മകള്‍ക്ക് ആസിഫ എന്നു പേരിട്ട് സന്ധ്യ- രജിത് റാം ദമ്പതികള്‍; കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെയും മാധ്യമ പ്രവര്‍ത്തകന്റെയും തീരുമാനത്തോട് ആദരവോടെ രാജ്യം!

മകള്‍ക്ക് ആസിഫ എന്നു പേരിട്ട് നീലേശ്വരം സ്വദേശികളായ സന്ധ്യ- രജിത് റാം ദമ്പതികള്‍. കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് സന്ധ്യ. രജിത് റാം മാതൃഭൂമിയിലെ സബ് എഡിറ്ററും.

മകള്‍ക്ക് ആസിഫ എന്നു പേരിട്ട് സന്ധ്യ- രജിത് റാം ദമ്പതികള്‍; കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെയും മാധ്യമ പ്രവര്‍ത്തകന്റെയും തീരുമാനത്തോട് ആദരവോടെ രാജ്യം!

രണ്ടുമാസക്കാരി ആസിഫ കൈകാലിളക്കി നിറഞ്ഞു ചിരിക്കുകയാണ്. അവള്‍ക്കറിയില്ലല്ലോ രാജ്യം ഓര്‍ത്തോര്‍ത്തു വിതുമ്പുന്ന എട്ടുവയസ്സുകാരിയുടെ ഓര്‍മ്മയാണ് അവള്‍ക്കിട്ട ആ പേരെന്ന്. ആസിഫ എന്ന പേരിട്ട് ഒരു രാജ്യത്തിന്റെ നോവിനൊപ്പം ചേര്‍ന്നു നില്‍ക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ രജിത് രാജും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ സന്ധ്യയും. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മകളുടെ ഫോട്ടോയും ഒപ്പം 'പേരിട്ടു, അതെ അതു തന്നെ, ആസിഫ എസ് രാജ്, എന്റെ മോളാണവള്‍' എന്ന് രജിത് പറഞ്ഞത്. മണിക്കൂറുകള്‍ക്കുള്ളില്‍ രജിതിന്റെ നല്ല മനസ്സിന് അഭിനന്ദനം പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയ ഈ കുറിപ്പ് ഏറ്റെടുത്തു. രാജ്യത്തിന്റെ കയ്യടി നേടി ഈ പോസ്റ്റ് വൈറലാകുകയാണ്. മാതൃഭൂമി പത്രത്തിന്റെ കണ്ണൂര്‍ യൂണിറ്റിലെ സബ് എഡിറ്ററാണ് രജിത് റാം. കാസര്‍ഗോഡ് നീലേശ്വരം സ്വദേശികളാണിവര്‍.


എന്റെ മകള്‍ക്ക് ഞാനിട്ട പേരില്‍ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ സ്വാധീനമില്ല. ഒരു മനുഷ്യനെന്ന നിലയില്‍ കണ്‍മുന്നില്‍ കണ്ട ഒരു ദുരന്തത്തോട് ഞാന്‍ എന്റേതായി രീതിയില്‍ പ്രതികരിച്ചു. അത്രമാത്രം. രണ്ട് മാസം പ്രായമായിട്ടേയുള്ളൂ. അവള്‍ക്ക് പേരൊന്നും കണ്ടുവച്ചിരുന്നില്ല. ആ സമയത്താണ് കത്വ സംഭവം. അത് വല്ലാതെ നോവിച്ചു. കുഞ്ഞിന് ആ കുഞ്ഞിന്റെ പേരിടുന്ന കാര്യം പറഞ്ഞപ്പോള്‍ ഭാര്യയും പിന്തുണ നല്‍കി. ഇത്രയും വൈറലാകുമെന്നൊന്നും പ്രതീക്ഷിച്ചതേയില്ല.'' രജിത് റാം നാരദാ ന്യൂസിനോട് പറഞ്ഞു. മുപ്പത്തൊന്നായിരത്തിലധികം ലൈക്കുകളും പതിനെട്ടായിരം ഷെയറുമാണ് ഈ ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്.

നിങ്ങളെപ്പോലെയുള്ളവര്‍ ഉള്ളതു കൊണ്ടാണ് ഇന്ത്യ ബാക്കിയുള്ളതെന്നും യഥാര്‍ത്ഥ മനുഷ്യസ്‌നേഹിയെന്നും ഇതാണ് യഥാര്‍ത്ഥ പ്രതിഷേധമെന്നുമാണ് സോഷ്യല്‍ മീഡിയ രജിതിനോടു പറയുന്നത്. ഫെബ്രുവരി നാലിനാണ് രജിതിന് മകള്‍ ജനിക്കുന്നത്. മൂത്തമകള്‍ അമേയ എസ് രാജിന് ഏഴ് വയസ്സാണ് പ്രായം. രാജ്യത്തിന്റെ പ്രതിഷേധത്തില്‍ തന്റെതായ രീതിയില്‍ പങ്ക് ചേരാന്‍ സാധിച്ചതിന്റെ അഭിമാനമുണ്ട് രജിത്തിന്റെ വാക്കുകളില്‍.

Story by
Read More >>