എംഎല്‍എ സ്ഥാനം പോയപ്പോള്‍ പഠിച്ചതു മൂന്നുകാര്യങ്ങള്‍; ഊര്‍ജ്ജസ്വലനായി അബ്ദുള്ളക്കുട്ടി മടങ്ങിയെത്തിയിരിക്കുന്നു, മാണിക്ക്യവീണയുമായി

സംഗീതത്തെക്കുറിച്ച് ആധികാരികമായി അറിയാവുന്ന പലരും തന്റെ ഗാനത്തെ അഭിനന്ദിച്ച കാര്യവും അബ്ദുള്ളക്കുട്ടി പറഞ്ഞു. കാസര്‍ഗോഡുള്ള മുസ്ലീം ലീഗ് നേതാവായ കമറുദ്ദീന്‍ തന്റെ പാട്ടിനെപ്പറ്റി പറഞ്ഞത് താളം ഓക്കെ, ശ്രുതി മാത്രമേ പ്രശ്‌നമുള്ളു എന്നാണ്...

എംഎല്‍എ സ്ഥാനം പോയപ്പോള്‍ പഠിച്ചതു മൂന്നുകാര്യങ്ങള്‍; ഊര്‍ജ്ജസ്വലനായി അബ്ദുള്ളക്കുട്ടി മടങ്ങിയെത്തിയിരിക്കുന്നു, മാണിക്ക്യവീണയുമായി

ഒരിടവേളയ്ക്കു ശേഷം പൊതുജനങ്ങളുടെ ഇടയിലേക്കു പാട്ടുമായി മടങ്ങിവന്നിരിക്കുകയാണ് അബ്ദുള്ളക്കുട്ടി. വിവാദങ്ങള്‍ക്കൊന്നും തന്നെ തോല്‍പ്പിക്കാനാകില്ലെന്ന് ഒരിക്കല്‍ക്കൂടി വിളിച്ചുപറഞ്ഞ് പഴയ 'അത്ഭുതക്കുട്ടി' സോഷ്യല്‍ മീഡിയയിലൂടെ ഒരു ഗാനവുമായാണ് എത്തിയിരിക്കുന്നത്. കാട്ടുപൂക്കള്‍ എന്ന സിനിമയ്ക്കുവേണ്ടി ഒഎന്‍വി - ദേവരാജന്‍ - യേശുദാസ് കൂട്ടുകെട്ടില്‍പ്പിറന്ന 'മാണിക്ക്യ വീണയുമായി' എന്ന ഗാനമാണ് അബ്ദുള്ളക്കൂട്ടി ഫേസ്ബുക്കിലൂടെ ആലപിച്ചിരിക്കുന്നത്.


നല്ലരീതിയിലുള്ള പ്രതികരണമാണ് ഗാനത്തിനു സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനന്ദനത്തിനേക്കാളേറേ വിമര്‍ശങ്ങളുണ്ടെങ്കിലും പുതിയൊരു ഗായകനെ കണ്ടുകിട്ടിയ സന്തോഷത്തിലാണു പ്രേക്ഷകര്‍. കണ്ണൂരില്‍ മെയ് ആറാംതീയതി നടന്ന ലീഡേഴ്‌സ് ഒര്‍ക്കസ്ട്രയില്‍ അബ്ദുള്ളക്കുട്ടി ഈ പാട്ടുപാടിയിരുന്നു. പാട്ടിനു ലഭിച്ച അഭിനന്ദനങ്ങളാണു ഫേസ്ബുക്കിലൂടെ ഈ ഗാനം ഒന്നുകൂടി പാടാന്‍ പ്രചോദനമായതെന്ന് അബ്ദുള്ളക്കുട്ടി നാരദാ ന്യൂസിനോടു പറഞ്ഞു.

കുറച്ചു ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന 'ഹാര്‍മണി' എന്ന സംഘടന സമാധാനം എന്ന ആശയത്തെ ലക്ഷ്യമാക്കി ഒരു ലീഡേഴ്‌സ് ഓര്‍ക്കസ്ട്ര സംഘടിപ്പിച്ചിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായ റഷീദാണ് പാട്ടുപാടാനറിയാമോ എന്ന് എന്നോടു ചോദിച്ചത്. പാട്ടുകള്‍ പാടിയിട്ടുണ്ട്, നാടന്‍ പാട്ടും വിപ്ലവ ഗാനങ്ങളുമൊക്കെ പാടിയിട്ടുണ്ട് എന്നു ഞാന്‍ മറുപടി പറഞ്ഞു. ഒരു പാട്ടുപാടണം എന്ന അവരുടെ ആവശ്യം അംഗീകരിച്ച് എന്റെ സുഹൃത്തുകൂടിയായ രവി മേനോനെ ഞാന്‍ ബന്ധപ്പെട്ടു. ഏതു പാട്ടുപാടണം എന്നാണു രവി മേനോനോടു ഞാന്‍ ചോദിച്ചത്. അദ്ദേഹം തെരഞ്ഞെടുത്തു തന്നത് 'മാണിക്ക്യവീണയുമായി, ഓമലാളെ കണ്ടു ഞാന്‍' എന്നീ ഗാനങ്ങളായിരുന്നു. അതില്‍ പാടാന്‍ ഞാന്‍ മാണിക്ക്യ വീണ തെരഞ്ഞെടുക്കുകയായിരുന്നു - അബ്ദുള്ളക്കുട്ടി പറഞ്ഞു.

രവിമേനോന്‍ റിക്കോര്‍ഡ് ചെയ്ത് അയച്ചുതന്ന ഗാനം പലവട്ടം കേട്ട് ഹൃദ്യസ്ഥമാക്കുകയായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അങ്ങനെ പാടിയ ഗാനമാണ് തന്റെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ റിക്കോര്‍ഡ് ചെയ്ത് ഇപ്പോള്‍ യൂട്യൂബില്‍ ഇട്ടതും താന്‍ കുഴപ്പത്തിലായതും എന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. മെയ് ആറിനു കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഈ ഗാനം പാടിയപ്പോള്‍ നിരവധി പേര്‍ അഭിനന്ദനങ്ങളുമായി എത്തിയിരുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

സംഗീതത്തെക്കുറിച്ച് ആധികാരികമായി അറിയാവുന്ന പലരും തന്റെ ഗാനത്തെ അഭിനന്ദിച്ച കാര്യവും അബ്ദുള്ളക്കുട്ടി പറഞ്ഞു. കാസര്‍ഗോഡുള്ള മുസ്ലീം ലീഗ് നേതാവായ കമറുദ്ദീന്‍ തന്റെ പാട്ടിനെപ്പറ്റി പറഞ്ഞത് താളം ഓക്കെ, ശ്രുതി മാത്രമേ പ്രശ്‌നമുള്ളു എന്നാണ്. മുന്‍മന്ത്രി കെ പി മോഹനന്‍, ഫസല്‍ ഗഫൂര്‍, ബിജെപി നേതാവ് രഞ്ചിത്ത് എന്നിവര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ പാട്ടുകള്‍ പാടിയിരുന്നുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. അവരോടൊപ്പം പാടിയ തനിക്കും നല്ല കൈയടിയും പ്രോത്സാഹനവും കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.


പഴയ എസ്എഫ്‌ഐക്കാലത്ത് കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ നല്ല ചേലില്‍ വിപ്ലവഗാനങ്ങള്‍ പാടുന്ന 'സഖാവാ'യിരുന്നു താനെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. നന്നായി കവിതയും എഴുതുമായിരുന്നു. കുറച്ചു പരിശീലനമുണ്ടെങ്കില്‍ ഈ 50മത്തെ വയസ്സിലും തനിക്കു സംഗീതം വഴങ്ങുമെന്നുതന്നെയാണ് വിശ്വാസമെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

'എംഎല്‍എ സ്ഥാനം പോയപ്പോള്‍ കുറച്ചു കാര്യങ്ങള്‍ പഠിച്ചു. പാചകം, ഡ്രൈവിംഗ്, നീന്തൽ ഇവയൊക്കെ ഞാന്‍ പഠിച്ചത് ഇക്കാലത്താണ്. ചെറുപ്പത്തില്‍ ജനങ്ങളുടെ ഇടയിലായിരുന്നതിനാല്‍ ഇക്കാര്യങ്ങള്‍ക്കൊന്നും സമയം കിട്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കൊക്കെ സമയം കിട്ടുന്നുണ്ട്'

- അബ്ദുള്ളക്കുട്ടി പറഞ്ഞു നിര്‍ത്തി.