ശാന്ത് റാമിന്റെ അവസാനത്തെ ആഗ്രഹം...

എന്റെ അവസാനത്തെ ആഗ്രഹം പറഞ്ഞാല്‍ അത് സാധിപ്പിച്ചു തരാന്‍ നിങ്ങള്‍ക്കാവുമോ? -ശാന്ത് റാം ചോദിച്ചു. ആഗ്രഹം കേള്‍ക്കട്ടെ- എല്ലാവരും കാതു കൂര്‍പ്പിച്ചു. കൊടും ക്രിമിനലായ ശാന്ത് റാം അല്‍പ നേരം ശാന്തനായി. 'അല്‍പ നേരമെങ്കിലും കഴുത്തിലൊരു കയറിട്ട് എന്നെയൊരു കാലിത്തൊഴുത്തില്‍ കെട്ടാമോ. ഈ രാജ്യത്തെ ഏറ്റവും ബഹുമാനിതയായ ഒരു പശുവായി കുറച്ചു നേരമെങ്കിലും എനിക്ക് ജീവിക്കണം...'- ശാന്ത് റാം പറഞ്ഞു- നസറുദ്ദീന്‍ മണ്ണാര്‍ക്കാട് എഴുതുന്നു

ശാന്ത് റാമിന്റെ അവസാനത്തെ ആഗ്രഹം...

നസറുദ്ദീന്‍ മണ്ണാര്‍ക്കാട്

ശാന്ത് റാമിന്റെ വധ ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചത് ആഗസ്ത് 14 നാണ്. ഏതാനും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് കുത്തി തെരുവുകളില്‍ പ്രതിഷേധിച്ചതല്ലാതെ വധ ശിക്ഷയ്‌ക്കെതിരെ കാര്യമായ എതിര്‍പ്പൊന്നും ഉയര്‍ന്നില്ല. നിന്ദ്യവും നീചവുമായ കുറ്റകൃത്യങ്ങള്‍ ചെയ്ത അയാള്‍ക്ക് വേണ്ടി രംഗത്തിറങ്ങേണ്ട കാര്യമില്ലെന്ന് വധ ശിക്ഷയ്ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന റവലൂഷണറി പാര്‍ട്ടി വരെ നിലപാടെടുത്തത്തോടെ ഒരാളുടെയും എതിര്‍പ്പില്ലാതെ രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന ആദ്യത്തെ വധ ശിക്ഷയെന്ന അപൂര്‍വ്വതയും ഈ കേസിനുണ്ട്.

അയാളുടെ നിത്യ രോഗിയായ അമ്മ മാത്രമാണയാളെ ഇത് വരെ ജയിലില്‍ സന്ദര്‍ശിച്ചത്. കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന സെല്ലില്‍ പാര്‍പ്പിച്ചിരുന്ന മറ്റു പ്രതികള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങളേക്കാള്‍ കടുത്ത നിയന്ത്രണങ്ങളാണ് ശാന്ത് റാമിനുണ്ടായിരുന്നത്. അയാളുടെ വൃദ്ധ മാതാവിന്റെ സന്ദര്‍ശനം പോലും പല തവണ തടയപ്പെട്ടു. അനേകം സുരക്ഷാ ഗേറ്റുകളിലൂടെ പ്രവേശിച്ചു കൊണ്ട് മാത്രമേ അവര്‍ക്ക് തന്റെ മകനെ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ.

ഏഴു കൊലപാതകങ്ങള്‍ ചെയ്ത കേസില്‍ ജയിലിലായ കുപ്രസിദ്ധനായ കുറ്റവാളി അരുണ്‍ രാജ്, ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടു കൊന്ന കേസിലെ പ്രതിയായ മനോഹര്‍, റിപ്പര്‍ കൊലയാളി സഞ്ജീവ് തുടങ്ങിയ പ്രതികളെയെല്ലാം പാര്‍പ്പിച്ചിരിക്കുന്നത് ഇതേ ജയിലിലാണ്. ഇവരില്‍ സഞ്ജീവ് 39 പേരെ ഇതിനകം കൊന്നിട്ടുണ്ട് എന്നാണ് കോടതിയില്‍ തെളിഞ്ഞത്. എന്നാല്‍ താന്‍ 62 പേരെ കൊന്നിട്ടുണ്ടെന്ന് സഞ്ജീവ് തന്നെ അഭിമാനത്തോടെ സഹ തടവുകാരോട് പറയാറുണ്ടായിരുന്നു. വഴിയോരങ്ങളില്‍ ഉറങ്ങിക്കിടക്കുന്നവരുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ച് കൊണ്ടായിരുന്നു രാജ്യത്തെ നടുക്കിയ ഈ കൊലപാതകങ്ങളെല്ലാം അയാള്‍ ചെയ്തത്.

ജീവപര്യന്തമാണ് സഞ്ജീവിനു കോടതി വിധിച്ചത്. സഞ്ജീവിനെ പോലുള്ളവര്‍ പുറത്തിറങ്ങി നടക്കുന്നത് നീതി ന്യായ വ്യവസ്ഥയുള്ള ഒരു രാജ്യത്തിന് ചേര്‍ന്നതല്ലെന്ന് വിധി പ്രസ്താവനയില്‍ ജഡ്ജി പ്രത്യേകം പരാമര്‍ശിക്കാനും മറന്നിരുന്നില്ല. എന്നാല്‍ കേസില്‍ വധ ശിക്ഷ നല്‍കേണ്ടതില്ല എന്ന കാര്യത്തില്‍ ബെഞ്ചിലെ എല്ലാവരും ഏകകണ്ഠമായി യോജിച്ചിരുന്നു. രാജ്യം മുഴുവന്‍ ഉറ്റു നോക്കിയ കേസില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തിയ വിധിയാണുണ്ടായത്.

വാര്‍ത്താമാദ്ധ്യമങ്ങളുടെ ഒരു പട തന്നെ കോടതി വളപ്പില്‍ വിധി കാത്തു നിന്നിരുന്നു. ശാന്ത് റാം - നന്ദിനി കേസില്‍ കുറ്റവാളിയായ ശാന്ത് റാമിനെ മരണം വരെ തൂക്കിലേറ്റാന്‍ വിധി വന്നിരിക്കുന്നു എന്ന് ടിവി ചാനലുകളില്‍ ഫ്ളാഷ് ന്യൂസ് വന്നതോടെ ജനങ്ങള്‍ മുഴുവന്‍ ചാനലുകള്‍ മാറി മാറി വീക്ഷിച്ചു കൊണ്ടിരുന്നു.

വൈകുന്നേരത്തെ ഒരു മണിക്കൂര്‍ നീളുന്ന ചാനല്‍ ചര്‍ച്ചയില്‍ അന്നാദ്യമായി അവതാരകന്‍ രാജീവ് ഥാക്കൂര്‍ അതിഥികളെ സംസാരിക്കാന്‍ അനുവദിച്ചു. ഈ കേസിന്റെ വിധിയെ കുറിച്ച് എല്ലാവര്ക്കും ഒരേ അഭിപ്രായമായിരുന്നതിനാല്‍ ചര്‍ച്ച വാഗ്വാദങ്ങളില്ലാതെ അവസാനിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നത് ശാന്ത് റാമിനെ ഉടനടി വധ ശിക്ഷയ്ക്ക് വിധേയനാക്കണോ അതോ ഒന്നോ രണ്ടോ വര്‍ഷം കഠിന തടവിലിട്ട ശേഷം മതിയോ എന്ന കാര്യത്തില്‍ മാത്രമായിരുന്നു.

നീരു വന്നു വീര്‍ത്ത കാലുകളുമായി വേച്ച് വേച്ച് നടന്നാണ് ശാന്ത് റാമിന്റെ അമ്മ അയാളെ അവസാനമായി കാണാനെത്തിയത്. രാജ്യം കണ്ട ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിയുടെ അമ്മയുടെ ഫോക്കസ് ചെയ്‌തെടുത്ത ചിത്രങ്ങള്‍ എല്ലാ പത്രങ്ങളിലും വന്നു കഴിഞ്ഞിരുന്നതിനാല്‍ നിരന്തരം ലഭിച്ചു കൊണ്ടിരുന്ന അവഹേളനവും ഒറ്റപ്പെടുത്തലുകളും സഹിച്ചു കൊണ്ടാണ് മകനെ കാണാന്‍ അവസാന വട്ടവും അവര്‍ പുറപ്പെട്ടത്.

ശാന്ത് റാമിന്റെ അമ്മ മകനെ കാണാന്‍ പുറപ്പെട്ടു കഴിഞ്ഞു. മലയടിവാരത്തുള്ള ശാന്ത് റാമിന്റെ ഗ്രാമത്തില്‍ നിന്ന് പട്ടണത്തിലേക്കുള്ള അയാളുടെ അമ്മയുടെ വഴി ദൂരമത്രയും ഒപ്പിയെടുത്തു കൊണ്ട് വോയിസ് ഓഫ് ഇന്ത്യ ചാനല്‍ എക്‌സ്‌ക്ലൂസീവ് നല്‍കി. ചാനല്‍ പടയുടെ അകമ്പടിയോടെ നീരു വന്നു വീര്‍ത്ത കാലുമായി പാപിയായ ശാന്ത് റാമിന്റെ അമ്മ നടന്നു. വേച്ചു വേച്ചു വീണപ്പോള്‍ പോലും ഒരാളും അവരെ താങ്ങിയെടുത്തില്ല. പകരം അവരുടെ കിതപ്പും ദയനീയമായ ഞരക്കങ്ങളും ലൈവായി കാണിച്ചു.

വധ ശിക്ഷയ്ക്ക് ഇനി വെറും മൂന്ന് നാള്‍ മാത്രം ശേഷിക്കേ മകനെ കാണാന്‍ അമ്മയ്ക്ക് സാധിക്കുമോ എന്ന വിഷയത്തില്‍ ഒരു ചാനല്‍ ചര്‍ച്ച നടന്നു. പാപിയായ മകന് ജന്മ നല്‍കിയതിന്റെ പേരില്‍ കര്‍മ്മ ഫലമേറ്റു വാങ്ങി വഴിയില്‍ വീണു മരണം വരിക്കാനാണ് അവരുടെ വിധിയെന്ന് ചിലര്‍ നിരീക്ഷിച്ചു.

ജയിലില്‍ എത്തിയാലും ശാന്ത് റാമിനെ കാണിക്കില്ലെന്ന് ജയില്‍ മേധാവികളെ ഉദ്ധരിച്ചു ചില ചാനലുകള്‍ വാര്‍ത്ത നല്‍കി. ഏകാന്ത തടവില്‍ കിടക്കുന്ന ശാന്ത് റാമിന്റെ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ തരപ്പെടുവാനുള്ള ചാനല്‍ ശ്രമം പരാജയപ്പെട്ടതിന്റെ പരിഭവം വോയിസ് ഓഫ് ഇന്ത്യയുടെ എഡിറ്റര്‍ മറച്ചു വെച്ചില്ല.

ആഗസ്ത് 12...

ശാന്ത് റാം കഴിഞ്ഞ ഒരാഴ്ച്ചയായി ഭക്ഷണമൊന്നും കഴിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. വധ ശിക്ഷയ്ക്ക് വിധേയനാവേണ്ട വ്യക്തി അതിനു മുന്‍പേ പട്ടിണി കിടന്നു സ്വയം മരിക്കാനിട വന്നാല്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന ഉപദേശം നിയമ വൃത്തങ്ങള്‍ നല്‍കിയതോടെ ആഭ്യന്തര മന്ത്രാലയം വിഷയത്തിലിടപെട്ടു വരികയായിരുന്നു. അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഭക്ഷണം കഴിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് വാര്‍ത്ത പുറത്തായത്. മര്‍ദ്ദിച്ചു കീഴടക്കി കഴിപ്പിക്കണമെന്ന വാദവുമായി ചിലര്‍ വന്നെങ്കിലും അയാളെ മര്‍ദിച്ചാല്‍ ജീവന്‍ വരെ അപായത്തിലാവാന്‍ സാധ്യതയുണ്ടെന്ന എതിര്‍ വാദം പരിഗണിച്ചു ആ ഉദ്യമം ഉപേക്ഷിക്കപ്പെട്ടു.

ജയിലില്‍ നിന്ന് പുറത്തു കൊണ്ട് പോകാന്‍ കഴിയാത്ത ക്രിമിനല്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനാല്‍ വിദഗ്ധ ഡോക്റ്റര്‍മാരുടെ ഒരു സംഘം ജയിലില്‍ തന്നെ ക്യാമ്പ് ചെയ്തു. ജീവന്‍ രക്ഷാ മരുന്നുകളും പോഷകങ്ങളും കുത്തി വെച്ച് കൊണ്ട് അയാളുടെ ജീവന്‍ നില നിറുത്തുകയാണ് അവര്‍ ചെയ്തു പോരുന്നത്.

ആഗസ്ത് 14 പുലര്‍ച്ചെ 3:30 വരെ ശാന്ത് റാമിന്റെ ജീവന്‍ നില നിറുത്താന്‍ എത്ര കോടികള്‍ വേണമെങ്കിലും ചെലവിടാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ക്യാബിനറ്റ് റാങ്കിലുള്ള രണ്ടു മന്ത്രിമാര്‍ മാറി മാറി ജയിലില്‍ തമ്പടിച്ചു.ശാന്ത് റാം ഒരു നിലയ്ക്കും സമൂഹത്തിന്റെ ദയ അര്‍ഹിക്കുന്നില്ലെന്ന കാരണം പറഞ്ഞ് അയാളുടെ ദയാഹരജി തള്ളാന്‍ സര്‍ക്കാര്‍ പ്രസിസിഡന്റിനു കത്തയച്ചിരുന്നു. അതിനോട് അനുകൂലമായി പ്രതികരിച്ച പ്രസിഡന്റ് പരിഗണിക്കപ്പെട്ട 3 ദയാ ഹര്‍ജികളില്‍ രണ്ടെണ്ണം സ്വീകരിച്ചു കൊണ്ട് ശാന്ത് റാമിന്റെ ഹര്‍ജി തള്ളി.

19 വയസ്സുകാരിയായ മകളെ കൊക്കയിലേക്ക് തള്ളിയിട്ട് സദാചാരക്കൊല നടത്തിയ മനീന്ദര്‍ സിംഗിന്റെയും ദുര്‍മന്ത്രവാദം നടത്താന്‍ മൂന്നു പേരെ നരബലി നടത്തിയ രജനീഷ് എന്നയാളുടെയും ദയാഹരജികളാണ് സ്വീകരിച്ചത്. ദയാഹരജി തള്ളപ്പെട്ടതോടെ ശാന്ത് റാമിനെ തൂക്കിലേറ്റുന്ന ദൗത്യമേറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് ആയിരക്കണക്കിന് പേരാണ് ജയിലിലേക്ക് കത്തയച്ചത്. നിയമം അനുവദിക്കുമെങ്കില്‍ ശാന്ത് റാമിനെ ജീവനോടെ കത്തിക്കാന്‍ അനുവദിക്കണമെന്ന് വരെ എഴുതി ആവശ്യപ്പെട്ടവരുണ്ട്.

ശാന്ത് റാമിന്റെ അമ്മ ജയിലിലേക്ക് നീളുന്ന റോഡില്‍ എത്തിയതോടെ കാര്യങ്ങള്‍ ഒന്ന് കൂടി ബഹളമയമായി. ഒരു വക്കീലിന്റെ സഹായം പോലുമില്ലാത്ത അവരെ ജയിലില്‍ നിന്ന് നൂറു മീറ്റര്‍ അകലെ വെച്ച് തടയണമെന്നാണ് കോടതി ഉത്തരവ്. ഉത്തരവ് പാലിക്കാന്‍ നൂറു കണക്കിന് പോലീസുകാര്‍ ബാരിക്കേഡുകള്‍ തീര്‍ത്തു കാവല്‍ നിന്നു.

ശാന്ത് റാമിന്റെ അമ്മ മകനെ കാണാനുള്ള ആഗ്രഹത്തോടെ സപ്ത നാഡികളിലെവിടെ നിന്നോ ആവാഹിച്ചെടുത്ത അവസാനത്തെ ഊര്‍ജ്ജത്തോടെ ആഞ്ഞു നടന്നു. തൊട്ടു പുറകെ മാധ്യമപ്പട അവരുടെ വിണ്ടു കീറിയ കാല്‍പാദങ്ങള്‍ മുതല്‍ നര കയറിയ തല വരെ ഒപ്പിയെടുത്തു കൊണ്ടിരുന്നു. പുറത്തെ ബഹളങ്ങള്‍ ഒന്നുമറിയാതെ നൂറു മീറ്റര്‍ അകലെ ജയിലില്‍ കൊടും ക്രിമിനലായ ശാന്ത് റാം കണ്ണുമടച്ചു കിടന്നു.

ശാന്ത് റാമിന്റെ അമ്മയ്ക്ക് തന്റെ പാപിയായ മകനെ കാണാന്‍ കഴിയുമോ ? ഇല്ലേ എന്ന ചര്‍ച്ചയാണിപ്പോള്‍ ടിവിയില്‍. രാജ്യത്തെ അബാലവൃദ്ധം ജനങ്ങളും ചാനലുകള്‍ക്ക് മുന്‍പിലാണ്. ശാന്ത് റാമിന്റെ അമ്മയെ പോലീസ് തടഞ്ഞു. കാരണമൊന്നും പറഞ്ഞില്ല. ഒരു വക്കീലിന്റെ സഹായം പോലുമില്ലാത്ത നിസ്സഹായ അമ്മ അതോടെ ജയിലിനു മുന്‍പില്‍ മോഹാലസ്യപ്പെട്ടു വീണു. അവരെ എഴുന്നേല്‍പ്പിക്കാന്‍ പോലും ആരും മുന്നോട്ട് വന്നില്ല. അബോധ മനസ്സിന്റെ ഉള്‍വിളിയില്‍ എപ്പോഴോ അവര്‍ രണ്ടു മൂന്നു പ്രാവശ്യം മകനെ പേരെടുത്തു വിളിച്ചു. അവ്യക്തമായ അവരുടെ വാക്കുകള്‍ ഒപ്പിയെടുക്കാന്‍ മാധ്യമങ്ങള്‍ അവരുടെ കുഴഞ്ഞ നാവിനു നേരെ മൈക്രോ ഫോണുകള്‍ നീട്ടി. രാജ്യം മുഴുവന്‍ അത് കേട്ടു.

തൂക്കുവാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറായി. ശാന്ത് റാമിന്റെ ഏകാന്ത സെല്ലിന് തൊട്ടടുത്തുള്ള തൂക്കു മരവും ചുറ്റുമുള്ള കൂറ്റന്‍ മതിലുകളുള്ള മരണമുറിയും മൂന്നു ദിവസം മുന്‍പ് തന്നെ വൃത്തിയാക്കി വെച്ചിരുന്നു. ശാന്ത് റാമിന്റെ തൂക്കത്തിനനുസരിച്ച് ഡമ്മി പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കി. ഒരാഴ്ച്ചയായി പട്ടിണി കിടന്നതിനാല്‍ തൂക്കത്തിലുണ്ടാവുന്ന കുറവിനനുസരിച്ചു കയറിന്റെ നീള വ്യത്യാസം കണക്കാക്കാന്‍ രാജ്യത്തെ പരിചയ സമ്പന്നരായ ആരാച്ചാര്‍മാരുടെ സാന്നിധ്യം ഉറപ്പു വരുത്തിയിരുന്നു.

ആഗസ്ത് 13 രാത്രി 11:15 വരെ ശാന്ത് റാം കണ്ണ് തുറക്കാതെ കിടന്നു. അഥവാ കണ്ണ് തുറന്നില്ലെങ്കില്‍ കോരിയെടുത്തു കൊണ്ട് പോയി തൂക്കുന്നതില്‍ പ്രത്യേക ഇളവ് നിയമപരമായി തന്നെ നേടിയതിനാല്‍ ആര്‍ക്കും ഒരാശങ്കയുമുണ്ടായിരുന്നില്ല അക്കാര്യത്തില്‍. എങ്കിലും ശാന്ത് റാം കണ്ണ് തുറന്നതോടെ എല്ലാവരുടെയും മുഖത്ത് സന്തോഷം പരന്നു. മുന്നിലുള്ള സന്നാഹങ്ങള്‍ കണ്ടപ്പോള്‍ ആദ്യമൊന്ന് അന്തം വിട്ടെങ്കിലും ഇതെല്ലാം തൂക്കു കയര്‍ വരെ തന്നെ എത്തിക്കാനുള്ള സജ്ജീകരണങ്ങളാണെന്ന് ശാന്ത് റാമിന് വൈകാതെ മനസ്സിലായി.

ഇതെന്റെ അവസാനത്തെ രാത്രിയാണല്ലേ സാര്‍ - അയാള്‍ ജയില്‍ സൂപ്രണ്ടിനോട് ചോദിച്ചു.

അതെ

ഇപ്പോള്‍ സമയമെത്രയായി

11:30- സൂപ്രണ്ട് വാച്ചില്‍ നോക്കി ഒരു കോട്ടു വായയുടെ അകമ്പടിയോടെ പറഞ്ഞു.

കഴിഞ്ഞ മൂന്നു നാല് ദിവസമായി അവിടെയുള്ളവര്‍ ഉറങ്ങിയിട്ട്. ശാന്ത് റാമിന്റ തൂക്ക് കഴിഞ്ഞിട്ട് വേണം ആ ക്ഷീണമൊന്ന് ഉറങ്ങി തീര്‍ക്കാന്‍ എന്ന കണക്കുകൂട്ടലിലാണ് എല്ലാവരും.

അപ്പോള്‍ ഇനി വെറും നാല് മണിക്കൂര്‍ അല്ലെ

അതെ

നിര്‍വികാരനായി ശാന്ത് റാം എഴുന്നേറ്റിരുന്നു. മെഡിക്കല്‍ ഡോക്ടര്‍മാര്‍ ഇടയ്ക്കിടെ അയാളുടെ നാഡി മിടിപ്പുകള്‍ പരിശോധിച്ച് കൊണ്ടിരുന്നു. അവരിലേക്ക് തിരിഞ്ഞിട്ട് ശാന്ത് റാം പറഞ്ഞു.

നിങ്ങള്‍ പേടിക്കണ്ട. നിങ്ങള്‍ക്കെന്ന ജീവനോടെ തന്നെ തൂക്കിലേറ്റാന്‍ സാധിക്കും. അതിനു ഈ സന്നാഹങ്ങള്‍ ഒന്നും വേണ്ട

മുകളില്‍ നിന്നുള്ള ഉത്തരവാണ്. പാലിച്ചേ പറ്റൂ...

ശാന്ത് റാം ചിരിച്ചു...

ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു ഹോസ്പിറ്റല്‍ പോലുമില്ല. മുകളിലുള്ളവര്‍ അതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. ജീവിക്കുന്നവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ മരിക്കാന്‍ പോകുന്ന എനിക്ക് വേണ്ടി ഉത്തരവ് ഇറക്കിയവരെ കുറിച്ചോര്‍ത്ത് എനിക്ക് ചിരി വരുന്നു...

സര്‍ക്കാരിനെ നിന്ദിക്കരുത് - ക്രൂരമുഖമുള്ള ഒരു ബ്യുറോക്രാറ്റ് മുന്നറിയിപ്പ് നല്‍കിയെങ്കിലും ശാന്ത് റാം അതവഗണിച്ചു.

'നിങ്ങള്‍ക്കറിയാമോ സാറേ, എന്റെ ഒരു സഹോദരന്റെ ശവവും ചുമന്ന് ഞാന്‍ നടന്നിട്ടുണ്ട് കിലോമീറ്ററുകളോളം. അവന്‍ മരിച്ചത് എന്റെ കയ്യില്‍ കിടന്നിട്ടാണ്. ഒരു ആശുപത്രികിടക്കയിലല്ല...

നിങ്ങള്‍ കൂടുതല്‍ സംസാരിക്കുന്നു- ജയില്‍ സൂപ്രണ്ട് ദേഷ്യത്തോടെ പറഞ്ഞു.

ഇല്ല ഞാനിനി സംസാരിക്കുന്നില്ല

അല്‍പ നേരം ആരും സംസാരിച്ചില്ല. മൗനം മുറിച്ചത് സൂപ്രണ്ടാണ്.

അവസാനത്തെ ആഗ്രഹം വല്ലതും - ഇത്രയും ആയപ്പോഴേക്ക് അവിടെ ക്യാമ്പ് ചെയ്തിരുന്ന ക്യാബിനറ്റ് മന്ത്രിമാര്‍ ഇടപെട്ടു. ശാന്ത് റാമിനോട് അവസാനത്തെ ആഗ്രഹം ചോദിക്കേണ്ട കാര്യമില്ലെന്ന് അവര്‍ തീര്‍ത്തു പറഞ്ഞു.

മാനുവലില്‍ ഉള്ളതാണ് സാര്‍ -സൂപ്രണ്ട് വിശദീകരിച്ചു.

മാനുവല്‍ -ക്യാബിനറ്റ് മന്ത്രിമാര്‍ പിറുപിറുത്തു.

എന്റെ അവസാനത്തെ ആഗ്രഹം പറഞ്ഞാല്‍ അത് സാധിപ്പിച്ചു തരാന്‍ നിങ്ങള്‍ക്കാവുമോ - ശാന്ത് റാം ചോദിച്ചു.

ആഗ്രഹം കേള്‍ക്കട്ടെ- എല്ലാവരും കാത് കൂര്‍പ്പിച്ചു. കൊടും ക്രിമിനലായ ശാന്ത് റാം അല്‍പ നേരം ശാന്തനായി.

അല്‍പ നേരമെങ്കിലും കഴുത്തിലൊരു കയറിട്ട് എന്നെയൊരു കാലിത്തൊഴുത്തില്‍ കെട്ടാമോ. ഈ രാജ്യത്തെ ഏറ്റവും ബഹുമാനിതയായ ഒരു പശുവായി കുറച്ചു നേരമെങ്കിലും എനിക്ക് ജീവിക്കണം...

ഗോമാതാവിനെ നിന്ദിക്കുന്നോ - മന്ത്രിമാരില്‍ ഒരാള്‍ ശാന്ത് റാമിനെ അടിക്കാന്‍ ആഞ്ഞെങ്കിലും സൂപ്രണ്ട് അയാളെ തടഞ്ഞു. അത് ഗൗനിക്കാതെ ശാന്ത് റാം പറഞ്ഞു .

നിന്ദിക്കുകയല്ല സാര്‍. വന്ദിക്കുകയാണ്. ഒരു മണിക്കൂറെങ്കിലും ഈ രാജ്യത്തെ ഏറ്റവും വന്ദിക്കപ്പെടുന്ന ഒരു ജീവിയായി എനിക്ക് ജീവിക്കണം. വിശപ്പ് സഹിക്കാനാവാതെയാണ് ഞാനൊരു പശുവിനെ അറുത്തു കൊന്നത്. അതിന്റെ പേരിലാണ് ഈ രാജ്യമെന്നെ തൂക്കിലേറ്റാന്‍ പോകുന്നത്.

ശാന്ത് റാമിന്റെ അവസാനത്തെ ആഗ്രഹം നിരാകരിക്കപ്പെട്ടു. കൃത്യം 3:15 നു തന്നെ രണ്ടു പേർ ചേര്‍ന്ന് അയാളെ തൂക്കു മരത്തിലേക്ക് വലിച്ചുകൊണ്ടു പോയി. ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ് വീണ്ടും ഒരിക്കല്‍ കൂടി വായിക്കപ്പെട്ടു.ഏഴു വയസ്സുകാരിയായ നന്ദിനി എന്ന പശുവിനെ അതിക്രൂരമായി കൊന്ന കേസിലെ പ്രതി ശാന്ത് റാം (38 വയസ്സ്) നെ മരണം വരെ തൂക്കിലേറ്റുന്നു.

മുഖം മറയ്ക്കാത്ത ആരാച്ചാര്‍ ലിവര്‍ വലിച്ചു...