ഈ വലിയ വേനലിനെയും തോല്‍പ്പിച്ചു ഊറ്റുകുഴി നീരുറവ; തിരുവനന്തപുരം നഗരഹൃദയത്തില്‍ നൂറ്റാണ്ടുകളായി ഒരിക്കല്‍പ്പോലും വറ്റാത്ത അത്ഭുതം

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് 2017 ല്‍ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഊറ്റുകുഴി ജലാളയത്തിനു മുന്നില്‍ എന്നത്തേയും പോലെ ഇത്തവണയും ആ വേനല്‍ തോറ്റിരിക്കുകയാണ്.

ഈ വലിയ വേനലിനെയും തോല്‍പ്പിച്ചു ഊറ്റുകുഴി നീരുറവ; തിരുവനന്തപുരം നഗരഹൃദയത്തില്‍ നൂറ്റാണ്ടുകളായി ഒരിക്കല്‍പ്പോലും വറ്റാത്ത അത്ഭുതം

സാബു കോട്ടപ്പുറം

സംസ്ഥാനത്തെ ജലാശയങ്ങളെ മുഴുവന്‍ വേനല്‍ കീഴടക്കിയപ്പോള്‍ അതിലൊന്നും പതറാതെ ഒരു നീരുറവ തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് തെളിനീരൊഴുക്കുന്നു. സെക്രട്ടറിയേറ്റിനു സമീപത്തുള്ള ഊറ്റുകുഴി എന്നറിയപ്പെടുന്ന ജലാശയമാണ് നൂറ്റാണ്ടുകളായി എത്രകടുത്ത വേനലിലും ശുദ്ധജലവുമായി നഗരവാസികള്‍ക്കു അനുഗ്രഹമാകുന്നത്. ഒരിക്കല്‍പ്പോലും വറ്റിയിട്ടില്ലാത്ത ഒരു മഹാത്ഭുതമാണ് ഈ നീരുറവയെന്നു തലസ്ഥാനവാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.


ഊറ്റുകുഴി നീരുറവ

സെക്രട്ടേറിയേറ്റിനു പിറകില്‍ ഊറ്റുകുഴി റോഡില്‍ കേരള സലഫി സെന്ററിന് മുന്നിലാണ് ഈ നീരുറവ സ്ഥിതി ചെയ്യുന്നത്. വേനല്‍ കനത്ത് തലസ്ഥാനത്തെ ജജലസംഭരണികളെല്ലാം കാലിയായപ്പോഴും, ആറടിയോളം ആഴത്തില്‍ ശുദ്ധജലവുമായി ഈ ജലസ്രോതസ് ജനങ്ങള്‍ക്ക് അത്ഭുതമാകുകയാണ്. രാജഭരണകാലത്ത് ഈ ജലാശയത്തില്‍ നിന്നും വെള്ളം കൊണ്ടുപോയിരുന്നുവെന്നു പഴമക്കാര്‍ വെളിപ്പെടുത്തുന്നുണ്ട്. മുമ്പ് ഈ നീരുറവയെ നന്നായി പരിപാലിച്ചിരുന്നതിന്റെ ലക്ഷണങ്ങളാണ് അതിനു സമീപം ഉറപ്പിച്ച രീതിയില്‍ കാണുന്ന വീതിയേറിയ കരിങ്കല്ലുകളും ചെങ്കല്ലുകൊണ്ടുണ്ടാക്കിയ മതിലുമൊക്കെ.


ഊറ്റുകുഴി നീരുറവ എത്ര വലിയ വേനലിലും നാട്ടുകാര്‍ക്കു വലിയ അനുഗ്രഹമാണ്‌

ഊറ്റുകുഴിയോട് ചേര്‍ന്നു സ്ഥിതിചെയ്യുന്ന ചെങ്കല്‍ച്ചൂളയിലെ ജനങ്ങളാണ് ഈ ജലാശയം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ചുറ്റും കോണ്‍ക്രീറ്റ് വനങ്ങള്‍ ഉയര്‍ന്നുവെങ്കിലും ജലസ്രോതസ്സ് വര്‍ഷങ്ങളായി ഒരു മാറ്റവുമില്ലാതെ തുടരുകയാണെന്നു ജനങ്ങള്‍ പറയുന്നു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് 2017 ല്‍ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഊറ്റുകുഴി ജലാളയത്തിനു മുന്നില്‍ എന്നത്തേയും പോലെ ഇത്തവണയും ആ വേനല്‍ തോറ്റിരിക്കുകയാണ്.


ജലാശയത്തിനു സമീപത്തായി സാമൂഹ്യ വിരുദ്ധരുടെ ശല്യവും ഏറുന്നുണ്ട്. ജലാശയത്തെ മലിനപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. ഊറ്റുകുഴി നീരുറവയ്ക്കു സമീപത്തെ കാഴ്ചഊറ്റുകുഴിയില്‍ നിന്നും ജലമെടുത്ത് വാഹനങ്ങള്‍ കഴുകി ജീവിക്കുന്നവരും അവിടെയുണ്ട്.