ദേശീയ അവാര്‍ഡ് സംവിധായകന്റെ ജീവിത സംവിധാനം: ഭാര്യയെ മാനസിക രോഗിയാക്കി ആശുപത്രിയിലടച്ചു; കഥ പാളി അറസ്റ്റിലായി!

വ്യാജരേഖകളിൽ ഒപ്പിടുവിച്ച് ഭാര്യയെ മാനസികാരോഗ്യകേന്ദ്രത്തിൽ ആക്കിയതിന് രാജേഷിനെതിരെ കേസുണ്ട്. ദേശീയപുരസ്കാരം നേടിയപ്പോൾ രാജേഷ് മപുസ്കർ എന്ന സംവിധായകന്റെ തിരശ്ശീലയ്ക്ക് പിന്നിലുള്ള കഥകളും വാർത്തകളിൽ നിറയും.

ദേശീയ അവാര്‍ഡ് സംവിധായകന്റെ ജീവിത സംവിധാനം: ഭാര്യയെ മാനസിക രോഗിയാക്കി ആശുപത്രിയിലടച്ചു; കഥ പാളി അറസ്റ്റിലായി!

ഫെറാറി കി സവാരി എന്ന ഹിറ്റ് സിനിമ ചെയ്ത രാജേഷ് മപുസ്കർ വാർത്തകളിൽ നിറഞ്ഞത് സിനിമയുടെ പേരിലായിരുന്നില്ല. ഗാർഹികപീഡനത്തിന് ഭാര്യ നിഷ നൽകിയ പരാതിയിൽ ദിൻ ദോഷി പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് രാജേഷ് ദേശീയമാധ്യമങ്ങളിൽ നിറയുന്നത്.

2010 ൽ നിഷയെ മാനസികാരോഗ്യ കേന്ദ്രത്തിൽ അഡ്മിറ്റ് ചെയ്തപ്പോൾ രാജേഷ് പറഞ്ഞത് അവർക്ക് ആത്മഹത്യാ പ്രവണത ഉണ്ടെന്നും മാനസികനില തെറ്റിയിരിക്കുകയാണെന്നുമായിരുന്നു. മറ്റൊരു സ്ത്രീയുമായി വിവാഹേതരബന്ധം പുലർത്തിയിരുന്ന രാജേഷ് നിഷയെ വ്യാജരേഖകളിൽ ഒപ്പിടുവിച്ചാണ് ആശുപതിയിൽ ആക്കിയതെന്നാണ് പരാതി. നിഷയുടെ ബന്ധുക്കൾക്ക് ആ വിവരം അറിയില്ലായിരുന്നു. തന്റെ സമ്മതമില്ലാതെ 15 പ്രാവശ്യം ഷോക്ക് നൽകപ്പെട്ടുവെന്നും അവർ പരാതിപ്പെട്ടു.

പിന്നീട് നിഷയുമായി വിവാഹമോചനം നേടാൻ രാജേഷ് ശ്രമിച്ചെന്നും വാർത്തകൾ വന്നിരുന്നു. നിഷയ്ക്ക് മാനസികപ്രശ്നം ഉണ്ടെന്നായിരുന്നു കാരണം. 64 മത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ഇതേ രാജേഷ് മപുസ്കർ.

ടെലിവിഷന്‍ രംഗത്തു നിനിന്നുമാണ് അദ്ദേഹം സിനിമയുടെ ലോകത്തെത്തുന്നത്. രചയിതാവ്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ രംഗങ്ങളില്‍ രാജേഷ് പ്രവര്‍ത്തിക്കുന്നു. മഹാരാഷ്ട്രയില്‍ 1968 ല്‍ ജനിച്ച രാജേഷിന്‌റെ കുടുംബത്തിന് സിനിമാ ഹാള്‍ ഉണ്ടായിരുന്നു. അങ്ങിനെ ചെറുപ്പം മുതല്‍ തന്നെ സിനിമ അദ്ദേഹത്തിന്‌റെ ജീവിതത്തിന്‌റെ ഭാഗമായി മാറി. തിയേറ്ററിൽ ടിക്കറ്റ് കൊടുത്തും, ഹാൾ തൂത്തുവാരിയുമെല്ലാം രാജേഷിന്റെ ചെറുപ്പകാലം സിനിമയുമായി ഇണങ്ങിച്ചേർന്നു. ടെലിവിഷന്‍ സംവിധായകനും നിര്‍മ്മാതാവുമായ ഡോ. സതീഷ് രാജ്മാചിക്കറുടെ അസിസ്റ്റന്‌റ് ആയിട്ടാണ് രാജേഷ് ജോലി ആരംഭിക്കുന്നത്. നാല് വര്‍ഷത്തോളം പരസ്യചിത്രങ്ങളില്‍ ജോലി ചെയ്തശേഷം സ്വന്തമായി സിനിമ ചെയ്യാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു.

രാജ് കുമാര്‍ ഹിറാനിയുടെ അസിസ്റ്റന്‌റ് ആയി സിനിമാലോകത്ത് എത്തിയ രാജേഷ് ഹിറ്റ് സിനിമകള്‍ ആയ മുന്നാഭായ് എം ബിബി എസ്, ലഗേ രഹോ മുന്നാഭായ്, 3 ഇഡിയറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്‌റ് ആയി പ്രവര്‍ത്തിച്ചു. ഹിന്ദി ചിത്രമായ ഫെറാറി കി സവാരി ആയിരുന്നു രാജേഷിന്‌റെ സ്വതന്ത്ര സംവിധായകന്‍ എന്ന നിലയിലുള്ള അരങ്ങേറ്റം. മികച്ച നിരൂപകപ്രശംസ നേടിയ ചിത്രമായിരുന്നു ഫെറാറി കി സവാരി.

രണ്ടാമത്തെ ചിത്രമായ വെന്‌റിലേറ്റര്‍ മറാത്തിയിലാണ് നിര്‍മ്മിച്ചത്. അതിനെപ്പറ്റി ഒരു അഭിമുഖത്തില്‍ രാജേഷ് പറയുന്നത് മറാത്തിയില്‍ സിനിമ ചെയ്യുന്നത് പലരും നിരുത്സാഹപ്പെടുത്തി എന്നാണ്. മഒരു ഹിറ്റ് സിനിമ ചെയ്ത ശേഷം അടുത്തത് മറാത്തിയില്‍ ചെയ്യുന്നത് മാര്‍ക്കറ്റിനെ ബാധിക്കുമെന്നായിരുന്നു ഭയം. എന്നാല്‍ നിര്‍മ്മാതാവായ പ്രിയങ്ക ചോപ്ര സമ്മതം മൂളിയതോടെ രാജേഷ് സ്വന്തം വഴിയ്ക്ക് നീങ്ങുകയായിരുന്നു. ദേശീയപുരസ്‌കാരം വരെ എത്തിച്ചു ആ ധൈര്യം.

കുടുംബബന്ധങ്ങളാണ് രാജേഷിന്റെ സിനിമകളിൽ അവതരിപ്പിക്കപ്പെടുക. നർമ്മവും ആക്ഷേപഹാസ്യവും ഇഴകലർന്ന് രസിപ്പിക്കുന്ന രീതിയിലാണ് രാജേഷിന്റെ രണ്ട് സിനിമകളും ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ കാര്യത്തിൽ പ്രത്യേക തയ്യാറെടുപ്പുകളൊന്നും രാജേഷിന് നടത്തേണ്ടി വരുന്നില്ല.

ഒട്ടേറെ പരസ്യചിത്രങ്ങളും രാജേഷ് സംവിധാനം ചെയ്തിട്ടുണ്ട്. ദേശീയ അവാര്‍ഡ് ലഭിച്ചതോടെ രാജേഷ് ഭാര്യയെ വ്യാജമായി മാനസിക രോഗിയാക്കാന്‍ ശ്രമിച്ചത് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്‌