സ്വന്തം പാട്ട് ഫേസ്‌ബുക്കിൽ ഷെയർ ചെയ്തു; റഫീക്ക് അഹ്മദിന് കിട്ടിയത് മുട്ടൻ പണി

വിവാഹത്തിന് ശേഷം ആദ്യമായി നസ്രിയ നസീം അഭിനയിക്കുന്ന സിനിമ എന്ന നിലയിൽ 'കൂടെ' നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.

സ്വന്തം പാട്ട് ഫേസ്‌ബുക്കിൽ ഷെയർ ചെയ്തു; റഫീക്ക് അഹ്മദിന് കിട്ടിയത് മുട്ടൻ പണി

സ്വന്തം പാട്ടിന്റെ വരികൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത ഗാനരചയിതാവ് റഫീഖ് അഹ്മദിന് കിട്ടിയത് മുട്ടൻ പണി. പകർപ്പവകാശ ലംഘനം ആരോപിച്ച് 24 മണിക്കൂർ ബ്ലോക്കാണ് ഫേസ്‌ബുക്ക് അദ്ദേഹത്തിന് നൽകിയത്. ഉടൻ പുറത്തിറങ്ങുന്ന 'കൂടെ' എന്ന സിനിമയിലെ പാട്ടിന്റെ വരികൾ പങ്കു വെച്ചതിനായിരുന്നു ബ്ലോക്ക്. ഇക്കാര്യം അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'ഉടൻ പുറത്തിറങ്ങാൻ പോകുന്ന ഒരു പടത്തിലെ പാട്ട് കിട്ടി. കേട്ടപ്പോൾ നന്നെന്നു തോന്നി. എഫ്.ബി.യിൽ ഷെയർ ചെയ്തു. ഭയങ്കര പ്രശ്നമായി. അതൊരു പകർപ്പവകാശ ലംഘനമായിരുന്നു. 24 മണിക്കൂർ എഫ്.ബിക്ക് പുറത്ത് നിർത്തുക എന്നതായിരുന്നു അതിന്റെ ശിക്ഷ. ശിക്ഷ കഴിഞ്ഞ് ദാ, റിലീസായി. മുതലാളിമാരേ അടിയനോട് ക്ഷമിക്കണം. അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണേ. നാലണ ലാഭമില്ലാത്ത ഏർപ്പാടാണ്. പാട്ട് കൂടുതൽ ആൾക്കാർ കേട്ടാൽ വരുമാനം അവിടത്തേക്ക് തന്നെയാണല്ലൊ. ഏതായാലും ഇത് ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പു തരുന്നു.

(മുതലാളിമാർ കേൾക്കാതെ മെല്ലെ ഒരു രഹസ്യം കൂട്ടുകാരോട് പങ്കിടാം. ആ പാട്ട് എഴുതിയത് അടിയൻ തന്നെ ആയിരുന്നു.)'

ഇതാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

വിവാഹത്തിന് ശേഷം ആദ്യമായി നസ്രിയ നസീം അഭിനയിക്കുന്ന സിനിമ എന്ന നിലയിൽ 'കൂടെ' നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ 'ആരാരോ' എന്ന പാട്ട് കഴിഞ്ഞ ദിവസമാണ് റിലീസായത്. മികച്ച പ്രതികരണമാണ് പാട്ടിനു ലഭിച്ചത്. ഈ പാട്ടിന്റെ വരികളാണ് റഫീക്ക് അഹ്മദ് തന്റെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തത്.

ബാംഗ്ലൂർ ഡെയ്‌സിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കൂടെ. നസ്രിയക്കൊപ്പം പൃഥ്‌വിരാജ്, പാർവതി മേനോൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നു. എം ജയചന്ദ്രനാണ് സംഗീത സംവിധാനം. അടുത്ത മാസം 13 ആം തിയതി സിനിമ റിലീസാകും.

Read More >>