ആര്‍എസ്എസുകാരനായ നിര്‍മ്മാതാവിനു മുന്നില്‍ എംടിയുടെ ഭീമന്‍ മുട്ടുമടക്കി

കൊട്ടിഘോഷിച്ച പേരിടല്‍ പരസ്യാഘോഷം അവസാനിച്ചു. എംടി വാസുദേവന്‍നായരുടെ രണ്ടാമൂഴം സിനിമയാകുമ്പോള്‍ മഹാഭാരതമാകില്ല. ഈ വിവാദത്തെപ്പറ്റി എംടി ഇനിയും ഒന്നും മിണ്ടിയിട്ടില്ല

ആര്‍എസ്എസുകാരനായ നിര്‍മ്മാതാവിനു മുന്നില്‍ എംടിയുടെ ഭീമന്‍ മുട്ടുമടക്കി

പരസ്യം നന്നായി വിറ്റഴിക്കാനറിയാവുന്ന സംവിധായകന്റെ തന്ത്രം മാത്രമായിരുന്നു മഹാഭാരതം പേരിടലെന്നു വ്യക്തമാക്കി എംടിയുടെ ഭീമന്‍ മുട്ടുമടക്കി. രണ്ടാമൂഴം സിനിമയാകുമ്പോള്‍ അതിന് മഹാഭാരതം എന്നായിരിക്കില്ല പേരെന്ന് വ്യക്തമാക്കി നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി. ആര്‍എസ്എസുകാരനായ ഷെട്ടി ആയിരം കോടി രൂപയ്ക്കാണ് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യുന്നത്.

രണ്ടാമൂഴം എന്നു തന്നെയാകും മലയാളത്തില്‍ സിനിമയുടെ പേരെന്നും ഇത് ഭീഷണിയെ തുടര്‍ന്നല്ലെന്നുമാണ് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍. സിനിമയുടെ പ്രചരണപ്രവര്‍ത്തനത്തിന്റെ ഭാഗമായി നടക്കുന്ന 'പണംമുടക്കി എതിര്‍പ്പു'കളാണെന്ന സംശയം ആദ്യമേ ഉയര്‍ന്നിരുന്നു.

എംടിക്കു നേരെ നടക്കുന്ന സംഘപരിവാര്‍ ഭീഷണികളുടെ തുടര്‍ച്ചയായും ചിലരുടെ ഭീഷണിയുടെ ഭാഷ മാറി വരുകയായിരുന്നു.

മോഹന്‍ലാലിന്റെ സ്വപ്‌ന പദ്ധതിയ്‌ക്കെതിരെ ഭീഷണി മുഴക്കിയതും എതിര്‍പ്പുകള്‍ക്ക് കാരണമായി. അതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് പിറന്നാള്‍ ആശംസ നേര്‍ന്ന് മോഹന്‍ലാല്‍ ചില സന്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

മഹാഭാരതത്തെ നിശിതമായി വിമര്‍ശിക്കുന്നതാണ് എംടിയുടെ കൃതി. വ്യാസന്റെ കൃതിയില്‍ നിന്നല്ല മറ്റനേകം മഹാഭാരതങ്ങള്‍ പഠിച്ചാണ് എംടി രണ്ടാമൂഴം രചിച്ചത്. പാഞ്ചാലിയുമായുള്ള എല്ലാത്തരം ജീവിതത്തിലും രണ്ടാമൂഴക്കാരനാകേണ്ടി വന്ന ഭീമന്റെ ദയനീയമായ അവസ്ഥയാണ് കൃതിയുടെ കാതല്‍.

ഭീമനേയും പാഞ്ചാലിയേയും ചിത്രീകരിക്കുന്നതിന് സംഘപരിവാര്‍ വിലക്കുകള്‍ വന്നാല്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് എംടി തന്നെ പൂര്‍ത്തിയാക്കിയ തിരക്കഥയിലും കത്രികവെയ്ക്കാന്‍ തയ്യാറാകുന്ന കൂട്ടരാണ് സിനിമയുടെ പിന്നണിയിലെന്നും കച്ചവടം മാത്രമാണ് ലക്ഷ്യമെന്നും വ്യക്തമാകുന്നതാണ് ഇപ്പോഴത്തെ പേര് മാറ്റല്‍- മഹാഭാരതം എന്നതിലും മികച്ച പേര് രണ്ടാമൂഴം എന്നതു തന്നെയാണ്. രണ്ടാമൂഴക്കാരനാകേണ്ടി വന്ന ഭീമന്റെ കഥയ്ക്ക് രണ്ടാമൂഴം എന്നല്ലാതെ മറ്റെന്ത് പേരിടാന്‍?