നടി മായാ എസ് കൃഷ്ണനെതിരെ മീ ടൂ ആരോപണവുമായി തീയറ്റർ ആർട്ടിസ്റ്റ്

"ക്രമേണ അവര്‍ എന്റെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഞാനുമായി ഒരു ലൈംഗിക ബന്ധം ആരംഭിച്ചു."- അനന്യ പറയുന്നു

നടി മായാ എസ് കൃഷ്ണനെതിരെ മീ ടൂ ആരോപണവുമായി തീയറ്റർ ആർട്ടിസ്റ്റ്

നടി മായാ എസ് കൃഷ്ണനെതിരേ ലൈംഗികാരോപണവുമായി തിയ്യറ്റര്‍ കലാകാരി അനന്യ രാമപ്രസാദ്‌. മായ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും അതിന്റെ ആഘാതത്തില്‍ നിന്ന് താന്‍ ഇതുവരെ കരകയറിയിട്ടില്ലെന്നും അനന്യ പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അനന്യ മായക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മഗളിർ മട്ടും, തൊടരി തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ അറിയപ്പെടുന്ന നടിയാണ് മായ. സംവിധായകൻ ശങ്കറും റജനീകാന്തും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം യന്തിരൻ 2.0 വിലും മായ വേഷമിട്ടിട്ടുണ്ട്.

അനന്യയുടെ ഫേസ്ബുക്ക് പോസ്റ്റ്:

2016ലാണ് ഞാന്‍ ആദ്യമായി എന്നെ അധിക്ഷേപിച്ചയാളെ കാണുന്നത്. അന്നെനിക്ക് പതിനെട്ടും അവള്‍ക്ക് 25 ഉം വയസ്സായിരുന്നു. എന്റെ ആദ്യ പ്രൊഡക്ഷന്റെ റിഹേഴ്‌സല്‍ സമയമായിരുന്നു. പ്രൊഫഷണല്‍ രംഗത്തും വ്യക്തിപരമായും ഒന്നുമറിയാത്ത അവസ്ഥയായിരുന്നു. അവരാകട്ടെ വിനോദരംഗത്ത് ഒരു വളര്‍ന്നുവരുന്ന താരവും. അതുകൊണ്ട് തന്നെ റിഹേഴ്‌സലിന്റെ സമയത്ത് എന്നില്‍ പ്രത്യേക താത്പര്യം കാണിച്ചപ്പോഴും വഴികാട്ടിയാകുന്നതുവഴി എനിക്ക് മികച്ചൊരു ഭാവിയുണ്ടാകുമെന്ന് പറഞ്ഞപ്പോഴും ഞാന്‍ അവരെ പൂര്‍ണമായി വിശ്വസിച്ചു. ക്രമേണ ഞങ്ങള്‍ അടുപ്പക്കാരായി. മറ്റേതൊരു കൂട്ടുകാരേക്കാളും ഞാന്‍ അവരെ വിശ്വസിച്ചു. എന്റെ രക്ഷിതാക്കളേക്കാള്‍ ഞാന്‍ അവരുടെ വാക്കുകള്‍ക്ക് വില കല്‍പിച്ചു. എന്റെ ഏക ആശ്രയം അവരാണെന്ന് വരുത്തിത്തീര്‍ത്തു. കരിയറിലും ജീവിതത്തിലും എന്റെ എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നത് അവരായി മാറി. ഞാന്‍ ആരോട്, എന്ത് പറയണം എന്നു വരെ തീരുമാനിക്കുന്നത് അവരായി. ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം പിന്നെ അവര്‍ക്കായി. ആരോഗ്യകരമായ ഒരു ബന്ധമെന്ന് ഞാന്‍ കരുതിയത് ക്രമേണ ഒരു പേടിസ്വപ്‌നമായി മാറി.

എന്റെ ജീവിതത്തിന്റെ നിയന്ത്രണം പൂര്‍ണമായി കൈയാളിയ അവര്‍ എന്നെ മറ്റുള്ളവരില്‍ നിന്ന് അറുത്തുമാറ്റുകയും ചെയ്തു. മറ്റുള്ളവരോട് സംസാരിക്കുന്നത് നിര്‍ത്തുക മാത്രമല്ല, എന്റെ സുഹൃത്തുക്കളെക്കുറിച്ച് എന്നോടും എന്നെ കുറിച്ച് അവരോടും കള്ളങ്ങള്‍ പറഞ്ഞു തുടങ്ങി. ക്രമേണ ഞാന്‍ അവരെ വെറുക്കുന്നതു വരെ എത്തിച്ചു കാര്യങ്ങള്‍. ഞാന്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട രക്ഷിതാക്കളെ അവഗണിക്കുകയും അവരോട് കള്ളം പറയുകയും ചെയ്തു തുടങ്ങി. അങ്ങനെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതെല്ലാം അവര്‍ നശിപ്പിച്ചു. അവരെ സന്തോഷിപ്പിക്കാന്‍ ഞാന്‍ എന്തും ചെയ്യുമായിരുന്നു. ഇല്ലെങ്കില്‍ അവര്‍ എന്നെ അധിക്ഷേപിക്കുകയോ അല്ലെങ്കില്‍ ദിവസങ്ങളോളം എന്നോട് മിണ്ടാതിരിക്കുകയോ ചെയ്യുമായിരുന്നു. ഈ മാനസികവ്യഥ അനുഭവിക്കാത്തവര്‍ക്ക് ഞാന്‍ കടന്നുപോയ അവസ്ഥ മനസ്സിലാകില്ല. എന്നെ ഒന്നുമല്ലാത്തവളാക്കി മാറ്റിയ ആ ദിവസങ്ങളായിരുന്നു അക്കാലത്ത് മനസ്സ് നിറയെ. ആത്മവിശ്വാസവും ആത്മാഭിമാനവും പൂര്‍ണമായി നഷ്ടപ്പെട്ടു. സ്വയം തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കഴിയാതായി.

അവര്‍ എന്നെ ഒന്നുകില്‍ ലോകത്തിന്റെ നെറുകയോളം എത്തിക്കുകയോ അല്ലെങ്കില്‍ എന്റെ ബലഹീനതകളെയും അരക്ഷിതാവസ്ഥയെയും മുതലെടുത്ത് തകര്‍ത്തുകളയുകയോ ചെയ്യും. ക്രമേണ അവര്‍ എന്റെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഞാനുമായി ഒരു ലൈംഗിക ബന്ധം ആരംഭിച്ചു. അവരുടെ വീട്ടില്‍ അന്തിയുറങ്ങുന്നതും അവരോടൊപ്പം കഴിയുന്നതും പതിവായി. അവര്‍ തനിച്ചായിരുന്നു താമസം. ഒരേ കിടക്കയിലായിരുന്നു ഞങ്ങള്‍ ഉറങ്ങിയിരുന്നത്. തുടക്കത്തിലെങ്കിലും യാതൊരു ലൈംഗികതൃഷ്ണയും കൂടാതെയായിരുന്നു ഞങ്ങള്‍ കിടന്നിരുന്നത്. പിന്നെ പതുക്കെ എന്നെ കെട്ടിപ്പിടിച്ചു. നെറ്റിയില്‍ ചുംബിച്ചു. പിന്നെ കഴുത്തിലും കവിളിലുമായി ചുംബനം. പിന്നെ കഥായാകെ മാറി. ഞാന്‍ വല്ലാതെ ഭയന്നു. കെണിയില്‍ പെട്ടതുപോലെയായി. ഞാന്‍ ആകെ ആശങ്കയിലായി. വൈകാരികമായി ആകെ തകര്‍ന്ന അവസ്ഥയിലായി. ഇങ്ങനെയൊക്കെ പെരുമാറുന്നതിന് അവര്‍ എന്നെ ശകാരിച്ചു. സുഹൃത്തുക്കള്‍ക്കിടയില്‍ ഇതൊക്കെ സാധാരണമാണെന്നായിരുന്നു അവര്‍ പറയാറുണ്ടായിരുന്നത്. ഉള്ളില്‍ ആശങ്കയും വിഷമവും ഉള്ളപ്പോഴും ഇതെല്ലാം സ്വാഭാവികമാണെന്ന് കരുതി വിശ്വസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു.

അവര്‍ തുടര്‍ന്നും എന്നെ ശാരീരികമായും വൈകാരികമായും മാനസികമായും ഉപയോഗിച്ചുകൊണ്ടിരുന്നു. പുതിയ ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇതെല്ലാം സ്വാഭാവികമാണെന്ന് അവര്‍ പറയുകയും ചെയ്തു. അന്നെനിക്ക് പതിനെട്ട് വയസ്സ് മാത്രമായിരുന്നു പ്രായം. അതിന് മുന്‍പ് ഒരു ബന്ധവും ഉണ്ടായിരുന്നുമില്ല. അന്നും ഇന്നും പ്രണയം എന്താണെന്ന് എനിക്ക് അറിയുമോ എന്ന കാര്യം സംശയമാണ്. അതുകൊണ്ട് തന്നെ ഞാന്‍ അതുമായി ഒത്തുപോയി. സത്യത്തില്‍ എനിക്ക് സ്ത്രീകളോട് അത്തരത്തിലുള്ള ഒരു താത്പര്യവും തോന്നിയിരുന്നില്ല. എല്‍ജിബിടിക്കാരോട് സ്‌നേഹമേ ഉള്ളൂ. അധികാരമുള്ളതുകൊണ്ട് മാത്രം ഒരാളെ എങ്ങനെ ശാരീരികമായി ചൂഷണം ചെയ്യാം എന്നു കാണിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഇക്കാര്യം പറയുന്നത്. എന്റെ അറിവില്ലായ്മ കൊണ്ടും അവര്‍ ചൂഷണം ചെയ്തതുകൊണ്ടും മാത്രമാണ് ഇതൊക്കെ സംഭവിച്ചത്.

ഇക്കാലത്ത് തന്നെ മായക്ക് സുഹൃത്തും നടനുമായ അശ്വിന്‍ റാം എന്നൊരു പത്തൊന്‍പതു വയസ്സുകാരനുമായി ബന്ധമുണ്ടായിരുന്നു. ഞാനുമായി ശാരീരിക ബന്ധം ഉണ്ടാക്കുന്നതിന് ഒരു മാസം മുന്‍പാണ് ഇവരുടെ ബന്ധം തുടങ്ങിയത്. അവര്‍ ഒന്നിച്ച് ഒരുപാട് സമയം ചെലവിടാറുണ്ടായിരുന്നു. ഏറെ അടുപ്പവും പുലര്‍ത്തിയിരുന്നു. അയാളുടെ വീട്ടില്‍ അന്തിയുറങ്ങാന്‍ ഞാന്‍ കൂട്ട് പോകാറുണ്ടായിരുന്നു. അശ്വിനില്‍ വലിയ താത്പര്യമില്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി. കാറിന് വേണ്ടിയും ജിമ്മില്‍ ഒരു പെഴ്‌സനല്‍ ട്രെയിനറെ കിട്ടാനും വേണ്ടി മാത്രമാണ് അശ്വിനെ ഉപയോഗിക്കുന്നത് എന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഒരു ദിവസം അശ്വിന്റെ വീട്ടില്‍ താമസിക്കുകയാണെന്ന് എനിക്ക് മെസ്സേജ് ലഭിച്ചു. അന്ന് അശ്വിന്‍ അവരോട് വളരെ മോശമായി പെരുമാറിയെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പിറ്റേ ദിവസം തന്നെ അവര്‍ അശ്വിന്റെ കാറില്‍ വിമാനത്താവളത്തിലേയ്ക്ക് പോവുകയും ചെയ്തു. അവര്‍ വളരെ അടുപ്പമുള്ളവരെ പോലെയാണ് പെരുമാറിയത്. യാത്ര പറയുമ്പോള്‍ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയുമെല്ലാം ചെയ്തു. അന്ന് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് മായ പിന്നീട് പറഞ്ഞു. അവര്‍ കിടക്കെില്‍ കെട്ടിപ്പിടിച്ചതും അശ്വിന്‍ ചുംബിച്ചതുമെല്ലാം അവര്‍ പറഞ്ഞു. എന്നാല്‍, പിന്നീട് ലിറ്റില്‍ തിയ്യറ്ററിലെ എല്ലാവരെയും അശ്വിന് എതിരാക്കാനാണ് മായ ശ്രമിച്ചത്. മലേഷ്യയിലെ ഞങ്ങളുടെ ഒരു ഷോ ഇല്ലാതാക്കുക വരെ ചെയ്തു. എന്നാല്‍, ഇത് തിരിച്ചടിയായി. മായയെയും അശ്വിനെയും പിന്നെ ലിറ്റില്‍ തിയ്യറ്ററില്‍ കയറ്റിയില്ല.

എന്നാല്‍, ഇതില്‍ മായ കുപിതയായിരുന്നു. അശ്വിനെതിരേ മാത്രമാണ് അവര്‍ നടപടി പ്രതീക്ഷിച്ചിരുന്നത്. രോഷം മുഴുവന്‍ അവര്‍ അശ്വിനോടാണ് തീര്‍ത്തത്. ഇക്കാലത്താണ് അവര്‍ എന്നെയും ലിറ്റില്‍ തിയ്യറ്ററിനെതിരേയാക്കിയത്. ലിറ്റില്‍ തിയ്യറ്ററിനെതിരേ അവര്‍ അപഖ്യാതികള്‍ പറഞ്ഞുപരത്തി. പാവപ്പെട്ട പെണ്‍കുട്ടികള്‍ അവിടെ പീഡിപ്പിക്കപ്പെടുക വരെ ചെയ്തുവെന്നും അവര്‍ പറഞ്ഞു. ഞാന്‍ ഇതെല്ലാം നിശബ്ദം കണ്ടുനില്‍ക്കുയായിരുന്നു. എന്തെങ്കിലും പ്രതികരിച്ചാല്‍ അവര്‍ എന്നെയും ആക്രമിക്കുമായിരുന്നു. അവരെ തകര്‍ക്കാന്‍ എന്തും ചെയ്യുമെന്ന് അവര്‍ പറയാറുണ്ടായിരുന്നു. ഒടുവില്‍ ലിറ്റില്‍ തിയ്യറ്ററിനോട് എനിക്കും വല്ലാത്തൊരു പക വളര്‍ന്നു. ഡയറക്ടര്‍ കെ.കെയക്കും മറ്റുള്ളവര്‍ക്കുമെതിരേ മോശപ്പെട്ട ഭാഷയിലുള്ള കത്തുകളെഴുതാന്‍ ഞാനും മായയെ സഹായിക്കാറുണ്ടായിരുന്നു. 2017 ഓടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിപ്പോയി ഞാന്‍. ഈ വിഷലിപ്തമായ ബന്ധം എന്നെ ശരിക്കും തകര്‍ത്തു തുടങ്ങിയിരുന്നു. മാതാപിതാക്കളുമായുള്ള എന്റെ ബന്ധം വരെ മോശമായി. മായയുടെ കുതന്ത്രങ്ങളും നുണപ്രചരണങ്ങളും ഞങ്ങളുടെ സുഹൃത്തുക്കകളെയും മോശമായി ബാധിച്ചിരുന്നു.

2018 ജനുവരിയോടെ മാനസികമായും ശാരീരികമായും തകര്‍ന്ന ഞാന്‍ കെ.കെയുമായി അടുപ്പത്തിലായി. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. കുടുംബവുമായും കൂട്ടുകാരുമായും അടുക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനും അദ്ദേഹമാണ് എന്നെ സഹായിച്ചത്. ഒരു സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിച്ചതും അദ്ദേഹമാണ്. തിയ്യറ്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി എന്റെ തകര്‍ന്ന ആത്മവിശ്വാസം വീണ്ടെടുത്തത് അദ്ദേഹമാണ്. ഇവിടെവച്ച് മികച്ച നടിക്കുള്ള പുരസകാരം ഞാന്‍ നേടി. അവിടെ വച്ച് എന്നെ പീഡിപ്പിച്ച ആളെ കണ്ടപ്പോള്‍ ഞാന്‍ ആകെ ഭയന്നു. ഈ പോസ്റ്റ് കണ്ട് മായ പീഡിപ്പിച്ച മറ്റുള്ളവര്‍ക്കും എല്ലാം തുറന്നു പറയാനുള്ള ധൈര്യം കിട്ടുമെന്നാണ് എന്റെ വിശ്വാസം. എനിക്ക് അവരോട് ഒന്നേ പറയാനുള്ളൂ. നിശബ്ദരായി ഇരുന്നാല്‍ അത് പീഡകരെ സഹായിക്കുന്നതിന് തുല്ല്യമാവും. ധൈര്യം സംഭരിച്ച് മുന്നോട്ടുവരൂ. നിങ്ങളെ സഹായിക്കാന്‍ ഞാനുണ്ട്. ഇനിയും എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇത്തരം ദുരനുഭവത്തിലൂടെ പോകരുതെന്നുണ്ട് എനിക്ക്. അവര്‍ വ്യാജ ആരോപണങ്ങളുടെ പേരില്‍ പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങരുതെന്നുമുണ്ട്. ഇതുമൂലം പൊതുജനങ്ങള്‍ അവരെ മോശക്കാരായി കാണരുതെന്നുമുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ ഈ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തുവരുന്നത്.


Read More >>