പെണ്‍കാന്‍വാസില്‍ വിരിയുന്ന കനലാഴങ്ങളുടെ വരയും വരിയും

എത്ര കുടുക്കിലിടാന്‍ ശ്രമിച്ചാലും പെണ്ണിന് ചിന്തിക്കാനുള്ള കഴിവുണ്ടെന്നു ഷബ്‌നയുടെ ചിത്രങ്ങള്‍ പറയുന്നു. അവളുടെ ചിന്തകളുടെ തള്ളിച്ചകളാല്‍ ചങ്ങലകള്‍ പൊട്ടിത്തെറിക്കുന്നു. സ്വപ്‌നം കാണാന്‍ മാത്രമല്ല, അവയില്‍ എത്തിപ്പെടാനും സ്ത്രീക്ക് കഴിയുമെന്നു ബോധ്യപ്പെടുത്തുന്ന ചിത്രങ്ങളില്‍ പലതിലും സ്വപ്‌നങ്ങളെ ചിത്രശലഭങ്ങളോടാണ് ഉപമിച്ചിരിക്കുന്നത്.

പെണ്‍കാന്‍വാസില്‍ വിരിയുന്ന കനലാഴങ്ങളുടെ വരയും വരിയും

പെണ്ണ് ഒരു പ്രപഞ്ചമാണ്. സ്വപ്‌നങ്ങളുടെ, വികാരങ്ങളുടെ, വിചാരങ്ങളുടെ, വേദനകളുടെ, മോഹങ്ങളുടെ, കാഴ്ചപ്പാടുകളുടെ, ആശയങ്ങളുടെ, ആര്‍ദ്ര പ്രണയത്തിന്റെ, അധ്വാനങ്ങളുടെ, അതിജീവനത്തിന്റെ... അങ്ങനെ ഒരുപാടൊരുപാട് വിഷയങ്ങളുടെ അതിരില്ലാത്ത പ്രപഞ്ചം. അത്തരം വിഷയങ്ങള്‍ ദ്യോതിപ്പിക്കുന്ന നിരവധി രചനകള്‍, ചിത്രങ്ങള്‍, പറച്ചിലുകള്‍ ഒക്കെ നിരന്തരം നമുക്കുമുന്നില്‍ അലയടിക്കാറുണ്ട്. എന്നാല്‍ കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ഇപ്പോള്‍ നടക്കുന്ന ചിത്രപ്രദര്‍ശനത്തിലേക്ക് ചെന്നാല്‍ ഇതു മാത്രമല്ല, കുട്ടികളും ട്രാന്‍സ് സമൂഹവും ഒക്കെ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ഇവിടെയൊരു പെണ്‍വിരലുകളാല്‍ കോറിയിടപ്പെട്ടിട്ടുണ്ട്.ആലുവ ചാലയ്ക്കല്‍ സ്വദേശിനിയും കവയിത്രിയും ബ്ലോഗറുമായ ഷബ്‌ന സുമയ്യയുടെ ചിത്രങ്ങള്‍ ഇങ്ങനെയൊരുപാട് യുദ്ധാതിജീവനങ്ങളുടെയും സ്വപ്‌നങ്ങളുടെയും സ്വാതന്ത്ര്യവാനത്തിലേക്കുള്ള പറക്കലുകളുടേയും സ്ത്രീയുടെ കാഴ്ചപ്പാടുകളുടേയും പ്രതിഫലനങ്ങളാണ്. അടിച്ചമര്‍ത്തപ്പെട്ട പെണ്ണിനും കുഞ്ഞിനും ഭിന്നലൈംഗിക വിഭാഗങ്ങള്‍ക്കുമൊപ്പം ചേര്‍ന്നു പോവുന്ന ഈ ചായങ്ങള്‍ ഓരോന്നും പറയുന്നത് പെരുമഴപ്പെയ്ത്തിലേറെ സന്ദേശങ്ങളാണ്. ആ അവസ്ഥയില്‍ നിന്നുള്ള മോചനമാണ് മിക്ക ചിത്രങ്ങളുടേയും പ്രമേയം. പെണ്ണിനെ നോക്കി നീ വെറും അടുക്കളയുപകരണമാണെന്ന് പറയുന്ന ആണധികാര ബോധങ്ങളോട് ഞാനങ്ങനെയല്ലെന്ന് തുറന്നടിക്കുന്ന നിറാവിഷ്‌കാരങ്ങള്‍. വര്‍ണങ്ങള്‍ സ്വപ്‌നങ്ങളുടെ പ്രതീകമാണ്. ആ വര്‍ണങ്ങള്‍ കൊണ്ട് പെണ്‍ സ്വപ്‌നങ്ങളുടെ താരാപഥം തീര്‍ക്കപ്പെടുമ്പോള്‍ അതുള്‍ക്കൊള്ളാന്‍ ചിലര്‍ക്ക് കഴിയില്ല. എങ്കിലും വരയ്ക്കാതിരിക്കാനും ആ നിനവുകളെ പറ്റി പറയാതിരിക്കാനും പെണ്‍കരങ്ങള്‍ക്കും ഹൃദയങ്ങള്‍ക്കുമാവില്ലെന്ന് ബോധ്യപ്പെടുത്തുകയും കുറ്റകരമായ ബോധ്യങ്ങളോടുള്ള പ്രതിഷേധം അറിയിക്കുകയുമാണ് 'ബികമിങ്' എന്നു പേരിട്ടിരിക്കുന്ന ഷബ്‌നയുടെ ഈ വരകള്‍.ചിത്രരചനയും ഒരു പ്രതിരോധമാണ്. ഒരുപാട് പരിധിവല്‍ക്കരണത്തിന്റെ, അകറ്റി നിര്‍ത്തപ്പെടലുകളുടെ, അടിച്ചമര്‍ത്തപ്പെടലുകളുടെ മൂര്‍ച്ചയേറിയ വാളുകളോടുള്ള സുശക്തമായൊരു പ്രതിരോധം. മക്കനയ്ക്കകത്തുള്ള പെണ്ണ് പാരതന്ത്ര്യത്തിന്റെ, അവകാശ ലംഘനത്തിന്റെ പ്രതീകമാണെന്ന് വരുത്തിത്തീര്‍ക്കുന്ന, അങ്ങനെ മാത്രം ആണെന്ന്ു നടിക്കുന്ന സവര്‍ണ പൊതുബോധത്തിനെതിരെയുള്ള ചൂണ്ടുവിരലായൊരു വരയുണ്ട് ഷബ്‌നയുടെ പ്രദര്‍ശനത്തില്‍. ഷീ ബേഡ് എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ അനേകം തൂവലുകളുള്ളൊരു മക്കനയിട്ട മുസ്ലിം പെണ്‍കുട്ടിയുടേതാണ്. മക്കനയുടെ ചുളിവുകളും മടക്കുകളും അവളനുഭവിക്കുന്ന വേദനയുടെ, അടച്ചുപൂട്ടിയിടലിന്റെ പ്രതീകമാണെന്ന് തെറ്റായി വിശ്വസിക്കുന്ന ഒരു വലിയ കൂട്ടത്തോട് അവള്‍ പറയുകയാണ്- നിങ്ങളാരും എന്റെ മക്കനയിലെ തൂവലുകളെ കാണുന്നില്ലേ... മക്കനയ്ക്കുള്ളിലിരുന്നും ഞാന്‍ പറക്കുന്നത് കാണുന്നില്ലേ. എന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം ഞാന്‍ യാത്ര ചെയ്യുന്നത് കാണുന്നില്ലേ. മക്കനയിടുന്ന എന്നില്‍ നിങ്ങളാരോപിക്കുന്ന വിലക്കുകളൊന്നും എന്നെ ബാധിക്കാത്തത് കാണുന്നില്ലേ...? ഇങ്ങനെ സമൂഹത്തിന്റെ തെറ്റിദ്ധാരണകളെ പൊളിച്ചെഴുതുന്ന തുറന്നുപറച്ചിലുകള്‍ നടത്തിയിട്ടും വീണ്ടും ആവര്‍ത്തിക്കുന്ന ചോദ്യങ്ങളില്‍ അവള്‍ അസ്വസ്ഥയാണ്. അതിന്റെ വേദന ആ മുഖത്തു കാണാം.എത്ര കുടുക്കിലിടാന്‍ ശ്രമിച്ചാലും പെണ്ണിന് ചിന്തിക്കാനുള്ള കഴിവുണ്ടെന്നു ഷബ്‌നയുടെ ചിത്രങ്ങള്‍ പറയുന്നു. അവളുടെ ചിന്തകളുടെ തള്ളിച്ചകളാല്‍ ചങ്ങലകള്‍ പൊട്ടിത്തെറിക്കുന്നു. സ്വപ്‌നം കാണാന്‍ മാത്രമല്ല, അവയില്‍ എത്തിപ്പെടാനും സ്ത്രീക്ക് കഴിയുമെന്നു ബോധ്യപ്പെടുത്തുന്ന ചിത്രങ്ങളില്‍ പലതിലും സ്വപ്‌നങ്ങളെ ചിത്രശലഭങ്ങളോടാണ് ഉപമിച്ചിരിക്കുന്നത്. ചിത്രശലഭങ്ങള്‍ സ്വപ്‌നങ്ങളുടേയും സ്വാതന്ത്ര്യത്തിന്റേയും പ്രതീകമാണെന്ന് ഷബ്‌ന പറയുന്നു. വറചട്ടിയില്‍ നിന്നുയരുന്ന ചിത്രശലഭങ്ങള്‍, അവളില്‍ നിന്നു തന്നെ ഉയരുന്ന ശലഭങ്ങള്‍, കത്തിയില്‍ നിന്നൂര്‍ന്നു വീണു പറക്കുന്ന ചിത്രശലഭങ്ങള്‍...അങ്ങനെയങ്ങനെ ഏതവസ്ഥയിലും സ്വപ്‌നങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നവളാണ് പെണ്ണ് എന്ന് ഈ ചിത്രങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. ഇതിനൊപ്പം പ്രണയവും മോഹവും ആത്മീയാഴങ്ങളും ചായങ്ങളാല്‍ കാന്‍വാസില്‍ പുഞ്ചിരിക്കുമ്പോള്‍ ചിത്രങ്ങളെത്രയോ വലിയ മഹാകാവ്യങ്ങളേക്കാള്‍ അര്‍ത്ഥഗര്‍ഭമാണെന്ന് തോന്നിപ്പോകുന്നു.ബാല്യത്തിന്റെ കുസൃതികളും കളിചിരികളുമായി കുരുന്നുകളെ കാമക്കണ്ണുകള്‍ പിന്തുടരുന്ന സമകാലിക വേദനയുടെ പ്രതിബിംബങ്ങളും ഷബ്‌നയുടെ വരകളിലുണ്ട്. പൊട്ടിത്തകര്‍ത്ത കുഞ്ഞു 'വലിയ സ്വപ്‌നങ്ങള്‍', പുഞ്ചിരികള്‍ക്കും മഞ്ചാടിമണികള്‍ക്കും വളപ്പൊട്ടുകള്‍ക്കുമൊപ്പം നീങ്ങുന്ന കുരുന്നുകാലുകള്‍ ഇതേസമയം തന്നെ കാമക്കഴുകന്മാരുടെ നോട്ടങ്ങളേയും പിന്തുടരലുകളേയും അഭിമുഖീകരിക്കേണ്ടിവരുന്ന ഭയചകിതമായ അവസ്ഥ. അതെത്രത്തോളം വേദനാജനകമാണെന്ന് ബോധ്യപ്പെടുത്തുന്നൊരു ചിത്രവും ഷബ്‌നയുടേതായി ആര്‍ട്ട് ഗ്യാലറിയുടെ ചുമരിലിടം പിടിച്ചിട്ടുണ്ട്. ഇതിനിടയില്‍ മുഷിഞ്ഞ ഷര്‍ട്ടിട്ട, കൈകള്‍ കൂട്ടിക്കെട്ടപ്പെട്ടൊരു അസ്തികൂടത്തിന്റെ ചിത്രം കാണിയുടെ കണ്ണിലുടക്കും. എവിടെയോ കണ്ടുമറന്നൊരു ചിത്രമെന്ന് ആലോചിക്കും. ഒടുവില്‍ ഈ ചിത്രം എവിടെയും കണ്ടിട്ടില്ലെന്ന് ഉറപ്പാക്കുമെങ്കിലും ഇതിന്റെ മറ്റൊരു പതിപ്പാണ് എല്ലാവരും കണ്ടിട്ടുള്ളത്. അതെ, അട്ടപ്പാടിയില്‍ വിശപ്പിന്റെ പേരില്‍ ആള്‍ക്കൂട്ടം ആക്രമിച്ചുകൊന്ന ആദിവാസി യുവാവ് മധുവാണത്. വിശന്നു വലഞ്ഞ് അസ്തികൂടമായൊരു മനുഷ്യനെയാണ് പ്രബുദ്ധ മലയാളി തല്ലിക്കൊന്നത്. ഉപയോഗശൂന്യമായ മരത്തടികള്‍ കാന്‍വാസാക്കി മരങ്ങള്‍ വെട്ടി'ത്തിന്നാന്‍' മാത്രം ധൃതികാണിക്കുന്ന മനുഷ്യന്റെ പുതിയൊരു മരം വച്ചുപിടിപ്പിക്കാന്‍ മുതിരാത്ത ശീലത്തിനെതിരെയും ഷബ്‌ന പ്രതിഷേധിക്കുന്നു.മൂന്നു വര്‍ഷം മുമ്പാണ് ഷബ്‌ന ചിത്രരചന തുടങ്ങിയത്. ആരും പഠിപ്പിച്ചിട്ടില്ല. യൂ ടൂബാണ് ഷബ്‌നയുടെ അധ്യാപിക. ആദ്യമൊക്കെ ഫോട്ടോഷോപ്പിലായിരുന്നു ചിത്രം വരച്ചു തുടങ്ങിയതെങ്കിലും പിന്നീട് പതിയെ പതിയെ വാട്ടര്‍ കളറിലേക്കും അക്രലിക്കിലേക്കും ചുവടുമാറ്റുകയായിരുന്നു. ഇതിനിടെ നിരവധി ഡിജിറ്റല്‍ പെയിന്റിങ്ങുകളും ഷബ്‌നയുടെ വിരലുകളാല്‍ വിരിഞ്ഞിട്ടുണ്ട്. ചിത്രരചനയെ ഗൗരവമായി ശീലിച്ചുപോന്നിട്ട് രണ്ടു വര്‍ഷമേ ആയുള്ളൂ. ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മേല്‍പ്പറഞ്ഞ പ്രമേയങ്ങളിലുള്ള നിരവധി ചിത്രങ്ങള്‍ക്കാണ് ഷബ്‌നയുടെ കരങ്ങള്‍ ജന്മം നല്‍കിയിട്ടുള്ളത്. വരയ്ക്കുന്നതിനോട് പണ്ടു മുതലേ വലിയ ഇഷ്ടമായിരുന്നു. വരച്ചുതുടങ്ങിയപ്പോള്‍ വീട്ടുകാരും കൂട്ടുകാരുമെല്ലാം വലിയ പ്രോത്സാഹനം നല്‍കി. അങ്ങനെയാണ് വീണ്ടും വീണ്ടും വരയ്ക്കണമെന്ന തോന്നലുണ്ടായത്. തുടര്‍ന്ന് കല്ല്യാണം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവും വലിയ പിന്തുണയാണ് നല്‍കിയത്. ഭര്‍ത്താവാണ് ഇങ്ങനെയാരു പ്രദര്‍ശനം നടത്താന്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രേരിപ്പിച്ചതെന്നും ഷബ്‌ന നാരദാ ന്യൂസിനോടു പറഞ്ഞു.

ഷബ്നയും ഭർത്താവ് ഫൈസൽ ഹസൈനാറും


ഭര്‍ത്താവ് ഫൈസല്‍ ഹസൈനാറും ഒരു ആര്‍ട്ടിസ്റ്റാണ്. ഡൂഡില്‍സും ചുമര്‍ ചിത്രങ്ങളും പെയിന്റിങ്ങുകളുമൊക്കെയാണ് ഫൈസലിന്റെ മേഖലകള്‍. താന്‍ പിന്നോട്ടുവലിയുമ്പോഴൊക്കെ പ്രോത്സാഹനം നല്‍കി മുന്നോട്ടുചലിപ്പിക്കുന്നത് ഫൈസലാണെന്ന് ഷബ്‌ന ചൂണ്ടിക്കാട്ടുന്നു. തങ്ങളൊരുമിച്ചും ചിത്രങ്ങള്‍ വരയ്ക്കാറുണ്ടെന്ന് ഷബ്‌ന പറഞ്ഞു. കൊച്ചി മുസിരിസ് ബിനാലെയിലും ഫൈസലിന്റെ വര ഇടംപിടിച്ചിട്ടുണ്ട്. വീട്ടുകാരില്‍ നിന്നുമുള്ള പിന്തുണയും അതിലേറെ ഷബ്‌നയുടെ വഴികളില്‍ വെളിച്ചം വീശിയിട്ടുണ്ട്. നമ്മുടെ ഒരു സ്വപ്‌നത്തെ പറ്റി, അഭിനിവേശത്തെ പറ്റി അവരെ പറഞ്ഞുമനസ്സിലാക്കിയാല്‍ ഉറപ്പായും അവര്‍ നമുക്കൊപ്പം നില്‍ക്കുമെന്ന് ഷ്ബന സാക്ഷ്യപ്പെടുത്തുന്നു. ഇരുമ്പുകൂട്ടില്‍ കിടക്കുന്ന പെണ്ണിനെയാണ് ഷബ്‌ന ആദ്യമായി വരച്ചത്. പെണ്ണിന്റെ ഉള്ളിലെ തീ മൂലം ആ ഇരുമ്പുകൂട് ഉരുകിവീഴുന്നതാണ് പ്രമേയം. ഏത് ഇരുമ്പുകൂടും ഉരുക്കാന്‍ കഴിവുള്ളവളാണ് പെണ്ണെന്ന് ബോധ്യപ്പെടുത്തുകയാണ് ഈ വര.ചെറുതും വലുതുമായ 35 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. ചിത്രപ്രദര്‍ശനത്തോടൊപ്പം പെണ്‍ നോവുകളുടെയും സ്വപ്‌നങ്ങളുടേയും കാഴ്ചകളുടേയും പര്യായങ്ങളായ അക്ഷരാവിഷ്‌കാരവും ഇന്നലെ പ്രകാശനം ചെയ്യപ്പെട്ടിരുന്നു. ആണധികാര സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളെ, രൂക്ഷനോട്ടങ്ങളെ, വിഷം ചീറ്റലുകളെ പ്രതിരോധിക്കുന്ന കനല്‍ക്കുപ്പായമായി മാറുന്ന പെണ്ണക്ഷരങ്ങള്‍. കനല്‍ക്കുപ്പായം എന്ന പേരിലുള്ള ഷബ്‌നയുടെ കവിതാ സമാഹാരത്തിലെ ഓരോ വരികളും വരകളിലേതു പോലെ നിസ്സഹായതയുടെ പിടച്ചിലും പ്രണയത്തിന്റെ തണുപ്പും, എത്ര ചവിട്ടിത്തേച്ചാലും വീണ്ടും മുളച്ചുപൊന്തുന്ന പ്രതീക്ഷയുടെ പച്ചപ്പും, യുദ്ധം കൊന്നുതീര്‍ക്കുന്ന മനുഷ്യരെ കുറിച്ചുള്ള വേവലാതികളും മാതൃ ഹൃദയങ്ങളുടെ അടക്കിപ്പിടിച്ച നിലവിളിയുമുണ്ട്. ഷ്ബനയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍- നിസ്സംഗമായൊരു വര്‍ത്തമാനം പോലെ പറഞ്ഞു പോകുന്നതൊക്കെയും ഹൃദയഭിത്തികളില്‍ മുള്ളുകൊണ്ട് കോറിയ പോലെ ചോര പൊടിക്കുന്നു. പുസ്തകത്തിലെ ഒരു കവിത തുടങ്ങുന്നതിങ്ങനെയാണ്. 'നീ കറുപ്പെന്നു പറയുന്ന ഈ ശിരോവസ്ത്രത്തില്‍ എത്ര ശ്രമിച്ചാലും നിനക്ക് കാണാന്‍ കഴിയാത്തത്ര വര്‍ണങ്ങളുണ്ട്, ആരുമറിയാതെ അവ ചിറകുകളായി മാറാറുണ്ട്'- വരകളില്‍ തീര്‍ത്ത അതേ തുറന്നുപറച്ചില്‍ അക്ഷരങ്ങളിലൂടെയും നടത്തുകയാണ് ഷബ്ന .


പെണ്ണക്ഷരങ്ങളിലെ ശൗര്യമെപ്പോഴും വായനക്കാരന് കൗതുകമാണെന്ന് ഷബ്‌ന പറയുന്നു. പെണ്ണിന്റെ ജീവിതത്തിലെ കരളുപ്പുള്ള ശൂരത്വം, ആണിന്റെ കണ്ണുകള്‍ക്ക് ഹുങ്കിന്റെ ലക്ഷണമാണെന്നും ഒരുമ്പെട്ടവളെന്ന് വിശേഷിപ്പിക്കുന്ന ഈ വിചിത്രമാണ് ഈ ലോകമെന്നും അക്ഷരങ്ങളിലൂടെ ഷബ്‌ന തുറന്നെഴുതുന്നു. കവിത പോലൊഴുകാനറിയാം, കഴിവില്ലാത്തവളെന്നു പറഞ്ഞു മാറ്റി നിര്‍ത്തിയ പെണ്ണിനും എന്ന് ഓരോ വരികളും വരകളും ഓര്‍മപ്പെടുത്തുമ്പോള്‍ ഒരുപാട് നോവറിഞ്ഞ ആത്മാക്കളുടെ അടക്കംപറച്ചിലുകള്‍ തുറന്നെഴുതിയും വരച്ചുമാണ് ഷബ്‌ന കുത്സിതബോധങ്ങളോട് ശക്തിയുക്തം പൊരുതുന്നത്.കനലിതളായൊരു കവിതയില്‍ പറയുന്നതുപോലെ- വായില്‍ തീ നിറച്ച് വികൃതമായി ചിരിക്കുന്ന ഓരോ വേട്ടക്കാരന്റേയും കൊതി മൂത്ത മുഖത്തേക്കുള്ള നീട്ടിത്തുപ്പലുകളാണ് ഷ്ബനയുടെ ഓരോ വരിയും വരയും. പ്രശസ്ത ചിത്രകാരി കബിതാ മുഖോപാധ്യായയാണ് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ക്യാപ്റ്റന്‍ സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ കബിതയ്ക്കും ഗ്രീന്‍പാലിയേറ്റീവ് കൂട്ടായ്മയുടെ പ്രവര്‍ത്തകന്‍ റഈസ് ഹിദായയ്ക്കും കൂടി നല്‍കി കനല്‍ക്കുപ്പായം പ്രകാശനം ചെയ്തു. ഈ മാസം 25 വരെയാണ് ചിത്ര പ്രദര്‍ശനം.


Read More >>