രാമലീല: ജീവിതത്തിലെ 'നല്ല' നടന്റെ അരാഷ്ട്രീയ കമ്മ്യൂണിസ്റ്റ് വിരുദ്ധ ലീലകള്‍

രാഷ്ട്രീയ സിനിമയെന്ന പേരിൽ മലയാള സിനിമ' പ്രേക്ഷകരെ കബളിപ്പിച്ച മലയാളസിനിമ നിരയിലേയ്ക്ക് ദിലീപും ടോമിച്ചൻ മുളകുപാടവും അരുൺ ​ഗോപിയും ഒരെണ്ണം കൂടി സമ്മാനിക്കുകയാണ്

രാമലീല: ജീവിതത്തിലെ നല്ല നടന്റെ അരാഷ്ട്രീയ കമ്മ്യൂണിസ്റ്റ് വിരുദ്ധ ലീലകള്‍

സഹപ്രവര്‍ത്തയെ റേപ്പ് ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ദിലീപ് ജയിലായതിനെ തുടര്‍ന്ന് രാമലീലയുടെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. സിനിമ ബഹിഷ്‌കരിക്കണമെന്ന് ഒരു വിഭാഗവും മറിച്ച് സിനിമയെ കലയായി മാത്രം കാണണമെന്ന് എതിര്‍ വിഭാഗവും വാദം ഉയര്‍ത്തിയതിനിടയിലാണ് സിനിമ തിയ്യേറ്ററിലെത്തിയത്. അരുണ്‍ ​ഗോപിയെന്ന സംവിധായകന്റെ ആദ്യ സിനിമയെന്ന പരിഗണയും ഒപ്പം ദിലീപ് ജയിലായപ്പോള്‍ ഇറങ്ങിയ സിനിമയെന്ന സഹാനുഭൂതിയും കൃത്യമായി മാര്‍ക്കറ്റ് ചെയ്തിരുന്നു. മലയാള സിനിമ വ്യവസായത്തിലെ ഏറ്റവും മികച്ച കച്ചവടക്കാരനായ ടോമിച്ചന്‍ മുളകുപാടമെന്ന നിർമ്മാതാവ് ദിലീപ് ജയിലായ സാഹചര്യത്തെ ഏറ്റവും കൃത്യമായി മുതലെടുത്താണ് സിനിമയെ പ്രേക്ഷകന് മുമ്പില്‍ എത്തിച്ചത്. മലയാള സിനിമയില്‍ ഏറ്റവും മൂല്യമുള്ള വിഷയമായ കമ്മ്യൂണിസം തന്നെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. രക്തസാക്ഷിയായ രാഘവന്റെ മകനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനുമായ രാമനുണ്ണിയായാണ് ദിലീപ് സിനിമയില്‍ എത്തുന്നത്.

സാങ്കല്‍പ്പിക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരാണ് സിനിമ പറയുന്നതെങ്കിലും സിപിഐഎമ്മിനെയും അതിന്റെ വര്‍ഗ സംഘടനകളെയും തന്നെ കാണിച്ചാണ് സിനിമ തുടങ്ങുന്നത്. ടെെറ്റില്‍ കാര്‍ഡില്‍ സിപിഐഎം നേതാക്കന്മാരായ ഇകെ നായനാരുടെയടക്കം സ്മാരകം സ്ഥിതി ചെയ്യുന്ന പയ്യാമ്പലവും രക്തസാക്ഷി സ്മാരകളും കാണിച്ചാണ് തുടങ്ങുന്നത്. എംഎല്‍എയായ രാമനുണ്ണിയെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ അമ്പാടി മോഹനെ(വിജയരാഘവന്‍) മര്‍ദ്ദിച്ചത് മൂലം പാർട്ടിയിൽ നിന്ന് പുറത്താക്കുന്നു. ഇതിനെ തുടര്‍ന്ന് എതിര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാമനുണ്ണിയും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമ.

കമ്മ്യൂണിസ്റ്റ് സിനിമകളെന്ന പേരില്‍ ഈ അടുത്ത കാലത്തിറങ്ങിയ മെക്‌സിക്കന്‍ അപാരതയും സഖാവുമെല്ലാം പുലര്‍ത്തിയ അതേ രീതി തന്നെയാണ് ഈ സിനിമയും പിന്തുടരുന്നത്. കമ്മ്യൂണിസമെന്നാല്‍ നായകന്‍ മാത്രമാണെന്ന രീതി തന്നെ പുലര്‍ത്തുന്ന സിനിമ ശരിയുടെ പക്ഷത്ത് ദിലീപിനെയും തെറ്റിന്റെ പക്ഷത്ത് ബാക്കിയുള്ളവരെ മുഴുവനും നിർത്തിയാണ് മുന്നോട്ട് പോകുന്നത്. കമ്മ്യൂണിസ്റ്റുകാരനായ സഖാവ് രാമനുണ്ണിയുടെ സിനിമയെന്ന ടാ​ഗോട് കൂടിയെത്തിയ സിനിമ യഥാർത്ഥത്തിൽ പറയുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധതയും അരാഷ്ട്രീയതയുമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കാൻ കഴിയുന്നത് കമ്മ്യൂണിസമാണെന്ന മലയാള സിനിമയുടെ വിജയ ഫോർമുലയെ ഇതിലും നന്നായി ഉപയോ​ഗിച്ചിട്ടുണ്ട്. ഇടത് രാഷ്ട്രീയ സിനിമയെന്ന തോന്നൽ ആദ്യ ഘട്ടത്തിൽ ഉയർത്തുകയും പിന്നീട്ട് രാഷ്ട്രീയം മുഴുവൻ മോശമാണെന്ന പ്രതിധ്വനി ഉയർത്തുകയും ചെയ്യുന്ന ആ പതിവ് മലയാള രാഷ്ട്രീയ സിനിമ ശെെലി തന്നെയാണ് രാമലീലയുടേതും.

സച്ചിയെന്ന തിരക്കഥാകൃത്തിന്റെ മികച്ച രചനയാണെന്ന് പടത്തിന്റെ ആദ്യ പകുതിയിൽ തോന്നലുണ്ടാക്കുന്നുണ്ട്. ആദ്യ പകുതിയിലെ സംഭാഷണങ്ങളും ഡയലോ​ഗുകളുമെല്ലാം ആരാധകർക്ക് വലിയ ആവേശം നൽകുന്നതാണ്. കൊലപാതകവും ദിലീപ് പ്രതിയായി ഉയരുന്നതും അതിൽ നിന്ന് രക്ഷപ്പെടാൻ ദിലീപ് നടക്കുന്ന നീക്കങ്ങളുമെല്ലാം സിനിമയുടെ രണ്ടാം പകുതിയിൽ ഒരു ത്രില്ലർ സ്വഭാവം നൽകുന്നുണ്ട്. ത്രില്ലറായി സിനിമ മാറുന്നതോടെ അച്ചടക്കതോടെ തൂലിക ചലിപ്പിക്കുന്ന സച്ചിയുടെ കെെയിൽ നിന്ന് പലപ്പോഴും സിനിമ വഴുതിപ്പോയി. തന്റെ മികച്ച രചനയായ മോഹൻലാൽ -ജോഷി സിനിമ റൺ ബേബി റണിന്റെ അതേ ശെെലിയിലേയ്ക്ക് സിനിമ മാറുന്നതാണ് പ്രധാന പ്രശ്നം. താൻ അകപ്പെട്ട കൊലപാതക കേസിൽ നിന്ന് രക്ഷനേടാൻ ഒരു ഒാൺലെെൻ ചാനലിനെ കൂട്ട് പിടിച്ച് നടത്തുന്ന നീക്കങ്ങളാണ് സിനിമയുടെ രണ്ടാം പകുതി. പല രം​ഗങ്ങളും സസ്പെൻസും ത്രില്ലിങുമായിട്ടാണ് അവതരിപ്പിക്കുന്നതെങ്കിലും ഇവയെല്ലാം റൺ ബേബി റണ്ണിന്റെ നിഴൽ മാത്രമായി മാറുന്നുണ്ട്. പശ്ചാത്തല സം​ഗീത്തതിന്റെ ​മേന്മയിൽ മാത്രമാണ് ഇൗ രം​ഗങ്ങൾ അസഹനീയമായി തോന്നാതിരിക്കുന്നത്. ഹിറ്റ് ഫോർമുലയിൽ മാത്രം സിനിമയൊരുക്കുന്ന ദിലീപിന്റെ ആ ശെെലിയ്ക്ക് പരിപൂർണ പിന്തുണ നൽകിയാണ് സച്ചി തിരക്കഥയൊരുക്കിയിട്ടുള്ളതെന്ന് തോന്നിപ്പിക്കും വിധമാണ് സിനിമയുടെ പോക്ക്.

അരുൺ​ഗോപിയെന്ന സംവിധായകന്റെ ആദ്യ സിനിമയെന്ന നിലയിൽ അദ്ദേഹം അഭിനന്ദനം അർഹിക്കുന്നുണ്ട്. ദിലീപ് എന്ന താരത്തിനെയും ശരാശരി തിരക്കഥയും ഉപയോ​ഗിച്ച് പലപ്പോഴും വിരസമായി പോകേണ്ട സിനിമയെ ബോറടിപ്പിക്കാതെ പിടിച്ച് ഇരുത്താൻ ശ്രമിക്കുന്നുണ്ട് അരുൺ ​ഗോപി. പ്രയാ​ഗ മാർട്ടിന്റെ നായിക കഥാപാത്രത്തെ നായകനായ രാമനുണ്ണിയുടെ നിഴലായി മാത്രമാണ് കാണാനാകുക. രാമനുണ്ണിയ്ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുന്ന മാധ്യമ പ്രവർത്തക മാത്രമാണ് പ്രയാ​ഗയുടെ കഥാപാത്രം. രാമനുണ്ണിയുടെ അമ്മയുടെ വേഷത്തിലെത്തിയ രാധിക ശരത്കുമാറിനും കാര്യമായൊന്നും ചെയ്യാനില്ല. നടിയെന്ന നിലയിൽ അവരുടെ കഴിവിനെ ഉപയോ​ഗിക്കാൻ പോലും സിനിമ ശ്രമിച്ചിട്ടില്ലെന്നതാണ് സത്യം. രക്തസാക്ഷി രാഘവന്റെ ഭാര്യ രാ​ഗിണി രാഘവനായി അഭിനയിക്കുന്ന രാധിക, പാർട്ടിയാണ് അവസാന ശരിയെന്ന് ആദ്യ ഭാ​ഗത്ത് പറയുന്നതിൽ നിന്ന് പാർട്ടി പുറത്താക്കിയ മകനാണ് ശരിയെന്ന് പറയുന്നതാണ് ഒറ്റവാക്കിൽ രാമലീല.

പ്രകടനം കൊണ്ട് മികച്ച നിന്നത് സിദ്ദിക്കിന്റെ വലത് രാഷ്ട്രീയ നേതാവായ ഉദയഭാനുവാണ്. പോൾസൺ വർ​ഗീസെന്ന പൊലീസ് ഉദ്യോ​ഗസ്ഥനായി വരുന്ന മുകേഷും പ്രേക്ഷന്റെ കെെയടി നേടും. സ്വന്തം മകളുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന അച്ഛനെന്ന സ്ഥിരം കഥാപാത്രമായി രൺജി പണിക്കരും തന്റെ സാന്നിധ്യം സിനിമയിൽ അടയാളപ്പെടുത്തുന്നുണ്ട്. ദിലീപ് കഥാപാത്രമായ രാമനുണ്ണിയുടെ ലീലകളായി മാറുന്ന സിനിമയിൽ പക്ഷെ മികച്ചതായി മാറുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായി പ്രത്യക്ഷപ്പെട്ടുന്ന വിജയരാഘവന്റെ അമ്പാടി മോഹൻ തന്നെയാണ്. കഥാപാത്രത്തിന്റെ ഡയലോ​ഗ് ‍‍‍‌ഡെലിവറിയടക്കം മികച്ചതാക്കി മാറ്റാൻ വിജയരാഘവന് കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ ഏക ആശ്വാസം ദിലീപ് സിനിമകളുടെ സ്ഥിരം ഘടകമായ സ്ത്രീവിരുദ്ധതയും ദ്വയാർത്ഥ പ്രയോ​ഗങ്ങളും ആഘോഷിക്കുന്നതിൽ ഒരു കുറവുണ്ടെന്നതാണ്.

//// നിലവിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം തന്നെ മോശമാണെന്നും അതിനെയെല്ലാം ഉൻമൂലനം ചെയ്യേണ്ടതാണെന്നുമുള്ള നായക കഥാപാത്രത്തിന്റെ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന രാമലീല കേരളത്തിന്റെ പരിപ്രേക്ഷയിൽ ഒരു രാഷ്ട്രീയ സിനിമയായി അം​ഗീകരിക്കാനാവില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും മോശമാണെന്നും പാർട്ടി ഭേദമന്യേ എല്ലാ ആശയത്തേയും തെറ്റിന്റെ പക്ഷത്ത് പ്രതിഷ്ഠിക്കുകയാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ സിനിമയെന്ന ടാ​ഗിനപ്പുറം ഒരു അരാഷ്ട്രീയവാദം മുന്നോട്ട് വെക്കുന്ന സിനിമയാണിത്. അരാഷ്ട്രീയവാദമാണ് നാടിന് ആവശ്യമായ രാഷ്ട്രീയമെന്ന് പറയുന്ന രാമലീല പതിവ് മലയാള രാഷ്ട്രീയ സിനിമകൾ പോലെ തന്നെ രാഷ്ട്രീയ സിനിമയായി ആഘോഷിക്കപ്പെട്ടേക്കാം. രാഷ്ട്രീയ സിനിമയെന്ന പേരിൽ മലയാള സിനിമ' പ്രേക്ഷകരെ കബളിപ്പിച്ച മലയാളസിനിമ നിരയിലേയ്ക്ക് ദിലീപും ടോമിച്ചൻ മുളകുപാടവും അരുൺ ​ഗോപിയും ഒരെണ്ണം കൂടി സമ്മാനിക്കുകയാണ്

Read More >>