ടിഡി രാമകൃഷ്ണന്റെ 'സുഗന്ധി'ക്ക് വയലാർ പുരസ്കാരം

'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്ന നോവലിനാണ് അവാർഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ടിഡി രാമകൃഷ്ണന്റെ സുഗന്ധിക്ക് വയലാർ പുരസ്കാരം

ഈ വർഷത്തെ വയലാർ പുരസ്കാരത്തിന് നോവലിസ്റ്റും വിവർത്തകനുമായ ടി ഡി രാമകൃഷ്ണൻ അർഹനായി. 2014ൽ പുറത്തിറങ്ങിയ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്ന നോവലിനാണ് അവാർഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രൊഫ. തോമസ് മാത്യു, ഡോ.കെ.പിമോഹനന്‍, ഡോ.അനില്‍കുമാര്‍ എന്നിവരടങ്ങിയ അവാർഡ് നിർണയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ചരിത്രവും മിത്തും യാഥാർത്ഥ്യവും ഭാവനയും പരസ്പരം വേർതിരിക്കനാവാത്തവണ്ണം ഇഴപിരിഞ്ഞു കിടക്കുന്ന കൃതിയാണ് 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'. ശ്രീലങ്കൻ തമിഴ് പ്രശ്നത്തിന്റെയും അവിടുത്തെ ആഭ്യന്തര സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ എഴുതപ്പെട്ടിരിക്കുന്ന 'സുഗന്ധി'യിൽ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങൾ സംഗമിക്കുന്നുണ്ട്. രാജഭരണ കാലത്തെ തമിഴ്നാടിന്റെ ചരിത്രത്തെയും ശ്രീലങ്കയിൽ നിലനിന്നിരുന്ന തമിഴ് പ്രശ്നത്തെയും ബന്ധിപ്പിച്ചു കൊണ്ടാണ് ടിഡി രാമകൃഷ്ണൻ 'സുഗന്ധി' എഴുതിയത്. ഇതിലെ സുഗന്ധി എന്ന കഥാപാത്രം ഒരു ശ്രീലങ്കൻ തമിഴ് പോരാളിയും ആണ്ടാൾ ദേവനായകി രാജഭരണ കാലത്തു ജീവിച്ചിരുന്ന ശക്തയായ ഒരു സ്ത്രീയുമായാണ് നോവലിൽ പ്രത്യക്ഷപ്പെടുന്നത്.

ആദ്യ നോവൽ 'ആൽഫ' ആണെങ്കിലും ടിഡി രാമകൃഷ്ണൻ പ്രശസ്തനായത് 'ഫ്രാൻസിസ് ഇട്ടിക്കോര' എന്ന കൃതിയിലൂടെയാണ്. യാഥാർത്ഥ്യത്തെയും ഭാവനയെയും വേർതിരിച്ചു മനസിലാക്കാനാവാത്ത അനുപമമായ എഴുത്തുരീതിയാണ് 'ഇട്ടിക്കോര'യിൽ രാമകൃഷ്ണൻ പിന്തുടർന്നിരുന്നത്. നിരൂപക ശ്രദ്ധയും പുരസ്കാരങ്ങളും ഏറ്റുവാങ്ങിയ ഇട്ടിക്കോരയ്ക്കു ശേഷം രാമകൃഷ്ണന്റേതായി പുറത്തു വന്ന നോവലാണ് 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'. കെ സുരേന്ദ്രൻ നോവൽ പുരസ്കാരവും എപി കളയ്ക്കാട് പുരസ്കാരവുമടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുള്ള കൃതിയാണ് 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'.

1961ൽ തൃശ്ശൂർ ജില്ലയിലെ എയ്യാലിൽ ജനിച്ച ടിഡി രാമകൃഷ്ണൻ റെയിൽവേ ജീവനക്കാരനായിരുന്നു. ടിക്കറ്റ് കളക്ടർ മുതൽ ചീഫ് കൺട്രോളർ പദവി വരെ വഹിച്ചിട്ടുള്ള അദ്ദേഹം സാഹിത്യലോകത്ത് സജീവമാകുന്നതിനു വേണ്ടി റെയിൽവേയിൽ നിന്നു സ്വയം വിരമിക്കുകയായിരുന്നു.

ഔദ്യോഗികജീവിതത്തിന്റെ ഏറിയ ഭാഗവും തമിഴ്‌നാട്ടിൽ ചിലവഴിച്ച ടിഡി രാമകൃഷ്ണന് തമിഴ് സാഹിത്യവുമായി ഗാഢമായ ബന്ധമുണ്ട്. തമിഴ്‌ സാഹിത്യരചനകളെ മലയാളികൾക്ക് പരിചയപ്പെടുത്തിയിട്ടുള്ള അദ്ദേഹം, മികച്ച തമിഴ്- മലയാള വിവർത്തകനുള്ള 2007ലെ ഇ.കെ. ദിവാകരൻ പോറ്റി അവാർഡും "നല്ലി ദിശൈ എട്ടും" അവാർഡും നേടിയിട്ടുണ്ട്.

Read More >>