തളർന്നില്ല, തോറ്റു കൊടുത്തില്ല; ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ സബ് ഇൻസ്പെക്ടർ പ്രിതിക യാഷിനി

പൊലീസ് വകുപ്പ് തോൽപ്പിക്കാൻ പല തവണ ശ്രമിച്ചപ്പോഴും നിരാശപ്പെടാതെ നിയമത്തിന്റെ സഹായം തേടി താൻ ആഗ്രഹിച്ച പദവി നേടിയെടുക്കുകയായിരുന്നു പ്രിതിക യാഷിനി

തളർന്നില്ല, തോറ്റു കൊടുത്തില്ല; ഇന്ത്യയിലെ ആദ്യത്തെ  ട്രാൻസ്‌ജെൻഡർ സബ് ഇൻസ്പെക്ടർ പ്രിതിക യാഷിനി

സേലം കന്തംപട്ടി സ്വദേശിയായ പ്രദീപ് കുമാറിന് ഇരുപത് വയസ്സായപ്പോഴാണ് തന്റെയുള്ളില്‍ ഒരു പെണ്ണാണുള്ളതെന്ന് തിരിച്ചറിഞ്ഞത്. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് തന്റെ പെണ്‍ രൂപം സ്വന്തമാക്കി പ്രിതിക യാഷിനി എന്ന പേരും സ്വീകരിച്ചു. ഇതിനെപ്പറ്റി മാതാപിതാക്കളോടു പറഞ്ഞപ്പോള്‍ സ്വാഭാവികമായും അസ്വസ്ഥതകൾ ഉണ്ടായി. അവരുടെ വിഷമം മനസ്സിലാക്കിയ പ്രതിക വീട് വിട്ടിറങ്ങി.


തന്നെ ഒരു എലിയെപ്പോലെ പരീക്ഷണവസ്തു ആക്കി പരിശോധിക്കുകയായിരുന്നു ഡോക്ടര്‍മാര്‍ എന്ന് പ്രതിക വേദനയോടെ ഓര്‍ക്കുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ ആയിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ കാലം എന്നും അവള്‍ പറയുന്നു. മറ്റു സംസ്ഥാനങ്ങളേക്കാള്‍ തമിഴ്‌നാട്ടില്‍ ട്രാൻസ്‌ജെൻഡർമാര്‍ക്ക് കഷ്ടപ്പാട് കൂടുതലാണെന്ന് പ്രതിക അഭിപ്രായപ്പെടുന്നു.

2015 ലാണ് പ്രതിക തമിഴ്‌നാട് പൊലീസില്‍ ചേരാനായി അപേക്ഷ അയയ്ക്കുന്നത്. എന്നാല്‍ അപേക്ഷ നിരസിക്കപ്പെട്ടു. അവിടെ തുടങ്ങുകയാണ് പ്രതികയുടെ ശരിക്കുള്ള പോരാട്ടം. നീതി തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച പ്രിതികയ്ക്ക് നിരാശപ്പെടേണ്ടി വന്നില്ല.

എഴുത്തു പരീക്ഷയില്‍ പ്രിതികയെ പങ്കെടുപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. അതില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ അടുത്ത പരീക്ഷണമായ ഓട്ടപ്പന്തയത്തില്‍ ഒരു സെക്കന്റ് വൈകിയെന്ന പേരില്‍ അവള്‍ പുറത്താക്കപ്പെട്ടു. വീണ്ടും കോടതിയിലേയ്ക്ക്. പ്രിതികയെ അഭിമുഖത്തില്‍ പങ്കെടുപ്പിക്കണമെന്ന് കോടതി വിധിച്ചു.

അടുത്തത്, അവസാനത്തെ പരീക്ഷയായ 100 മീറ്റര്‍ ഓട്ടത്തില്‍ 17.5 സെക്കന്റില്‍ താണ്ടേണ്ടത് 18.5 സെക്കന്റ് എടുത്തെന്ന് പറഞ്ഞ് വീണ്ടും തോല്‍പ്പിക്കപ്പെട്ടു പ്രിതിക. അതിന്റെ വീഡിയോ തെളിവായി സ്വീകരിച്ച് പരിശോധിക്കണമെന്ന് അവള്‍ കോടതിയോട് അപേക്ഷിച്ചു. അതില്‍ കുടുങ്ങിയ തമിഴ്‌നാട് പൊലീസ് വകുപ്പിന് അവളെ വീണ്ടും 100 മീറ്റര്‍ ഓട്ടപ്പരീക്ഷയില്‍ പങ്കെടുപ്പിക്കേണ്ടി വന്നു. പ്രിതിക അതില്‍ വിജയിക്കുകയും ചെയ്തു.


നിയമപ്രകാരം പ്രിതികയെ സബ് ഇന്‍സ്‌പെക്ടര്‍ ആയി തിരഞ്ഞെടുക്കാതെ വഴിയില്ലായിരുന്നു പൊലീസ് വകുപ്പിന്. പ്രിതിക പൊലീസില്‍ ജോലി തുടങ്ങുമ്പോള്‍ അത് മറ്റു ട്രാൻസ്‌ജെൻഡർമാര്‍ക്കും മാതൃകയാകണമെന്നും ഭാവിയില്‍ ട്രാൻസ്‌ജെൻഡർമാരേയും തിരഞ്ഞെടുക്കുന്ന വിധത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ മാറണമെന്നും കോടതി വിധിച്ചു.

തുടര്‍ന്ന് പരിശീലനത്തില്‍ പ്രവേശിച്ച പ്രതിക യാഷിനി ഇപ്പോള്‍ ധര്‍മപുരിയില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയി പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

Read More >>