128 ട്രാക്ക് റിക്കാര്‍ഡിംഗ്, 36 വീഡിയോ ക്യാമറകള്‍;പൂരങ്ങളുടെ പൂരം ഒപ്പിയെടുക്കാന്‍ പട നയിച്ച് റസൂല്‍ പൂക്കുട്ടി

അന്ധനായ ഒരാള്‍ക്കു പോലും പൂരം ആസ്വദിക്കാവുന്ന വിധത്തിലുള്ള ശബ്ദ റിക്കാര്‍ഡിംഗാണ് റസൂലിന്റെ നേതൃത്വത്തില്‍ ഒരുക്കുന്നത്. മേളത്തിന്റെ തനിമ മാത്രമല്ല, ജനം ആര്‍പ്പുവിളിക്കുന്നതു മുതല്‍ ആന തുമ്പിക്കൈ അനക്കുന്നതുവരെയുള്ള വളരെ ചെറിയ ശബ്ദങ്ങള്‍പോലും നൂറുകണക്കിനു വരുന്ന മൈക്രോഫോണുകള്‍ ഒപ്പിയെടുക്കും.

128 ട്രാക്ക് റിക്കാര്‍ഡിംഗ്, 36 വീഡിയോ ക്യാമറകള്‍;പൂരങ്ങളുടെ പൂരം ഒപ്പിയെടുക്കാന്‍ പട നയിച്ച് റസൂല്‍ പൂക്കുട്ടി

വാദ്യമേളങ്ങളുടേയും വര്‍ണാചാരുതയുടേയും ഉത്സവമായ തൃശൂര്‍ പൂരത്തിന്റെ നാദവും ദൃശ്യവും ഒപ്പിയെടുക്കാനായി സാങ്കേതിക വിദഗ്ധരുടെ പട നയിച്ചു റസൂല്‍ പൂക്കുട്ടി തൃശൂരിലെത്തി. ഇന്നലെ പൂരനഗരിയില്‍ എത്തിയ ഈ ശബ്ദവിസ്മയങ്ങളുടെ മാന്ത്രികനും സംഘവും ഇനി പൂരത്തിന്റെ ഏറ്റവും ഒടുവിലെ പരിപാടിയിലും പങ്കെടുത്തതിന് ശേഷമേ മടങ്ങുകയുള്ളൂ.

അന്ധനായ ഒരാള്‍ക്കു പോലും പൂരം ആസ്വദിക്കാവുന്ന വിധത്തിലുള്ള ശബ്ദ റിക്കാര്‍ഡിംഗാണ് റസൂലിന്റെ നേതൃത്വത്തില്‍ ഒരുക്കുന്നത്. മേളത്തിന്റെ തനിമ മാത്രമല്ല, ജനം ആര്‍പ്പുവിളിക്കുന്നതു മുതല്‍ ആന തുമ്പിക്കൈ അനക്കുന്നതുവരെയുള്ള വളരെ ചെറിയ ശബ്ദങ്ങള്‍പോലും നൂറുകണക്കിനു വരുന്ന മൈക്രോഫോണുകള്‍ ഒപ്പിയെടുക്കും. അതിസൂക്ഷ്മമായ ശബ്ദങ്ങള്‍പോലും ഒപ്പിയെടുക്കുന്നതിനാണു ഇത്രയും ശക്തമായ 168 ട്രാക്ക് സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 20 വീതമുള്ള നാല്‍പതു ട്രാക്ക് റിക്കാര്‍ഡിംഗാണ് സാധാരണയായി പതിവുള്ളത്. 64 വീതമുള്ള രണ്ടു ട്രാക്കുകളിലൂടെയുള്ള 128 ട്രാക്ക് റിക്കാര്‍ഡിംഗ് നടക്കുന്നത്. നഗരത്തിലെ എട്ടു കേന്ദ്രങ്ങളില്‍നിന്ന് ഒരേ സമയം പൂരത്തോടൊപ്പം നീങ്ങാവുന്ന വിധത്തില്‍ റിക്കാര്‍ഡിംഗ് നടക്കുന്നു ഇത്രയും വലിയ പ്രോജക്ട് ആദ്യമായാണു കൈകാര്യം ചെയ്യുന്നതെന്നു റസൂല്‍ പൂക്കുട്ടി പറഞ്ഞു.

പ്രസാദ് പ്രഭാകറിന്റെ നേതൃത്വത്തില്‍ 36 ഹൈഡഫനിഷന്‍ ഡിജിറ്റല്‍ ക്യാമറകളിലൂടെയുള്ള വീഡിയോ റിക്കാര്‍ഡിംഗും ഇതിനൊപ്പം നടക്കുന്നുണ്ട്. പൂരത്തിരക്കുകള്‍ക്കിടയിലും കെട്ടിടങ്ങള്‍ക്കു മുകളിലുമെല്ലാം ക്യാമറകള്‍ സ്ഥാപിച്ചാണു പൂരം പകര്‍ത്തുക. ജിബ് ഉപയോഗിച്ച് ജനക്കൂട്ടത്തിനു മുകളില്‍നിന്നും, ഡ്രോണ്‍ ഉപയോഗിച്ച് ആകാശത്തുനിന്നും റിക്കാര്‍ഡു ചെയ്യാനുള്ള അനുമതി തേടിയിരുന്നെങ്കിലും കമ്മിറ്റിയുടെ അത് അനുവദിച്ചു നല്‍കിയില്ല.

റസൂല്‍ പൂക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള 'കനറീസ് പോസ്റ്റ് സൗണ്ടി'ലെ ആധുനികവും അതിവിപുലവുമായ റിക്കാര്‍ഡിംഗ് ഉപകരണങ്ങളില്‍ പകുതിയോളവും മുംബൈയില്‍ നിന്നും തൃശൂരിലെത്തി കഴിഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച റിക്കാര്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ അനിവാര്യമായ ഉപകരണങ്ങള്‍ മാത്രമാണ് ഇനി മുംബൈയിലെ സ്റ്റുഡിയോയില്‍ റസൂല്‍ ഇപ്പോള്‍ നിലനിര്‍ത്തിയിട്ടുള്ളത്. എന്നിട്ടും കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങുകയും വാടകയ്‌ക്കെടുക്കുകയും ചെയ്യേണ്ടിവന്നു എന്നും റസൂല്‍ പറയുന്നു.

സാങ്കേതിക വിദഗ്ധരും ഓപറേറ്റര്‍മാരും അടക്കം 110 പേരടങ്ങുന്ന സംഘമാണു പൂരം റിക്കോര്‍ഡ് ചെയ്യുന്നത്. ഇവരെ കൂടാതെ ഡ്രൈവര്‍മാരും സഹായികളുമടക്കം നാല്‍പതോളം പേര്‍ വേറെയുമുണ്ട്. ഇത്രയും ആധുനിക സജ്ജീകരണങ്ങളോടെ അതിവിപുലമായ റിക്കാര്‍ഡിംഗ് പൂരനഗരിയില്‍ ഇതാദ്യം. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള മറ്റുപല വാദ്യമേളങ്ങളും വര്‍ണക്കാഴ്ചകളെല്ലാം ഒപ്പിയെടുക്കുന്ന എന്‍സൈക്ലോപീഡിയ സജ്ജമാക്കുകയാണു ഇവരുടെ ലക്ഷ്യം.

തൃശൂര്‍ പൂരത്തിന്റെ പ്രധാന മുഹൂര്‍ത്തങ്ങള്‍ മാത്രം ചേര്‍ത്ത് 20 മിനിറ്റു ദൈര്‍ഘ്യമുള്ള മള്‍ട്ടിമീഡിയയും തയാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

അമേരിക്കയില്‍ പാംസ്റ്റോണ്‍ മള്‍ട്ടിമീഡിയയുടെ ഉടമ തൃശ്ശൂര്‍ സ്വദേശിയായ രാജീവ് പനയ്ക്കലാണ് സംരംഭത്തിന്റെ നിര്‍മ്മാതാവ്. സിനിമ, ഷോര്‍ട്ട് ഫിലിം, ടിവി സീരിയല്‍, ഡോക്യുമെന്ററികള്‍, ഫീച്ചര്‍ ഫിലുമുകള്‍ തുടങ്ങിയവ നിര്‍മിക്കുന്ന സ്ഥാപനമായ പാം സ്റ്റോണിന് ദുബായിയിലും ഓഫീസുണ്ട്.

ശനിയാഴ്ച നടന്ന പൂരം കൊടിയേറ്റത്തിന്റെ വീഡിയോ റിക്കാര്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കി. ഇനി ചമയപ്രദര്‍ശനവും സാമ്പിള്‍ വെടിക്കെട്ടും ചെറുപൂരങ്ങളും പ്രധാന പൂരങ്ങളും മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും രാത്രിപൂരവും ശനിയാഴ്ച പുലര്‍ച്ചെ നടക്കുന്ന വെടിക്കെട്ടും തുടര്‍ന്നുള്ള പകല്‍പൂരവുമെല്ലാം അടങ്ങുന്ന എല്ലാ ചടങ്ങുകളും ഒപ്പിയെടുത്ത ശേഷമേ ഈ വന്‍ മാധ്യമസംഘം മടങ്ങൂ.

വാദ്യ പ്രമാണിമാരുടെ നേതൃത്വത്തില്‍ വാദ്യകലാകാരന്മാരെ പങ്കെടുപ്പിച്ച് പഞ്ചവാദ്യവും പാണ്ടിമേളവും അടക്കമുള്ള പരമ്പരാഗത മേളങ്ങള്‍ പുനരവതരിപ്പിച്ചു റിക്കാര്‍ഡ് ചെയ്യും. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ദൗത്യമാണ് ഇതെന്നു റിക്കാര്‍ഡിംഗുകളുടെ ഏകോപനം നിര്‍വഹിക്കുന്ന പ്രസാദ് പ്രഭാകര്‍ ചൂണ്ടിക്കാട്ടി. പലയിടങ്ങളില്‍ നിന്നായി റിക്കാര്‍ഡു ചെയ്ത വീഡിയോകളും ശബ്ദങ്ങളും സമന്വയിപ്പിക്കുന്ന ജോലിയും ഈ ദിവസങ്ങളില്‍ നടക്കും.

'ഓസ്‌കാര്‍ അവാര്‍ഡ് നേടിയ സമയത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍, ലോകത്തെ ഏറ്റവും വലിയ ഉല്‍സവങ്ങളിലൊന്നായ തൃശൂര്‍ പൂരം റിക്കാര്‍ഡു ചെയ്യണമെന്നെന്റെ മോഹം ഞാന്‍ പറഞ്ഞിരുന്നു. അതു മനസില്‍ കരുതിവച്ചുകൊണ്ടാകാം രാജീവ് പനയ്ക്കല്‍, ബ്രഹ്മാണ്ഡമായ ഈ ഉദ്യമത്തിനു മുതിര്‍ന്നത്'

റസൂല്‍ പൂക്കുട്ടി പറയുന്നു. ആനയെഴുന്നള്ളിപ്പിനും വെടിക്കെട്ടിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പൂരത്തിന്റെ പൊലിമ കെടുത്തുമെന്ന ആശങ്ക നിലനില്‍ക്കെയാണ്, റസൂലും സംഘവും പൂരത്തിരക്കുകള്‍ക്കിടയിലെ ചെറുശബ്ദം പോലും ഒപ്പിയെടുത്ത് പുതുവിസ്മയം തീര്‍ക്കുന്നത്.