മേളയ്ക്ക് മാത്രമായൊരു സ്ഥിരം വേദി എന്ന സ്വപ്നത്തിലേക്കിനി എത്ര നാൾ?

മേളയ്ക്ക് മാത്രമായി ഒരു പ്രത്യേക തീയറ്റർ സമുച്ചയമെന്ന ആശയം വർഷങ്ങളായി ഡലിഗേറ്റുകൾ മുന്നോട്ടു വെക്കുന്നുടെങ്കിലും വാക്കാലുള്ള ഉറപ്പ് മാത്രമേ അക്കാദമി നല്കിയിട്ടുള്ളൂ....

മേളയ്ക്ക് മാത്രമായൊരു സ്ഥിരം വേദി എന്ന സ്വപ്നത്തിലേക്കിനി എത്ര നാൾ?

ചലച്ചിത്ര മേള അവസാനിക്കുകയാണ്. ഒരാഴ്ചക്കാലമായി നീണ്ടു നിന്ന മേളയ്ക്ക് നാളെ രാത്രിയോടെ തിരശീല വീഴും. കഴിഞ്ഞ മേളകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സാംസ്കാരിക പരിപാടികളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ടാഗോറിലെ ഇരവുകൾ പകലുകളാക്കി ഡലിഗേറ്റുകൾ ആടിയും പാടിയും ആഘോഷിച്ചു. ചലച്ചിത്രാസ്വാദകരും സുഹൃത്തുക്കളുമടങ്ങിയ ഡലിഗേറ്റുകൾ ഒരാഴ്ചത്തെ മതി മറന്ന ആഘോഷങ്ങൾക്ക് ശേഷം നാളെ തിരിച്ചു പോകും.

മേളയെപ്പറ്റി ഡലിഗേറ്റുകൾക്ക് പലതരം അഭിപ്രായങ്ങളാണ്. ചിലർ മേള നന്നായി ആസ്വദിച്ചപ്പോൾ മറ്റു ചിലർക്ക് മേള അത്ര നന്നായി തോന്നിയില്ല. ആദ്യമായി മേളയിൽ പങ്കെടുക്കുന്ന പലർക്കും മേള വളരെ നന്നായി തോന്നി. കഴിഞ്ഞ തവണകളിലെ മേളയെപ്പോലെ മനോഹരമായില്ല എന്ന പരാതി പറഞ്ഞത് കഴിഞ്ഞ കാലങ്ങളിൽ സ്ഥിരമായി മേളകളിൽ പങ്കെടുക്കുന്ന ഡെലിഗേറ്റുകളാണ്. ഇത്തവണ മേളയിൽ പ്രതിഷേധ സ്വരങ്ങൾ ഒരുപാട് ഉയർന്നു കേട്ടു. മീഡിയ പാസ് കിട്ടാതിരുന്നതും ക്യൂ സമ്പ്രദായത്തിലെ പിഴവുകളും സിനിമകളുടെ നിലവാരവും സെൻസർ ബോർഡും ഫാസിസവുമെല്ലാം ചലച്ചിത്രോത്സവത്തിൽ പ്രതിഷേധ സ്വരങ്ങളുയർത്തിയിരുന്നു. പക്ഷേ, ഈ പ്രതിഷേധങ്ങളുടെയെല്ലാം ഇടയിൽ മേള അവസാനിക്കുന്നത് സിനിമയും സിനിമാ ചർച്ചകളും പകർന്നു നൽകിയ ഊർജം വിതറിക്കൊണ്ടു തന്നെയാണ്.

റെട്രോസ്പെക്റ്റിൽ പ്രദർശിപ്പിച്ച സുക്കറോവിന്റെ സിനിമകൾക്ക് വേഗതയില്ല എന്ന വ്യാപകമായ പരാതി ഉയർന്നു കേട്ടിരുന്നു. സുക്കറോവിന്റെ സിനിമാ നിർമാണ ശൈലിയോട് ഇഴുകിച്ചേരാൻ കഴിയാതെ സിനിമ പാതിയിൽ നിർത്തി തീയറ്റർ വിട്ടവരുമുണ്ട്. യങ്ങ് കാൾ മാക്‌സ് മികച്ച അഭിപ്രായം നേടി. ചെറുപ്പക്കാരനായ, അറിയപ്പെടാത്ത മാർക്സിന്റെയും ഏംഗല്സിന്റെയും കഥ പറയുന്ന സിനിമയുടെ മൂന്ന് ഷോകൾക്കും തിരക്കേറെയായിരുന്നു. മണിക്കൂറുകളോളം ക്യൂ നിന്ന് സിനിമ കാണാൻ കഴിയാതെ നിരാശരാവേണ്ടി വന്ന മുഖങ്ങൾ യങ്ങ് കാൾ മാർക്സ് പ്രദർശിപ്പിച്ച തീയറ്ററുകളിൽ ഒരുപാട് കണ്ടു. ഉദ്ഘാടന ചിത്രമായ ഇൻസൾട്ടിനും മേളയിൽ മികച്ച വരവേൽപ് ലഭിച്ചു. ഇന്ത്യൻ സിനിമ ന്യൂട്ടനായിരുന്നു മേളയിലെ താരം. സിനിമ കണ്ടിറങ്ങിയ എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തി സിനിമ ഇന്ത്യയുടെ ഓസ്കാർ എൻട്രിയാണെന്നത് ആശാവാഹമാണ്. മലയാള ചിത്രങ്ങളായ രണ്ടു പേർ, നായിന്റെ ഹൃദയം, കറുത്ത ജൂതന് തുടങ്ങിയ സിനിമകൾ സമ്മിശ്ര പ്രതികരണങ്ങളിൽ ഒതുങ്ങി. ജാം എന്ന ഗ്രീക്ക് സിനിമ ഫീൽ ഗുഡ് മൂവി എന്ന ലേബലിൽ പ്രേക്ഷക ശ്രദ്ധയാകാര്ഷിച്ചു. മിഡ്നൈറ്റ് ഷോ ആയി പ്രദർശിപ്പിച്ച സാത്താൻസ് സ്ളേവ് കാണികൾക്ക് നവീനമായ ഒരു അനുഭവമായി.

ഇങ്ങനെയൊക്കെയാണെങ്കിലും ഓരോ വർഷം തോറും അധികരിച്ചു വരുന്ന ഡെലിഗേറ്റുകളെ ഉൾക്കൊള്ളാൻ മേളയ്ക്ക് സാധിക്കുന്നില്ല എന്നത് ഒരു പരാജയമാണ്. മേളയ്ക്ക് മാത്രമായി ഒരു പ്രത്യേക തീയറ്റർ സമുച്ചയമെന്ന ആശയം വർഷങ്ങളായി ഡലിഗേറ്റുകൾ മുന്നോട്ടു വെക്കുന്നുടെങ്കിലും വാക്കാലുള്ള ഉറപ്പ് മാത്രമേ അക്കാദമി നല്കിയിട്ടുള്ളൂ. ജനപങ്കാളിത്തം തന്നെയാണ് ഒരു സാംസ്കാരിക മേളയുടെ വിജയം. അതു കൊണ്ട് വർധിച്ചു വരുന്ന ഡെലിഗേറ്റുകളെ ഉൾക്കൊള്ളാൻ ഫലപ്രദമായ ഒരു മാർഗം വരും വർഷങ്ങളിൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

Story by
Read More >>