ശബ്ദതാരാവലിക്ക് നൂറു വയസ്സ്; 'കീശനിഘണ്ടു' 'ശബ്ദതാരാവലി'യായ കഥ

കണ്ടത്തിൽ വറുഗീസ് മാപ്പിള കേരളവർമ വലിയ കോയിത്തമ്പുരാനോടൊപ്പം ചേർന്ന് 1891-ൽ ഏർപ്പെടുത്തിയ 'ഭാഷാപോഷിണി സഭ' നിഘണ്ടു നിർമാണ പ്രമേയം പാസാക്കി. ഒരു സംഘം പണ്ഡിതന്മാർ ദൗത്യം ഏറ്റെടുക്കണമെന്നായിരുന്നു സഭയുടെ നിർദേശം. എന്നാൽ കാലങ്ങളൊരുപാട് കഴിഞ്ഞെങ്കിലും ആരും നിഘണ്ടു നിർമാണത്തിന് തയ്യാറായില്ല. ഒടുവിൽ 1895-ൽ ശ്രീകണ്ഠേശ്വരം ഈ ജോലി ഏറ്റെടുത്തു.

ശബ്ദതാരാവലിക്ക് നൂറു വയസ്സ്; കീശനിഘണ്ടു ശബ്ദതാരാവലിയായ കഥ

നാളെ, നവംബർ 13 ന് 'ശബ്ദതാരാവലി'ക്ക് നൂറു വയസ്സ് തികയുകയാണ്. ശ്രീകണ്ഠേശ്വരം ജി പദ്മനാഭപിള്ള തന്റെ ജന്മം മുഴുവൻ സമർപ്പിച്ച് തയ്യാറാക്കിയ ശബ്ദതാരാവലിയെ 'പ്രശസ്തവും പൂർണവുമായ നിഘണ്ടു' എന്നാണ് വള്ളത്തോൾ വിശേഷിപ്പിച്ചത്. മലയാള ഭാഷയിൽ ഇന്നോളം തയ്യാറാക്കപ്പെട്ടിട്ടുള്ള ഏറ്റവും സമഗ്രവും വിപുലവുമായ ശബ്ദതാരാവലിയുടെ ചരിത്രം പദ്മനാഭപിള്ളയുടെ ഒരായുസ്സിന്റെ കൂടി ചരിത്രമാണ്. തന്റെ മുപ്പത്തിരണ്ടാം വയസ്സിലാണ് പദ്മനാഭ പിള്ള നിഘണ്ടുവിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. നിർമാണ കാലത്തും പ്രസിദ്ധീകരണ സമയത്തുമൊക്കെ അദ്ദേഹം അനുഭവിച്ച സാമ്പത്തികക്ലേശങ്ങൾ ചില്ലറയല്ല. 'സുഖം' എന്ന പദവും അതിന്റെ അർത്ഥവും തന്റെ നിഘണ്ടുവിലുണ്ടെന്നല്ലാതെ അത് താൻ അനുഭവിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞതിന് കാരണമുണ്ട്.

1864 നവംബർ 27 നാണ് പദ്മനാഭ പിള്ള ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്തുള്ള ഇംഗ്ലീഷ് സ്‌കൂളിൽ തുടർ പഠനം നടത്തി. ചെറുപ്പം മുതലേ കവിതകളോട് കമ്പമുണ്ടായിരുന്ന പദ്മനാഭപിള്ള പതിന്നാലാം വയസിൽ ബാലി വിജയം എന്ന തുള്ളൽക്കവിത രചിച്ചു. പാട്ടുകൾ, കഥകളി, നാടകം എന്നിങ്ങനെ പല മേഖലകളിലും പദ്മനാഭപിള്ള പ്രവർത്തിച്ചു. എന്നാൽ അമ്മാവൻ പി ഗോവിന്ദപിള്ള സർവാധികാര്യക്കാരുദ്യോഗം രാജി വെച്ചതും അച്ഛൻ മരിച്ചതും അദ്ദേഹത്തിന്റെ നില വഷളാക്കി. സ്‌കൂളിൽ ഫീസടക്കാൻ പണമില്ലാതെ വന്നപ്പോൾ സ്‌കൂളിൽ നിന്നും അദ്ദേഹം പുറത്തായി. 1894 -ൽ തിരുവനന്തപുരത്ത് കണ്ടെഴുത്ത് സെൻട്രൽ ഓഫീസിൽ ജോലി കിട്ടി. അക്കാലത്ത് മലയാള മനോരമ, ഭാഷാപോഷിണി തുടങ്ങിയ മാസികകളിൽ പദ്മനാഭപിള്ള കവിതകൾ എഴുതിക്കൊണ്ടിരുന്നു. പണത്തിന്റെ ബുദ്ധിമുട്ടാണ് തന്നെ കവിതയെഴുതാൻ നിർബന്ധിതനാക്കിയത് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

അങ്ങനെയിരിക്കെ കണ്ടത്തിൽ വറുഗീസ് മാപ്പിള, കേരളവർമ വലിയ കോയിത്തമ്പുരാനോടൊപ്പം ചേർന്ന് 1891-ൽ ഏർപ്പെടുത്തിയ 'ഭാഷാപോഷിണി സഭ' നിഘണ്ടു നിർമാണ പ്രമേയം പാസാക്കി. ഒരു സംഘം പണ്ഡിതന്മാർ ദൗത്യം ഏറ്റെടുക്കണമെന്നായിരുന്നു സഭയുടെ നിർദ്ദേശം. എന്നാൽ കാലങ്ങളൊരുപാട് കഴിഞ്ഞെങ്കിലും ആരും നിഘണ്ടു നിർമാണത്തിന് തയ്യാറായില്ല. ഒടുവിൽ 1895-ൽ ശ്രീകണ്ഠേശ്വരം ഈ ജോലി ഏറ്റെടുത്തു. പുരാണങ്ങളടക്കമുള്ള പുസ്തകങ്ങൾ വായിച്ചും പത്രമാസികകൾ പരിശോധിച്ചും വിവിധ ജാതി മത വിഭാഗത്തിലുള്ള ജനങ്ങളുമായി സംവദിച്ചും അദ്ദേഹം വാക്കുകൾ സംഭരിച്ചു. തന്റെ ഒരേയൊരു വരുമാന മാർഗമായിരുന്ന സർക്കാർ ജോലി രാജി വെച്ച് നിഘണ്ടു നിർമാണത്തിലേർപ്പെട്ട അദ്ദേഹത്തിന്റെ തീരുമാനം സകലരേയും ഞെട്ടിച്ചു. 1899 -ൽ വക്കീൽപ്പണി കൂടി ഉപേക്ഷിച്ചതോടെ അടുപ്പമുള്ളവരൊക്കെ അദ്ദേഹത്തെ പരിഹസിച്ചു. മണ്ടത്തമായി എന്ന പേരിൽ അദ്ദേഹത്തെ പഴിച്ചു. പക്ഷേ, കേരളവർമ വലിയകോയിത്തമ്പുരാനും എ ആർ രാജരാജവർ മയുടെയുമടക്കമുള്ള ചില മഹത്തുക്കൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ച് കൂടെ നിന്നു.

മുപ്പത്തിയാറാം വയസ്സിൽ പദ്മനാഭ പിള്ള വിവാഹിതനായി. അതോടെ പണച്ചെലവുകൾ ഇരട്ടിയായി. ലക്ഷക്കണക്കിന് കുടുംബസ്വത്ത് കൈവശം വെച്ചനുഭവിക്കുന്ന തന്റെ ബന്ധുക്കളുടെ സഹായം തേടിപ്പോകാതെ, ലഘു കൃതികൾ രചിച്ച് പ്രസാധകർക്ക് കൊടുത്ത് അദ്ദേഹം നിത്യവൃത്തിക്കുള്ള പണം കണ്ടെത്തി. അക്കാലത്ത് തൃശ്ശിനാപ്പള്ളി കോളേജിൽ എഴുപത്തിഅഞ്ച് രൂപ ശമ്പളത്തിൽ മലയാള അധ്യാപക ജോലി അദ്ദേഹത്തെ തേടി വന്നെങ്കിലും തന്റെ നിഘണ്ടു നിർമാണത്തിന് അത് തടസ്സമാകുമെന്ന് കണ്ട് അദ്ദേഹം ജോലി നിരാകരിച്ചു.

രാപകൽ അധ്വാനിച്ചിട്ടും തന്റെ നിഘണ്ടു എവിടെയും എത്തുന്നില്ലെന്ന് കണ്ട പദ്മനാഭപിള്ള അത് വരെ ചെയ്തു തീർത്ത ആദ്യത്തെ ഏതാനും ഭാഗങ്ങൾ ചേർത്ത് 'കീശനിഘണ്ടു' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. 1904 -ൽ അച്ചടിച്ച കീശനിഘണ്ടുവിന്റെ എല്ലാ കോപ്പികളും പെട്ടെന്ന് തന്നെ വിറ്റു തീർന്നു. അത് അദ്ദേഹത്തിന് വലിയ പ്രചോദനമായി. നിഘണ്ടു നിർമാണത്തിൽ തുടർന്നും വ്യാപൃതനായ അദ്ദേഹത്തെ നിരാശപ്പെടുത്തിക്കൊണ്ട് മറ്റൊരു വാർത്തയെത്തി. 'ശബ്ദരത്‌നാകരം' എന്ന പേരിൽ ഒരു വലിയ നിഘണ്ടുവുമായി ബ്രഹ്മശ്രീ സി എൻ എ രാമയ്യാ ശാസ്ത്രിയും മുള്ളുവിളാകം ഗോവിന്ദപിള്ളയും വരുന്നുണ്ട് എന്ന വാർത്ത പദ്മനാഭപിള്ളയ്ക്ക് വല്ലാത്ത ഒരടിയായിരുന്നു. അദ്ദേഹത്തിന്റെ ഉത്സാഹത്തെ അത് നഷ്ടപ്പെടുത്തിക്കളഞ്ഞെങ്കിലും 'ഭാഷാവിലാസം' എന്ന പേരിൽ അദ്ദേഹം പുതിയൊരു മാസിക തുടങ്ങി. ഭാഷാവിലാസം ഒരു കൊല്ലത്തോളം പ്രസിദ്ധപ്പെടുത്തി. മാസികാ രൂപത്തിൽ പുറത്തിറങ്ങിയിരുന്ന ശബ്ദരത്‌നാകരം ആറു ലക്കങ്ങളോടെ നിലച്ചു. ശ്രീകണ്ഠേശ്വരം തന്റെ നിഘണ്ടു നിർമാണം തുടർന്നു.

ഇരുപതിലേറെ വർഷങ്ങളുടെ ശ്രമഫലമായി 1917-ൽ നിഘണ്ടുവിന്റെ കയ്യെഴുത്തു പ്രതി പുറത്തിറങ്ങി. എന്നാൽ രണ്ടായിരത്തില്പരം താളുകളുള്ള ഈ ബൃഹദ്ഗ്രന്ഥം അച്ചടിക്കാൻ ആരും തയ്യാറായില്ല. അവസാനം തന്റെ സുഹൃത്തായ കേപ്പ എന്ന പുസ്തകശാല ഉടമസ്ഥനുമായി ചേർന്ന് അത് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു തുടങ്ങി. അച്ചടിച്ച അഞ്ഞൂറ് കോപ്പികൾ പെട്ടെന്ന് വിറ്റു തീർന്നു. 1917 നവംബർ 13 ന് ശബ്ദതാരാവലിയുടെ പ്രഥമ സഞ്ചിക പുറത്തിറങ്ങി. അതോടെ കേരളക്കരയാകെ പദ്മനാഭപിള്ളയെ പ്രശംസിച്ചു. പത്രമാസികകളും സാഹിത്യകാരന്മാരും മഹത്തായ ഈ ഗ്രന്ഥത്തെ വാഴ്ത്തി. 1923 മാർച്ച് 16 ന് ശബ്ദതാരാവലിയുടെ ഒന്നാം പതിപ്പിന്റെ മുദ്രണം പൂർത്തിയായി. വള്ളത്തോൾ, ജി ശങ്കരക്കുറുപ്പ്, ഉള്ളൂർ തുടങ്ങിയ മഹാരഥന്മാർ പദ്മനാഭപിള്ളയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നു. വർഷങ്ങളോളം താനനുഭവിച്ച കഷ്ടതകൾ തീർന്നു കഴിഞ്ഞെന്ന് ശ്രീകണ്ഠേശ്വരം ജി പദ്മനാഭപിള്ള മനസ്സിലാക്കി.

ശബ്ദതാരാവലിക്ക് ശേഷം 'സാഹിത്യാഭരണം', 'ശബ്ദചന്ദ്രിക' എന്നീ രണ്ട് കൃതികൾ കൂടി അദ്ദേഹം ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു തുടങ്ങിയെങ്കിലും അവ രണ്ടും അദ്ദേഹത്തിന് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അനാരോഗ്യം മൂലം ശയ്യാവലംബിയായ അദ്ദേഹം 1964 മാർച്ച് നാലിന് അന്തരിച്ചു. ഒരേയൊരു കൃതി കൊണ്ട് മലയാള ഭാഷ മരിക്കുവോളം മറക്കാത്ത പദ്മനാഭപിള്ള മുന്നോട്ടു വെച്ചത് കഠിനാധ്വാനത്തിന്റെ ഫലസിദ്ധി കൂടിയാണ്.


Read More >>