ പ്രിന്‍സിപ്പല്‍ അഡ്വൈസർ ഡോ. ഇ ശ്രീധരൻ.

മരങ്ങളെക്കാള്‍ വലിയ തണല്‍

80 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇ ശ്രീധരൻ ചാത്തന്നൂര്‍ എല്‍പി സ്‌കൂളില്‍ പഠിച്ചത്. അതും, വെറും മൂന്നു വര്‍ഷം മാത്രം. എന്നാലെന്ത്, അന്നുതൊട്ടിന്നോളം സ്‌കൂളിനെ ഇങ്ങിനെ ഓര്‍ത്തും സ്‌നേഹിച്ചും സഹായിച്ചും സ്‌കൂൾകാലത്തെ നെഞ്ചിൽ കൊണ്ടുനടക്കുന്നു ഈ പൂര്‍വ്വ വിദ്യാര്‍ത്ഥി. പഠിച്ച സ്‌കൂളിനും അവിടത്തെ കുട്ടികള്‍ക്കുമായി നിരവധി സഹായങ്ങള്‍ ഇ ശ്രീധരൻ വര്‍ഷങ്ങളായി ചെയ്തുവരുന്നുണ്ട്. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ പരസ്യമാക്കാനോ ഇന്നയാളുടെ സംഭാവന പ്രകാരം നിർമിച്ചത് എന്നെഴുതിവെക്കാനോ താല്‍പ്പര്യപെടാതെ. ഇ ശ്രീധരൻ സ്‌കൂൾ മുറ്റത്തുള്ള തണല്‍ മരങ്ങളെക്കാള്‍ വലിയ തണലേകാൻ സ്‌നേഹനിർഭരമായ ഒരു കാൽവെപ്പുകൂടി വെയ്ക്കുന്നു.

നാരദാ ന്യൂസ് സ്‌കൂളിലെത്തിയ ദിവസം പ്രീപ്രൈമറി ക്ലാസ്സിലെ കാളിദാസിന്റെ പിറന്നാള്‍ കൂടിയാണ്. കാളിദാസിന്റെ പിറന്നാളാഘോഷവും സ്‌കൂളിൽത്തന്നെ. കുട്ടികളുടെ ഉച്ചയൂണിനൊപ്പം കാളിദാസിന്റെ വീട്ടുകാരുടെ വക പായസവും പപ്പടവും. ടീച്ചര്‍മാരും ആയമാരും വിളമ്പിക്കൊടുത്തു. ഓഡിറ്റോറിയത്തിലെ തറയോട് പാകിയ നിലത്ത് നിരന്നിരുന്ന് ഒരു കുടുംബംപോലെ അവർ സദ്യയുണ്ടു. ഭക്ഷണശേഷം പാട്ടുപാടിയും കളിച്ചും ബാക്കി പിറന്നാളാഘോഷം.

ചെറുതായല്ല കാളിദാസിന്റെ പിറന്നാളാഘോഷം. ആഘോഷത്തില്‍ പങ്കുചേരാന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും അംഗങ്ങളും. പിടിഎ പ്രസിഡന്റും വൈസ് പ്രസിഡന്റും. വീട്ടില്‍ പോകുമ്പോൾ കാളിദാസിന് സ്‌കൂളിന്റെ പ്രത്യേക സമ്മാനം പ്രധാനാധ്യാപിക കെ വി. സാവിത്രി നല്‍കി. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ടുദിവസങ്ങള്‍ മാത്രമേയുള്ളു. ട്രഷറിയില്‍ ബില്ലുകള്‍ കൊടുക്കാനും മറ്റുമായി സാവിത്രി ടീച്ചര്‍ വളരെ തിരക്കിലാണ്‌. അതിനിടയിലവർ അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

പറയാന്‍ വാക്കുകളില്ല, അത്രയും വലിയ സഹായം

സാവിത്രി ടീച്ചറുടെ വാക്കുകൾ:

"2009 ആഗസ്റ്റ് മൂന്നിനാണ് ഞാനിവിടെ പ്രധാനാധ്യാപികയായി വരുന്നത്. കുട്ടികള്‍ക്ക് കൊടുക്കാനുള്ള ഒരു തുക ചെക്കായി ഇവിടെ വന്നുകിടന്നിരുന്നു. ഞാനതു മാറി കുട്ടികള്‍ക്ക് കൊടുത്തു. വിവരത്തിന് മെയില്‍ അയച്ചു".
"എന്തുകൊണ്ടാണ് ചെക്ക് മാറിക്കൊടുക്കാന്‍ താമസിച്ചതെന്നു ചോദിച്ച് അദ്ദേഹത്തിന്റെ മറുപടി വന്നു. പുതുതായി ചാര്‍ജെടുത്ത ടീച്ചറാണ്, കാര്യങ്ങള്‍ പഠിച്ചുവരുന്നതേയുള്ളൂ എന്നു ഞാന്‍ മറുപടിയും അയച്ചു. അക്കാര്യം അദ്ദേഹത്തിനു ബോധ്യപ്പെടുകയും ചെയ്തു"

"2010-11 കാലത്ത് ഇപ്പോള്‍ പ്രീപ്രൈമറി ക്ലാസ് മുറികളുടെ മേല്‍ക്കൂര ചിതലരിച്ചു വീഴുന്ന നിലയിലായി. ഏതുസമയത്തും വീണേക്കുമെന്നു തോന്നി ഞങ്ങൾക്ക്. സര്‍ക്കാരിനെ അറിയിച്ചെങ്കിലും എപ്പോള്‍ നടക്കുമെന്ന് ഉറപ്പിക്കാൻ പറ്റില്ലല്ലോ".


ഒറ്റ രാത്രിയേ സമയമെടുത്തുള്ളൂ, അത്രയ്ക്ക് ഫാസ്റ്റ്!

സാവിത്രി ടീച്ചർ നേരെ ഫോണെടുത്ത് ഇ. ശ്രീധരനെ വിളിച്ചു. ഒരു വൈകീട്ടായിരുന്നു അത്. വിശദമായൊരു മെയില്‍ അയക്കൂ എന്നായിരുന്നു മറുപടി. വീട്ടിലെത്തി ഏഴുമണിയോടെ ടീച്ചർ ഇ-മെയിലായി കാര്യങ്ങളെഴുതി.

പിറ്റേന്ന് രാവിലെ ഒമ്പതു മണിക്ക് സാവിത്രി ടീച്ചർ സ്‌കൂളിലെത്തുമ്പോൾ അവിടെ ജോലിക്കാരുമായി കാത്തുനിൽക്കുകയാണ്, ഇ ശ്രീധരന്റെ മരുമകന്‍ ബാലേട്ടന്‍. ഞൊടിയിടയിൽ പ്രീപ്രൈമറി ക്ലാസ് മുറികളുടെ അറ്റകുറ്റപ്പണികള്‍ ബാലേട്ടനും സംഘവും വെടിപ്പായി തീർത്തു. ഏകദേശം 50,000 രൂപ ചെലവായെന്നു പറയുന്നു ടീച്ചർ. സ്‌കൂളിന് വേറൊന്നും അറിയേണ്ടിവന്നില്ല.

തൽക്കാല മരാമത്ത് തീർന്നയുടൻ സ്‌കൂളിന് മറ്റെന്തൊക്കെ വേണമെന്നതും മെയിലിൽ അറിയിക്കാൻ ഇ ശ്രീധരൻ പറഞ്ഞിരുന്നു. അതിനിടയ്ക്ക്, ഡല്‍ഹിയില്‍ വെച്ച് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കിട്ടിയപ്പോള്‍ ആ തുക താന്‍ പഠിച്ച എല്‍പി സ്‌കൂളിനു നല്‍കുമെന്ന് വേദിയില്‍ വെച്ചുതന്നെ ഇ ശ്രീധരൻ പ്രഖ്യാപിച്ചിരുന്നു. ആ ഒന്നര ലക്ഷവും, കൈയില്‍നിന്ന് മറ്റൊരു ഒന്നര ലക്ഷവും ചേര്‍ത്ത് സ്‌കൂളിന് മെസ് ഹാള്‍ പണിതു. 2015- 16ല്‍ തന്റെ നേതൃത്വത്തില്‍ രൂപീകരിച്ച 'അനുഗ്രഹം' എന്ന സംഘടനയിലേക്ക് ഇ ശ്രീധരൻ നല്‍കിയ ഒരു ലക്ഷം രൂപ കൊണ്ട് ഓഡിറ്റോറിയം നവീകരിച്ചു, കുട്ടികള്‍ക്കിരിക്കാൻ സൗകര്യത്തിന് ഇഷ്ടിക പതിച്ചു.

അണമുറിയാത്ത സഹായഹസ്തം

സ്‌കൂളിലെ രണ്ടു കുട്ടികള്‍ ഈ വര്‍ഷം മരിച്ചു. മൂന്നാം ക്ലാസ്സുകാരി അര്‍ച്ചന മാര്‍ച്ച് ഏഴിനും നാലില്‍ പഠിച്ചിരുന്ന അനുവിന്ദ് ഡിസംബറിലും. ജന്മനാ വൈകല്യങ്ങളുണ്ടായിരുന്നു അനുവിന്ദിന്. പെട്ടെന്ന് മസ്തിഷ്കാർബുദം വന്നുപെട്ടായിരുന്നു അര്‍ച്ചന പിരിഞ്ഞുപോയത്. ഈ കുട്ടികളുടെ ചികിത്സയിലും ഇ ശ്രീധരന്റെ കൈയുണ്ടായി.

ഇന്നത്തെപ്പോലെ ഉച്ചയൂണിന്‌ അധികം വിഭവങ്ങളില്ലാതിരുന്ന സമയത്ത് അധികമായി കറി ഉണ്ടാക്കി നല്‍കാനെന്നതുപോലത്തെ കൊച്ചുകാര്യങ്ങളിൽ മുതൽ കുട്ടികള്‍ക്ക് പുസ്തകങ്ങളും പേനയും പെന്‍സിലും വാങ്ങാൻ വര്‍ഷന്തോറും ഇടപെടുന്നതുവരെ, സ്‌കൂൾസംബന്ധിയായ ഒരുകാര്യവുമില്ല ഇ ശ്രീധരന്റെ ശ്രദ്ധയെത്താതെ.

13 വയസ്സുവരെ സ്‌കൂളില്‍ പോകാതെ, അപരിചിതരെ കാണുമ്പോള്‍ അമ്മയ്ക്കു പിന്നില്‍ ഓടിയൊളിച്ചിരുന്ന രാജേഷിനെ കണ്ടെത്തി വിദ്യാഭ്യാസാവകാശ നിയമ പ്രകാരം സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ആ കുട്ടിയുടെ മുഴുവന്‍ പഠന ചെലവുകളും സ്‌പോണ്‍സര്‍ ചെയ്തതും മറ്റാരുമല്ല. ഇപ്പോള്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന രാജേഷിനു വേണ്ടി അത് തുടരുകയും ചെയ്യുന്നു. തന്റെ അമ്മ എളാട്ടുക്കുളം അമ്മാളു അമ്മയുടെ പേരിൽ സ്ഥാപിച്ച സ്മാരക ട്രസ്റ്റിന്റെ പേരില്‍ മൂന്നു ലക്ഷം രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിക്ഷേപിച്ചതില്‍ നിന്നും 10,000 രൂപ വര്‍ഷന്തോറും മികച്ച വിദ്യാർത്ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് നല്‍കിവരുന്നുമുണ്ട് അദ്ദേഹം.

ഏറ്റവുമൊടുവിൽ, എംഎല്‍എയും എംപിയുമെല്ലാം സഹായിച്ചെത്തിയ കമ്പ്യൂട്ടര്‍ അവിചാരിതമായി കേടായപ്പോൾ, അദ്ദേഹം അറിയേണ്ട കാര്യമേയുണ്ടായുള്ളൂ, പിറ്റേന്ന് സ്‌കൂളിൽ പുതിയ കമ്പ്യൂട്ടര്‍ എത്തി.

ശ്രീധരന്‍ സാറില്ലെ സഹായിക്കാന്‍, പിന്നെന്തിനാ ഞങ്ങള്‍

'നിങ്ങള്‍ക്ക് ശ്രീധരന്‍ സാറുണ്ടല്ലോ സഹായിക്കാന്‍, പിന്നെന്തിനാ ഞങ്ങളുടെ സഹായം' സ്‌കൂളിനെന്തെങ്കിലും ആവശ്യവുമായി ചെന്നാല്‍ എംഎല്‍എയടക്കമുള്ള ജനപ്രതിനിധികള്‍ സ്നേഹപൂർവ്വം തമാശ പറയും - സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മനോമോഹനന്‍ പറയുന്നു.

"സ്‌കൂളില്‍ നേരിട്ടല്ലാതെ മറ്റു സംഘടനകള്‍ വഴിയും മറ്റും വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ശ്രീധരന്‍ സാര്‍ സഹായം എത്തിക്കാറുണ്ട്. ഇത്രയും സജീവമായും നേരിട്ടും ഇടപെടാന്‍ തുടങ്ങിയിട്ടുതന്നെ 10 വര്‍ഷത്തിലേറെയായി"- സ്‌കൂളിൽ 32 വര്‍ഷം പൂര്‍ത്തിയാക്കിയ പൊന്നമ്മ ടീച്ചര്‍ പറയുന്നു.

വീട്ടിലിപ്പോഴുള്ളത് സ്‌കൂളില്‍ ഒരുമിച്ചുപഠിച്ച ബാലേട്ടന്‍

സ്‌കൂളില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ ദൂരമകലെ കറുകപ്പുത്തൂരിലാണ് ഈ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ വീട്. പതിനാറേക്കർ പറമ്പിൽ, വന്‍മരങ്ങള്‍ നിഴല്‍ വിരിച്ചുനിൽക്കുന്നു. 185 വര്‍ഷത്തിലധികം പഴക്കമുള്ള നാലുകെട്ട്.

ശ്രീധരന്റെ കുട്ടിക്കാലത്ത് കൂട്ടുകുടുംബമായി 60ഓളം പേര്‍ ഒരുമിച്ചു താമസിച്ചിരുന്ന വീട്ടില്‍ ഇന്ന് താമസക്കാര്‍ ആരുമില്ല. ആറു തൊഴിലാളികളും ഒരു കാര്യസ്ഥനും രാത്രി ഒരു കാവല്‍ക്കാരനും ഉണ്ടാകും. വര്‍ഷത്തില്‍ പല സമയങ്ങളിലായി, ഇപ്പോള്‍ 85 വയസ് പ്രായമുള്ള മരുമകന്‍ എളാട്ടുവളപ്പില്‍ ബാലചന്ദ്രന്‍ എന്ന നാട്ടുകാരുടെ ബാലേട്ടന്‍ ഉണ്ടാകും. മാസത്തില്‍ ഒന്നോ രണ്ടോ തവണ ഇവിടെ ഇ ശ്രീധരന്‍ വന്നു പോകും. ആ സമയത്ത് മാത്രം വീട്ടില്‍ ആളനങ്ങും.

കറുകപ്പുത്തൂരിലെ കല്ലിപ്പറമ്പില്‍ ആ വീട്ടിലെത്തിയപ്പോള്‍ ഭാഗ്യത്തിന് ബാലേട്ടന്‍ ഉണ്ടവിടെ. രാവിലെ എത്തിയതേയുള്ളൂ. രണ്ടു ദിവസത്തിനകം തിരിച്ചുപോവണം. മരുമകനാണെങ്കിലും സഹോദരങ്ങളെപ്പോലെയാണ് ശ്രീധരനും ബാലേട്ടനും. രണ്ടുവയസ്സിനു പ്രായക്കൂടുതല്‍ ശ്രീധരനാണ്. ചാത്തന്നൂര്‍ സ്‌കൂളില്‍ രണ്ടാളും ഒരു വര്‍ഷത്തോളം ഒരുമിച്ചായിരുന്നു. ബാലേട്ടന്‍ ഒന്നില്‍ ചേര്‍ന്നപ്പോള്‍ ശ്രീധരന്‍ മൂന്നിലുണ്ട്.

"350 പറയില്‍ അധികം കൃഷി ഉണ്ടായിരുന്നു. ഞങ്ങള്‍ കര്‍ഷകരായിരുന്നു. വലുതായാല്‍ കര്‍ഷകരാകണമെന്നാണ് കരുതിയത്. അതുകൊണ്ടുതന്നെ ചാത്തന്നൂര്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ രണ്ടു പേരും പഠിത്തത്തില്‍ ഒട്ടും കേമന്‍മാരായിരുന്നില്ല. പക്ഷെ വിധി മറ്റൊന്നായതിനാല്‍ ഇങ്ങിനെയൊക്കെയായി" -ബാലേട്ടൻ പറയുന്നു. ഐസിഎല്‍ എന്ന വിദേശ കമ്പ്യൂട്ടര്‍ കമ്പനിയുടെ മഹാരാഷ്ട്രയടക്കം മൂന്നു സംസ്ഥാനങ്ങളുടെ മാനേജര്‍ പദവിയില്‍ നിന്ന് വിരമിച്ചയാളാണ് ബാലേട്ടന്‍.

ഇ ശ്രീധരന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചപ്പോള്‍ അതാര്‍ക്കും കൊടുക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി. പക്ഷെ ഇന്ന് പൊന്നാനിയിലുള്ള ഭാര്യ വീട്ടില്‍ എത്തിയിട്ടുണ്ടെന്നും വിളിച്ചു നോക്കു, ഭാഗ്യമുണ്ടെങ്കില്‍ സംസാരിക്കാം എന്നും ബാലേട്ടന്‍. പൊന്നാനിയിലെ ലാന്റ് ഫോണ്‍ നമ്പര്‍ തന്നു. വിളിച്ചപ്പോള്‍ വൈകീട്ട് നാലിനുശേഷം വിളിക്കാന്‍ സ്ത്രീ സ്വരം. ഒരു മണിക്കൂറിനു ശേഷം നാലിനു വിളിച്ചപ്പോള്‍ സ്‌കൂളിന്റെ കാര്യം അറിയാന്‍ ആണെങ്കില്‍ നേരിട്ടു വരാന്‍ മറുപടി. വേഗം പൊന്നാനിക്കു പാഞ്ഞു.

കരിമ്പനപ്പട്ട മേഞ്ഞ സ്‌കൂളിൽ മണിലെഴുതിപ്പഠിച്ച ശ്രീധരന്‍

പൊന്നാനിയില്‍ ഇ ശ്രീധരനും ഭാര്യ രാധയുമാണുണ്ടായിരുന്നത്. 80 വര്‍ഷത്തിനപ്പുറം മൂന്നു വര്‍ഷം മാത്രം പഠിച്ച സ്‌കൂളുമായുള്ള ആത്മ ബന്ധം അദ്ദേഹം വിശദീകരിച്ചു.

"നാലാം വയസ്സില്‍ ആദ്യം ചേര്‍ന്ന സ്‌കൂളായിരുന്നു ചാത്തന്നൂര്‍ ഗവ. എല്‍പി സ്‌കൂള്‍. 1936 അല്ലെങ്കില്‍ 37ലായിരിക്കും അവിടെ ചേര്‍ന്നത്. വീട്ടില്‍നിന്ന് രണ്ടര കിലോമീറ്റര്‍ ദൂരെ പാടങ്ങള്‍ക്കും തോടുകള്‍ക്കും ഇടയിലൂടെ നടന്നാലേ സ്‌കൂള്‍ എത്തു. വാഹനങ്ങള്‍ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് വീട്ടിലെ ഒരു ജോലിക്കാരന്റെ തോളിലിരുന്നാണ് എന്നും സ്‌കൂളിലേക്ക് പോയിരുന്നത്. തിരികെ കൊണ്ടുവരാനും അദ്ദേഹം എത്തും. ഏകദേശം ആറുമാസത്തോളം ഇങ്ങിനെ പോയി. പിന്നെയാണ് നടക്കാന്‍ തുടങ്ങിയത്. ചേച്ചിയും ചേട്ടനും രണ്ടു വയസ്സിനു ഇളയതായ മരുമകന്‍ ബാലചന്ദ്രനും അടക്കം നാലു പേരുടെ സംഘമാണ് ചാത്തന്നൂര്‍ സ്‌കൂളില്‍ പോയിരുന്നത്".

"അന്ന് കരിമ്പനപ്പട്ടകള്‍ കൊണ്ട് മേഞ്ഞ ഒരു ഷെഡായിരുന്നു സ്‌കൂള്‍. ബെഞ്ചോ, കസേരയോ ഇല്ല. കരിമ്പനപ്പട്ട കൊണ്ട് ഉണ്ടാക്കിയ തടുക്ക് ഉണ്ടാകും ഇരിക്കാന്‍. മണ്ണ് വിരിച്ച നിലത്ത് എഴുതി പഠിക്കാം. അന്ന് ദൂരെ സ്ഥലത്തു നിന്നുള്ള അധ്യാപകര്‍ സ്‌കൂളില്‍ ഉണ്ടായിരുന്നു. യാത്രാസൗകര്യമോ താമസിക്കാണ് ഇടമോ ഇല്ല. അതുകൊണ്ട് ദൂരസ്ഥലങ്ങളിൽനിന്നുള്ള അധ്യാപകര്‍ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലാണ് കഴിഞ്ഞിരുന്നത്. താമസത്തിന് പകരമായി ചില വിഷയങ്ങള്‍ പഠിപ്പിച്ചു തരും. ഏതു കാലത്തും രണ്ടോ മൂന്നോ അധ്യാപകര്‍ വീട്ടിലുണ്ടാവും".

മുറിവേറ്റ കുട്ടിക്കുവേണ്ടി കരയുന്ന ടീച്ചർമാർ; അവർ കുട്ടികളുടെ പല്ലുവരെ തേപ്പിക്കും

"ഒരു ദിവസം ഞാനും ചേച്ചിയും സ്‌കൂളിലേക്കു പോകുകയാണ്. മുളയുടെ നാരും മറ്റും ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ പന്തുകൊണ്ടാണ് അന്നൊക്കെ കുട്ടികളുടെ കളി. തൊട്ടടുത്ത പറമ്പില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ പന്ത് തെറിച്ചുവന്നുകൊണ്ടത് എന്റെ നെറ്റിയുടെ നടുക്ക്. ഞാന്‍ താഴെ വീണു. ബോധം പോയ പോലെയായി. ആരൊക്കെയോ വീട്ടിലെത്തിച്ചു. ഒന്നു രണ്ടു മണിക്കൂറിനകം പഴയ അവസ്ഥയിലായി. അതുവരെ ശ്വാസം പോലും അടക്കിപിടിച്ച് എന്റെ അരികില്‍നിന്നു മാറാതെ നില്‍ക്കുകയായിരുന്നു വിവരമറിഞ്ഞു സ്‌കൂളിൽനിന്നെത്തിയ ടീച്ചര്‍മാര്‍. അവരിൽ ചിലര്‍ കരയുന്നുണ്ടായിരുന്നു. ഞാൻ കണ്ണുതുറന്നപ്പോൾ. ആ സ്‌നേഹം എന്നെ ഞെട്ടിച്ചു കളഞ്ഞു".

"സ്‌കൂളില്‍ വന്നത് കുളിച്ചാണോ പല്ലു തേച്ചാണോ എന്നൊക്കെ നോക്കുന്ന ടീച്ചര്‍മാര്‍, പല്ലു തേച്ചില്ലെന്ന് തോന്നിയാല്‍ അവര്‍ തന്നെ തേച്ചുതരും. മനഃപ്പാഠത്തിന്റെ പട്ടിക പഠിച്ചത് അവിടെ വച്ചാണ്. അതെന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായി. അന്നത്തെ എന്റെ അധ്യാപകരിലാരെയും ഒരിക്കലും മറക്കാനാകില്ല. അവരുടെ എല്ലാം മുഖം ഓര്‍മയില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്".

"ക്ലാസ് നാലും അഞ്ചും കൊയിലാണ്ടി സ്‌കൂളിലാണ് പഠിച്ചത്. പിന്നീട് പാലക്കാട് ബിഇഎം സ്‌കൂളിലേക്കു മാറി. അവിടെ പിന്നീട് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷണറായി മാറിയ ടി എന്‍ ശേഷന്‍ എന്റെ ക്ലാസ് മേറ്റായിരുന്നു. എം ജി ആറിന്റെ ഭരണകാലത്ത് തമിഴ്‌നാട്ടിലെ ഐ ജി ആയിരുന്ന മോഹന്‍ദാസും ക്ലാസ് മേറ്റായിരുന്നു. പഠിച്ചതെല്ലാം സർക്കാർ സ്‌കൂളിലും കോളേജിലുമാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കാര്യത്തില്‍ എപ്പോഴും ഒരു പ്രത്യേക താല്‍പ്പര്യമാണ്"- ഇ ശ്രീധരൻ പറഞ്ഞു.

ഇ ശ്രീധരൻ നിലയ്ക്കാത്ത സ്വപ്നയന്ത്രമാണ്!

ചാത്തന്നൂര്‍ സ്‌കൂളില്‍ ഇപ്പോള്‍ ഒന്നു മുതല്‍ നാലു ക്ലാസ്സുകളിലായി ഒന്‍പതു ഡിവിഷനുകളാണുള്ളത്. 240 കുട്ടികളാണ് ആകെയുള്ളത്. കുട്ടികളുടെ കണക്ക് പ്രകാരം ഒരു ഡിവിഷന്‍ കൂടി കിട്ടേണ്ടതായിരുന്നു. ക്ലാസ് മുറികള്‍ ഇല്ലാത്തത് കൊണ്ട് ഒരു ഡിവിഷന്‍ കൂടി അനുവദിക്കാനാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞപ്പോഴാണ് പ്രധാന അധ്യാപിക ഇ ശ്രീധരന് എഴുതിയത്. ഉടന്‍തന്നെ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വഴി രണ്ട് ക്ലാസ് മുറികള്‍ നിര്‍മിക്കാന്‍ വേണ്ടതുചെയ്തു. ഇതിനുവേണ്ട 20 ലക്ഷം രൂപയും അനുവദിച്ചു കിട്ടി. പക്ഷെ സ്‌കൂള്‍ കെട്ടിടം ഡിഎംആര്‍സി നിര്‍മിക്കുന്ന പതിവില്ലെന്നു പറഞ്ഞ് ധനകാര്യ സെക്രട്ടറി തടഞ്ഞു. ഈ തടസം മന്ത്രി തോമസ് ഐസക്കിന്റെ ശ്രദ്ധയിൽപ്പെടുത്തി. തടസം നീക്കി മന്ത്രി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.


90 സെന്റിലധികം പരന്നുകിടക്കുന്ന സ്‌കൂള്‍ വളപ്പില്‍ നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് പുറകെയാണ് പുതിയ ക്ലാസ്സ് മുറികള്‍ നിര്‍മിക്കുന്നത്. അവിടെ വലിയ ഞാവല്‍ മരങ്ങളും വലിയ ചക്കകളുള്ള പ്ലാവും മാവും നെല്ലി മരങ്ങളുമൊക്കെയുണ്ട്. ഒരു മരത്തിന്റേയും ചില്ല പോലും മുറിക്കാതെയാണ് കെട്ടിടം പണി മുന്നേറുന്നത്. കെട്ടിടത്തിനായി മണ്ണെടുത്തപ്പോള്‍ ആ സ്ഥലത്തുണ്ടായിരുന്ന ചെറു തൈ വരെ മാറ്റിവെച്ചു. മരത്തിന്റെ കൊമ്പുകള്‍ മുറിക്കാതിരിക്കാന്‍ പ്ലാനില്‍ വരെ, ചെറുതാണെങ്കിലും, മാറ്റം വരുത്തി. ഇതിനായി കഴിഞ്ഞ സെപ്തംബറില്‍ ഇ ശ്രീധരൻ സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു.

രണ്ടു മാസത്തിനുള്ളില്‍ സ്‌കൂള്‍ തുറക്കുന്നതിനൊപ്പം പുതിയ ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും നടക്കും. അത് നാട്ടിലെതന്നെ വലിയ ഉത്സവമാക്കാനാണ് പിടിഎയും നാട്ടുകാരും ഒരുങ്ങുന്നത്.

പണിയുന്ന കെട്ടിടത്തിന്റെ പുറത്തു മുകളിലേക്ക് ഗോവണിപ്പടികൾ നിര്‍മിക്കുന്നുണ്ട്.

"ഭാവിയില്‍ മുകളിലേക്ക് ഇനിയും കെട്ടാമല്ലോ ക്ലാസ് മുറികള്‍" -ഇ ശ്രീധരനെന്നാൽ നിലയ്ക്കാത്ത സ്വപ്നയന്ത്രമാണ്!

(Edited by E Rajesh)