സന്തോഷ് പണ്ഡിറ്റിന്റെ സിനിമയ്ക്കു ശേഷം കൂക്കി വിളി കാശാക്കാന്‍ രാമലീല; തിയറ്റര്‍ ഉടമകള്‍ ഭീതിയില്‍

ദിലീപിന്റെ കുപ്രസിദ്ധി വില്‍ക്കാന്‍ സിനിമ റിലീസിന് ഒരുങ്ങുന്നു. ഫാന്‍സിന്റെ ശക്തി പ്രകടനം ഉണ്ടാക്കിയേക്കാവുന്ന നാശനഷ്ടങ്ങളാണ് തിയറ്റര്‍ ഉടമകളെ ഭയചകിതരാക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ സിനിമയ്ക്കു ശേഷം കൂക്കി വിളി കാശാക്കാന്‍ രാമലീല; തിയറ്റര്‍ ഉടമകള്‍ ഭീതിയില്‍

സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ സിനിമ കൃഷ്ണനും രാധയുടേയും മാതൃകയില്‍ ദിലീപിന്റെ അവസാനത്തെ സിനിമ രാമലീല തിയറ്ററിലെത്തിക്കാന്‍ നീക്കം. കൂക്കി വിളിക്കാനും ബഹളമുണ്ടാക്കാനും എത്തുന്ന പ്രേക്ഷകരുടെ ആദ്യ ദിന കളക്ഷന്‍ മാത്രം പ്രതീക്ഷിച്ചാണ് റിലീസിനൊരുങ്ങുന്നത്. പെട്ടിയിലായാല്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പുലിമുരുകന്റെ വിജയം കൊണ്ട് കൊയ്ത കോടികള്‍ ഒന്നടങ്കമാണ് നഷ്ടപ്പെടുക.

നിര്‍മ്മാതാവിനുണ്ടായ ഈ നഷ്ടം പരിഹരിക്കാനുള്ള വഴിയാണ് പുതുതായി പ്രവര്‍ത്തനം തുടങ്ങിയ തിയറ്റര്‍ ഉടമകളുടേയും നിര്‍മ്മാതാക്കളുടേയും സംഘടന തേടുന്നത്. സംഘടനയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയെങ്കിലും മാനുഷിക പരിഗണന നിര്‍മ്മാതാവും സംവിധായകനും അര്‍ഹിക്കുന്നതിനാല്‍ പ്രദര്‍ശിപ്പിക്കാം എന്നാണ് സംഘടനയുടെ തീരുമാനം. എന്നാല്‍ സംഘര്‍ഷം ഉണ്ടായേക്കാം എന്നത് തിയറ്ററുടമകളെ ഭയപ്പെടുത്തുന്നു. കൂക്കി വിളിക്കാനും കയ്യടിക്കാനും 'കാശുവാങ്ങി ഫാന്‍സ്' എത്തുന്നത് സംഘര്‍ഷത്തിന് കാരണമാകും. ദിലീപ് ഫാന്‍സ് എന്ന പേരില്‍ സംഘടിക്കപ്പെട്ട സംഘത്തോട് മറ്റു താരങ്ങളുടെ ഫാന്‍സ് വൈരാഗ്യം പുലര്‍ത്തുകയാണ്.

രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ശക്തിപ്രകടനം നടന്നാല്‍ അത് സംഘര്‍ഷത്തിലേയ്ക്ക് കടക്കുമെന്നും ഇരിപ്പിടങ്ങള്‍ക്കും വസ്തുവകകള്‍ക്കും കനത്ത നഷ്ടമുണ്ടാകുമെന്നതും തിയറ്റര്‍ ഉടമകളെ ഭീതിയിലാഴ്ത്തുന്നു. ഇത് ക്രമസമാധാന പ്രശ്‌നമായതിനാല്‍ പൊലീസിന്റെ അനുവാദവും സംരക്ഷണവും തേടേണ്ടി വരും. സിനിമ പ്രദര്‍ശനത്തിനുള്ളില്‍ നടക്കുന്ന സംഘര്‍ഷം കൈകാര്യം ചെയ്യാന്‍ പൊലീസ് വിമുഖത കാണിച്ചാല്‍ തിയറ്ററുകള്‍ക്ക് പിന്‍മാറേണ്ടി വരും.

കേരളത്തിനകത്തും പുറത്തുമായി പരമാവധി തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ നിലവില്‍ ദിലീപിനുണ്ടായ കുപ്രസിദ്ധി കാശാകും എന്നതാണ് കണക്കു കൂട്ടല്‍. കുടുംബ പ്രേക്ഷകരെ ഉദ്ദേശിച്ച് നിര്‍മ്മിച്ച സിനിമ തികച്ചും വ്യത്യസ്തമായ ബഹളമയ പ്രേക്ഷകരുടെ മുന്നിലേയ്ക്ക് ഇട്ടു കൊടുത്താലുണ്ടാകുന്ന ഭവിഷ്യത്തും തിയറ്റര്‍ ഉടമകളെ ഇരുത്തി ചിന്തിപ്പിക്കുന്നു. സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയുമാണ് ഇത്തരത്തില്‍ കുപ്രസിദ്ധി വില്‍ക്കാന്‍ പ്രദര്‍ശിപ്പിച്ച ആദ്യ മലയാള സിനിമ. സിനിമ കാണാനെത്തിയവര്‍ ഗതാഗതം വരെ തടസപ്പെടുത്തി. സ്‌ക്രീനിലെ ഓരോ ഡയലോഗിനും കൂക്കി വിളിയും കൗണ്ടറടിയും കൊണ്ട് ശബ്ദമുഖരിതമായിരുന്നു തിയറ്റര്‍. ബിക്ലാസ് തിയറ്ററുകളിലാണ് ആ സിനിമ പ്രദര്‍ശിപ്പിച്ചത്. ഇരിപ്പിടങ്ങളില്‍ കയറിനിന്നും തുള്ളിമറിഞ്ഞും സീറ്റുകള്‍ തകര്‍ന്നു.

രാമലീല 15 കോടി രൂപ ചെലവിട്ടാണ് നിര്‍മ്മിച്ചത്. സംവിധായകന്റെ കന്നി സംരഭമാണ് സിനിമ. സംവിധായകനായ ചെറുപ്പക്കാരന്റെ ജീവിതമാണ് അതു തകര്‍ക്കരുതെന്നും നിര്‍മ്മാതാവ് എന്തു പിഴച്ചു എന്ന നിലയ്ക്കുള്ള കരളലയിപ്പിക്കുന്ന ചോദ്യങ്ങളുയര്‍ത്തി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അന്തരീക്ഷം ഒരുങ്ങി വന്നതാണ്.

നിലവില്‍ തിയറ്ററില്‍ ഉണ്ടാകാനിടയുള്ള ഫാന്‍സ് ഫൈറ്റിനെ കുറിച്ച് വ്യക്തമായി അറിയാവുന്ന തിയറ്റര്‍ ഉടമകളില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ഭീതി സിനിമയുടെ റിലീസിനെ ബാധിക്കും. തിയറ്ററിനുണ്ടാകുന്ന നാശനഷ്ടത്തിനുള്ള നഷ്ടപരിഹാരം ആര് നല്‍കും എന്ന ചോദ്യത്തിന് ആന്റണി പെരുമ്പാവൂര്‍ ഇപ്പോള്‍ നയിക്കുന്ന ദിലീപ് സംഘടിപ്പിച്ച ഫിയോക് തന്നെയാണ് ഉത്തരം പറയേണ്ടി വരിക.

Story by
Read More >>