ഫഹദ് ഫാസില്‍ നായകനാകുന്ന തമിഴ് ചിത്രത്തിനായി സ്‌നേഹ 10 കിലോ ഭാരം കുറയ്ക്കുന്നു

ഫഹദിന്റെ വലിയ ആരാധികയായ താന്‍ ഇരുവരുമൊന്നിച്ചുള്ള അഭിനയത്തിനായി കാത്തിരിക്കുകയാണെന്ന് സ്‌നേഹ പറഞ്ഞു.

ഫഹദ് ഫാസില്‍ നായകനാകുന്ന തമിഴ് ചിത്രത്തിനായി സ്‌നേഹ 10 കിലോ ഭാരം കുറയ്ക്കുന്നു

ഫഹദ് ഫാസില്‍ തമിഴില്‍ നായകനാകുന്ന വേലൈക്കാരന്‍ എന്ന ചിത്രത്തിനായി പ്രശസ്ത തെന്നിന്ത്യന്‍ താരം സ്‌നേഹ 10 കിലോ ഭാരം കുറയ്ക്കുന്നു. ഇടക്കാലത്ത് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായി സിനിമാ രംഗത്തുനിന്ന് മാറി നിന്ന സ്‌നേഹ സിനിമാ ലോകത്തേയ്ക്കുള്ള രണ്ടാം വരവിലാണിപ്പോള്‍.

ഇതിനകം 7 കിലോ ഭാരം കുറച്ചതായി സ്‌നേഹ ടൈംസ്‌ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ കഥാപാത്രത്തിന് ആവശ്യമായ രൂപത്തിലേക്ക് മാറാന്‍ ഭാരം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണെന്ന് സ്‌നേഹ പറഞ്ഞു. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയുമാണ് താരം ഭാരം കുറയ്ക്കുന്നത്.

ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലും കൂടിയാണ് സ്‌നേഹ. 'ഞാന്‍ ഫഹദ് ഫാസിലിന്റെ കടുത്ത ആരാധികയാണ്. പ്രമാണി എന്ന ചിത്രത്തില്‍ ഞാനും ഫഹദും ഉണ്ടായിരുന്നെങ്കിലും ഒരുമിച്ചുള്ള രംഗങ്ങള്‍ ഇല്ലായിരുന്നു. വേലൈക്കാരന്റെ ഷൂട്ടിംഗിനായി കാത്തിരിക്കുകയാണ്'' സ്‌നേഹ പറയുന്നു.