നിശ്ശബ്ദതയുടെ ലോകത്ത് ചിത്രമെഴുത്തിലൂടെ അത്ഭുതങ്ങൾ വിരിയിക്കുന്ന ആര്യയെന്ന പ്ലസ് ടു വിദ്യാർത്ഥിനി

വിധി കവർന്നെടുത്ത സംസാരശേഷിയേയും ശ്രവണ വൈകല്യതയെയും ചിത്ര രചനയിലൂടെ തോൽപ്പിച്ച് മുന്നേറുകയാണ് ആര്യ എന്ന പ്ലസ് ടു വിദ്യാർത്ഥിനി.തന്റെ വൈകല്യത്തെ മറികടന്ന് ചിത്രരചനയുടെ പടവുകള്‍ ഒന്നൊന്നായി താണ്ടി കയറുകയാണ് ഇവള്‍. സംസാരിക്കാനും കേൾക്കാനും കഴിയില്ലെങ്കിലും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ച് ശ്രദ്ധേയയാകുയാണ് ആര്യാ അനിൽ.

നിശ്ശബ്ദതയുടെ ലോകത്ത് ചിത്രമെഴുത്തിലൂടെ അത്ഭുതങ്ങൾ വിരിയിക്കുന്ന ആര്യയെന്ന പ്ലസ് ടു വിദ്യാർത്ഥിനി

നിശ്ശബ്ദതയ്ക്ക് വല്ലാത്തൊരു സൗന്ദര്യവും ആകര്‍ഷണത്വവുമുണ്ട്. ശബ്ദമുഖരിതമായ ഇന്നത്തെ കാലത്ത് ശബ്ദങ്ങളില്ലാത്ത ലോകത്ത് അല്പനേരം ജീവിക്കാന്‍ നമ്മള്‍ ഇത്തിരിയങ്കിലും കൊതിച്ചുപോയിട്ടുണ്ടെങ്കിൽ അത് സ്വാഭാവികം. എന്നാല്‍ ജീവിതം മുഴുവന്‍ നിശ്ശബ്ദമായിപ്പോയാലോ? കൂടെ സംസാരശേഷിയും നഷ്ട്ടപ്പെട്ടാലോ? ചിന്തിക്കാൻ കൂടി കഴിയുന്നില്ല അല്ലേ? ഈ കുറവുകൾ നമുക്ക് വന്നാലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ? നമ്മൾ തകർന്നു പോകും. എന്നാൽ വിധി കവർന്നെടുത്ത സംസാരശേഷിയേയും ശ്രവണ വൈകല്യതയെയും ചിത്ര രചനയിലൂടെ തോൽപ്പിച്ച് മുന്നേറുകയാണ് ആര്യ എന്ന പ്ലസ് ടു വിദ്യാർത്ഥിനി. തന്റെ വൈകല്യത്തെ മറികടന്ന് ചിത്രരചനയുടെ പടവുകള്‍ ഒന്നൊന്നായി താണ്ടി കയറുകയാണ് ഇവള്‍. സംസാരിക്കാനും കേൾക്കാനും കഴിയില്ലെങ്കിലും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ച് ശ്രദ്ധേയയാകുയാണ് ആര്യാ അനിൽ.

നിറമില്ല , വണ്ണം കൂടി പോയി, അല്ലെങ്കില്‍ കുറഞ്ഞു പോയി എന്നൊക്കെപ്പറഞ്ഞ് കുറവുകള്‍ എടുത്തുകാട്ടി പരാതിപ്പെടുന്നവരാണ് നമ്മങ്ങളില്‍ ഭൂരിഭാഗവും. ഒരു മുഖക്കുരു വന്നാല്‍ പോലും ദൈവമേ എനിക്കിതു വന്നല്ലോ എന്ന് പറയുന്ന കുട്ടികളാണിന്നേറെയും. അവിടെയാണ് ആര്യയുടെ മനോബലവും നിശ്ചയദാർഡ്യവും.

തേവലക്കര ഗോവിന്ദപുരിയിൽ അനിൽ കുമാറിന്റെയും രാജിയുടേയും മകളാണ് ആര്യ. ജനിച്ച് എട്ടുമാസം കഴിയുമ്പോഴാണ് മകൾക്ക് സംസാരശേഷിയും കേൾവിശേഷിയും ഇല്ല എന്ന നടുക്കുന്ന സത്യം മാതാപിതാക്കൾ അറിയുന്നത്. ആർമി ഉദ്യോഗസ്ഥനായിരുന്നു അനിൽ. അതിനാൽ ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റെഫർ സെന്ററിലായിരുന്നു മകളുടെ ചികിത്സ. ഇവിടെ വച്ച് കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറി നടത്തി. പിന്നീട് ആര്യയ്ക്ക് സ്പീച്ച് തെറാപ്പി ചെയ്തു. ഹിന്ദിയിൽ ആയതിനാൽ അമ്മ രാജി മലയാളത്തിലാക്കി മകൾക്ക് പറഞ്ഞ് കൊടുത്ത് പരിശീലിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ രാജി വീണ്ടും ഗർഭിണിയായി. ഒരു ആൺകുഞ്ഞിന് ജൻമം നൽകി. ഏഴാം ദിവസം ബയറാ ടെസ്റ്റ് നടത്തിയപ്പോൾ ആ കുഞ്ഞിനും ശ്രവണ ശേഷി ഇല്ല എന്ന് മനസ്സിലായി. ഇതോടെ ഏറെ മാനസികമായി തളർന്ന അനിലിനേയും രാജിയേയും ആർമി ഹോസ്പ്പിറ്റലിലെ ഡോക്ടർമാർ സമാധാനിപ്പിക്കുകയും ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രം ചെയ്തു കൊടുത്തിരുന്ന കോക്ലിയാർ ഇംപ്ലാന്റേഷൻ രണ്ടാമത്തെ കുട്ടിക്കും ചെയ്ത് കൊടുക്കാമെന്ന് പറയുകയുമായിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ അന്ന് സർജറി നടന്നില്ല.

ഇതിനിടയിൽ അനിലിന് ട്രാൻസ്ഫറായി തിരുവനന്തപുരത്തേക്ക് എത്തി. അങ്ങനെ രണ്ടാമത്തെ കുട്ടി ഗോവിന്ദനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (നിഷ്) ചേർത്തു. അവിടെ ഇയർഫോണിന്റെ സഹായത്തോടെ കേൾക്കുകയും സംസാരിക്കാനം പരിശീലിച്ചു ഗോവിന്ദ്. അപ്പോഴേക്കും ഡൽഹിയിൽ നിന്നും സർജറിക്ക് തയ്യാറായിക്കൊള്ളാൻ ആശുപത്രി അധികൃതരുടെ നിർദ്ദേശം ലഭിച്ചു. അങ്ങനെ രണ്ടാമത്തെ കുട്ടിയുടേയും കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറി വിജയകരമായി നടത്തി. പിന്നീട് നിഷിൽ എത്തിച്ച് സ്പീച്ച് തെറാപ്പിയും നൽകിയതിനെ തുടർന്ന് ഗോവിന്ദ് സാധാരണ നിലയിൽ സംസാരിക്കാൻ തുടങ്ങി. ഇളയ മകന്റെ ചികിത്സക്കിടയൽ മകളെ ശ്രദ്ധിക്കാൻ കഴിയാതിരുന്നതിനാൽ സംസാരശേഷി വീണ്ടെടുക്കാൻ ആര്യക്ക് കഴിഞ്ഞില്ല. ചുറ്റുമുള്ള ശബ്ദം കേൾക്കുവാനല്ലാതെ മറ്റുള്ളവരോട് സംസാരിക്കുവാനും കഴിയില്ല. എന്നാൽ മകളുടെ ഭാഷ അമ്മ രാജിക്ക് നല്ല വശമാണ്. അതിനാൽ എവിടെയാണെങ്കിലും മകളുടെ ശബ്ദമാവുകയാണ് അമ്മ.


ആര്യ വരച്ച ചിത്രം

എൽ പി സ്കൂളിൽ പഠിക്കുമ്പോഴാണ് മകളുടെ കഴിവ് വീട്ടുകാർ തിരിച്ചറിഞ്ഞത്. പിന്നീട് മികച്ച രീതിയിൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയതോടെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. നിറങ്ങൾ ചാലിച്ച് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയതോടെ ആര്യ എന്ന കലാകാരിയ്ക്ക് മുന്നിൽ വിധി തോറ്റു കൊടുക്കുകയായിരുന്നു.

വൈകല്യങ്ങൾക്കിടയിലും ഇതിനോടകം നൂറോളം ചിത്രങ്ങൾ ആര്യ വരച്ച് തീർത്തു. സംസാരിക്കാനും, കേൾക്കാനും കഴിയാത്ത കുട്ടിയാണ് തങ്ങൾക്ക് പിറന്നതെന്ന വിഷമത്തിൽ വിധിയെ പഴിക്കാതിരുന്നതാണ് മകളിലെ കഴിവുകളെ കണ്ടെത്താൻ സഹായകമായതെന്ന് ആര്യയുടെ നാവായ അമ്മ രാജി പറയുന്നു. ജലഛായം, പെൻസിൽ ഡ്രോയിംഗ്, കാർട്ടൂൺ എന്നിവയിൽ കഴിഞ്ഞ അഞ്ചു വർഷക്കാലമായി സംസ്ഥാന സ്‌പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ആര്യയെ 'എ'ഗ്രേഡുകാരിയാക്കിയതും വീട്ടുകാർ ഒപ്പമുള്ളതു കൊണ്ടായിരുന്നു. ഒഴിവുള്ള നേരങ്ങളിൽ വെറുതെ ഇരിക്കാതെ നിറങ്ങളും, ബ്രഷുകളുമായി ചെലവഴിക്കുന്ന ആര്യയുടെ ചിത്രങ്ങൾ ഒരു പ്രദർശനത്തിലും കാട്ടാവുന്നതിലും അധികമുണ്ട്. പന്മന മനയിൽ ശ്രീ ബാല ഭട്ടാരികം സംസ്കൃത ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിന് പഠിക്കുന്ന ആര്യ പത്ത് വ്യത്യസ്ഥ രീതികളിൽ തയ്യാറാക്കിയ ക്രിസ്മസ് കാർഡ് തിരുവിതാംകൂർ രാജകുടുംബാഗം അശ്വതി തിരുനാൾ ലക്ഷ്മി ഭായി തമ്പുരാട്ടിയാണ് പ്രകാശനം ചെയ്തത്. ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങൾ തേടിയെത്തിയെങ്കിലും നിറപുഞ്ചിരിയോടെ ഇന്നും വരയുടെ ലോകത്താണ് ഈ മിടുക്കി. അര്യ പഠിക്കുന്ന സ്കൂളിൽ ഒരുക്കിയ ഏകദിന പ്രദർശനത്തിൽ നിരവധി പേരാണ് ആര്യയുടെ ചിത്രങ്ങൾ കാണാൻ എത്തിയത്.

Image Title

സാധാരണ കുട്ടികളെ പോലെ വളരാൻ നാട്ടിലെ സർക്കാർ സ്കൂളിലാണ് ആര്യയെ പഠിപ്പിച്ചത്. ആർമിയിൽ നിന്നും വിരമിച്ച അനിൽകുമാർ ഇപ്പോൾ ചവറയിലെ കെ.എം.എം.എല്ലിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനാണ്.

കോക്ലിയാര്‍ ഇംപ്ലാന്റ് ഇന്ന് വളരെയധികം ചെലവ് വരുന്നൊരു ചികിത്സാ രീതിയാണ്. പല കമ്പനികളുടെയും കോക്ലിയാര്‍ ഇംപ്ലാന്റുകള്‍ ഇന്ന് ഇന്ത്യയില്‍ ലഭ്യമാണ്. ശരീരത്തില്‍ ധരിക്കാവുന്ന മോഡലുകള്‍ക്കാണ് വിലക്കുറവുള്ളത്. ചെവിക്ക് പിന്നില്‍ ഘടിപ്പിക്കാവുന്നതിന് വിലയേറും. 5.5 ലക്ഷം മുതല്‍ 12 ലക്ഷം വരെയാണ് കോക്ലിയാര്‍ ഇംപ്ലാന്റിന്റെ വില. ശസ്ത്രക്രിയയുടെ ചെലവടക്കം ചുരുങ്ങിയത് ആറു ലക്ഷത്തോളം രൂപയെങ്കിലും ഈ ചികിത്സയ്ക്ക് ചെലവുവരും. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാനാവാത്ത തുക തന്നെയാണ്. ഉമ്മൻ ചാണ്ടി സർക്കാർ കാലത്ത് ഇതിന് സബ്സിഡി നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് വരെ ലഭിച്ചിട്ടില്ല.

ഗോവിന്ദും ആര്യയും ഉപയോഗിക്കുന്ന കോക്ലിയാർ ഉപകരണം മാറ്റാൻ കമ്പനി പറഞ്ഞിരിക്കുകയാണ്. ഒരു ഉപകരണത്തിനു തന്നെ 4 ലക്ഷം രൂപയാണ് വില. സർക്കാർ ഇതിന്റെ തുക പകുതിയെങ്കിലും ആക്കിയിരുന്നെങ്കിൽ എന്ന പ്രതീക്ഷയിലാണ് ഈ കുടുംബവും ഇതേ രോഗം ബാധിച്ച മറ്റുള്ളവരും.

Read More >>