നൂതന 'സാംപശുതശാസ്ത്രം' അഥവ ഒരു പശു വീട്ടുമുറ്റത്ത് ചത്തുവീണാല്‍ ;)

ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് പശുരാഷ്ട്രീയത്തെ കടന്നാക്രമിച്ച് ഫേസ്ബുക്കിലെഴുതിയ ആക്ഷേപഹാസ്യം- വിഷയമിതാണ്; ഞങ്ങളുടെ വീടിനു പുറത്ത് ഒരു പശു ചത്തുകിടക്കുന്നു. നിങ്ങള്‍ക്കൊന്നുവന്ന് അതിനെ എടുത്തുകൊണ്ടുപോകാന്‍ കഴിയുമോ?

നൂതന സാംപശുതശാസ്ത്രം അഥവ ഒരു പശു വീട്ടുമുറ്റത്ത് ചത്തുവീണാല്‍ ;)

ഞ്ജീവ് ഭട്ട്

ഫോണ്‍ ബെല്ലടിക്കുന്നു

മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫ് ഡല്‍ഹി (എംസിഡി) : ഹല്ലോ...

റാം: ആഹ്, ഹലോ, ഞങ്ങളുടെ വീടിനു പുറത്ത് ഒരു പശു ചത്തുകിടക്കുന്നു. നിങ്ങള്‍ക്കൊന്നുവന്ന് അതിനെ എടുത്തുകൊണ്ടുപോകാന്‍ കഴിയുമോ?

എംസിഡി: അതു പശുവാണെന്നു നിങ്ങള്‍ക്കുറപ്പാണോ?

റാം: എന്ത്?

എംസിഡി: അതു പശുതന്നെയാണോ? ആടും കുതിരയും ഒന്നുമല്ലല്ലോ?

റാം: കണ്ടിട്ട് പശുവാണെന്നു തോന്നുന്നു, രണ്ടു കൊമ്പുണ്ട്, അകിടുണ്ട്...

എംസിഡി: അതുകള. അതിന്റെ ചെവിയില്‍ ഒരു ഗൗധാര്‍ ബാര്‍ കോഡുണ്ടോ?

റാം: എന്തുണ്ടോന്ന്?

എംസിഡി: ഒരു ഗൗധാര്‍ ബാര്‍ കോഡ്... നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ ബയോമെട്രിക് വിവരങ്ങള്‍ ഉള്ളതുപോലെ രജിസ്റ്റര്‍ ചെയ്ത എല്ലാ പശുക്കള്‍ക്കും അവയുടെ വിശദാംശങ്ങളെല്ലാം രേഖപ്പെടുത്തിയ ഒരു ബാര്‍കോഡ് ചെവിയോടു ചേര്‍ന്നുണ്ടാവണം.

റാം: ഒരു നിമിഷം, ഞാനൊന്നു നോക്കട്ടെ, ഇല്ല ബാര്‍ കോഡൊന്നും കാണുന്നില്ല.

എംസിഡി: രജിസ്റ്റര്‍ ചെയ്യാത്ത പശുവാണ്. അതൊരു പ്രശ്‌നമാകും.

റാം: ഞാനെന്താ ചെയ്യേണ്ടേ? അതിനെ വീട്ടുവാതുക്കല്‍ ഇങ്ങനെ ഇട്ടോണ്ടിരിക്കാന്‍ പറ്റില്ല.

എംസിഡി: പ്രദേശത്തെ പശു സംരക്ഷണ സമിതി നേതാവില്‍ നിന്ന് ഒരു നിരാക്ഷേപ പത്രം സംഘടിപ്പിക്കണം. പഞ്ചായത്ത് സെക്രട്ടറിയെക്കൊണ്ടോ ജില്ലാ മജിസ്‌ട്രേറ്റിനെക്കൊണ്ടോ അതില്‍ ഒപ്പിടീക്കണം.

റാം: അതെന്തിനാണ്?

എംസിഡി: നിങ്ങള്‍ക്കല്ല സാഹിബേ, എനിക്കാണ്. നോക്കൂ, ഗൗധാര്‍ കാര്‍ഡ് ഇല്ലാത്ത ഒരു പശുവിനെ ഞാന്‍ അവിടെനിന്ന് എടുത്തുമാറ്റിയാല്‍ അതിനെ നിയമവിരുദ്ധമായി കടത്തുകയാണെന്ന് ആര്‍ക്കുവേണമെങ്കിലും ആരോപിക്കാം. പശുസംരക്ഷകര്‍ എന്നെ വച്ചേക്കില്ല.

റാം: ഈ പ്രദേശത്ത് ഒരു പശു സംരക്ഷണ സമിതിയുണ്ടോ എന്നു തന്നെ എനിക്കറിയില്ല. എങ്ങനെയാണ് എനിക്കവരെ ബന്ധപ്പെടാനാവുക?

എംസിഡി: 1800 ഗൗ മാതാ എന്ന നമ്പര്‍ ഡയല്‍ ചെയ്യുക. അവര്‍ നിങ്ങളെ സഹായിക്കും.

റാം: ശരി, അങ്ങനെയെങ്കില്‍ നിങ്ങള്‍ വന്ന് പശുവിന്റെ ജഡം നീക്കം ചെയ്യുമല്ലോ...

എംസിഡി: ഉറപ്പായും, നിങ്ങളുടെ കൈവശം മരണ സര്‍ട്ടിഫിക്കേറ്റ് ഉള്ളിടത്തോളം.

റാം: പശുവിനോ? ആരാണ് എനിക്കു പശുവിന്റെ മരണ സര്‍ട്ടിഫിക്കേറ്റ് നല്‍കുക?

എംസിഡി: ലൈസന്‍സുള്ള ഏതു ഗൗ-നെ-ക്കൗ-ളജിസ്റ്റും തരും, സാക്ഷിയായി ഒരു പൂജാരിയും വേണം.

റാം: ആരാണ്, ഈ ഗൗ-നെ-ക്കൗ-ളജിസ്റ്റ്?

എംസിഡി: കന്നുവൈദ്യത്തില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന ഒരു ഡോക്ര്‍ - നമ്മുടെ മെഡിക്കല്‍ വിദ്യാഭ്യാസമേഖലയിലെ ഏറ്റവും പുതിയ പഠനശാഖയാണ്. സമൂഹത്തിന് ഏറെ മൂല്യവത്തായ പതിനെട്ടു കോടിയിലധികം രോഗികള്‍ വരും. കണ്ടമാനം പണമുണ്ടാക്കാന്‍ കഴിയുന്ന മേഖലയാണ്.

റാം: ശരി, എന്‍ഒസിയും മരണ സര്‍ട്ടിഫിക്കറ്റും. ഇതുരണ്ടുമുണ്ടെങ്കില്‍ നിങ്ങള്‍ പശുവിനെ എടുക്കുമോ?

എംസിഡി: ജില്ലാ മൃഗക്ഷേമ വകുപ്പില്‍ നിന്ന് ഒരു റിലീസ് ഫോം വേണം - ആ പശു മറ്റാരുടെയും സ്വത്തല്ലെന്നും അതിനെ എടുത്തുകൊണ്ടുപോകണമെന്ന് ആവശ്യപ്പെടാന്‍ നിങ്ങള്‍ക്ക് അധികാരമുണ്ടെന്നും തെളിയിക്കുന്ന ഫോം.

റാം: പശു ചത്തുപോയി!

എംസിഡി: അതുകൊണ്ടാണ്, അതു കൂടുതല്‍ പ്രധാനമാകുന്നത്. പശുവിനു ജീവനുണ്ടായിരുന്നെങ്കില്‍ നിങ്ങളെന്നെ വിളിക്കുകപോലുമില്ലായിരുന്നല്ലോ...

റാം: ഇല്ല. ഇതു വിചിത്രമാണ്. എത്ര സമയം പിടിക്കും, ഒരു റിലീസ് ഫോം കിട്ടാന്‍?

എംസിഡി: കണ്ടറിയാം. ചില മൃഗക്ഷേമ ഓഫീസര്‍മാര്‍ പതിന്നാലു ദിവസത്തെ പരസ്യം വേണമെന്ന് ആവശ്യപ്പെടും. ചിലര്‍ ഒരു മാസം.

റാം: പരസ്യം? എങ്ങനത്തെ പരസ്യം?

എംസിഡി: കാണ്മാനില്ല എന്ന മട്ടിലുള്ള പരസ്യം. ഈ പശുവിനുമേല്‍ ആര്‍ക്കെങ്കിലും അവകാശവാദമുണ്ടോ എന്നു തിരക്കുന്നത്. അതു രണ്ടു പ്രാദേശിക പത്രങ്ങളില്‍ വരണം. ഒരു ഇംഗ്ലീഷ് പത്രത്തിലും ഒരു പ്രാദേശിക ഭാഷാ പത്രത്തിലും. പശുവിന്റെ ഒരു ചിത്രമെടുത്തിട്ട്, തിരിച്ചറിയാനുള്ള അടയാളങ്ങള്‍ സഹിതം നല്‍കുക.

റാം: പക്ഷെ പതിന്നാലു ദിവസംകൊണ്ട് അതിന്റെ ജഡം പൂര്‍ണ്ണമായും ചീഞ്ഞളിയും. പിന്നെ നിങ്ങള്‍ വന്നിട്ടെന്തുചെയ്യാനാണ്?

എംസിഡി: ഞങ്ങള്‍ക്കു നിയമവും ചട്ടങ്ങളും പൂര്‍ണ്ണമായും പിന്തുടര്‍ന്നേ മതിയാവൂ. എല്ലാവരുടെയും താത്പര്യങ്ങള്‍ - പ്രത്യേകിച്ചും പശുവിന്റേത് - സംരക്ഷിക്കേണ്ടതുണ്ട്.

റാം: ഇത് അസംബന്ധമാണ്. ഞാന്‍ കുറേപ്പേരെയും കൂട്ടി ഇത് തന്നത്താനെ പൊക്കിയെടുത്തു കളഞ്ഞോളാം.

എംസിഡി: കര്‍ശനമായും അങ്ങനെ ചെയ്യരുതെന്ന് ഉപദേശിക്കേണ്ടിവരും.

റാം: എന്തിന്? ആരാണെന്നെ തടയുക?

എംസിഡി: നിങ്ങളുടെ പ്രാദേശിക പശുസംരക്ഷണ സമിതി - ഈ നമ്പറിലേക്കുള്ള എല്ലാ കോളുകളും റെക്കോഡ് ചെയ്യപ്പെടുന്നുണ്ട്. നിങ്ങളുടെ വീട്ടുപടിക്കല്‍ ഒരു ചത്ത പശുവുണ്ടെന്ന കാര്യം ഇപ്പോള്‍ തന്നെ വിവിധ അധികാരികള്‍ക്കറിയാന്‍ കഴിയും. ആവശ്യമായ രേഖകള്‍ക്കും ഫീസിനുമായി നിങ്ങള്‍ ബന്ധപ്പെടുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ടാവും.

റാം: ഫീസ്?

എംസിഡി: തീര്‍ച്ചയായും. നിരാക്ഷേപ പത്രവും മരണ സര്‍ട്ടിഫിക്കേറ്റുമെല്ലാം വെറുതെ കിട്ടുമെന്നു വിചാരിച്ചോ? അയ്യായിരം മുതല്‍ പതിനയ്യായിരം രൂപ വരെ ചെലവു വരും.

റാം: ഇതു കൊള്ളയാണ്.

എംസിഡി: അല്ല, കേവലം നൂതന സാംപശുതശാസ്ത്രം!Read More >>