എം.അച്യുതന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി

ഓടക്കുഴല്‍ സമ്മാനം നല്‍കുന്ന ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്നു മരണപ്പെട്ട പ്രശസ്ത സാഹിത്യ നിരൂപകനുമായ എം.അച്യുതന്‍

എം.അച്യുതന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി

മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ മരുമകനും പ്രശസ്ത സാഹിത്യ നിരൂപകനുമായ എം.അച്യുതന്റെ മരണത്തില്‍ പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. മലയാള നിരൂപണ സാഹിത്യ ശാഖയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ എഴുത്തുകാരനായിരുന്നു പ്രഗൽഭനായ മലയാളം അധ്യാപകൻ കൂടിയായ പ്രൊഫ. അച്യുതൻ എന്നും അദ്ദേഹത്തിന്റെ വേർപാട് മലയാള സാഹിത്യത്തിന് വലിയ നഷ്ടമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

മുക്കുറ്റിപ്പറന്പില്‍ പാറുക്കുട്ടിയമ്മയുടേയും നാരായണമേനോന്റേയും മകനായി 1930 ജൂണ്‍ 15-ന് തൃശൂര്‍ ജില്ലയിലെ വടമയിലില്‍ ജനിച്ച അച്യുതന്‍ മദ്രാസ് യൂണിവേഴ്സിറ്റില്‍ നിന്ന് മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്ക് നേടി അധ്യാപകനായി മഹാരാജാസ് കോളേജില്‍ തുടക്കം കുറിച്ചു. അവിടെ നിന്നിങ്ങോട്ടു ഇദ്ദേഹം പിന്നീട് വിവിധ കോളേജുകളില്‍ ലക്ചറര്‍, പ്രൊഫസര്‍ എന്നീ നിലകളില്‍ ജോലി ചെയ്തു. എറണാകുളം മഹാരാജാസ് കോളേജ് മലയാള വിഭാഗം തലവനായി സര്‍വീസില്‍ നിന്നു വിരമിക്കുകയും ചെയ്തു.

ചെറുകഥ ഇന്നലെ ഇന്ന്' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം മലയാള ചെറുകഥാ സാഹിത്യത്തെക്കുറിച്ചുള്ള പ്രാമാണിക കൃതിയാണ്. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓടക്കുഴല്‍ സമ്മാനം നല്‍കുന്ന ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്നു. 1996 മുതല്‍ സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു.

മരിക്കുമ്പോള്‍ 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. രാധയാണ് ഭാര്യ. ഡോ.നന്ദിനി നായര്‍,​ നിര്‍മല പിള്ള,​ ബി.ഭദ്ര എന്നിവര്‍ മക്കളാണ്.