മേളയിൽ 'ആളൊരുക്കമി'ല്ല; അക്കാദമിയോട് പ്രതിഷേധമറിയിച്ച് വിസി അഭിലാഷും സിനിമാസ്വാദകരും

സംസ്ഥാന പുരസ്കാരം കൂടാതെ മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രം എന്ന ദേശീയ പുരസ്കാരവും ആളൊരുക്കം സ്വന്തമാക്കിയിരുന്നു.

മേളയിൽ ആളൊരുക്കമില്ല; അക്കാദമിയോട് പ്രതിഷേധമറിയിച്ച് വിസി അഭിലാഷും സിനിമാസ്വാദകരും

ഡിസംബറിൽ നടക്കാനിരിക്കുന്ന ചലച്ചിത്ര മേളയിൽ ഇന്ദ്രൻസിന് പോയ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത 'ആളൊരുക്കം' പ്രദർശിപ്പിക്കില്ല. മേളയിൽ പ്രദർശിപ്പിക്കുന്ന 14 മലയാള ചലച്ചിത്രങ്ങളുടെ പട്ടികയിൽ ആളൊരുക്കം ഉൾപ്പെട്ടിട്ടില്ല എന്ന വസ്തുത തിരിച്ചറിഞ്ഞ സിനിമാസ്വാദകർ ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർത്തുന്നുണ്ട്. ആളൊരുക്കം എന്ന സിനിമയുടെ സംവിധായകൻ വിസി അഭിലാഷും ഫേസ്ബുക്ക് പോസ്റ്റിലൂടെ തൻ്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

സംസ്ഥാന പുരസ്കാരം കൂടാതെ മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രം എന്ന ദേശീയ പുരസ്കാരവും ആളൊരുക്കം സ്വന്തമാക്കിയിരുന്നു. എന്നാൽ ചലച്ചിത്ര അക്കാദമി ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് വിസി അഭിലാഷ് കുറിക്കുന്നു. "ദേശീയ പുരസ്‌കാര വേദിയിൽ നേരിടേണ്ടി വന്ന അപമാനത്തേക്കാൾ വലുതാണ് ഇത്.ഇത് വരെയും കയ്യിലെത്താത്ത ആ ദേശീയ പുരസ്കാരത്തെ ഓർത്ത്, അന്ന് ആശ്വാസമേകി വന്ന പല സന്ദേശങ്ങളും ഇപ്പോൾ കാപട്യം പോലെ തോന്നിക്കുന്നു! എല്ലാവരും ഇന്നോളം പാടിപ്പുകഴ്ത്തിയ ആളൊരുക്കം അപമാനിക്കപ്പെട്ടിരിക്കുന്നു! സമ്മാനങ്ങൾ കൊണ്ടും സെൽഫികൾ കൊണ്ടും ഈ ദിവസങ്ങളിൽ സ്നേഹം കൊണ്ട് മൂടപ്പെട്ട ഇന്ദ്രൻസേട്ടൻ അപമാനിക്കപ്പെട്ടിരിക്കുന്നു!"- അദ്ദേഹം കുറിയ്ക്കുന്നു.

വിസി അഭിലാഷിനൊപ്പം ചലച്ചിത്ര ആസ്വാദകരും അക്കാദമിയുടെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഹാസ്യ താരമായി സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ഇന്ദ്രന്‍സിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു ആളൊരുക്കം. ഈ സിനിമയിലൂടെ നിരവധി പുരസ്‌കാരങ്ങളാണ് അദ്ദേഹത്തിനെ തേടിയെത്തിയത്. മകനെത്തേടിയിറങ്ങുന്ന പപ്പു പിഷാരടിയുടെ ആത്മ സംഘര്‍ഷങ്ങള്‍ മികച്ച കയ്യടക്കത്തോടെ ഇന്ദ്രൻസ് അവതരിപ്പിച്ചിരുന്നു.


Story by