ചതുപ്പില്‍ താണ കൊമ്പനെ രക്ഷിക്കാന്‍ ഒരു കയറും തെങ്ങും മാത്രം; ആനയുടെ ജീവന്‍ വലിച്ചു കയറ്റി വാഴക്കുളം മനോജും അനന്തന്‍കരിയും ചരിത്രത്തില്‍!

ആനിമല്‍ പ്ലാനറ്റില്‍ കണ്ട ഭീതിദമായ ജന്തുജീവിത ചിത്രീകരണങ്ങളെ വെല്ലുന്ന ഒന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നടന്നു. വിരണ്ടോടി ചതുപ്പില്‍ ചാടിയ കൊമ്പനാനയെ കരയില്‍ കയറ്റാന്‍ മനുഷ്യര്‍ കണ്ടെത്തിയ എല്ലാ യന്ത്രങ്ങളും പരാജയപ്പെട്ട നിമിഷം വാഴക്കുളം മനോജും ആയിരത്തോളം മനുഷ്യരും ഒരു തെങ്ങും ഒത്തുപിടിച്ചു- ത്രില്ലടിപ്പിക്കുന്ന രക്ഷാപ്രവര്‍ത്തനം!

ചതുപ്പില്‍ താണ കൊമ്പനെ രക്ഷിക്കാന്‍ ഒരു കയറും തെങ്ങും മാത്രം; ആനയുടെ ജീവന്‍ വലിച്ചു കയറ്റി വാഴക്കുളം മനോജും അനന്തന്‍കരിയും ചരിത്രത്തില്‍!


വിരണ്ടോടി ചതുപ്പില്‍ വീണ ആനയ്ക്ക് വേണ്ടി ആയിരത്തോളം ആളുകള്‍ ഒരുമിച്ച രക്ഷാപ്രവര്‍ത്തനമാണ് കഴിഞ്ഞ ദിവസം തുറവൂരില്‍ നടന്നത്. പിണങ്ങിയോടി ചെളിയില്‍ പൂണ്ട കൊമ്പനെ തുറവൂരുകാര്‍ മൂന്നു ദിവസം കൊണ്ടാണ് കരയ്ക്ക് കയറ്റിയത്. ക്രെയിന്‍ പോലുള്ള യന്ത്രങ്ങള്‍ ചെന്നെത്താത്ത ഒരു തുരുത്തിലെ ചതുപ്പില്‍ വീണ ആനയക്ക് വേണ്ടി ദേവസ്വം പൊലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ്, ദേവസ്വം ബോര്‍ഡ് എന്നിവയിലെ ഉദ്യോഗസ്ഥരും നാട്ടുകാരും കൈമെയ്യ് മറന്ന് പോരാടി. ഈ പോരാട്ടത്തിന് മുന്നില്‍ നിന്നൊരു ആന പാപ്പാനെയും പരിചയപ്പെടുത്താം. വാഴക്കുളം മനോജ്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ആനപ്രേമികള്‍ക്ക് സുപരിചിതമായ പേരാണ് വാഴക്കുളം മനോജ്. മദംപൊട്ടിയ ആനകളെയും വിരണ്ട ആനകളെയും തളയ്ക്കുന്ന മനോജ് ആദ്യമായിട്ടാണ് ഒരു ആനയുടെ ജീവന്‍ രക്ഷിച്ചത്. വിരണ്ടോടിയ ഒരാനായ്ക്ക് വേണ്ടി ഒരു നാടും നാട്ടുകാരും കാത്തിരുന്നതിന്റെ കഥ ഒരു ത്രില്ലര്‍ പോലെ ഉദ്വേഗജനകമാണ്.

Image Title


മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ എന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ആനയെ തൃക്കാക്കാര ക്ഷേത്രോത്സവം കഴിഞ്ഞ് ആലപ്പുഴയിലേക്ക് ലോറിയില്‍ കൊണ്ടുപോകുകയായിരുന്നു. കനത്ത മഴയും മിന്നലും ഉള്ള പുലര്‍ച്ചെ വളമംഗലം ഭാഗത്ത് വെച്ച്് ആന ലോറിയില്‍ നിന്ന് ചാടി ഓടി. ലോറിയുടെ പിന്‍വശത്ത് ആനയുടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന ഇരുമ്പ് കമ്പിയും തകര്‍ത്തതാണ് ആന ഓടിയത്. ഓട്ടത്തിനിടെ ആലയ്ക്കാപറമ്പിന് കിഴക്കുള്ള എട്ടുകോല്‍ത്തറ വത്സലയുടെ വീട് കുത്തിമറിച്ചു. ഈ സമയം വത്സല വീട്ടിലില്ലായിരുന്നു. തുടര്‍ന്ന് ഇടറോഡുകളിലൂടെ മൂന്ന് കിലോമീറ്ററോളംസഞ്ചരിച്ച കൊമ്പന്‍ പോകുന്ന വഴിക്ക് വൃക്ഷങ്ങളും. ചെറുമരങ്ങളും പിഴുതെറിഞ്ഞു. പായിക്കാട്ട്ചിറ കണ്ണന്റെ വീട്ടിലെ മതില്‍, കുരുക്കോസ് പാലയ്ക്കച്ചിറയുടെ വേലി, വളമംഗലം തിരുഹൃദയ ദേവാലയത്തിന്റെ മതില്‍ എന്നിവയും തകര്‍ത്തുകൊണ്ടായിരുന്നു കൊമ്പന്റെ ഓട്ടം. അനന്തന്‍കരി ദ്വീപിലേക്ക് കയറുന്ന പുളിത്തറക്കടവ് പാലത്തിനോട് ചേര്‍ന്നുള്ള വൈദ്യുതി പോസ്റ്റും ആന തകര്‍ത്തു. ഇതിന് ശേഷം അനന്തന്‍കരി രാധാകൃഷ്ണന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയും.

ആന പൊളിച്ച വീടിൻ്റെ അവശിഷ്ടവുമായി ഗൃഹനാഥൻ

ഏകദേശം ഒരു കിലോമീറ്ററോളും ചുറ്റളവുള്ള അനന്തന്‍കരിയുടെ നാലുവശവും കായലാണ്. 13 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ആന വിരണ്ടതുമുതല്‍ പൊലീസും നാട്ടുകാരും ആനയ്ക്ക് പുറകെയായിരുന്നു. വീടുകളിലൊന്നും ലൈറ്റ് ഓണ്‍ ചെയ്യരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെന്ന് പഞ്ചായത്ത് മെമ്പര്‍ അനീഷ് പറഞ്ഞു. ഒരുമണിക്കൂര്‍ സമയം കൊണ്ട് അഞ്ചു കിലോമീറ്ററോളമാണ് ആന സഞ്ചരിച്ചത്. ആളും അനക്കവും കൂടിയതോടെ ആന ചതുപ്പിലേക്ക് ഇറങ്ങി. ആനയെ ആദ്യം അനുനയിപ്പിച്ച് പാപ്പാന്‍മാര്‍ കരയ്ക്കു കയറ്റാന്‍ ശ്രമിച്ചെങ്കിലും ആന കുടതല്‍ ചെളിനിറഞ്ഞ സ്ഥലത്തേക്ക് നീങ്ങി. ഇതോടെ അനങ്ങാന്‍ വയ്യാതെ ആന തീര്‍ത്തും അവശനായി. രണ്ടാള്‍ താഴ്ചയുള്ള തോട്ടിലാണ് ആന പുതഞ്ഞത്. വെള്ളം കുറവുള്ള തോട്ടില്‍ കൂടുതലും ചേറാണ്. അതുകൊണ്ട് തന്നെ കരയ്ക്ക് കയറാനുള്ള ശ്രമം നടത്തുംതോറും കൂടുതല്‍ താഴ്ന്നു പോയ്‌ക്കൊണ്ടിരുന്നു.

വാഴക്കുളം മനോജ്


രാവിലെ ഏഴുമണിയോടെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പൊലീസും വെറ്റിനറി ഡോക്ടറും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടങ്ങി. മെറ്റല്‍ ചാക്കുകളിട്ട് ആനയ്ക്ക് ചവിട്ടാനുള്ള സ്ഥലമുണ്ടാക്കാനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടു. പത്തുമണിയോടെ ഇടഞ്ഞ ആനകളെ മെരുക്കുന്ന മുളക്കുളം മനോജ് എന്ന പാപ്പാന്‍ സ്ഥലത്തെത്തി. മനോജും രക്ഷാപ്രവര്‍ത്തനത്തിനൊപ്പം ചേര്‍ന്നു. തെങ്ങുംതടി മുറിച്ച് ചതുപ്പിലിട്ട് ആനയ്ക്ക് ചവിട്ടി നില്‍ക്കാനുള്ള സ്ഥലമുണ്ടാക്കി. അതും പരാജയപ്പെട്ടു. താന്‍ സ്ഥലത്തെത്തുമ്പോള്‍ ആന മുക്കാലും ചെളിയില്‍ താഴ്ന്നിരുന്നുവെന്ന് മനോജ് നാരദ ന്യൂസിനോട് പറഞ്ഞു. ആനയുടെ കച്ചക്കയറിലും കൊമ്പിലും ചേര്‍ത്ത് ഒരു കയര്‍ കെട്ടി തെങ്ങിന്റെ മുകളിലേക്ക് കെട്ടി നിര്‍ത്തിയേക്കുന്ന അവസ്ഥയിലായിരുന്നു. അതൊരു തുരുത്തായതുകൊണ്ട് തന്നെ ക്രെയിന്‍ പോലുളള യന്ത്ര സാമഗ്രികള്‍ അവിടേക്ക് എത്തില്ല. ഓട്ടോ റിക്ഷ കടന്നു പോകാവുന്ന ഒരു പാലമാണ് തുരുത്തിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത്. അവിടെ കൂടിയിരുന്ന ആയിരത്തോളം ആളുകള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം മൂലമാണ് ആന ജീവിച്ചിരിക്കുന്നതെന്ന് മനോജ് പറയുന്നു.

രക്ഷാപ്രവർത്തനം വീക്ഷിക്കുന്ന നാട്ടുകാരൻ


ആനയെ തിരിക്കുകയായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടം. ആനയെ കെട്ടി ഉയര്‍ത്താന്‍ ആ പരിസരത്ത് ഒരു തെങ്ങ് മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍ കപ്പി കെട്ടി കയറിട്ടാണ് ആനയെ വലിച്ചു കയറ്റേണ്ടത്. അപ്പോഴേക്കും പൊലീസ് പാലത്തിലൂടെ ജനസഞ്ചാരം നിയന്ത്രിച്ചിരുന്നു. ചളിയില്‍ പൂണ്ട ആനയെ കാണാന്‍ ആളുകള്‍ വഞ്ചിയിലും നീന്തിയുമൊക്കെ എത്തി. ആനയ്ക്ക് ശാരീരിക ക്ഷതം സംഭവിക്കാതിരിക്കാന്‍ വടം വയറിനും കാലിനും ഇടയിലൂടെ വടമിട്ടു വേണം ആനയെ ഉയര്‍ത്താന്‍. ആളിറങ്ങിയാലും താഴ്ന്നു പോകുന്ന ചതുപ്പാണ്. കിടന്നാല്‍ മാത്രം താഴ്ന്നു പോകില്ല. ദേവസ്വം ബോര്‍ഡ്, വനംവകുപ്പ് തുടങ്ങിയ എല്ലാ വിഭാഗങ്ങളുടെയും ഡോക്ടര്‍മാര്‍ സ്ഥലത്തുണ്ടായിരുന്നു. അവരുടെ നിര്‍ദ്ദേശ പ്രകാരം ആനയ്ക്ക് ഗ്ലൂക്കോസ് നല്‍കി. - ആ സമയം മുതല്‍ ആനയുടെ പുറത്താണ് താന്‍. ചളിക്കകത്തുള്ള ആനയുടെ വയറിലൂടെ വടം ഇപ്പുറത്തെത്തിക്കുകയായിരുന്നു ഏറ്റവും പാട്. രണ്ടര മണിക്കൂറോളം സമയം അതിനു വേണ്ടിവന്നു- മനോജ് പറയുന്നു.


Image Title


പറയുന്നതെന്തും ചെയ്യാന്‍ തയ്യാറായ ആത്രയും നാട്ടുകാരവിടെ ഉണ്ടായിരുന്നതുകൊണ്ടാണ് ആനയെ വലിച്ചു കരയ്ക്കു കയറ്റിയത്. ആയിരത്തോളം ആളുകള്‍ ഒരു കയറിട്ട് ആനയെ വലിച്ചു കേറ്റി. ഇതെല്ലാം കഴിഞ്ഞപ്പോള്‍ രാത്രി 10 മണിയായി. പിന്നീട് തൊട്ടടുത്ത് നിന്നിരുന്ന ഒരു തെങ്ങില്‍ ആനയെ തളച്ചു. അതിനു സമീപത്തുള്ള നിര്‍മാണം നടക്കുന്ന വീട് ആന തകര്‍ക്കാന്‍ സാധ്യത ഉണ്ടെന്ന ചര്‍ച്ച ഉണ്ടായപ്പോള്‍ മയ്ക്കുവെടി വെച്ച് മുന്‍കാലുകള്‍ ചേര്‍ത്ത് കെട്ടേണ്ടി വന്നു. തന്നെയുമല്ല ആന വീണ്ടും വിരണ്ടോടിയാല്‍ തുരുത്തിലുള്ള ജനങ്ങളുടെ ജീവനും ഭീഷണിയാകും. മയക്കുവെടി വെച്ച ശേഷം കാലുകള്‍ കെട്ടി. പിറ്റേന്ന് ആനയെ കുളിപ്പിച്ച് നിര്‍ത്തി. അതിന്റെ പിറ്റേന്നാണ് ആനയെ പാലം കടത്തി മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെത്തിച്ചതെന്ന് മനോജ് പറഞ്ഞു.

Image Title


സാധാരണ ഇടഞ്ഞ ആനകളെ ചങ്ങലയയ്ക്കിടാനാണ് പോകാറുള്ളത്. എന്നാല്‍ ഇത്തവണ ആനയുടെ ജീവന്‍ രക്ഷിക്കാനായതില്‍ സന്തോഷമുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡോക്ടര്‍ സജീന്ദ്ര ദേവ് സാറിനെ നേരത്തെ പരിചയമുണ്ട്. ആന ഇടയുമ്പോള്‍ സാറ് വിളിക്കാറുണ്ട്. ഇടഞ്ഞു നില്‍ക്കുന്ന ആനയെ മെരുക്കുന്നത് റിസ്‌ക്കല്ലെ എന്നു ചോദിച്ചാല്‍ അതേ. ഹൈ റിസ്‌ക്കാണ്. ആന ഇടഞ്ഞു നില്‍ക്കുന്ന സ്ഥലം, രീതി, ആന ഏതു കണ്ടീഷനിലാണ് വയലന്റായിരിക്കുന്നത്, എന്തിനോടാണ് വയലന്റായിരിക്കുന്നത്, എന്താണ് ആനയുടെ പ്രവണത എന്നിവ നോക്കിയാണ് ആനയുടെ അടുത്തേക്ക് പോകുന്നത്. മുന്‍വിധിയോടു കൂടി സമീപിക്കാറില്ലെന്ന് ചുരുക്കം. - മനോജ് പറഞ്ഞു നിര്‍ത്തി. ഇത്തരം എത്ര കേസുകള്‍ അറ്റന്‍ഡ് ചെയ്തിട്ടുണ്ടെന്ന് ചോദിച്ചാല്‍ മനോജ് ചിരിച്ചുകൊണ്ട് പറയും. എണ്ണമൊന്നും എടുക്കാനുളള ടൈം ഉണ്ടായിട്ടില്ല ഭായ് എന്ന്.

Image Title


ഇതിനിടയില്‍ മറ്റൊരു സംഭവം കൂടിയുണ്ടായി. കയറിട്ട് ആളുകളെല്ലാം കൂടി ആനയെ തിരിക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് എന്ന പേരില്‍ ചെളിയിലിറങ്ങിയ ഒരാള്‍ ആനയുടെ വാലില്‍ നിന്ന് രോമം പറിച്ചു. ചെളിയില്‍ ആന പൂണ്ടുകിടക്കുന്നതിനാല്‍ എളുപ്പമാണല്ലോ. വാലുമായി കരയിലെത്തിയ ആളെ പക്ഷേ, നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്യാനൊരുങ്ങി. അധികം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

ചിത്രങ്ങൾ കടപ്പാട്: സജിത് ബാബു, മധുകുമാർ

Read More >>