അങ്കമാലി ഡയറീസ് താരങ്ങള്‍ക്കു നേരെ നടുറോഡില്‍ പൊലീസ് ഗുണ്ടായിസം: മൂവാറ്റുപുഴ ഡിവൈഎസ്പിയ്‌ക്കെതിരെ അപ്പാനിരവിയും യുക്ലാമ്പും

അങ്കമാലി ഡയറീസിലെ അഭിനേതാക്കള്‍ ക്യാംപസ് സന്ദര്‍ശനത്തിനു പോയ വാഹനം തടഞ്ഞ് മൂവാറ്റുപൂഴ ഡിവൈഎസ്പി കെ. ബിജുമോനാണ് സദാചാര ഗുണ്ടായിസം നടത്തിയത്. ബിജുമോനെതിരെ തുറന്നടിച്ച് സിനിമയിലെ സഖിയും അപ്പാനി രവിയും യുക്ലാമ്പ് രാജനും

അങ്കമാലി ഡയറീസ് താരങ്ങള്‍ക്കു നേരെ നടുറോഡില്‍ പൊലീസ് ഗുണ്ടായിസം: മൂവാറ്റുപുഴ ഡിവൈഎസ്പിയ്‌ക്കെതിരെ അപ്പാനിരവിയും യുക്ലാമ്പും

അങ്കമാലി ഡയറീസ് നടീ-നടന്മാര്‍ക്കെതിരെ കേരളാ പൊലീസിന്റെ സദാചാര ആക്രമണം. താരങ്ങള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് പൊതുനിരത്തില്‍ അപമാനിച്ചതിന് നേതൃത്വം നല്‍കിയത് മൂവാറ്റുപുഴ ഡിവൈഎസ്പി കെ ബിജുമോന്‍. ഇന്നുച്ചയ്ക്ക് മൂവാറ്റുപുഴയില്‍ വെച്ചായിരുന്നു സംഭവം. ഏറ്റുമാനൂര്‍ മംഗളം കോളേജില്‍ സിനിമയുടെ പ്രൊമോഷന്‍ കഴിഞ്ഞു മടങ്ങുന്ന സംഘത്തിനെയാണ് പൊലീസ് അപമാനിച്ചത്.

സംഭവത്തെക്കുറിച്ച് അങ്കമാലി നടന്‍ ശരത് (അപ്പാനി രവി) പറയുന്നതിങ്ങനെ:

ഞങ്ങള് പടത്തിലെ കുറച്ചു ആര്‍ട്ടിസ്റ്റുകള്‍ പടത്തിന്റെ പ്രൊമോഷന് വേണ്ടി ഏറ്റുമാനൂരുള്ള ഒരു കോളേജില്‍ പോയിട്ടു വരുന്ന വഴിയായികരുന്നു. യു ക്ലാമ്പ് രാജന്‍ (ടിേേറ്റാ), സഖി പിന്നെ ഫ്രൈഡെ മൂവിസീന്റെ ജീവനക്കാരും ഉണ്ടായിരുന്നു. മൂവാറ്റുപുഴയില്‍ എത്തിയ സമയത്ത് സിനിമ സ്റ്റൈലില്‍ ഡിവൈഎസ്പി ബിജുമോന്‍ വണ്ടി കൊണ്ടുവന്നു ഞങ്ങളുടെ വാഹനം ബ്ലോക്ക് ചെയ്തു. ഞങ്ങള്‍ വിചാരിച്ചു വണ്ടിയില്‍ സിനിമയുടെ ചിത്രങ്ങല്‍ ഒട്ടിച്ചതിന്റെ പെര്‍മിഷന്‍ സര്‍ട്ടിഫിക്കറ്റ് കാണാനാണ് വന്നതെന്ന്. എന്നാല്‍ അയാള്‍ വന്നു മോശമായി പെരുമാറുകയാണുണ്ടായത്.

എവിടെ പോവാടാ പെണ്ണിനെം കൊണ്ടെന്നാണ് അയാള്‍ ആദ്യം ചോദിച്ചത്. ഞങ്ങള്‍ ചെയ്ത തെറ്റെന്താണ് ഞാന്‍ ചോദിച്ചു. നീ മിണ്ടാതിരിയടാ... കണ്ടാലിത്ര ചെറുതാണല്ലോ, വീട്ടിലറിയിച്ച് നാണം കെടുത്തണൊയെന്ന് അയാള്‍ ചോദിച്ചു. ഞങ്ങള്‍ സിനിമയിലെ ആര്‍ട്ടിസ്റ്റാണ്, പൊതുവഴിയില്‍ ഉപദ്രവിക്കരുതെന്ന് പറഞ്ഞു. ഞങ്ങളെ പിടിക്കുന്ന സ്ഥലം മൂവാറ്റുപുഴയിലെ ഒരു തിയേറ്ററിന്റെ മുന്‍വശത്തു നിന്നാണ്. അവിടെ സിനിമയുടെ ഫ്‌ളക്‌സുകള്‍ വച്ചിട്ടുണ്ട്. എന്റെ സിംഗിള്‍ ഫ്‌ളക്‌സ് വരെയുണ്ടവിടെ. സിനിമ കഴിഞ്ഞിരങ്ങുന്ന പല പ്രേക്ഷകരും എന്റെ അടുത്തുവന്നു സെല്‍ഫി എടുക്കുന്നുണ്ട്.


വണ്ടിയില്‍ സ്റ്റിക്കര്‍ ഒട്ടിച്ചെങ്കില്‍ അതിന് നടപടിയെടുക്കാം. ഞങ്ങളോടു മര്യാദയോടെ പെരുമാറിക്കൂടെ എന്നു ചോദിച്ചു. നമ്മളിതു കുറെ കണ്ടിട്ടുള്ളതാണെന്നായിരുന്നു അയാളുടെ മറുപടി. വേഗം ജില്ല വിട്ടുപൊക്കൊ, എന്നാണ് അയാള്‍ ആക്രോശിച്ചത്. ഒരു സ്ത്രീയോടൊപ്പം കേരളത്തില്‍ യാത്ര ചെയ്യണമെങ്കില്‍ പോലീസിനെ പേടിക്കേണ്ട അവസ്ഥയാണ്. സ്വന്തം പെങ്ങളെയൊ അമ്മയൊ കൊണ്ട് യാത്ര ചെയ്യണമെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ പോയി റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുമെന്നാണ് എനിക്കിപ്പോ തോന്നുന്നത്.

ബിന്നി ബഞ്ചമിൻ (സഖി) പറയുന്നു:

സ്റ്റിക്കറൊട്ടിച്ചതിന് പൊലീസ് ഇതിനു മുമ്പും പൊലീസ് വണ്ടി ചെക്ക് ചെയ്തിട്ടുണ്ട്. പെര്‍മിഷന്‍ പേപ്പര്‍ കാണിക്കുമ്പോള്‍ അവര് മാന്യമായി പോകാറെയുള്ളു. ഇത്തവണയും അങ്ങനെയാകുമെന്നാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍ ഇയാള്‍ വളരെ വൃത്തികെട്ട രീതിയിലാണ് പെരുമാറിയത്. ഇവളുമായിട്ട് എങ്ങോട്ടാണ് കറക്കം, എന്താണ് പരിപാടി എന്നു വഷളത്തം കലര്‍ന്ന ഭാഷയിലാണ് അയാള്‍ സംസാരിച്ചത്. നടിയുടെ സംഭവം കഴിഞ്ഞതില്‍ പിന്നെ ഞങ്ങളിങ്ങനെയാണെന്നൊക്കെ അയാള്‍ പറഞ്ഞു. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വണ്ടി ചെക്ക് ചെയ്യാന്‍ പറഞ്ഞു. എന്നാല്‍ അയാള്‍ക്കതൊന്നും വേണ്ടായിരുന്നു. ആള്‍ക്കൂട്ടത്തില്‍ വെച്ച് അപമാനിക്കുകയാണ് ലക്ഷ്യമെന്ന് തോന്നുന്നു. ആ കൂട്ടത്തില്‍ ഞാന്‍ മാത്രമാണ് പെണ്ണ്. എന്നെയാണ് അയാള്‍ കൂടുതാലായി നാക്കുകൊണ്ട് ആക്രമിച്ചത്.

ടിറ്റോ (യു ക്ലാമ്പ് രാജന്‍):

അയാള് ഞങ്ങളോടു വണ്ടിയില്‍ നിന്നറിങ്ങി മാറി നില്‍ക്കാന്‍ പറഞ്ഞു. ഞങ്ങളെയെല്ലാം ചേര്‍ത്തു നിര്‍ത്തി ഫോട്ടോ എടുത്തു. എന്റെ പേര് ചോദിച്ചു. പേരു പറഞ്ഞപ്പോ പള്‍സര്‍ ടിറ്റൊയെന്നാക്കാണൊയെന്ന് ചോദിച്ചു. ഇക്കാര്യം നിന്റെ വീട്ടുകാരറിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് അറിയാമൊ എന്ന് ചോദിച്ചു. വീട്ടുകാരറിഞ്ഞാല്‍ സീനാകാന്‍ ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടല്ലല്ലൊ എന്നു ഞാന്‍ പറഞ്ഞു. ഞങ്ങള്‍ മാന്യമായാണ് സംസാരിച്ചത്. ആള്‍ക്കാര് കൂടിയതോടൊണ് ഞങ്ങള്‍ രക്ഷപെട്ടത്. അയാള് വിചാരിച്ച കാര്യം നടന്നിട്ടുണ്ട്. പൊതു നിരത്തില്‍ അപമനിക്കുകയാണ് അയാള്‍ ചെയ്തത്. നാട്ടുകാരുടെ മുന്നില്‍ ഷോ ഓഫാണ് ചെയ്തത്.


ഡിവൈഎസ്പി കെ ബിജു മോന്‍ പ്രതികരിക്കുന്നു

ഞാന്‍ മൂവാറ്റുപുഴ വഴി സഞ്ചരിക്കുമ്പോള്‍ സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ച ഒരു ഇന്നോവ കണ്ടു. വാഹനത്തിന്റെ ചില്ലില്‍ വരെ സ്റ്റിക്കറൊട്ടിച്ചിട്ടുണ്ട്. ഒന്നും പുറത്തുകാണാന്‍ പറ്റില്ല. ഞാന്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞു. അവര് നാലഞ്ചു ചെറുപ്പക്കാരും ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ട്രാന്‍സ്പരന്റായ ഒരു ചില്ലു പോലും ആ വാഹനത്തിലുണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ വാഹനത്തില്‍ കണ്ടതോടെ ഞാന്‍ ഒന്നും പറയാതെ പോരുകയായിരുന്നു. കൊച്ചിയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഞാന്‍ പ്രതികരിച്ചത്. ആരോടും മോശമായി പ്രതികരിച്ചിട്ടില്ല.

Read More >>