ലൈംഗിക സ്വാഭിമാന പ്രഖ്യാപനം: മുഹമ്മദ് ഉനൈസിന് ക്വിയറള ഡൈവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ്

വ്യത്യസ്തമായ തന്റെ ലൈംഗിക അഭിരുചി കാരണം ജീവിതത്തില്‍ പല ഘട്ടങ്ങളിലും പ്രതിസന്ധികള്‍ നേരിട്ടതായി മുഹമ്മദ് ഉനൈസ് നാരദാ ന്യൂസിനോട് പറഞ്ഞു. പല തവണ മന:ശാസ്ത്രജ്ഞരെ കാണേണ്ടി വന്ന അനുഭവവും അദ്ദേഹം നാരദാ ന്യൂസുമായി പങ്കുവെച്ചു

ലൈംഗിക സ്വാഭിമാന പ്രഖ്യാപനം: മുഹമ്മദ് ഉനൈസിന് ക്വിയറള ഡൈവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ്

ലൈംഗിക സ്വാഭിമാന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ദി ക്വിയരള ഡൈവേഴ്‌സിറ്റി ഏര്‍പ്പെടുത്തിയ ക്വിയറള ഡൈവേഴ്‌സിറ്റി അവാര്‍ഡിന് കൊല്ലം കുണ്ടറ സ്വദേശി മുഹമ്മദ് ഉനൈസ് അര്‍ഹനായി. എല്‍ജിബിടി വിഭാഗങ്ങളില്‍പ്പെടുന്നവരുടെ തുടര്‍പഠനത്തിനായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. എല്‍ജിബിടി വിഭാഗത്തില്‍പ്പെടുന്ന 34 അപേക്ഷകളാണ് ലഭിച്ചതെന്ന് ക്വിയറള ഫൗണ്ടര്‍ മെമ്പര്‍ ജിജോ നാരദ ന്യൂസിനോട് പറഞ്ഞു.

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ കുണ്ടറക്കടുത്ത് കേരളപുരം സ്വദേശിയായ മുഹമ്മദ് ഉനൈസ് ബിഎഡ് എന്‍ട്രന്‍സ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ്. അടുത്ത കാലത്ത് ലൈംഗിക സ്വാഭിമാന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളാണ് പ്രധാനമായും മുഹമ്മദ് ഉനൈസിനെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് ജിജോ നാരദ ന്യൂസിനോട് പറഞ്ഞു. അടുത്ത ക്വിയറള യോഗത്തില്‍ സ്‌കോളര്‍ഷിപ്പ് തുക കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക സ്വാഭിമാന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് നടന്ന നിരവധി ചടങ്ങുകളില്‍ പങ്കെടുത്ത മുഹമ്മദ് ഉനൈസ് പൊതുവിടങ്ങളില്‍ തന്റെ ലൈംഗിക വ്യക്തിത്വം വെളിപ്പെടുത്തിയിരുന്നു.

വ്യത്യസ്തമായ തന്റെ ലൈംഗിക അഭിരുചി കാരണം ജീവിതത്തില്‍ പല ഘട്ടങ്ങളിലും പ്രതിസന്ധികള്‍ നേരിട്ടതായി മുഹമ്മദ് ഉനൈസ് നാരദാ ന്യൂസിനോട് പറഞ്ഞു. പല തവണ മന:ശാസ്ത്രജ്ഞരെ കാണേണ്ടി വന്ന അനുഭവവും അദ്ദേഹം നാരദാ ന്യൂസുമായി പങ്കുവെച്ചു. മനശാസ്ത്രജ്ഞരില്‍ ഭൂരിഭാഗവും എല്‍ജിബിടി എന്നാല്‍ എന്താണെന്ന് കൂടി അറിയാത്തവരാണ്. ബിരുദാനന്തര ബിരുദ കോഴ്‌സിന്റെ തുടക്കത്തിലാണ് തന്റെ ലൈംഗിക വ്യക്തിത്വം വെളിപ്പെടുത്തിയതെന്ന് മുഹമ്മദ് പറഞ്ഞു. ഇതേത്തുടര്‍ന്ന് സുഹൃത്തുക്കളില്‍ നിന്ന്് പോലും അവഹേളനം നേരിട്ടതായി അദ്ദേഹം പറഞ്ഞു. എല്‍ജിബിടി സമൂഹത്തിന്റെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുന്നതോടൊപ്പം ഒരു അധ്യാപകനാകാണ് മുഹമ്മദ് ഉനൈസിന്റെ ആഗ്രഹം.