മോടി പിടിപ്പിച്ച് മോദിയുടെ സിനിമ; വിവേക് ഒബ്റോയ് പ്രധാന വേഷത്തിൽ

മുംബൈ കലാപത്തിൻ്റെയും ബാബരി മസ്ജിദ് ധ്വംസനത്തിൻ്റെയും സൂത്രധാരനും കൂടിയായ ബാൽ താക്കറെയുടെ ജീവിത കഥ താക്കറേ എന്ന പേരിൽ തീയറ്ററുകളിലെത്താനൊരുങ്ങുകയാണ്.

മോടി പിടിപ്പിച്ച് മോദിയുടെ സിനിമ; വിവേക് ഒബ്റോയ് പ്രധാന വേഷത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. പിഎം നരേന്ദ്ര മോദി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിവേക് ഒബ്റോയ് ആണ് നരേന്ദ്ര മോദിയുടെ വേഷം അവതരിപ്പിക്കുക. ദേശീയ പുരസ്കാരം ലഭിച്ച മേരി കോം എന്ന സിനിമയുടെ സംവിധായകൻ ഒമങ് കുമാർ ചിത്രം സംവിധാനം ചെയ്യും.

കഴിഞ്ഞ മൂന്ന് വർഷങ്ങൾ കൊണ്ടാണ് സിനിമയുടെ പ്രാരംഭ നടപടികൾ പൂർത്തിയായതെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. വെറ്ററൻ നടനായ പരേഷ് റാവലാകും നരേന്ദ്ര മോദിയെ അവതരിപ്പിക്കുക എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ വിവേക് ഒബ്റോയ് പ്രധാന വേഷത്തിലെത്തുമെന്ന് ഇപ്പോൾ ഔദ്യോഗിക വിശദീകരണം വന്നിട്ടുണ്ട്. ജനുവരി ഏഴിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിടും. ജനുവരി പകുതിയോടെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം.

തീവ്ര ഹിന്ദുത്വ ഭീകരവാദ സംഘടനയായ ശിവസേനയുടെ സ്ഥാപകനും മുംബൈ കലാപത്തിൻ്റെയും ബാബരി മസ്ജിദ് ധ്വംസനത്തിൻ്റെയും സൂത്രധാരനും കൂടിയായ ബാൽ താക്കറെയുടെ ജീവിത കഥ താക്കറേ എന്ന പേരിൽ തീയറ്ററുകളിലെത്താനൊരുങ്ങുകയാണ്. അതിനു പിന്നാലെയാണ് ഗുജറാത്ത് കലാപത്തിൻ്റെ സൂത്രധാരൻ നരേന്ദ്ര മോദിയും സിനിമ കൊണ്ട് വിശുദ്ധീകരിക്കപ്പെടാനൊരുങ്ങുന്നത്. ലോക്സഭാ തെഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന ഇത്തരം വിശുദ്ധീകരണങ്ങൾ യാത്ര, ദി ആക്സിഡൻ്റൽ പ്രം മിനിസ്റ്റർ എന്നീ ചിത്രങ്ങളിലൂടെയും നടക്കുന്നുണ്ട്.