പദ്മാവതി: സെൻസറിങ്ങിനു മുമ്പ് ജനവികാരം കണക്കിലെടുക്കണം; മോദി സർക്കാരിന് യോഗി സർക്കാരിന്റെ കത്ത്

പത്മാവതി റിലീസിങ്ങിനെതിരേ സംഘ് പരിവാർ കേന്ദ്രങ്ങളിൽ നിന്നും കടുത്ത എതിർപ്പാണ് യുപിയിൽ ഉയരുന്നത്. തിയേറ്ററുകളുടെയും മൾട്ടിപ്ലക്സുകളുടെയും ഉടമകൾക്കും ചിത്രം പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിയുണ്ട്.

പദ്മാവതി: സെൻസറിങ്ങിനു മുമ്പ് ജനവികാരം കണക്കിലെടുക്കണം; മോദി സർക്കാരിന് യോഗി സർക്കാരിന്റെ കത്ത്

ബോളിവുഡ് സിനിമ പദ്മാവതി സെൻസർ ചെയ്തു നൽകുന്നതിനു മുമ്പ് ജനവികാരവും അവർക്കിടയിലെ അസ്വാരസ്യങ്ങളും പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിന് ഉത്തർപ്രദേശ് സർക്കാരിന്റെ കത്ത്. സംസ്ഥാന ആഭ്യന്തര വകുപ്പാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ചത്. ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കുന്നതാണ് ചിത്രമെന്നും കേന്ദ്ര വാർത്താവിതരണ സെക്രട്ടറി എൻ കെ സിൻഹയ്ക്കു നൽകിയ കത്തിൽ ആരോപിക്കുന്നു. ചിത്രം പ്രദർശനം ചെയ്താൽ സംസ്ഥാനത്ത് ക്രമസമാധാനം തകരുമെന്നും കത്തിലുണ്ട്.

ചിത്രം പുറത്തിറക്കുന്നതിനെതിരെ സംഘ് പരിവാർ കേന്ദ്രങ്ങളിൽ നിന്നും കടുത്ത എതിർപ്പാണ് യുപിയിൽ ഉയരുന്നത്. തിയേറ്ററുകളുടെയും മൾട്ടിപ്ലക്സുകളുടെയും ഉടമകൾക്കും ചിത്രം പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിയുണ്ട്.

പത്മാവതിക്കെതിരെ രാജസ്ഥാനിലെ ഉദയ്പൂരിലെ മേവാർ രാജവംശം നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെ പിതാമഹൻമാരുടെ പേരു മോശമാക്കുന്ന തരത്തിലാണു ബൻസാലി ചിത്രീകരിച്ചിരിക്കുന്നതെന്നു റാണി പത്മാവതിയുടെ പിന്തുടർച്ചക്കാരൻ എം കെ വിശ്വരാജ് സിങ് ആരോപിച്ചു. എന്നാൽ, സൂഫി കവിയായ മാലിക് മുഹമ്മദ് ജയസിയുടെ എഴുത്തിൽനിന്നാണു സിനിമ രൂപീകരിച്ചിരിക്കുന്നതെന്നാണു ബൻസാലിയുടെ പക്ഷം.

നേരത്തെ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ദീപിക പദുകോൺ, രൺവീർ സിങ്, ഷാഹിദ് കപൂർ എന്നിവർ സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡിസംബർ ഒന്നിനാണു നിശ്ചയിച്ചിരിക്കുന്നത്. റിലീസ് ദിനത്തിൽ രാജസ്ഥാനിൽ സംസ്ഥാനവ്യാപകമായ ബന്ദിനു കർണി സേനയും അഹ്വാനം ചെയ്തിരുന്നു.

Read More >>