എന്റെ ജീവിതം ആവോളം നശിപ്പിച്ചു കഴിഞ്ഞു, ഓർമ്മക്കുറിപ്പുകൾ ആവശ്യമില്ല: വിക്രം ഭട്ട്

ബോളിവുഡ് സംവിധായകനായ വിക്രം ഭട്ടിന്റെ നോവൽ അദ്ദേഹത്തിന്റെ സ്വന്തം ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയതാണ്. തന്റെ ജീവിതം താറുമാറായിപ്പോയതിന്റെ ഉത്തരവാദി താൻ തന്നെയാണെന്ന് അദ്ദേഹം സമ്മതിക്കുന്നു.

എന്റെ ജീവിതം ആവോളം നശിപ്പിച്ചു കഴിഞ്ഞു, ഓർമ്മക്കുറിപ്പുകൾ ആവശ്യമില്ല: വിക്രം ഭട്ട്

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ടിന്റെ ജീവിതം ഒരു സിനിമാക്കഥ പോലെ തന്നെയാണ്. ഏകാന്തനായ ഒരു ആത്മാവ് എന്നെല്ലാം വിശേഷിപ്പിക്കാവുന്ന ഒന്ന്. മിസ് യൂണിവേഴ്‌സ് ആയിരുന്ന സുസ്മിതാ സെന്‍, അഭിനേത്രി അമീഷ പട്ടേല്‍ എന്നിവരുമായുള്ള ഭട്ടിന്റെ ബന്ധം രഹസ്യമായിരുന്നില്ല. അത് അദ്ദേഹത്തിന്റെ കുടുംബജീവിതത്തെ പോലും ബാധിച്ചു. ബാല്യകാലസഖിയായിരുന്ന അതിഥിയെ വിവാഹം കഴിച്ചിരുന്നെങ്കിലും ഭട്ടിന്റെ മറ്റു ബന്ധങ്ങള്‍ കാരണം വിവാഹമോചനത്തില്‍ കലാശിച്ചു.


ഭട്ട് ആത്മഹത്യയെക്കുറിച്ചു വരെ ആലോചിച്ചിരുന്നു. ആരേയും കുറ്റപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സ്വന്തം ജീവിതം കൈവിട്ടു പോയതിന്റെ ഉത്തരവാദിത്തം തനിയ്ക്കു മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. അന്ന് സുസ്മിതയുടെ കാമുകന്‍ മാത്രമായിരുന്ന ഭട്ടിന്റെ വിവാഹമോചനം കഴിഞ്ഞിരുന്നു.

'ഏതെങ്കിലും ഒരു ബന്ധമല്ല എന്നെ തകര്‍ത്തത്. ഞാന്‍ തകര്‍ച്ചകളുടെ കൂമ്പാരമാണ്,' വിക്രം ഭട്ട് പറയുന്നു.

'എന്റെ ഭാര്യയെയും മകളെയും വഞ്ചിച്ചതിലും ഉപേക്ഷിച്ചതിലും ഞാന്‍ ഖേദിക്കുന്നു. അവരെ വേദനിപ്പിച്ചതില്‍ ദുഃഖിക്കുന്നു. ഞാന്‍ കരുതുന്നത് ഒരാള്‍ക്കു ധൈര്യം ഇല്ലെങ്കില്‍ അയാള്‍ വഞ്ചകനായിത്തീരും എന്നാണ്. എനിക്ക് എന്താണു തോന്നിയിരുന്നതെന്ന് അതിഥിയോടു പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. എല്ലാം സംഭവിച്ചത് ഒരുമിച്ചായിരുന്നു, അതു ജീവിതത്തെ താറുമാറാക്കി,' ഭട്ട് പറയുന്നു.

വിക്രം ഭട്ടിന്റെ നോവല്‍ 'എ ഹാന്‌റ്ഫുള്‍ ഓഫ് സണ്‍ഷൈന്‍' എന്ന നോവലിലാണു അദ്ദേഹം ബന്ധങ്ങളെപ്പറ്റി പ്രതിപാദിക്കുന്നത്. വീര്‍, മീര എന്നിവരാണു നോവലിലെ പ്രധാനകഥാപാത്രങ്ങള്‍. അവര്‍ കുറേക്കാലം പ്രണയത്തിലായിരുന്നു. പക്ഷേ, ഒരു ദുരന്തത്തിനു ശേഷം വേര്‍പിരിയേണ്ടി വരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ കണ്ടുമുട്ടുമ്പോള്‍ അവര്‍ എല്ലാം മാറ്റി വച്ച് അല്പം സന്തോഷിക്കാന്‍ തീരുമാനിക്കുകയാണ്.

ഇത് ആത്മകഥാപരമായ നോവലല്ലെന്നു ഭട്ട് പറയുന്നു. എന്റെ ജീവിതം പ്രചോദനമാക്കി എഴുതിയതാണ്. ഇതില്‍ സുസ്മിതയെക്കുറിച്ചോ അമീഷയെക്കുറിച്ചോ ഒന്നും പറയുന്നില്ല. അവര്‍ എന്റെ അറിയപ്പെടുന്ന ബന്ധങ്ങളായിരുന്നെങ്കിലും അത്ര ആഴത്തിലുള്ളതായിരുന്നില്ല,' ഭട്ട് വിശദീകരിക്കുന്നു.

തന്റെ ഭാര്യയുടെ ചില അംശങ്ങള്‍ നോവലില്‍ ഉണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. എങ്കിലും മീര എന്ന കഥാപാത്രം ആരാണെന്നു വെളിപ്പെടുത്തുന്നില്ല.

'അവള്‍ ആരാണെന്നു വെളിപ്പെടുത്തിയാല്‍ അവളെന്നെ കൊല്ലും. അതു വളരെ സ്വകാര്യമാണ്. നടിയല്ല. എന്റെ ചെറുപ്പകാലത്തെ ഒരു കൂട്ടുകാരിയാണവള്‍,' ഇത്രമാത്രമേ ഭട്ട് വെളിപ്പെടുത്തുന്നുള്ളൂ.

ഇപ്പോള്‍ ജീവിതത്തിന്റെ പുതിയ അദ്ധ്യായത്തിലാണു ഭട്ട്. മകള്‍ അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസില്‍ ജോലി ചെയ്യുന്നുണ്ട്. ഇനിയൊരു വിവാഹത്തിനു താല്പര്യമില്ലെന്ന് അദ്ദേഹം പറയുന്നു.

'എനിക്കു വിവാഹം എന്ന വ്യവസ്ഥയില്‍ വിശ്വാസമില്ല. അത് വ്യര്‍ഥമാണ്. അത് കാലഹരണപ്പെട്ട വ്യവസ്ഥയാണ്. വീട്ടില്‍ ഉപയോഗിക്കാത്ത റാന്തല്‍ പോലെ ഉപയോഗശൂന്യം,' ഭട്ട് തന്റെ അഭിപ്രായം വ്യക്തമാക്കി.

വിവാഹം വിജയിക്കുന്നത് ആണിനും പെണ്ണിനുമുള്ള അസന്തുലിത കാരണമാണ്. ഇപ്പോഴത്തെ മാറിയ സാഹചര്യത്തില്‍, ഇരുവരും സ്വയം പര്യാപ്തരാകുന്നതു കൊണ്ട് ഇരുവര്‍ക്കും പരസ്പരം ആശ്രയിക്കേണ്ടി വരുന്നില്ല. അപ്പോള്‍ വിവാഹം പ്രവര്‍ത്തിക്കാതാകുന്നു എന്നാണു അദ്ദേഹത്തിന്റെ നിരീക്ഷണം.

തന്റെ സൃഷ്ടികളില്‍ രതി കാര്യമായി ഉള്‍പ്പെടുത്തുന്ന ഭട്ട് തന്റെ പുതിയ വെബ് സീരീസ് ആയ 'മായ'യില്‍ ബിഡിഎസ്എം കൈകാര്യം ചെയ്യുന്നുണ്ട്. ബിഡിഎസ്എം-BDSM [bondage and discipline, domination and submission, and sadism and masochism] ശാരീരിക-മാനസിക നിയന്ത്രണങ്ങളുൾപ്പെടുന്ന പ്രത്യേക രതി രീതി.

സ്വന്തം ജീവിതത്തില്‍ ബിഡിഎസ്എം പരീക്ഷിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ 'ചെറുപ്പത്തില്‍ പരീക്ഷിച്ചിട്ടുണ്ട്. ബിഡിഎസ്എം സെക്‌സുമായി ബന്ധമുള്ളതല്ലെന്നാണു എന്റെ തോന്നല്‍. അത് നിയന്ത്രണവും കീഴടങ്ങലുമാണ്. കരുത്തനായ ഒരാള്‍ കീഴടങ്ങുന്നു. അത്രയും വിശ്വാസം ഉണ്ടെങ്കിലേ അതു പറ്റൂ. പരിചയമില്ലാത്ത ഒരാള്‍ നിങ്ങളെ കെട്ടിയിടുന്നത് അനുവദിക്കാന്‍ സാധ്യതയില്ല.. അത് ഭയാനകമാണ്' എന്നായിരുന്നു മറുപടി.

ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഞാന്‍ എന്റെ ജീവിതം ആവശ്യത്തിനു നശിപ്പിച്ചു കഴിഞ്ഞു,' ഭട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.