സന്തോഷ് പണ്ഡിറ്റ് എത്തുന്നു; സാക്ഷാൽ മമ്മൂട്ടിക്കൊപ്പം!

ക്യാംപസ് പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ കോളേജ് അധ്യാപകനായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തിൽ സന്തോഷ് പണ്ഡിറ്റുമുണ്ടാകും.

സന്തോഷ് പണ്ഡിറ്റ് എത്തുന്നു; സാക്ഷാൽ മമ്മൂട്ടിക്കൊപ്പം!

സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തിൽ സന്തോഷ് പണ്ഡിറ്റെത്തും.

സ്വന്തമായി നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രങ്ങളിലൂടെ മലയാളിക്ക് മുന്നിലെത്തിയിരുന്ന പണ്ഡിറ്റ് ആദ്യമായി സ്വയം സംവിധാനം ചെയ്യാത്ത ഒരു ചിത്രത്തിൽ അഭിനയിക്കുകയാണ് എന്ന പ്രത്യേകതയുമുണ്ട്. മെഗാ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രത്തിൽ വലിയ താരനിരക്കൊപ്പമാണ് സന്തോഷ് പണ്ഡിറ്റെത്തുക.

ഉണ്ണി മുകുന്ദൻ, ഗോകുൽസുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അശ്വിൻ, ജോഗി, ദിവ്യദർശൻ, അജ്മൽ നിയാസ്, സുനിൽ സുഗദ, കൈലാഷ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, ക്യാപ്റ്റൻ രാജു, ശിവജി ഗുരുവായൂർ, വരലക്ഷ്മി, പൂനം ബജ്‌വ, മഹിമ നമ്പ്യാർ തുടങ്ങുയവരാണ് മറ്റു അഭിനേതാക്കൾ.

ആദ്യകാലത്ത് സോഷ്യൽ മീഡിയയിലൂടെ മലയാളിയുടെ തെറിവിളി മുഴുവൻ കേട്ടുകൊണ്ടിരുന്ന സന്തോഷ് പണ്ഡിറ്റ് പതിയെ എല്ലാവർക്കും പ്രിയങ്കരനാവുകയായിരുന്നു. സമീപകാലത്ത് ഒരു ടെലിവിഷൻ പരിപാടിയിൽ സന്തോഷ് പണ്ഡിറ്റിനെ വളഞ്ഞിട്ടാക്രമിച്ചപ്പോൾ ഒട്ടേറെ പേരാണ് പിന്തുണയുമായി എത്തിയത്‌.

ക്യാംപസ് പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ കോളേജ് അധ്യാപകനായാണ് മമ്മൂട്ടി എത്തുന്നത്. കുഴപ്പക്കാരായ കോളേജ് വിദ്യാർഥികൾ പഠിക്കുന്ന കോളേജ് കാംപസിലേക്ക് അതിലേറെ കുഴപ്പക്കരാനായ അദ്ധ്യാപകൻ എത്തുമ്പോൾ ഉണ്ടാകുന്ന വിശേഷങ്ങളാണ് സിനിമയുടെ പ്രമേയം. മമ്മൂട്ടി ആരാധകരെ ത്രസിപ്പിക്കാനുള്ള എല്ലാ മേമ്പൊടിയുമായാണ് ചിത്രം എത്തുക.