എന്റെ അച്ഛന്റെ സംഭവബഹുലമായ ജീവിതം സിനിമയാകുമ്പോള്‍: വിജയരാഘവന്‍ പറയുന്നു

1917 ല്‍ വൈക്കത്ത് ജനിച്ച് ഇദ്ദേഹത്തിന്റെ പഠനകാലം കോട്ടയം സിഎംഎസ് കോളേജിലായിരുന്നു. പരീക്ഷയില്‍ പരാജയപ്പെട്ട് നാടുവിട്ട് മലയയിലെത്തിയ ഇദ്ദേഹം എത്തിച്ചേര്‍ന്നത് സുഭാഷ് ചന്ദ്രബോസിന്റെ സേനയായ ഐഎന്‍എയിലായിരുന്നു- രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ പോളി എന്‍എന്‍പിള്ളയാകുമ്പോള്‍

എന്റെ അച്ഛന്റെ സംഭവബഹുലമായ ജീവിതം സിനിമയാകുമ്പോള്‍: വിജയരാഘവന്‍ പറയുന്നു

നാടകാചാര്യനും സാഹിത്യകാരനും നടനുമായ എന്‍എന്‍ പിള്ളയുടെ ജീവിതം സിനിമയാകുന്നു. നാടകപ്രവര്‍ത്തകന്‍ മാത്രമല്ല, സ്വാതന്ത്ര്യ സമരകാലത്തെ അടയാളപ്പെട്ട മലയാളികളില്‍ ഒരാള്‍ കൂടിയായിരുന്നു എന്‍.എന്‍. പിള്ള. രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ പോളിയാണ് എന്‍.എന്‍. പിള്ളയായി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്.

റേഡിയോ നാടകങ്ങളുള്‍പ്പെടെ ഒട്ടേറെ സാമൂഹ്യപ്രതിബന്ധതയുള്ള നാടകങ്ങള്‍ എന്‍എന്‍ പിള്ളയുടേതായിട്ടുണ്ട്. ഗോഡ്ഫാദര്‍ എന്ന സിദ്ധിഖ്-ലാല്‍ ചിത്രത്തിലെ അഞ്ഞൂറാന്‍ എന്‍ എന്‍ പിള്ളയ്ക്ക് വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കാലം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കൂടിയായിരുന്നു ഗോഡ്ഫാദര്‍. ഈ സിനിമ ഹിന്ദിയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്തപ്പോള്‍ അഞ്ഞൂറാന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് അമരിഷ് പുരി ആയിരുന്നു. തമിഴിലും തെലുങ്കിലും ഈ കഥാപാത്രത്തെ എന്‍എന്‍ പിള്ള തന്നെയാണ് അവതരിപ്പിച്ചത്. നാടോടി എന്ന മലയാള ചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സംഭവബഹുലമായ ഒരു യൗവനകാലമാണ് എന്‍എന്‍ പിള്ളയ്ക്കുണ്ടായിരുന്നതെന്ന് 'ഞാന്‍' എന്ന് അദ്ദേഹത്തിന്റെ ആത്മകഥയിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ഈ പുസ്തകത്തിലെ പ്രത്യേക ഭാഗത്തെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ പുരോഗമിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ''ഈ സിനിമയക്കുറിച്ച് വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ രാജീവ് രവി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഈ സിനിമ ഒരു ചരിത്രസംഭവമാകുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. അച്ഛന്റെ ആത്മകഥയായ 'ഞാന്‍' എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യ സമരകാലവും നാടകപ്രവര്‍ത്തനങ്ങളും എല്ലാം വളരെ വിശദമായി തന്നെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.'' മകനും നടനുമായ വിജയരാഘവന്‍ നാരദാ ന്യൂസിനോട് വെളിപ്പെടുത്തി.

1917 ല്‍ വൈക്കത്ത് ജനിച്ച് ഇദ്ദേഹത്തിന്റെ പഠനകാലം കോട്ടയം സിഎംഎസ് കോളേജിലായിരുന്നു. പരീക്ഷയില്‍ പരാജയപ്പെട്ട് നാടുവിട്ട് മലയയിലെത്തിയ ഇദ്ദേഹം എത്തിച്ചേര്‍ന്നത് സുഭാഷ് ചന്ദ്രബോസിന്റെ സേനയായ ഐഎന്‍എയിലായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഐഎന്‍എയുടെ പ്രചാരണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന മലയാളി സാന്നിദ്ധ്യം കൂടിയായിരുന്നു എന്‍എന്‍ പിള്ള. ഈ സംഭവങ്ങളെല്ലാം വളരെ വ്യക്തമായിത്തന്നെ ഞാന്‍ എന്ന് ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ആത്മകഥയ്ക്ക് അബുദാബി മലയാളി സമാജത്തിന്റെ പുരസ്‌കാരവും ലഭിച്ചു. നാടകത്തെ സംബന്ധിച്ച നിരവധി പുസ്തകങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

കമ്മട്ടിപ്പാടത്തിന് ശേഷം മറ്റൊരു ചരിത്രസിനിമയിലേക്കാണ് രാജീവ് രവി എന്ന സംവിധായകന്‍ തന്റെ ക്യാമറ തിരിക്കുന്നത്. ഗോപന്‍ ചിദംബരത്തിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം അടുത്തവര്‍ഷമാണ് ആരംഭിക്കുന്നത്. 28 നാടകങ്ങളും 21 ഏകാങ്കനാടകങ്ങളും ഒരു തെലുങ്കു ചിത്രവുമുള്‍പ്പെടെ അഞ്ച് സിനിമകളിലും എന്‍. എന്‍. പിള്ള അഭിനയിച്ചിട്ടുണ്ട്. ഒരു കാലഘട്ടത്തില്‍ മലയാള നാടകകാലത്തെ സമ്പന്നമാക്കിയിരുന്ന നാടകകലാകാരനായിരുന്നു എന്‍. എന്‍.പിള്ള.

ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തിലാണ് രാജീവ് രവി തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും ഗോപന്‍ ആയിരുന്നു. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് മധു നീലകണ്ഠന്‍ ആണ്. അടുത്ത വര്‍ഷം മാര്‍ച്ചോടെയാണ് ചിത്രീകരണം ആരംഭിക്കുന്നത്.

Read More >>