അമുദവൻ്റെയും നാലു പെണ്ണുങ്ങളുടെയും കഥ; പേരൻപ് റിവ്യൂ

ഒരു മെലോഡ്രാമയിലേക്ക് തള്ളി വിടാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും വളരെ കയ്യടക്കത്തോടെ വ്യത്യസ്തമായ ട്രാക്കിലൂടെ സിനിമയെ കൈപിടിച്ചു കൊണ്ടു പോയ റാം തന്നെയാണ് ഒന്നാമതായും രണ്ടാമതായും സിനിമയുടെ ആത്മാവ്.

അമുദവൻ്റെയും നാലു പെണ്ണുങ്ങളുടെയും കഥ; പേരൻപ് റിവ്യൂ

മൂന്നു വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ഒരു സിനിമ റിലീസ് ദിവസം തന്നെ തീയറ്ററിൽ പോയി കാണുന്നത്. പേരൻപിനെപ്പറ്റി പറഞ്ഞു കേട്ടതൊക്കെ സത്യമാവണേ എന്ന് പ്രാർത്ഥിച്ചാണ് സിനിമ കാണാനിരുന്നത്. എന്നാൽ പറഞ്ഞു കേട്ടതിനും അപ്പുറമാണ് 147 മിനിട്ടുകൾ കൊണ്ട് സംവിധായകൻ റാം പറഞ്ഞു വെച്ചത്.

പേരൻപ് അച്ഛൻ-മകൾ ബന്ധത്തിനപ്പുറം ചർച്ച ചെയ്യുന്നത് അമുദവനും നാല് പെണ്ണുങ്ങളും തമ്മിലുള്ള ബന്ധമാണ്. അമുദവൻ്റെ ജീവിതത്തിൽ ശക്തമായ സ്വാധീനമുണ്ടാക്കിയത് നാലു പെണ്ണുങ്ങളാണ്. പാപ്പ, അമുദവൻ്റെ ആദ്യ ഭാര്യ, വിജി, പിന്നെ സ്ത്രീത്വം പേറുന്ന മീര. ഈ നാലു പേർക്കിടയിലൂടെയുള്ള അമുദവൻ്റെ യാത്രയാണ് പേരൻപ്. നഷ്ടപ്പെടുന്നു എന്ന് തോന്നുന്നയിടങ്ങളിൽ നിന്നും, കരകയറി എന്ന് തോന്നുന്നയിടങ്ങളിൽ നിന്നും അമുദവൻ്റെ ജീവിതത്തിൽ കൃത്യമായ ഇടപെടലുകൾ ഈ സ്ത്രീ കഥാപാത്രങ്ങൾ നടത്തുന്നുണ്ട്.

ഒരു മെലോഡ്രാമയിലേക്ക് തള്ളി വിടാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും വളരെ കയ്യടക്കത്തോടെ വ്യത്യസ്തമായ ട്രാക്കിലൂടെ സിനിമയെ കൈപിടിച്ചു കൊണ്ടു പോയ റാം തന്നെയാണ് ഒന്നാമതായും രണ്ടാമതായും സിനിമയുടെ ആത്മാവ്. റാം മനസ്സിൽ കാണുന്ന വിഷ്വലുകളെ പകർത്തി വെക്കുക എന്ന ജോലി മാത്രമേ അഭിനേതാക്കൾ ചെയ്തിട്ടുള്ളൂ. അത് വളരെ ഗംഭീരമായി അവർ ചെയ്യുകയും ചെയ്തു. 12 അദ്ധ്യായങ്ങളിൽ, പ്രകൃതിയുമായി ബന്ധപ്പെടുത്തി റാം പറഞ്ഞ കഥ അങ്ങനെ തന്നെ നമ്മൾ ഹൃദയത്തിലേക്കെടുക്കുന്നത് ഈ സിനിമയുടെ ആകെ പ്രതിഫലനമാണ്. ഹൃദയം തൊട്ട് തലോടി കടന്നു പോകുന്ന കഥാപരിസരങ്ങൾക്കിടയിൽ പെട്ട് ശ്വാസം കിട്ടാതെ നെടുവീർപ്പിട്ട് സ്ക്രീനിലേക്ക് വീണ്ടും മിഴിയൂന്നിയ ഞാൻ രണ്ട് മണിക്കൂറിനുള്ളിൽ കടന്നു പോയത് വളരെ ഭീതിപ്പെടുത്തുന്ന ഒരു അവസ്ഥയിലൂടെയാണ്. എനിക്ക് ഇങ്ങനെ ഒരു മകളുണ്ടായാൽ ഞാൻ എന്തു ചെയ്യും? ചോദ്യം സിനിമ കണ്ടിട്ട് സ്വയം ചോദിക്കേണ്ടതാണ്.

മമ്മൂട്ടിയുടെ അമുദവൻ നിസ്സഹായതയുടെ അങ്ങേയറ്റത്ത് ശ്വാസം മുട്ടി ജീവിക്കുന്ന ഒരു കഥാപാത്രമാണ്. എന്തു ചെയ്യും എന്ന ചോദ്യമാണ് സിനിമയിലുടനീളം അമുദവൻ സ്വയം ചോദിക്കുന്നത്. തീരെ പരിചിതമല്ലാത്ത സാഹചര്യങ്ങളിലൂടെ തന്നെ വലിച്ചോടുന്ന ജീവിതത്തിലേക്ക് തുറിച്ചു നോക്കി നിസ്സഹായതയോടെ നിൽക്കുന്ന അമുദവൻ ഇതിനു മുൻപ് മമ്മൂട്ടി കടന്നു പോയിട്ടില്ലാത്ത ഇടങ്ങളിലൂടെയുള്ള സഞ്ചാരമായിരുന്നു. ഇനി അഭിനയിക്കാനൊന്നുമില്ലാത്ത വണ്ണം നാട്യശാസ്ത്രത്തിൻ്റെ സകല ഭ്രമണ പഥങ്ങളിലും സഞ്ചരിച്ച മമ്മൂട്ടിക്ക് ഇത് പക്ഷേ, ഒരു പുതിയ അനുഭവമായിരുന്നു. നിസ്സഹായതയുടെ ഏറ്റവുമറ്റത്ത് നിൽക്കുമ്പോളും ഇനിയെന്തു ചെയ്യുമെന്ന് ചോദിക്കുന്ന ജീവിതത്തെ നോക്കി നെടുവീർപ്പിടുന്ന അമുദവൻ ഇന്നു വരെ മമ്മൂട്ടി ചെയ്ത കഥാപാത്രങ്ങളിൽ നിന്നൊക്കെ വഴിമാറി നടക്കുകയാണ്. എടുത്തു പറയാൻ ഒരുപാട് സീനുകളുണ്ട്. പക്ഷേ, പറയുന്നില്ല.

അമുദവൻ്റെ പാപ്പ കൗമാര കൗതുകങ്ങളൊക്കെ നിറഞ്ഞ പെൺകുട്ടിയാണ്. അച്ഛൻ ഒരു പുരുഷനാണെന്ന് തിരിച്ചറിവുള്ള ഒരു പെൺകുട്ടി. ഈ ലോകം എങ്ങനെയാണെന്ന് മനസ്സിലാക്കുകയും തനിക്കില്ലാതെ പോയത് അമ്മയാണെന്ന ഉത്തമബോധ്യമുള്ളതുമായ പെൺകുട്ടി. താൻ ഒരു പെൺകുട്ടിയാണെന്ന് മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രതികരിക്കുകയും പെരുമാറുകയും ചെയ്യുന്ന പാപ്പ സാധനയിൽ ഭദ്രമായിരുന്നു. സൂക്ഷ്മാഭിനയം കൊണ്ട് പലപ്പോഴും വിസ്മയിപ്പിച്ച സാധന ജീവനുള്ള ഒരുപിടി മുഹൂർത്തങ്ങളാണ് സിനിമയിലൂടെ കാണിച്ചു തന്നത്. ലോകം കീഴ്മേൽ മറിഞ്ഞാലും അച്ഛൻ പറയുന്നത് ചെയ്യുമെന്ന് ഉറപ്പു നൽകുന്ന പാപ്പ പക്ഷേ, പ്രായോഗികതയിൽ അച്ഛനെ തോൽപിക്കുന്നുണ്ട്. ഒരുപക്ഷേ, അമുദവന് ഇല്ലാതെ പോയതും അതായിരുന്നു.

വിജിയും മീരയും രണ്ടു തരത്തിൽ അമുദവൻ്റെ ജീവിതത്തെ സ്വാധീനിച്ച കഥാപാത്രങ്ങളാണ്. കാരണമെന്തെന്നറിഞ്ഞു കൂടാത്ത നിസ്സഹായതയിൽ വിജി ഒരു ചോദ്യം ബാക്കി നിർത്തിയാണ് അമുദവനിൽ നിന്നും പടിയിറങ്ങുന്നതെങ്കിൽ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമായാണ് മീര അമുദവനിലേക്കെത്തുന്നത്. ഒരേ സ്വഭാവത്തിൻ്റെ ഇരു ധ്രുവങ്ങൾ.

സിനിമയിലെ പാട്ടുകൾ മികച്ചു നിന്നു. കഥാപരിസരവുമായി ഇണങ്ങുന്ന ഇമ്പമുള്ള പാട്ടുകൾ. പാട്ടുകളിലൂടെ റാം പറഞ്ഞു വെച്ച ചില കാര്യങ്ങൾ അതിഗംഭീരമായിരുന്നു. ഒരൊറ്റ ഡയലോഗ് പോലുമില്ലാതെ പാട്ടുകൾക്കിടയിലെ ദൃശ്യങ്ങൾ സംവദിച്ചത് ഹൃദയത്തിൻ്റെ ഭാഷയാണ്. അമുദവനും പാപ്പയും വിജിയും മീരയും പാട്ടുകൾക്കിടയിലൂടെ പറഞ്ഞത് സിനിമയുടെ മുഴുവൻ ആത്മാവായിരുന്നു. കണ്ണ് നനച്ചും ചിരിപ്പിച്ചും നെടുവീർപ്പിട്ടും ഞെട്ടിച്ചും ഭയപ്പെടുത്തിയും പേരൻപ് പറഞ്ഞു തീർത്തത് പേരൻപിനോടൊപ്പം 'റെസുറക്ഷൻ' അഥവാ പുനരുജ്ജീവത്തിൻ്റെയും കഥയാണ്.

റേറ്റിംഗ് 5/5