ബോളിവുഡിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ബിബിസി ഡോക്യുമെന്ററി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രാധിക ആപ്തെയും ഉഷ ജാധവും

'എനിക്ക് കിട്ടിയ അവസരത്തിനു പകരമായി എന്തെങ്കിലും തിരികെ നൽകാൻ ഒരിക്കൽ ഒരാൾ ആവശ്യപ്പെട്ടു. എന്തെങ്കിലും എന്ന് പറഞ്ഞാൽ പണമാണോ? - എന്റെ കയ്യിൽ പണമില്ല. പണമല്ല ആവശ്യമെന്ന് അയാൾ പറഞ്ഞു. അയാൾക്കൊപ്പം അന്തിയുറങ്ങണം - അതായിരുന്നു ആവശ്യം'

ബോളിവുഡിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ബിബിസി ഡോക്യുമെന്ററി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രാധിക ആപ്തെയും ഉഷ ജാധവും

ബോളിവുഡിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ബിബിസി തയ്യാറാക്കുന്ന പുതിയ ഡോക്യുമെന്ററിക്ക് വേണ്ടി സ്വന്തം ദുരനുഭവങ്ങൾ വെളിപ്പെടുത്തി താരങ്ങളായ രാധിക ആപ്തെയും ഉഷ ജാധവും.'ബോളിവുഡിന്റെ കറുത്ത രഹസ്യങ്ങൾ' (Bollywood's Dark Secret) എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി തയ്യാറാക്കുന്നത് രജിനി വൈദ്യനാഥനാണ്. 'ചിലർ ദൈവങ്ങളെപ്പോലെയാണ് കണക്കാക്കപ്പെടുന്നത്. അവർ വളരെ ശക്തരാണ്, അതുകൊണ്ടു തന്നെ എന്റെ ശബ്ദം ഒരു വിഷയമായി ആളുകൾ കരുതുന്നില്ല. അല്ലെങ്കിൽ ഞാൻ ശബ്ദിക്കുന്നതോടെ എന്റെ കരിയർ തകരുമെന്ന് ആളുകൾ കരുതുന്നു' - രാധിക ആപ്‌തെ പറഞ്ഞതായി ബിബിസി വേൾഡ് റിപ്പോർട്ട് ചെയ്യുന്നു.

ഹോളിവുഡിലെ 'മി റ്റൂ' ക്യാമ്പെയിനിനെ കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്ന ചോദ്യത്തിന് സ്ത്രീകളെപ്പോലെ, പുരുഷന്മാരും മുന്നോട്ട് വന്ന് ഒരുമിച്ച് ഒരുകൂട്ടമായി ഇത് ഇനിയും സംഭവിക്കാൻ അനുവദിക്കില്ല എന്ന് തീരുമാനിക്കുകയാണ് ചെയ്തതെന്നും അത് ഇവിടെയും നടക്കട്ടെ എന്ന് ആഗ്രഹിക്കുന്നതായും രാധിക ആപ്‌തെ മറുപടി നൽകി.

സിനിമാലോകത്തെ ശക്തരായ പുരുഷന്മാർ ലൈംഗികത ആവശ്യപ്പെടുന്നത് സാധാരണമാണെന്നാണ് മറാത്തി അവാർഡ് ജേതാവുകൂടിയായ നടി ഉഷ ജാധവ് പറഞ്ഞത്. 'എനിക്ക് കിട്ടിയ അവസരത്തിനു പകരമായി എന്തെങ്കിലും തിരികെ നൽകാൻ ഒരിക്കൽ ഒരാൾ ആവശ്യപ്പെട്ടു. എന്തെങ്കിലും എന്ന് പറഞ്ഞാൽ പണമാണോ? - എന്റെ കയ്യിൽ പണമില്ല. പണമല്ല ആവശ്യമെന്ന് അയാൾ പറഞ്ഞു. അയാൾക്കൊപ്പം അന്തിയുറങ്ങണം - അതായിരുന്നു ആവശ്യം. ചിലപ്പോൾ നിർമാതാവിനൊപ്പമാകാം. അല്ലെങ്കിൽ സംവിധായകനൊപ്പമാകാം. അതുമല്ലെങ്കിൽ രണ്ടുപേർക്കൊപ്പവുമാവാം' - ഉഷ ജാധവ് വെളിപ്പെടുത്തുന്നു.

ഇവർക്ക് പുറമെ പേര് വെളിപ്പെടുത്താത്ത താരങ്ങളും പുതുതായി സിനിമയിലെത്തിയ യുവ നടിമാരും തങ്ങളുടെ കയ്‌പേറിയ അനുഭവങ്ങൾ ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ശനി, ഞായർ ദിവസങ്ങളിൽ ഈ ഡോക്യൂമെന്ററി ലോകം മുഴുവൻ സംപ്രേക്ഷണം ചെയ്യും.

Read More >>