മായാനദിയിൽ സ്വയം പകർന്നാടി ആബേൽ

മേക്കപ്പ് ആർട്ടിസ്റ്റായി സ്ക്രീനിലെത്തുന്ന ആബേൽ ജീവിതത്തിലും മേക്കപ്പ് ആർട്ടിസ്റ്റ് തന്നെയാണ്. അങ്കമാലി സ്വദേശിയായ ആബേൽ മേക്കപ്പ് ആർട്ടിസ്റ്റായി മാറുന്നതിന് മുൻപ് കടന്ന് വന്ന വഴികൾ കൗതുകമുള്ളവയാണ്.

മായാനദിയിൽ സ്വയം പകർന്നാടി ആബേൽ

സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ആബേൽ റോബിൻ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. പക്ഷേ ജനങ്ങൾ ഇത്രമേൽ ഏറ്റെടുത്ത ഒരു സിനിമയിൽ തന്നെ ആദ്യമായി അഭിനയിക്കാൻ കഴിയുമെന്ന് ഒട്ടും കരുതിയിരുന്നില്ല. ആഷിക്ക് അബു സംവിധാനം ചെയ്ത മായാനദി എന്ന സിനിമയിലൂടെയാണ് ആബേൽ സിനിമാ ലോകത്തേക്ക് എത്തുന്നത്. ആകെ അഞ്ച് സീനുകളിൽ മാത്രമേ അഭിനിയിച്ചിട്ടുള്ളൂ എങ്കിലും ആബേലിന്റെ ഈ തുടക്കം പ്രത്യേകതയുള്ളതാണ്. എന്തെന്നാൽ ആബേൽ ക്വീറാണ്. ക്വീറായ ഒരു കഥാപാത്രത്തെ തന്നെയാണ് സിനിമയിൽ അവതരിപ്പിക്കുകയും ചെയ്യുന്നത്.മേക്കപ്പ് ആർട്ടിസ്റ്റായി സ്ക്രീനിലെത്തുന്ന ആബേൽ ജീവിതത്തിലും മേക്കപ്പ് ആർട്ടിസ്റ്റ് തന്നെയാണ്. അതുകൊണ്ടു തന്നെ ആബേലിന് സിനിമയിൽ അഭിനയിക്കേണ്ടി വന്നില്ല. അങ്കമാലി സ്വദേശിയായ ആബേൽ മേക്കപ്പ് ആർട്ടിസ്റ്റായി മാറുന്നതിന് മുൻപ് കടന്ന് വന്ന വഴികൾ കൗതുകമുള്ളവയാണ്. 10-ാം ക്ളാസിൽ പഠിക്കുമ്പോഴാണ് പാട്ട് പഠിക്കണമെന്ന അതിയായ ആഗ്രഹം ആബേലിനുണ്ടാകുന്നത്. ഏഴ് വർഷം ശാസ്ത്രീയ സംഗീതവും രണ്ട് വർഷം ഹിന്ദുസ്ഥാനിയും പഠിച്ചു. ചർച്ച് കൊയറുകളിൽ പാടിയാണ് തുടങ്ങിയത്. പിന്നീട് ബ്ലൂ ഡയമണ്ട്, സംഗീത് തുടങ്ങി നിരവധി ഗാനമേള ട്രൂപ്പുകളിൽ പാടാൻ പോകുമായിരുന്നു. അതിനോടൊപ്പം തന്നെ ഗ്രാഫിക്ക് ഡിസൈൻ പഠിച്ച ആബേൽ 1999 ഓടു കൂടെ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യാൻ തുടങ്ങി.കോസ്റ്റ്യൂമുകൾ ഏറെ ഇഷ്ടമായതിനാൽ തന്നെ ഒഴിവുസമയങ്ങൾ കോസ്റ്റ്യൂം ഡിസൈനിങ്ങിനായി തിരഞ്ഞെടുക്കുകയായിരുന്നു. ചെയ്ത ഡിസൈനുകളെല്ലാം കൂട്ടുകാർക്കിഷ്ടമായപ്പോൾ ആ തൊഴിലും കൂടെ കൂട്ടി.2010 ലാണ് ആബേൽ ഒരു സ്റ്റുഡിയോ ഇടുന്നത്. അമ്മ 'മോണിക്ക' യുടെ പേരിലാണ് സ്റ്റുഡിയോ തുടങ്ങിയത്. ഫോട്ടോ എടുക്കാൻ വരുന്നവർക്ക് മേക്കപ്പ് ടെച്ചപ്പ് ചെയ്തു കൊടുത്താണ് മേക്കപ്പ് ആർട്ടിസ്റ്റായി തുടക്കം കുറിക്കുന്നത്. പിന്നീട് മേക്കപ്പിൽ മാത്രം ഒതുങ്ങി നിന്നില്ല. പണ്ട് ചെയ്തു ശീലിച്ച കോസ്റ്റ്യൂം ഡിസൈനിങ്ങും കൂടെ പൊടിതട്ടിയെടുത്തു. പതിയെ സ്റ്റുഡിയോ ഉപേക്ഷിക്കുകയും കമ്പ്ളിറ്റ് ഫാഷൻ ഡിസൈനറായി മാറുകയും ചെയ്തു. അഞ്ച് വർഷമായി ഫ്രീലാൻസായാണ് ആബേൽ ജോലി ചെയ്യുന്നത്. അധികവും വിവാഹ പാക്കേജുകളാണ്. കോസ്റ്റ്യൂമും മേക്കപ്പും ഫോട്ടോ ഗ്രാഫിയുമെല്ലാം ഈ പാക്കേജിൽ പെടുന്നു. യൂട്യൂബിൽ നിന്നാണ് ആബേൽ ഇവയൊക്കെ പഠിച്ചെടുത്തത്.ഈ മേഖലകളിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതോടെയാണ് ആബേലിന് സിനിമാലോകത്തുള്ളവരുമായി സൗഹൃദമുണ്ടാവുന്നത്. ചില സിനിമകളുടെ പിന്നണിയിൽ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രോഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പനയാണ് മായാനദിയിലേക്കുള്ള വഴി ആബേലിന് മുന്നിൽ തുറന്നത്. "സിനിമ എന്നും എനിക്ക് സ്വപ്നമാണ്. ഒരു സിനിമയിൽ പ്രവർത്തിക്കുക എന്നത് ഭാഗ്യമാണ്. അതിൽ കഥാപാത്രം ആകുവാൻ അവസരം ലഭിക്കുക എന്നത് അതിനേക്കാളേറെ അമൂല്യമാണെന്ന് ഞാൻ കരുതുന്നു, അതും പ്രശസ്തരുടേയും പ്രഗത്ഭരുടേയും കൂടെ. അത്തരത്തിൽ "മായാനദി" എന്ന സിനിമയിൽ ഞാൻ ഞാനായി തന്നെ പുനരാവിഷ്കരിക്കപ്പെട്ടതിനാൽ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്"- ആബേൽ പറയുന്നു. എന്നാൽ സംഗീതം മുഴുവനായങ്ങ് വിട്ടുകളഞ്ഞൊന്നുമില്ല ആബേൽ. മിന്മിനി, മാർക്കോസ്, സുജാത എന്നിവർക്ക് വേണ്ടി ട്രാക്ക് പാടുകയും. സ്വന്തമായി ആൽബമിറക്കുകയും ചെയ്തിട്ടുണ്ട്.

Read More >>