സ്ഫടികം മാസ്റ്റർ പീസ്; നരസിംഹം ഒരു തവണ കാണാവുന്ന ചിത്രം: ശ്യാം പുഷ്കരൻ്റെ വിലയിരുത്തൽ

സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് തനിക്കറിയില്ലെന്നും അഭിമുഖത്തില്‍ ശ്യാം പുഷ്‌കരന്‍ വ്യക്തമാക്കി.

സ്ഫടികം മാസ്റ്റർ പീസ്; നരസിംഹം ഒരു തവണ കാണാവുന്ന ചിത്രം: ശ്യാം പുഷ്കരൻ്റെ വിലയിരുത്തൽ

കഴിഞ്ഞ കാല മലയാള സിനിമകളെ വിലയിരുത്തി തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. തൻ്റെ ഏറ്റവും പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്സ് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്നു കൊണ്ടിരിക്കെ റേഡിയോ മാംഗോ എഫ്എമ്മിനു നൽകിയ അഭിമുഖത്തിലാണ് ശ്യാമിൻ്റെ വിലയിരുത്തൽ. ഫിലിമി ബീറ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഭദ്രൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സ്ഫടികം ഒരു മാസ്റ്റർ പീസാണെന്നാണ് ശ്യാമിൻ്റെ അഭിപ്രായം. എന്നാൽ ഷാജി കൈലാസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ സിനിമ നരസിംഹം ഒരു തവണ മാത്രം കാണാവുന്ന ചിത്രമാണെന്നാണ് ശ്യാമിൻ്റെ വിലയിരുത്തൽ.

സിദ്ധിക്ക്-ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ എന്നീ സിനിമകൾക്കാണ് മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥകളുള്ളതെന്ന് ശ്യാം അഭിപ്രായപ്പെട്ടു. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം വരവേല്പ് തനിക്കിഷ്ടമില്ലാത്ത ചിത്രമാണെന്നും ശ്യാം പറഞ്ഞു. നായക കഥാപാത്രം അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഏറെ വിഷമിക്കുന്നത് കൊണ്ട് തന്നെ ആ ചിത്രം കാണാന്‍ തനിക്ക് ഇഷ്ടമില്ലെന്നാണ് ശ്യാമിൻ്റെ വിശദീകരണം.

മിഥുനം എന്ന സിനിമ ഉര്‍വ്വശിയുടെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെ ഒരിക്കല്‍ കൂടി പറയാന്‍ സ്‌കോപ്പ് ഉണ്ടെന്നും ശ്യാം പറയുന്നു. ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് തനിക്കറിയില്ലെന്നും അഭിമുഖത്തില്‍ ശ്യാം പുഷ്‌കരന്‍ വ്യക്തമാക്കി.

Read More >>