കോണ്ടം എന്ന സകലകലാ വല്ലഭൻ; പത്ത് ഉപയോഗങ്ങൾ

സുരക്ഷിതമായ, പെട്ടെന്നു പൊട്ടാത്ത, കൂടുതൽ വികസിക്കുന്ന, വെള്ളം കയറാത്ത, റബർ ആണ് കോണ്ടത്തിന്റെ നിർമാണത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ഈ ഗുണങ്ങൾ നമ്മുടെ മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താനുമാവും. ഇതാ അത്തരം പത്തു കാര്യങ്ങൾ

കോണ്ടം എന്ന സകലകലാ വല്ലഭൻ; പത്ത് ഉപയോഗങ്ങൾ

പുരുഷൻ ഉൾപ്പെട്ടിട്ടുള്ള ലൈംഗികതയിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് കോണ്ടം. ജനന നിയന്ത്രണം, ലൈംഗിക രോഗങ്ങൾ പകരാതിരിക്കൽ പോലുള്ള കാര്യങ്ങളിൽ കോണ്ടം അവശ്യമായ വസ്തുവാണ്. സേഫ് സെക്സിന് കോണ്ടം ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള സംഘടനകളും ഏജൻസികളും നമ്മെ നിരന്തരം ഓർമപ്പെടുത്തുന്നുമുണ്ട്.

എന്നാൽ സെക്സുമായി ബന്ധമില്ലാത്ത പല കാര്യങ്ങളും ചെയ്യാൻ ഉപയോഗപ്പെടുന്ന ഒരു സകലകലാ വല്ലഭനാണ് കോണ്ടം. സുരക്ഷിതമായ, ബലമുള്ള, പെട്ടെന്നു പൊട്ടാത്ത, കൂടുതൽ വികസിക്കുന്ന, വെള്ളം കയറാത്ത, റബർ ആണ് കോണ്ടത്തിന്റെ നിർമാണത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ഈ ഗുണങ്ങൾ നമ്മുടെ 'മറ്റു പല' ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താനുമാവും. ഇതാ അത്തരം പത്തു കാര്യങ്ങൾ:

1. വെള്ളം തട്ടാതെ സൂക്ഷിക്കാം, മൊബൈൽ ഫോണും.

മഴയത്തിറങ്ങുമ്പോൾ, പുഴയിലോ കടലിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരം ജലാശയങ്ങളിൽ ഇറങ്ങേണ്ടി വരുമ്പോഴുള്ള പ്രധാന വെല്ലുവിളിയാണ് ഫോൺ നനയാതെ സൂക്ഷിക്കുക എന്നത്. പ്ലാസ്റ്റിക് കിറ്റിൽ അഭയം പ്രാപിക്കുകയാണ് ഭൂരിപക്ഷവും ചെയ്യുക. പ്ലാസ്റ്റിക് കിറ്റ് ഉപയോഗിച്ച് എങ്ങനെ കെട്ടിയാലും അത് സുരക്ഷിതമല്ലെന്ന് ഉപയോഗിച്ചിട്ടുള്ളവർക്കറിയാം. എന്നാൽ ഇതിനുള്ള ഏറ്റവും മികച്ച വഴിയാണ് കോണ്ടം. ലൂബ്രിക്കന്റ് ഇല്ലാത്ത കോണ്ടം ഇതിനായി ഉപയോഗിക്കാം. ലൂബ് ഉള്ള കോണ്ടമാണെങ്കിൽ മറിച്ചിട്ടും ഉപയോഗിക്കാം. ഫോൻ അകത്തു വയ്ക്കുക. വലിച്ചൊരു കെട്ടു കെട്ടുക. സംഗതി ക്ലീൻ

2. തിരിച്ചെടുക്കാം ക്ലോസറ്റിൽ നിന്ന്

ക്ലോസറ്റിന് സാധനങ്ങൾ, പ്രത്യേകിച്ച് ഇലക്ട്രിക് ഉപകരണങ്ങൾ നൽകുക എന്നത് നമ്മുടെയൊക്കെ ഒരു ഹോബിയാണ്. ക്ലോസറ്റിൽ പോയത് തിരിച്ചെടുക്കുക എന്നത് വലിയൊരു ടാസ്കാണ്. വിഷമിക്കണ്ട. അതിനുമുപയോഗിക്കാം കോണ്ടം. ഒരു ഗ്ലൌസായി കയ്യിലേക്കിടുക, കൈ ക്ലോസറ്റിലിടുക, കൊടുത്ത സാ‍ധനം തിരിച്ചെടുക്കുക. സിമ്പിൾ.

ക്ലോസറ്റിൽ നിന്ന് സാധനം എടുക്കാൻ മാത്രമല്ല, സുരക്ഷിതത്വമുള്ള ഒരു നല്ല ഗ്ലൌസ് വേണ്ട ഘട്ടങ്ങളിലെല്ലാം കോണ്ടം നിങ്ങളെ സഹായിക്കും.

3. കെട്ട് പൊട്ടിക്കാം, ഈസിയായി

പിരിയൻ അടപ്പുള്ള കുപ്പികൾ ടിന്നുകൾ എന്നിവയിൽ സാധനം വാങ്ങുമ്പോൾ അതിന്റെ അടപ്പ് തുറന്നെടുക്കുക എന്നത് ചില സമയങ്ങളിൽ നമ്മെ വലയ്ക്കാറുണ്ട്. കോണ്ടത്തിന്റെ വായ് ഭാഗം കുപ്പിയുടെ/ ടിന്നിന്റെ അടപ്പിനു മുകളിൽ ഇറക്കി കവർ ചെയ്യുക. ഈസിയായി തിരിച്ച് തുറക്കാം.

4. മുറിവുണക്കും കോണ്ടം

മുറിവുകൾ നനയുക എന്നതാണ് അവ സുഖപ്പെടുന്നതിൽ നിന്നും നമ്മെ തടയുന്ന ഏറ്റവും പ്രധാന വെല്ലുവിളി. പ്രത്യേകിച്ച് കൈകാലുകളിലാണെങ്കിൽ പറയുകയും വേണ്ട. കോണ്ടമുണ്ടെങ്കിൽ സംഭവം പൊളിയാവും. മുറിവിന്റെ വലുപ്പമനുസരിച്ച് കോണ്ടം വട്ടത്തിൽ മുറിക്കുക.കയ്യിലോ കാലിലോ മുറിവുള്ളിടത്ത് ഒരു ബാൻഡ് ധരിക്കുന്നതുപോലെ മുറിവ് മറയ്ക്കുക.

5. വേദനയകറ്റും ഐസ് കോണ്ടം.

ശരീരവേദനയ്ക്കും ചതവിനുമെല്ലാം വേദനയുള്ള ഭാഗത്ത് ഐസ് വയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്ന അവസരങ്ങളിൽ നമുക്കൊരു കൈത്താങ്ങാകും കോണ്ടം. കോണ്ടത്തിൽ വെള്ളം നിറച്ച് ഫ്രീസറിൽ വച്ച് കട്ടയാക്കുക. എളുപ്പത്തിൽ വേണ്ട ഭാഗങ്ങൾക്ക് തണുപ്പ് പകരുക

6. അത്യാവശ്യ ഘട്ടങ്ങളിൽ സോക്ക്സ്

മറ്റു പല ഭാഗങ്ങൾക്കുമെന്ന പോലെ കാലിനും സുരക്ഷയേകാൻ കോണ്ടത്തിനു കഴിയും. അത്യാവശ്യഘട്ടങ്ങളിൽ പാദസംരക്ഷണത്തിനുള്ള ഒരു സോക്സായി കോണ്ടത്തെ ഉപയോഗിക്കാനാവും. നിങ്ങളുടെ ഷൂ മുഴുവൻ നനഞ്ഞലും ചെളി കയറി നശിച്ചാലും കാലു മാത്രം അകത്ത് സുന്ദരക്കുട്ടപ്പനായി ഇരിക്കുന്നുണ്ടാവും.

7. ഇവൻ നന്നായി ഷൂ പോളിഷ് ചെയ്യും (പഞ്ചാബി ഹൌസ് ജെപിജി).

ഷൂ പോളിഷ് ലഭ്യമല്ലാത്ത ഘട്ടങ്ങളിൽ കോണ്ടം നല്ലൊരു ഓപ്ഷനാണ്. വെറുതേ വൃത്തിയാവുകയല്ല, നിങ്ങളുടെ ഷൂസ് മുമ്പൊരിക്കലുമില്ലാത്തതു പോലെ വെട്ടിത്തിളങ്ങും.

8. ഇറച്ചി പൊതിഞ്ഞ് അപ്പവും റൊട്ടിയും

മലയാളികൾക്ക് അധികം പരിചയമില്ലാത്ത വിഭവമാണ് മീറ്റ് ലോഫ്. പശു, പോത്ത് മുതലായ മൃഗങ്ങളുടെ ഇറച്ചി പൊതിഞ്ഞ് വെള്ളത്തിൽ തിളപ്പിച്ചെടുക്കുന്ന റൊട്ടി പോലുള്ള ഒരു തരം വിഭവമാണിത്. അതു പൊതിയാനുള്ള മികച്ച ഒരു കവറിംഗ് ഉപാധിയായി കോണ്ടം ഉപയോഗിക്കാം. (പ്രത്യേക ശ്രദ്ധയ്ക്ക്: വെള്ളത്തിന്റെ താപനില നൂറു ഡിഗ്രിക്ക് മുകളിൽ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നൂറിനു മുകളിലായാൽ വേറെ പ്രശ്നമൊന്നുമില്ല- കോണ്ടവും നിങ്ങളുടെ വിഭവവും പൊട്ടിത്തെറിക്കും, കൂടെ കുറച്ച് തിളച്ച വെള്ളവും കാണും.)

9. ആയുധം സംരക്ഷിക്കാം

ഷൂട്ടിംഗിനിടയിൽ മഴ പെയ്താൽ റൈഫിളിൽ വെള്ളം കയറാതെ സംരക്ഷിക്കാനും കൈത്തോക്ക് പോലുള്ള ആയുധങ്ങൾ സുരക്ഷിതമായി വയ്ക്കാനുമൊക്കെ കോണ്ടം നല്ലൊരു ഉപാധിയാണ്. മിലിട്ടറി സംവിധനങ്ങൾ പലയിടത്തും ഇക്കാര്യങ്ങൾ ചെയ്യുന്നുമുണ്ട്.

10. ഗ്യാസ് പോകാത്ത സോഡ ടിൻ

സോഡയുടെയോ കൂൾ ഡ്രിങ്ക്സിന്റെയോ ടിന്നുകൾ ഓപ്പൺ ചെയ്താൽ പിന്നെ പെട്ടെന്ന് കുടിച്ചു തീർക്കുക എന്നത് എട്ടിന്റെ പണി തരാറുണ്ട്. ഗ്യാസ് നമ്മെക്കാത്ത് നിക്കില്ല എന്നതാണ് കാരണം. അതിനും പരിഹാരമാകും കോണ്ടം. തുറന്ന ടിന്നിനു മുകളിൽ കോണ്ടം കൊണ്ട് മൂടിയാൽ മതി.

ഇവ കോണ്ടം എന്ന വിരുതന്റെ ചില ഉപയോഗങ്ങൾ മാത്രമാണിവ. മഴയത്ത് മൈക്ക് നനയാതിരിക്കാൻ, വെള്ളം നനയാതെ വാച്ചിനെ സംരക്ഷിക്കാൻ, മീൻ പിടിക്കാൻ, ആർക്കിയോളജിസ്റ്റുകൾക്ക് പാറയ്ക്കു മുകളിലെ വഴുക്കലുള്ള ചുണ്ണാമ്പുകല്ലിന്റെ സാമ്പിളുകൾ ശേഖരിക്കാൻ, വാട്ടർ ബലൂൺ ഉണ്ടാക്കാൻ തുടങ്ങി, കോണ്ടത്തിനു പറയാൻ ഉപയോഗങ്ങൾ ഏറെയുണ്ട്. അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതാണെന്ന് സാരം.