ജോലി സമയം കഴിഞ്ഞാലുടന്‍ പാട്ടുകാരന്‍: സലാഹുദ്ദീന്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്!

സിനിമാ ഗാനങ്ങളാണ് കൂടുതല്‍ ഇഷ്ടമെങ്കിലും ഗസലും മാപ്പിളപ്പാട്ടുകളുമൊക്കെ പാടാറുണ്ട്. യേശുദാസ്, ജയചന്ദ്രന്‍, എം ജി ശ്രീകുമാര്‍ തുടങ്ങിയവരോടാണ് കൂടുതല്‍ ഇഷ്ടം. തമിഴ്, ഹിന്ദി ഗാനങ്ങളും ആലപിക്കാറുണ്ട്. തമിഴില്‍ ഹരിഹരന്റെ പാട്ടുകളോടാണ് കൂടുതല്‍ പ്രിയം. ഹിന്ദിയില്‍ ഗുലാം അലിയുടേതും. ചെറുപ്പത്തില്‍ത്തന്നെ ഓര്‍ക്കിസ്ട്ര ട്രൂപ്പുകളുടെ ഭാഗമായി. പത്തിലധികം ട്രൂപ്പുകളില്‍ 36 വയസ്സിനുള്ളില്‍ പാടിയിട്ടുണ്ടെന്ന് സലാവുദ്ദീന്‍ പറയുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌കൂളില്‍ ആദ്യഗാനം ആലപിക്കുന്നത്

ജോലി സമയം കഴിഞ്ഞാലുടന്‍ പാട്ടുകാരന്‍:  സലാഹുദ്ദീന്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്!

ഹരിമുരളീരവം ഹരിത വൃന്ദാവനം, പ്രണയ സുധാമയ......ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ രവീന്ദ്രന്റെ സംഗീതത്തില്‍ യേശുദാസ് പാടിയ ഈ ക്ലാസിക്കല്‍ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും ആസ്വാദകരെ ഹരം കൊള്ളിക്കുകയാണ്, സലാഹുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ ശബ്ദത്തില്‍. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് പാലോത്ത് വീട്ടില്‍ സലാഹുദ്ദീന്റെ ശബ്ദ മാധുര്യം സോഷ്യല്‍മീഡിയയില്‍ സജീവമായി ഇടപെടുന്ന സുഹൃത്തുക്കള്‍ക്ക് പരിചിതമാണ്. മീഡിയ വണ്‍ ചാനലില്‍ കോഴിക്കോട് അക്കൗണ്ട് വിഭാഗം അസി. മാനേജറായ സലാഹുദ്ദീന്റെ പ്രധാന ഹോബി പാട്ടുതന്നെ. കേട്ടും പാടിയും ഒഴുകുകയാണ് ഈ മനുഷ്യന്‍. സ്മ്യൂള്‍ എന്ന ആപ്പിന്റെ സഹായത്തോടെ കരോക്കെ സംഗീതത്തിന്റെ അകമ്പടിയില്‍ നൂറോളം ഗാനങ്ങള്‍ അദേഹം സോഷ്യല്‍മീഡിയയ്ക്ക് വേണ്ടി മാത്രം ആലപിച്ചിട്ടുണ്ട്.

ആകാശദൂതിലെ രാപ്പാടീ കേഴുന്നുവോ, റോജ എന്ന തമിഴ് ചിത്രത്തിലെ എ ആര്‍ റഹ്മാന്റെ മാന്ത്രിക സംഗീതത്തിനൊത്ത് പുതു വെള്ളൈ മഴൈ.. എന്ന ഗാനം ഡ്യൂയറ്റായും, സമൂഹം എന്ന ചിത്രത്തില്‍ യേശുദാസ് പാടിയ തൂമഞ്ഞിന്‍ കനവിലൊതുങ്ങും.. തുടങ്ങിയ ഗാനങ്ങളെല്ലാം സലാഹുദ്ദീന്റെ കണ്ഠത്തില്‍ നിന്നുയരുമ്പോള്‍ എത്രത്തോളം മനോഹരമാണെന്നറിയണമെങ്കില്‍ അദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജ് നോക്കിയാല്‍ മതി. സ്‌കൂള്‍ പഠനകാലംമുതല്‍ പാട്ടിന്റെ വഴിയേ സഞ്ചരിക്കാനായിരുന്നു സലാഹുദ്ദീന്‍ ഇഷ്ടം. സ്‌കൂള്‍ കാലത്തിന് വിടപറഞ്ഞ് കോളേജിലെത്തിയപ്പോള്‍ സലാഹുദ്ദീന്‍ എന്ന ഗായകന്‍ എത്രയോ വളര്‍ന്നിരുന്നു. സെമി ക്ലാസിക്, മെലഡി ഗാനങ്ങളെ നെഞ്ചോട് ചേര്‍ത്ത് അദേഹം പാടിയ ഗാനങ്ങള്‍ നിരവധിയാണ്.

സിനിമാ ഗാനങ്ങളാണ് കൂടുതല്‍ ഇഷ്ടമെങ്കിലും ഗസലും മാപ്പിളപ്പാട്ടുകളുമൊക്കെ പാടാറുണ്ട്. യേശുദാസ്, ജയചന്ദ്രന്‍, എം ജി ശ്രീകുമാര്‍ തുടങ്ങിയവരോടാണ് കൂടുതല്‍ ഇഷ്ടം. തമിഴ്, ഹിന്ദി ഗാനങ്ങളും ആലപിക്കാറുണ്ട്. തമിഴില്‍ ഹരിഹരന്റെ പാട്ടുകളോടാണ് കൂടുതല്‍ പ്രിയം. ഹിന്ദിയില്‍ ഗുലാം അലിയുടേതും. ചെറുപ്പത്തില്‍ത്തന്നെ ഓര്‍ക്കിസ്ട്ര ട്രൂപ്പുകളുടെ ഭാഗമായി. പത്തിലധികം ട്രൂപ്പുകളില്‍ 36 വയസ്സിനുള്ളില്‍ പാടിയിട്ടുണ്ടെന്ന് സലാവുദ്ദീന്‍ പറയുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌കൂളില്‍ ആദ്യഗാനം ആലപിക്കുന്നത്. പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്ത് ഒരുവര്‍ഷത്തോളം പാലക്കാട് പോയി സംഗീതത്തിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കിയതൊഴിച്ചാല്‍ പിന്നീടെല്ലാം സ്വന്തമായ വഴികള്‍ തന്നെ.


മീഡിയ വണ്‍ ചാനലിലെ 'മിഠായിത്തെരുവ്' എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൂടാതെ മീഡിയ വണ്ണിലെത്തന്നെ പതിനാലാംരാവ് എന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയില്‍ അഥിതിയായും എത്തുകയുണ്ടായി. സ്റ്റേജ് ഷോകളിലും ചാനല്‍ പരിപാടികളിലുമെല്ലാം പങ്കെടുക്കുന്നതിലും കൂടുതല്‍ സലാഹുദ്ദീന് സംതൃപ്തി തോന്നിയിട്ടുള്ളത് സോഷ്യല്‍ മീഡിയയിലെ ഗാനാലപനത്തിലൂടെയാണ്. ഞാന്‍ ഗന്ധര്‍വന്‍ എന്ന ചിത്രത്തില്‍ ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം... എന്ന ഗാനം സലാഹുദ്ദീന്‍ പാടിയപ്പോള്‍ യുട്യൂബില്‍ 14,000ത്തിലധികം പേരാണ് ഇത് കണ്ടത്. ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്ന ഗാനങ്ങള്‍ കേട്ട് ഗള്‍ഫില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ വിളിക്കാറുണ്ടെന്ന് സലാഹുദ്ദീന്‍ പറയുന്നു. കോഴിക്കോട് വെള്ളിപ്പറമ്പില്‍ ഭാര്യയ്ക്കും ഏക മകള്‍ക്കും ഒപ്പം താമസിക്കുന്ന എംകോംധാരികൂടിയായ സലാഹുദ്ദീന്‍ ജോലിയുടെ ഇടവേളകളിലും അവധിദിവസങ്ങളിലുമൊക്കെ പാട്ടുകളിലും മുഴുകും.