ജൂറി എണ്‍പതുകളിലെ പോലെ: വിധു വിന്‍സെന്റിന്റെ കാര്യത്തിലും അത് തന്നെ സംഭവിച്ചുവെന്ന് രാജീവ് രവി

പ്രധാന കഥാപാത്രങ്ങളെല്ലാം ഉയര്‍ന്ന നിലവാരത്തിലും ജാതിയിലുമുളളവരായിരിക്കണമെന്ന് പ്രേക്ഷകന്റെ മനസ്സിലുണ്ടായിരിക്കും. ഞങ്ങളൊരു മാറ്റത്തിനു വേണ്ടി കഥാപാത്രങ്ങളുടെ സ്‌കൂള്‍ കാലം മുതല്‍ കഥ പറഞ്ഞു.

ജൂറി എണ്‍പതുകളിലെ പോലെ: വിധു വിന്‍സെന്റിന്റെ കാര്യത്തിലും അത് തന്നെ സംഭവിച്ചുവെന്ന് രാജീവ് രവി

രാജീവ് രവിയും വിനായകനും കമ്മട്ടിപ്പാടത്തെ കുട്ടികളാണ്. അവരുടെ ബാല്യം കണ്ട കമ്മട്ടിപ്പാടം ഇന്നില്ല. എറണാകുളം നഗരം അതിനുമുകളില്‍ അംബരചുംബികള്‍ നിര്‍മ്മിച്ച് പാടങ്ങളെ കാല്‍ക്കീഴിലാക്കി. മുകളിലൂടെ പാലമുണ്ടാക്കി ഇരുട്ടിലാക്കി കളഞ്ഞ കമ്മട്ടിപ്പാടത്തെ മനുഷ്യരുടെ ജീവിതം രാജീവ് രവിയ്ക്ക് കഥയല്ല. ആ ജീവിതങ്ങളുടെ സമീപത്ത് സിനിമയിലെ കൃഷ്ണനെ പോലെ രാജീവ് ഉണ്ടായിരുന്നു. ക്ലീഷേ അവാര്‍ഡ് നിര്‍ണ്ണയങ്ങളെ മാറ്റിമറിച്ച് വിനായകനും മണികണ്ഠനും അവാര്‍ഡ് ലഭിച്ചു- കമ്മട്ടിപ്പാടത്തെ കുറിച്ച് സംവിധായകന്‍ രാജീവ് രവിക്ക് പറയാനുള്ളത്.

'വിനായകന് അവാര്‍ഡ് നല്‍കിയ ജൂറിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും ഒരു വിചാരമുണ്ട്, നായകനായി അഭിനിയിക്കുന്നവര്‍ക്ക് മാത്രം മികച്ച നടനുള്ള അവാര്‍ഡ് കൊടുക്കാവു, സ്വഭാവ നടന് കൊടുക്കരുതെന്ന്. എന്നാല്‍ ഇത്തവണ വിനായകന്‍ മികച്ചനടനായി. ദേശീയ തലത്തിലും ഗ്ലാമര്‍ നടന്മാര്‍ക്കുള്ളതാണ് ഇത്തരം അവാര്‍ഡുകള്‍. മലയാള സിനിമയിലും കുറച്ചുനാള്‍ ഈ പ്രവണതയുണ്ടായിരുന്നു. എന്നാല്‍ ഇത്തവണത്തെ ജൂറി എണ്‍പതുകളിലെപ്പോലെ പരീക്ഷണ ചിത്രങ്ങള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ തയ്യാറായി. മികച്ച സംവിധായികയായ വിധു വിന്‍സെന്റിന്റെ കാര്യത്തിലും അതു സംഭവിച്ചു. വിധുവിനെപ്പോലുള്ളവര്‍ക്ക് അതൊരു പ്രോത്സാഹനമാണ്.'

'സമൂഹത്തിന്റെ മറ്റൊരു വശങ്ങളെക്കുറിച്ച് കുറെ ചിത്രങ്ങളൊക്കെ വന്നിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങളെല്ലാം ഉയര്‍ന്ന നിലവാരത്തിലും ജാതിയിലുമുള്ളവരായിരിക്കണമെന്ന് പ്രേക്ഷകന്റെ മനസിലുണ്ടായിരിക്കും. ഞങ്ങളൊരു മാറ്റത്തിന് വേണ്ടി കഥാപാത്രങ്ങളുടെ സ്‌കൂള്‍ കാലം മുതല്‍ കഥ പറഞ്ഞു. പ്രശ്നം പൊതുകാഴ്ചപ്പാടിന്റേതാണ്. കമ്മട്ടിപ്പാടം പോലൊരു ചിത്രത്തെ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്കെളുപ്പമല്ലായിരുന്നു. സാധാരണ പ്രേക്ഷകര്‍ ഓഫ് ബീറ്റ് ചിത്രങ്ങള്‍ കാണാറില്ല. ബുദ്ധിജീവികളും ആര്‍ടിസ്റ്റുകളും മാത്രമല്ല, സാധാരാണക്കാരായ പ്രേക്ഷകരും കൂടി കാണുമ്പോഴാണ് ഒരു സിനിമയുടെ ഉദ്ദേശ ലക്ഷ്യം പൂര്‍ത്തിയാവുന്നതെന്നു ഞാന്‍ കരുതുന്നു. അവര്‍ സ്വീകരിച്ചില്ലെങ്കില്‍ പടം ചെയ്തിട്ടു കാര്യമില്ല.

ഞാനൊരു ഛായഗ്രാഹകന്‍ കൂടിയായതുകൊണ്ട് സിനിമയുടെ ദൃശ്യങ്ങളെക്കുറിച്ച് ബോധവാനാണ്. ഞാനെന്റെ രീതിലുളള സിനിമകള്‍ ചെയ്യുന്നു. ജനങ്ങള്‍ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ട്. അവരത് ചെയ്തില്ലെങ്കില്‍ വിഷമമുണ്ടാകുമെങ്കിലും പടം ചെയ്യാതിരിക്കില്ല. സേഫായ ചിത്രങ്ങളൊരിക്കലും ചെയ്യില്ല.

വിനായകനെ കോളേജ് കാലം മുതലേ അറിയാം. ഞങ്ങള്‍ കമ്മട്ടിപാടത്ത് താമസിച്ചിരുന്നയാളുകളാണ്. സിനിമയെക്കുറിച്ച് ചര്‍ച്ച നടക്കുന്ന സയത്ത് വിനായകനോട് ഇക്കാര്യം സംസാരിച്ചിരുന്നു. ദീര്‍ഘകാലം ഇതേപറ്റി സംസാരിച്ചിരുന്നതിനാല്‍ വിനായകനു വലിയ അദ്ഭുതമൊന്നും തോന്നിയിരുന്നില്ല.

ഫിലിംമേക്കിങ് എന്നത് അടിസ്ഥാനപരമായുള്ള നിരീക്ഷണമാണ്. എന്റെ അഭിപ്രായത്തില്‍ സംവിധായകന്‍ നീരീക്ഷണമാണ് നടത്തേണ്ടത്. ഞാന്‍ വളര്‍ന്നപ്പോള്‍ എനിക്കു ചുറ്റുമുള്ള ആളുകളുമായി ബന്ധപ്പെട്ട് ചിന്തിച്ചുതുടങ്ങി. കമ്മട്ടിപ്പാടത്തിലെ കഥാപാത്രങ്ങളൊക്കെ ചെറുപ്പകാലത്ത് പരിചയമുള്ളവരാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ സമൂഹത്തിന്റെ ഇരുണ്ട ഭാഗങ്ങളില്‍ ജീവിക്കുന്നവരെ ഒഴിവാക്കാം. പക്ഷെ നമുക്ക് ചുറ്റും ജീവിക്കുന്ന അവരും മനുഷ്യരാണ്.'

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ