'കഥ പറയുമ്പോൾ' മോഷ്ടിച്ചത്; ശ്രീനിവാസനെതിരെ ഗുരുതരാരോപണം

10,12 കോയിൻ ആയപ്പോൾ വേറെ കഥ ഉണ്ടേൽ അയയ്ക്ക, ഈ കഥ പിന്നീട് ഉപയോഗിക്കാമെന്ന് പറഞ്ഞ് ശ്രീനിവാസൻ ഫോൺ വെച്ചു.

കഥ പറയുമ്പോൾ മോഷ്ടിച്ചത്; ശ്രീനിവാസനെതിരെ ഗുരുതരാരോപണം

ശ്രീനിവാസൻ്റെ തിരക്കഥയിൽ മമ്മൂട്ടി നായകനായി 2007ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം 'കഥ പറയുമ്പോൾ' മോഷണമാണെന്ന് ആരോപണം. സിനിമയുടെ കഥ ശ്രീനിവാസൻ മോഷ്ടിക്കുകയായിരുന്നുവെന്നാണ് ആരോപണം. വിജില ചിറപ്പാട് എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നാണ് ആരോപണം. സത്യചന്ദ്രൻ പൊയിൽക്കാവ് എന്ന കഥാകൃത്തിൻ്റെ തിരക്കഥ ശ്രീനിവാസൻ മോഷ്ടിക്കുകയായിരുന്നുവെന്ന് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിൻ്റെ പൂർണ്ണ രൂപം:

മേലുകാവ് കണ്ടപ്പോൾ മേലൂർ, പൊയിൽക്കാവ് , ചെങ്ങോട്ടുകാവ്...കൊയിലാണ്ടിയിലെ ഈ സ്ഥലങ്ങളുമായി ബന്ധം തോന്നി കഥ എഴുതിത്തുടങ്ങിയതാണ് സത്യചന്ദ്രൻ പൊയിൽക്കാവ്. പത്താം ക്ലാസിനുശേഷം എറണാകുളം കോട്ടയം ഭാഗത്തേക്ക് കുഞ്ഞമ്മയുടെ മക്കളോടൊത്ത് ബേക്കറിപലഹാരങ്ങളുമായി കച്ചവടത്തിന് പോകുന്ന കാലത്താണ് ഈരാറ്റുപേട്ടയിലും മേലുകാവിലും എത്തിച്ചേരുന്നത്. പത്താം ക്ലാസിനുശേഷം എക്സലന്റ് എന്ന പാരലൽ കോളേജിൽ പഠിക്കുമ്പോൾ പൊയിൽക്കാവ് ടൗണിൽ ബാലൻ എന്ന ബാർബറുടെ കടയിൽ പോയിരിക്കാറുണ്ടായിരുന്നു. തൊട്ടടുത്ത് പ്രകാശൻ എന്നൊരു ബാർബറും ഉണ്ടായിരുന്നു. പീടികയുടെ നിരപ്പലകയെടുത്ത് സുഹൃത്തുക്കൾ കലാപരിപാടികൾ നടത്താറുണ്ടായിരുന്നു. അത്തരത്തിൽ നല്ലോരു ബന്ധം. താൻ പിന്നീട് പ്രശസ്തനായെങ്കിൽ ബാർബർ ബാലനുമായുള്ള ബന്ധം സങ്കൽപിച്ചാണ് കഥ എഴുതുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്.

നിർമാതാവ് കൂടിയായ സുഹൃത്ത് വിജയൻ പൊയിൽക്കാവുമായും സുരേഷ് കുറ്റ്യാടിയുമായും കഥയെപ്പറ്റി ചർച്ച ചെയ്തു. ഒരു തമിഴ്സിനിമയുടെ ഫീലാണെന്നും ( കഥയിൽ സിനിമാനടൻ കടന്നുവരുന്നത്) കഥ ഒഴിവാക്കി. പിന്നീട് ഹരിതം ബുക്സിൽ ജോലി ചെയ്യുമ്പോൾ കൈരളി ബുക്സിലും പോകാറുണ്ടായിരുന്നു. പ്രതാപ് തായാട്ട് വഴി കൈരളി ബുക്സിലെ മാനേജർ അശോകനെ വിളിച്ച് ശ്രീനിവാസന്റെ ഫോൺ നമ്പർ വാങ്ങി. അന്ന് കൈയിൽ സ്വന്തമായി ഫോണില്ല. ഒരു സുഹൃത്തിന്റെ ഫോണിൽ കുറേ പ്രാവശ്യം വിളിച്ചപ്പോൾ ഫോണെടുത്തു. "നിങ്ങൾക്ക് ഭംഗിയായി അവതരിപ്പിക്കാൻ പറ്റുന്ന സബ്ജക്റ്റുണ്ട്." കുറേ മനുഷ്യപ്പറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീനിവാസനെ മുന്നിൽ കണ്ടാണ് സംസാരിച്ചത്. സ്ക്രിപ്റ്റ് അയച്ചുകൊടുക്കാൻ പറഞ്ഞു. ആള് മദ്രാസിലാണ്. അയച്ചിട്ട് നഷ്ടപ്പെടുമോ എന്ന പേടി. അങ്ങനെ കൈരളി ബുക്സിലേക്കയച്ചാൽ മതിയെന്നായി. സ്ക്രിപ്റ്റ് ഒന്നു കൂടി വൃത്തിയായെഴുതി കൊറിയർ അയച്ചു.

പിന്നീട് അശോകനെ വിളിച്ചപ്പോൾ ശ്രീനിവാസൻ സ്ക്രിപ്റ്റ് വാങ്ങി പോയെന്നു പറഞ്ഞു. പ്രതികരണമറിയാൻ അക്കാലത്ത് നിലവിലുണ്ടായിരുന്ന കോയിൻ ബോക്സ് ഫോണിൽ ശ്രീനിവാസനെ വിളിച്ചു. കൊയിലാണ്ടി കോടതിക്കു മുമ്പിലുള്ള ഒരു കടയിൽ നിന്ന്. സംസാരിച്ചുവന്നപ്പോൾ ശ്രീനിവാസന്റെ കണ്ണിൽ കഥാപാത്രത്തിന് കെൽപ്പില്ല. അയാൾ, അയാളുടെ കുടുംബം എങ്ങനെ ജീവിക്കുന്നു എന്നൊക്കെയായി ചോദ്യങ്ങൾ. "ഭാര്യ ഒരു പിടിപ്പുള്ള സ്ത്രീയാണ്. ആട് വളർത്തുന്നുണ്ട്. കുറി നടത്തുന്നുണ്ട്" എന്നൊക്കെ ത്രെഡ് പറഞ്ഞപ്പോൾ സ്ക്രിപ്റ്റ് എഴുതിയതിനേക്കാൾ എഫക്റ്റുണ്ടെന്നു പറഞ്ഞു. 10,12 കോയിൻ ആയപ്പോൾ വേറെ കഥ ഉണ്ടേൽ അയയ്ക്ക, ഈ കഥ പിന്നീട് ഉപയോഗിക്കാമെന്ന് പറഞ്ഞ് ശ്രീനിവാസൻ ഫോൺ വെച്ചു. ബേജാറായെങ്കിലും സുഹൃത്ത് ആശ്വസിപ്പിച്ചു.

" വീട്ടിൽ കിടന്നു ചിതലരിക്കുന്നതിലും നല്ലതല്ലേ സത്യേട്ടാ, പിന്നെ അമിതപ്രതീക്ഷ നൽകേണ്ടെന്നു കരുതിയാവും അങ്ങനെ സംസാരിച്ചത് "പിന്നീട് കുറേ സബ്ജക്റ്റിന്റെ വൺലൈൻ മാത്രം അയച്ചു കൊടുത്തു. അപ്പോഴും അയാളെ അവിശ്വസിച്ചില്ല. ഇടയ്ക്ക് മറ്റൊരു സുഹൃത്തിനെക്കൊണ്ട് വിളിപ്പിച്ചു. അതൊന്നും ഒരു കഥയായി തോന്നിയില്ലെന്ന ശ്രീനിവാസന്റെ നിസാരമാക്കിക്കൊണ്ടുള്ള മറുപടി കിട്ടി. അപ്പോഴേക്ക് പണിപൂർത്തിയാവാത്ത ഒരു വീട്ടിൽ ഭാര്യയുമായി താമസമായി. വാതിലില്ല. രാത്രിയായാൽ കുറുക്കന്മാർ കേറിവരുമെന്ന പേടി. വീട് വിട്ട് എങ്ങോട്ടും മാറി നിൽക്കാൻ പറ്റാത്ത അവസ്ഥ. ഏട്ടൻ ആക്സിഡന്റായി മെഡിക്കൽ കോളേജിൽ കിടക്കുന്നു. എക്സ് റെ എടുക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ കൈകാലുകൾ ഒടിഞ്ഞുതൂങ്ങി. നാട്ടുകാർ പിരിവെടുത്ത് സ്കാൻ ചെയ്തിട്ടും ഇൻഫെക്ഷനായി. സഹായം ചോദിച്ചു ശ്രീനിവാസനെ വിളിച്ചു. കൈരളി ബുക്സിൽ പോയി വാങ്ങാൻ പറഞ്ഞു. എന്നാൽ എന്തെങ്കിലും സാമ്പത്തികസഹായം കൊടുക്കാൻ ശ്രീനിവാസൻ പറഞ്ഞില്ലെന്നായിരുന്നു കൈരളിയിൽ നിന്ന് കിട്ടിയ മറുപടി. ആശുപത്രിയിൽ ഏട്ടന് കൂട്ടിരിക്കുമ്പോൾ ഒരു രോഗിയുടെ ബന്ധുവിന്റെ കൈയിലുണ്ടായിരുന്ന 'നാന'യിലാണ് പടം അനൗൺസ് ചെയ്തു കൊണ്ടുള്ള വാർത്ത കാണുന്നത്. മാതൃഭൂമിയിലെ കെ.വിശ്വനാഥിനെ പോയി കണ്ടു. നമുക്കൊന്നു വിളിക്കാം എന്ന ആശ്വാസവാക്കിൽ കാത്തിരുന്നു. മാതൃഭൂമിയിലെ തന്നെ വേറെ ഒരാളിന്റെ ഫോണിലാണ് വിളിച്ചത്. 'അതൊക്കെ വേറെ ആളെക്കൊണ്ട് ചെയ്തല്ലോ' എന്ന് നിസാരമായി മറുപടി വന്നു.

പിന്നീട് സത്യചന്ദ്രൻ പൊയിൽക്കാവ് എന്ന യഥാർഥകഥാകൃത്ത് വിളിക്കുമ്പോഴൊന്നും ഫോൺ അറ്റന്റ് ചെയ്യാൻ അയാൾ തയ്യാറായിട്ടില്ല. എറണാകുളത്ത് കേസ് കൊടുത്തതിനുശേഷം "ഒരു മനോരോഗി എന്നെ ശല്യം ചെയ്യുന്നു "എന്ന രീതിയിൽ പ്രസിദ്ധീകരണങ്ങൾക്ക് അഭിമുഖങ്ങളിൽ സംസാരിക്കുന്നത് സുഹൃത്തുക്കളുടെ ശ്രദ്ധയിൽ പെട്ടു. "വല്ലാതെ വിഷമം തോന്നുന്നു സത്യേട്ടാ പ്രതികരിക്കൂ"എന്ന് പറയുമ്പോൾ നല്ലൊരു ഫോൺ പോലുമില്ലാതെ ഫേസ്ബുക്കിൽ ഒരു ചെറിയ പോസ്റ്റ് പോലുമിടാനാവാതെ പൊയിൽക്കാവിന്റെ കഥാകൃത്ത് പ്രതികരിച്ചതിങ്ങനെ"ഞാൻ എന്നല്ല, ഏത് വ്യക്തിയായാലും ഒറ്റപ്പെടുന്ന അവസ്ഥ, നമ്മളെ പറ്റിക്കപ്പെടാൻ മാത്രം ഉപയോഗിക്കുന്ന അവസ്ഥ അംഗീകരിക്കാൻ കഴിയില്ല. വർഷങ്ങൾ കഴിഞ്ഞ് മെനഞ്ഞാന്ന് മാത്രമേ അയാൾക്ക് കോടതി കയറേണ്ടി വന്നുള്ളൂ. ഉത്തമപൗരനായതുകൊണ്ട്." മാതൃഭൂമിയിലെ വാർത്ത തന്നെ തെറ്റായ രീതിയിലാണ് വന്നത്. "കഥ പറയുമ്പോൾ" എന്ന സിനിമയെ "അയാൾ കഥയെഴുതുകയാണ് എന്നാക്കി.

8 വർഷം മുമ്പ് കേസ് ഫയൽ ചെയ്തപ്പോൾ സിനിമയിലെ കഥാപാത്രമായ മീശപ്രകാശൻ എന്ന ബാർബർ മൊഴി കൊടുക്കാൻ കോടതിയിൽ ഹാജരായിരുന്നു. പ്രകാശൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ജീവിച്ചിരിക്കുന്ന ബാർബർ ബാലനോടൊത്തുള്ള ഫോട്ടോ മുമ്പ് എഫ്ബിയിൽ പോസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി രണ്ടിന് കോടതി കേസ് വീണ്ടും കേൾക്കാനിരിക്കേ നമുക്ക് സെലിബ്രറ്റിയല്ലെങ്കിലും പ്രതിഭയായ സത്യചന്ദ്രൻ പൊയിൽക്കാവിനൊപ്പം നിൽക്കേണ്ടതുണ്ട്. സത്യത്തിനൊപ്പം നിൽക്കേണ്ടതുണ്ട്. (സത്യചന്ദ്രൻ പൊയിൽക്കാവിന്റെ ഫോൺ+918606807022)