ഓണക്കോടിയായി ഓണപ്പാട്ട് നല്‍കി 'ഓണനിലാ'

ഓണത്തുമ്പിയും ഓണനിലാവും പൂക്കളവും ഊഞ്ഞാലും മലയാളിയുടെ മനസ്സില്‍ ഓണനിലാവ് വിരിയിക്കുന്ന വേളയില്‍, പ്രവാസി സൗഹൃദ കൂട്ടായ്മയില്‍ എത്തുന്ന 'ഓണനിലാ' എന്ന ഓണപ്പാട്ട് കാണാം.

ഓണക്കോടിയായി ഓണപ്പാട്ട് നല്‍കി ഓണനിലാ

ഓണത്തെ ഓര്‍മ്മയായി മാത്രം മനസ്സില്‍ സൂക്ഷിക്കേണ്ടി വരുന്ന ധാരാളം പ്രവാസികളുണ്ട്. വല്ലപ്പോഴും വീണുകിട്ടുന്ന അവധി ദിനങ്ങള്‍ അവരെ സംബന്ധിച്ച് ഉത്സവങ്ങളാണ്. ഓണത്തിനാണ് അവധിയെങ്കില്‍ അതിന് ഇരട്ടി മധുരമായിരിക്കും. ഇത്തരത്തില്‍ ഓണത്തെ ഇത്രമേല്‍ ഗൃഹാതുരത്വത്തോടെ നെഞ്ചിലേറ്റി ആഘോഷിക്കുന്നത് പ്രവാസികളാണ്. ഓണം മാത്രമല്ല ഏത് ആഘോഷമായാലും അവര്‍ക്ക് അതങ്ങനെ തന്നെയാണ്. ഓണം ജാതിയുടെയും മതത്തിന്റെയും അതിരുകള്‍ ഭേദിക്കുന്ന ആഘോഷമായതു കൊണ്ട തന്നെ ആഘോഷത്തിന് ഇരട്ടി മധുരമായിരിക്കും.

ഇത്തവണത്തെ ഓണത്തിന് ദമാമിലെ പ്രവാസി മലയാളികള്‍ മലയാളത്തിന് നല്‍കുന്ന ഓണക്കോടിയാണ് 'ഓണനിലാ' എന്ന ഓണപ്പാട്ട്. ഓണമെന്ന് കേള്‍ക്കുമ്പോള്‍ ഒരു സാദാ മലയാളിയുടെ ഓര്‍മ്മയില്‍ നിറയുന്ന എല്ലാ ബിംബങ്ങളും ഈ ഒറ്റപ്പാട്ടില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നത് തന്നെയാണ് ഈ ഓണപ്പാട്ടിന്റെ പ്രത്യേകത. പേരിനൊപ്പം പറഞ്ഞിരിക്കുന്നത് പോലെ കേരളത്തിന്റെ ഗന്ധം തന്നെയാണ് ഈ ഓണപ്പാട്ടിന്. ശാസ്താംകോട്ട സ്വദേശിയായ സുനിലന്‍ കായലരികത്താണ് ഈ പാട്ടിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കവിതകളിലൂടെയും എഴുത്തിലൂടെയും നവമാധ്യമങ്ങളിലെ സജീവസാന്നിദ്ധ്യവും സുപരിചിത മുഖവുമാണ് സുനിലന്‍ കായലരികത്ത്. അതുപോലെ ഈ പാട്ടിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന എല്ലാവരും വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്നവരാണ്. ലോകമലയാളികള്‍ക്കാണ്'ഓണനിലാ' സമര്‍പ്പിച്ചിരിക്കുന്നത്.

പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഓണനിലാ ലോഞ്ചിംഗ് നിര്‍വ്വഹിക്കുന്നു
ഈ പാട്ടിന്റെ പിറവിയില്‍ ഒരു കൂട്ടം സൗഹൃദങ്ങളുടെ സ്‌നേഹവുമുണ്ട്.വാട്ട്‌സ് ആപ്പിലെ കൂട്ടായ്മയില്‍ നിന്നും ഫേസ്ബുക്ക് പേജിലെത്തി നില്‍ക്കുന്ന കൊളാഷ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയാണ് 'ഓണനിലാ' യുടെ അമരക്കാര്‍. കൊളാഷിന്റെ ബാനറിലാണ് ഈ ഓണപ്പാട്ട് പുറത്തിറക്കിയിരിക്കുന്നത്. ആദ്യം വാട്സ് ആപ്പ് കൂട്ടായ്മയില്‍ നിന്നും തുടങ്ങിയ ഗ്രൂപ്പ് ഇപ്പോള്‍ ഒന്നരലക്ഷത്തിലധികം വരുന്ന പ്രവാസി മലയാളികളുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുമാണ്.


ഈ ഓണപ്പാട്ടിന് ഈണം പകര്‍ന്നിരിക്കുന്നത് ഷിബു വില്‍ഫ്രഡാണ്. പൂര്‍ണ്ണമായും പ്രവാസ ലോകത്ത് ചിത്രീകരിച്ച ഓണപ്പാട്ട് പാടിയിരിക്കുന്നത് മനോജ് അടൂര്‍ ആണ്. 'രാജഹംസമേ' പാടി പ്രശസ്തയായ ചന്ദ്രലേഖയുടെ സഹോദരനാണ് മനോജ് അടൂര്‍. അസീം വെഞ്ഞാറമൂട്,സാജു അബ്ദുള്‍ കരീം എന്നിവരാണ് നിര്‍മ്മാതാക്കള്‍. നിഷാദ് കുറ്റ്യാടി, രാംജിത്ത്, ഗോപിക രാംജിത്ത് എന്നിവര്‍ അഭിനയിച്ചിരിക്കുന്ന ഓണപ്പാട്ടിന് വിഷ്വല്‍ എഫക്ട് കൈകാര്യം ചെയ്തിരിക്കുന്നത് അരുണ്‍ കൂട്ടിക്കട. വെറും രണ്ട് മണിക്കൂര്‍ കൊണ്ടാണ് ഈ പാട്ട് ചിത്രീകരിച്ചതെന്ന് ക്യാമറയും സംവിധാനവും ചെയ്തിരിക്കുന്ന ദിലീപ് ദാസ് നല്ലില പറയുന്നു. ശനിയാഴ്ച ഇന്ത്യന്‍ സമയം 11 മണിക്ക് ദമാമില്‍ വച്ച് പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് ആണ് ഓണനിലാ പുറത്തിറക്കിയത്.


Read More >>