എസ്. ജാനകിയെയും സോഷ്യല്‍ മീഡിയ കൊന്നു; പാട്ടു നിർത്തിയെന്ന പ്രഖ്യാപനം മരണവാർത്തയാക്കി വ്യാജപ്രചാരണം

മൈസൂരുവിലെ മാനസഗോത്രിയിലുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വൈകീട്ട് ആറരമുതല്‍ പത്തരവരെ നീണ്ട സംഗീതപരിപാടിയില്‍ നാല്‍പതോളം ഗാനങ്ങള്‍ അവര്‍ ആലപിച്ച ശേഷമാണ് ജാനകി വിടവാങ്ങൽ അറിയിച്ചത്.

എസ്. ജാനകിയെയും സോഷ്യല്‍ മീഡിയ കൊന്നു; പാട്ടു നിർത്തിയെന്ന പ്രഖ്യാപനം മരണവാർത്തയാക്കി വ്യാജപ്രചാരണം

പല പ്രമുഖരെയും സോഷ്യൽ മീഡിയ കൊല്ലാതെ കൊന്നിട്ടുണ്ട്. ജ​ഗതി ശ്രീകുമാർ, സലിം കുമാർ, ഇന്നസെന്റ് ഈ പട്ടികയിൽ ഒടുവിലത്തേതാണ് തെന്നിന്ത്യൻ ​ഗായിക എസ്. ജാനകി. സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുകയാണെന്ന ജാനകിയുടെ പ്രഖ്യാപനത്തെ സോഷ്യൽ മീഡിയ മരണമാക്കി തെറ്റിദ്ധരിച്ചു. നിരവധി ആളുകളാണ് ജാനകിക്ക് ആദാരഞ്ജലി അർപ്പിച്ചത്.

മൈസൂരുവിലെ മാനസഗോത്രിയിലുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വൈകീട്ട് ആറരമുതല്‍ പത്തരവരെ നീണ്ട സംഗീതപരിപാടിയില്‍ നാല്‍പതോളം ഗാനങ്ങള്‍ അവര്‍ ആലപിച്ച ശേഷമാണ് ജാനകി വിടവാങ്ങൽ അറിയിച്ചത്. പ്രിയപ്പെട്ട ആരാധകരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിലുള്ള എസ്. ജാനകി ചാരിറ്റബിള്‍ട്രസ്റ്റ്, മൈസൂരുവിന്റെ ക്ഷണപ്രകാരമാണ് മൈസൂരുവിലെ വേദിയില്‍ പാടാന്‍ തയ്യാറായത്. ഇനിയൊരിക്കലും സിനിമകളിലോ സംഗീതപരിപാടികളിലോ താന്‍ പാടില്ലെന്ന് പരിപാടി അവതരിപ്പിക്കവേ അവര്‍ പറഞ്ഞു.

''സിനിമാസംഗീതത്തില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു എന്നൊരു തോന്നല്‍ കുറച്ചുകാലമായുണ്ട്. സംഗീതസംവിധായകരുടെ ഒട്ടേറെ തലമുറകള്‍ക്കുവേണ്ടി പാടി. പ്രഗല്ഭരായ പാട്ടുകാര്‍ക്കൊപ്പം വേദി പങ്കിട്ടു. ഇപ്പോള്‍ പ്രായമായി. 80 വയസ്സാകാന്‍ പോകുന്നു. വിടവാങ്ങാന്‍ ഇതിലും നല്ലൊരു സന്ദര്‍ഭമില്ലെന്ന് മനസ്സുപറയുന്നു'' - എസ്. ജാനകി പറഞ്ഞു.

പ്രായാധിക്യംമൂലമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയതെന്ന് എസ് ജാനകി പറഞ്ഞു. ഇനി സംഗീത പരിപാടികള്‍ക്കും ജാനകി എത്തില്ല. നേരത്തെ സിനിമാ പിന്നണി ഗാനരംഗത്തു നിന്നും ജാനകി വിടവാങ്ങിയിരുന്നു. മിഥുന്‍ ഈശ്വര്‍ ഈണമിട്ട പത്തു കല്‍പനകള്‍ എന്ന സിനിമയിലാണ് എസ് ജാനകി അവസാനമായി പാടിയത്.

1950-കളുടെ തുടക്കത്തില്‍നടന്ന ആകാശവാണി ലളിതശാസ്ത്രീയസംഗീത മത്സരമാണ് ആദ്യത്തെ സ്റ്റേജ് പരിപാടി. വിധിയിന്‍ വിളയാട്ട് (1957) എന്ന തമിഴ് സിനിമയിലൂടെയായിരുന്നു പിന്നണി ഗായികയായുള്ള അരങ്ങേറ്റം. ആദ്യഹിറ്റ് ഗാനം കൊഞ്ചും സിലങ്കൈയിലെ പ്രശസ്തമായ ശിങ്കാരവേലനേ ദേവാ. മലയാളത്തില്‍ ആദ്യചിത്രം 'മിന്നുന്നതെല്ലാം പൊന്നല്ല'. ബാബുരാജ് ഈണമിട്ട മൂടുപടത്തിലെ 'തളിരിട്ട കിനാക്കള്‍' എന്ന ഗാനത്തോടെ മലയാളികളുടെ പ്രിയഗായികയായി മാറി.

മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം നാലുതവണയും കേരളസംസ്ഥാന അവാര്‍ഡ് 14 തവണയും നേടി. സിന്ദൂരപ്പൂവേ (പതിനാറു വയതിനിലെ, തമിഴ്-1976), ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് (ഓപ്പോള്‍, 1980), വെന്നല്ലൊ ഗോദാരി അന്ധം (സിത്താര, തെലുങ്ക്-1984), ഇഞ്ചി ഇടിപ്പഴഗാ (തേവര്‍മകന്‍, തമിഴ്-1992) എന്നിവയായിരുന്നു ദേശീയപുരസ്‌കാരം ലഭിച്ച ഗാനങ്ങള്‍. മികച്ച ഗായികയ്ക്കുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പുരസ്‌കാരം ഏഴുതവണയും ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ പുരസ്‌കാരം പത്തുതവണയും ലഭിച്ചു. പദ്മഭൂഷണ്‍ ലഭിച്ചെങ്കിലും നിരസിച്ചു. ഗാനരചനയിലും സംഗീതസംവിധാനത്തിലും സംഭാവനകള്‍ നല്‍കി.

Story by
Read More >>