ചരിത്രം കുറിച്ച് മലയാള സിനിമാ ലോകം; വനിതകൾക്കായി പുതിയ സംഘടന പിറവിയെടുക്കുന്നു

വുമണ്‍ കളക്ടീവ് ഇൻ സിനിമ എന്ന പേരിലാണ് സംഘടന രൂപീകരിക്കുന്നത്. ചലച്ചിത്ര അക്കാദമി ഡയറക്ടറായിരുന്ന ബീന പോൾ, മഞ്ജു വാര്യര്‍, റിമാ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, സജിതാ മഠത്തില്‍ എന്നിവര്‍ ഉള്‍പ്പെടെ 15അംഗ കോര്‍ കമ്മിറ്റിയാണ് സംഘടനാ രൂപീകരണത്തിന് ചുക്കാൻ പിടിക്കുന്നത്. .

ചരിത്രം കുറിച്ച് മലയാള സിനിമാ ലോകം; വനിതകൾക്കായി പുതിയ സംഘടന പിറവിയെടുക്കുന്നു

ഇന്ത്യൻ ചലച്ചിത്ര ലോകത്ത് പുതിയ ചരിത്രത്തിനു തിരികൊളുത്തി മലയാള സിനിമയിൽ വനിതാ സം​ഘടന പിറവിയെടുക്കുന്നു. വുമണ്‍ കളക്ടീവ് ഇൻ സിനിമ എന്ന പേരിലാണ് സംഘടന രൂപീകരിക്കുന്നത്. ചലച്ചിത്ര അക്കാദമി ഡയറക്ടറായിരുന്ന ബീന പോൾ, മഞ്ജു വാര്യര്‍, റിമാ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, സജിതാ മഠത്തില്‍ എന്നിവര്‍ ഉള്‍പ്പെടെ 15അംഗ കോര്‍ കമ്മിറ്റിയാണ് സംഘടനാ രൂപീകരണത്തിന് ചുക്കാൻ പിടിക്കുന്നത്.

താരങ്ങളും ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരും ഈ സംഘടനയുടെ ഭാഗമാണ്. രമ്യാ നമ്പീശന്‍, സയനോര, ഗീതു മോഹന്‍ദാസ്, പദ്മപ്രിയ, ഭാവന തുടങ്ങിയവരും കോര്‍ കമ്മിറ്റിയിലുണ്ട്. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും മാധ്യമപ്രവർത്തകയുമായ വിധു വിൻസന്റ് ഉൾപ്പടെയുള്ളവർ പുതിയ സംഘടനയുമായി കൈകോർത്തു പ്രവർത്തിക്കും. സിനിമ രംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പുവരുത്തുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

പുതിയ സംഘടനയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് മ‍ഞ്ജു വാര്യറുടെ നേതൃത്വത്തിൽ സംഘടനാ പ്രവർത്തകർ ഇന്നു വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും. മുഖ്യമന്ത്രിയെ തങ്ങളുടെ പ്രശ്നങ്ങൾ അറിയിച്ച ശേഷം സർക്കാർ സഹായം തേടാനാണ് നേതൃത്വത്തിന്റെ തീരുമാനം.

അതേസമയം, പുതിയ സംഘടന നിലവിലെ മലയാള ചലച്ചിത്ര സംഘടനകൾക്കു ബദലായുള്ളതല്ലെന്നും അമ്മ, മാക്ട, ഫെഫ്ക എന്നീ സംഘടനകളിലെ വനിതകളും വുമണ്‍ കളക്ടീവ് ഇൻ സിനിമയുമായി സഹകരിക്കുമെന്നും നേതൃത്വം അറിയിച്ചു. നേരത്തെ ചലച്ചിത്ര നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വ്യാപക ചര്‍ച്ചയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വനിതാ ചലച്ചിത്ര പ്രവർത്തകർക്കായി ഒരു സംഘടനയെന്ന തീരുമാനത്തിലേക്ക് താരങ്ങൾ എത്തിയത്.

Read More >>