സെക്രട്ടറിമാരായി സ്ത്രീകള്‍: സിപിഐഎം സമ്മേളനങ്ങള്‍ വാക്കു പാലിക്കുന്നു

25 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പരിചയവുമായി വയലാറില്‍ സഖാവ് കാര്‍ത്ത്യായനി വിദ്യാധരന്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാകുന്നു. യുവാക്കളേയും സ്ത്രീകളേയും പാര്‍ട്ടി തലപ്പത്തേയ്‌ക്കെത്തിക്കും എന്ന വാക്ക് പാലിക്കുകയാണ് പാര്‍ട്ടി...

സെക്രട്ടറിമാരായി സ്ത്രീകള്‍: സിപിഐഎം സമ്മേളനങ്ങള്‍ വാക്കു പാലിക്കുന്നു

കാല്‍നൂറ്റാണ്ട് കാലമായി സഖാവ് കാര്‍ത്യായനി ചെങ്കൊടിയേന്തുന്നു. പതിമൂന്നാമത്തെ വയസ്സുമുതല്‍, എസ്എഫ്‌ഐയില്‍ ആരംഭിച്ച രാഷ്ട്രീയ ജീവിതം ഇപ്പോള്‍ സഖാവ് കാര്യത്യായനിയെ എത്തിച്ചിരിക്കുന്നത് മരുത്തോര്‍വട്ടം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്താണ്. ഇപ്പോഴും സജീവമായ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെക്കുറിച്ച് സഖാവ് കാര്‍ത്യായനി പറയുന്നു.

എട്ടാം ക്ലാസ്സില്‍ സഖാവ്

എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം മുതല്‍ ഞാന്‍ പാര്‍ട്ടിയില്‍ സജീവപ്രവര്‍ത്തകയാണ്. ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങര സ്‌കൂളിലായിരുന്നു പഠിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എസ് എഫ് ഐയില്‍ നിന്നാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അവിടെത്തെ സ്ഥിരം സ്ഥാനാര്‍ത്ഥിയായിരുന്നു. ശരിക്കും അവിടെ നിന്നാണ് എന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നതെന്ന് പറയാം. കോളേജ് പഠനകാലത്ത് സ്ഥാനാര്‍ത്ഥിയായില്ല എങ്കിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പാര്‍ട്ടിയിലെ എല്ലാക്കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കിലും പാര്‍ട്ടിയോട് നൂറ് ശതമാനം കൂറ് പുലര്‍ത്തിയാണ് പ്രവര്‍ത്തിച്ചത്. കോളേജ് ജീവിതം കഴിഞ്ഞപ്പോഴും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ചതേയുള്ളൂ.

പാര്‍ട്ടിയിലേക്ക്

കാലാകാലങ്ങളായി സിപിഐഎം പ്രവര്‍ത്തകരായിരുന്നു ഞങ്ങളുടെ കുടുംബം. അച്ഛനും അമ്മയും പാര്‍ട്ടി പ്രവര്‍ത്തകര്‍. പാര്‍ട്ടിയുടെ ചെറിയ കൂട്ടായ്മകള്‍ സംഘടിപ്പിച്ചിരുന്നത് ഞങ്ങളുടെ വീട്ടിലായിരുന്നു. ഞാന്‍ എട്ടില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്‍ മരിക്കുന്നത്. അതുകൊണ്ടൊക്കെയാകാം പാര്‍ട്ടിയോടും അതിന്റെ ആദര്‍ശങ്ങളോടും ചെറുപ്പം മുതല്‍ ആഭിമുഖ്യം തോന്നിയിരുന്നതെന്ന് കാര്‍ത്യായനി പറയുന്നു. വിവാഹം കഴിച്ചയച്ചതും പാര്‍ട്ടി ആഭിമുഖ്യമുളള അരീപ്പറമ്പ് എന്ന സ്ഥലത്തെ കുടുംബത്തിലേക്കായിരുന്നു. ഭര്‍ത്താവ് വിദ്യാധരനും പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. അവിടെ നിന്നാണ് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ലഭിക്കുന്നത്. ഇരുപത്താറ് വര്‍ഷമായി ഇന്നും പാര്‍ട്ടി മെമ്പറായി തുടരുന്നു. ആറ് വര്‍ഷം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സഖാവ് വിദ്യാധരന്‍. ഭര്‍ത്താവ് മരിച്ചിട്ട് ഒരു വര്‍ഷമാകുന്നു.

Image Title
ഏറ്റവും നല്ല പാര്‍ട്ടി അനുഭവങ്ങളിലൂടെയാണ് കടന്നു പോയിട്ടുള്ളത്. പാര്‍ട്ടി പറയുന്ന കാര്യങ്ങള്‍ അനുസരിച്ച് മാത്രമേ മുന്നോട്ട് പോയിട്ടുള്ളൂ. കുടുംബശ്രീയിലും സിഡിഎസ്സിലും സജീവ അംഗമാണ് ഞാന്‍. പാര്‍ട്ടി അംഗം എന്നുള്ള അംഗീകാരം എല്ലായിടത്തു എപ്പോഴും ലഭിക്കുന്നുണ്ട്. പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങളോട് യോജിച്ചു മുന്നോട്ട് പോകാനാണ് ശ്രമിച്ചിട്ടുള്ളത്. അതിനിയും അങ്ങനെ തന്നെ തുടരാന്‍ തന്നെയാണ് തീരുമാനം. ഇപ്പോഴത്തെ പദവിയും പാര്‍ട്ടി തീരുമാനമാണ്. അവര്‍ എല്ലാവരും കൂടി തീരുമാനിച്ച കാര്യമാണ് എന്നെ ബ്രാഞ്ച് സെക്രട്ടറിയായി ചുമതലയേല്‍പിക്കുക എന്നതും. ഈ പാര്‍ട്ടിയുടെ ഏറ്റവും വലിയ പ്രത്യകതയും അത് തന്നെയാണ്. തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന പാര്‍ട്ടിയാണിത്. നിലപാടുകള്‍ കൊണ്ടും സ്ത്രീകള്‍ക്ക് നല്‍കുന്ന പിന്തുണ കൊണ്ടും സിപിഐഎം എന്നും വ്യത്യസ്തമായി തന്നെയാണ് നിലകൊള്ളുന്നത്.

ബ്രാഞ്ച് സെക്രട്ടറിയ്ക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്

അടിസ്ഥാനമായി ലഭിക്കുന്ന ചുമതലയാണ് ബ്രാഞ്ച് സധാരാളം ചുമതലകള്‍ ഉള്ള ഒരു പദവിയാണത്. ഇന്ന് പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെയുള്ള സമരത്തില്‍ പങ്കെടുക്കണം. അതുപോലെ പ്രദേശവാസികളുടെ എല്ലാ പ്രശ്‌നങ്ങളിലും നമ്മുടെ സാന്നിദ്ധ്യം ആവശ്യമാണ്. അവരുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നത് തന്നയാണ് പ്രധാനം. അവരുടെ പ്രതിഷേധങ്ങളിലും ബ്രാഞ്ച് യോഗങ്ങളിലും ലോക്കല്‍ കമ്മറ്റി യോഗങ്ങളിലും പങ്കെടുക്കണം. അതുപോലെ പാര്‍ട്ടി യോഗങ്ങളിലും മറ്റും സജീവമായ സാന്നിദ്ധ്യമാകുകയും ചെയ്യണം. എങ്കില്‍ മാത്രമേ പാര്‍ട്ടി സംഘടന ശക്തമാകു. ഒരു നാടിന്റെ പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ അവിടെ ജാതിയും മതവും ഒന്നും നോക്കാന്‍ പറ്റില്ല. ജനങ്ങളാണ് പ്രധാനം.

സിപിഎം സ്ത്രീകളെ അംഗീകരിക്കുന്നുണ്ട്

ആദ്യമായിട്ടാണ് ഒരു വനിതാ ബ്രാഞ്ച് സെക്രട്ടറി വരുന്നത്. അതും പാര്‍ട്ടി തീരുമാനമായിരുന്നു. ഇത്തവണ ഒരു വനിതയാകണം പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി എന്ന് പാര്‍ട്ടിയാണ് തീരുമാനിച്ചത്. എന്റൊപ്പം നിന്നവര്‍ ഈ നിര്‍ദ്ദേശത്തെ പിന്തുണ നല്‍കി സ്വീകരിക്കുകയും ചെയ്തു. മുന്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ എല്ലാ അണികളും പിന്തുണച്ചു. സീനിയോറിറ്റിയും പ്രവര്‍ത്തന പരിചയവും മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി ഇത്തരമൊരു പദവിയിലേക്ക് വ്യക്തികളെ നിര്‍ദ്ദേശിക്കുന്നത്. ഇരുപത്തിയാറു വര്‍ഷം പാര്‍ട്ടി പറഞ്ഞതനുസരിച്ച് സജീവമായി പ്രവര്‍ത്തിച്ചതിന് പാര്‍ട്ടി നല്‍കിയ സമ്മാനമാണ് ഈ പദവി എന്ന് കാര്‍ത്യായനി പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ഗവണ്‍മെന്റ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണെന്ന് സഖാവ് കാര്‍ത്യായനി സ്വന്തം അനുഭവത്തില്‍ നിന്ന് തന്നെ വെളിപ്പെടുത്തുന്നു. അത് പാര്‍ട്ടിയുടെ നയമാണ്. സ്ത്രീകളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നുള്ളത്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകതയാണത്. പാര്‍ട്ടി എന്നോട് കാണിച്ച വിശ്വാസമാണിത്. അത് പൂര്‍ത്തീകരിക്കുക എന്നത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നു.

സമരം ചെയ്തും അറസ്റ്റ് വരിച്ചും ഉജ്ജ്വലമായ ഒരു പാര്‍ട്ടി ജീവിതത്തിലൂടെയാണ് താന്‍ കടന്നു വന്നതെന്ന് സഖാവ് കാര്‍ത്യായനി അഭിമാനത്തോടെ പറയുന്നു. എന്തായാലും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഏറ്റവും നന്നായി നടപ്പിലാക്കാന്‍ തന്നെയാണ് ഈ പെണ്‍സഖാവിന്റെ തീരുമാനം. മകന്‍ ബിനീഷും മരുമകള്‍ രമ്യയും സഖാവായ അമ്മയ്ക്ക് സര്‍വ്വ പിന്തുണയും നല്‍കി ഒപ്പമുണ്ട്.

Read More >>