ഒടിയനായി മാറാന്‍ കഴിയുന്ന ഇങ്ങനെയും ചില മനുഷ്യര്‍!

ഇടവഴികളിൽ ഇരുട്ടിന്റെ മറവിൽ കൺകെട്ട് വിദ്യയാൽ എതിരാളിയെ ഭയപ്പെടുത്തി ശാരീരികമായി നേരിടുന്ന ഒടിവിദ്യ കൈവശമുള്ളവന്‍- ഒടിയൻ. വടക്കൻ കേരളത്തിലെ പ്രത്യേകിച്ച് പാലക്കാട് മലപ്പുറം തൃശ്ശൂർ നാട്ടിന്‍പുറങ്ങളില്‍ ഒരു മിത്തുപോലെ ഒടിയന്റെ ഒരുപാടു കഥകൾ കേള്‍ക്കാം

ഒടിയനായി മാറാന്‍ കഴിയുന്ന ഇങ്ങനെയും ചില മനുഷ്യര്‍!

ഒടിയനെ കുറിച്ചുള്ള ശ്രീകുമാര്‍ മേനോന്റെ 'തള്ള്' കേട്ടു സിനിമ ബഹിഷ്ക്കരിച്ചവരോട്, ഒരു കണക്കിനു നന്ദി പറയേണ്ടി വരും- നാളുകള്‍ക്കു ശേഷം തീയേറ്ററില്‍ സമാധാനമായിരുന്നു മനോഹരമായ ഒരു 'മോഹന്‍ലാല്‍ ചിത്രം' കാണാന്‍ സാധിച്ചതിന്! ഫാന്‍സിന്റെ വിസിലടിയും കൂവലുകളും ഒന്നും അലോസരപ്പെടുത്താതെ സ്വസ്ഥമായിരുന്നു ഒരു അമ്മൂമ്മ കഥ ഇങ്ങനെ ചുരുളഴിയുന്നത് കണ്ടിരിക്കാം. ഒടിയന്‍ തീയേറ്ററില്‍ പോയി കാണേണ്ട സിനിമയാണ് - എനിക്കൊപ്പം ഏതാണ്ട് മുക്കാല്‍ തീയേറ്റര്‍ നിറഞ്ഞ സദസ്സുള്ള സാധാരണ പ്രേക്ഷകര്‍ കണ്ട ഒരു നല്ല സിനിമ.

മനോഹരമെന്നു പറയുമ്പോള്‍, അത് ബാഹുബലിയോട് കിടപിടിക്കുമെന്നോ, അടൂര്‍ ചിത്രങ്ങളോട് മത്സരിക്കുമെന്നോ 'ബുദ്ധിജീവിപരമായ വിലയിരുത്തല്‍ നടത്തുകയല്ല- മോഹന്‍ലാല്‍ കൊള്ളാം..പൊളിച്ചു! ഇയാള്‍ എങ്ങനെയാണ് ഇപ്പോഴും ഈ സൂപ്പര്‍ സ്റ്റാര്‍ പദവി നിലനിര്‍ത്തുന്നത് എന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും മനസിലാകുന്നു.

മോഹന്‍ലാലിന്‍റെ പഴയ സിനിമകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് സന്തോഷമാകും - സ്ക്രീനില്‍ എത്തുമ്പോള്‍ മാണിക്യന്‍ എന്ന ഒടിയന്‍, പോസ്റ്ററില്‍ കണ്ടത് പോലെ അറുബോറന്‍, പ്രായത്തിനു ചേരാത്ത വേഷംകെട്ടലല്ല, നമ്മള്‍ കണ്ടു കയ്യടിച്ചിരുന്ന മോഹന്‍ലാല്‍ എന്ന നടന്റെ പഴയ ചില 'നുറുക്ക്' വിദ്യകളാണ്- സ്ത്രൈണത കലര്‍ന്ന ഒരു നാണവും, കണ്ണു കൊണ്ടുള്ള കുസൃതികളും...അങ്ങനെ എന്തൊക്കെയോ...20 വര്‍ഷം മുന്‍പുള്ള മോഹന്‍ലാലിനെ സമ്മാനിച്ചു എന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്, സംവിധായകനും 'പഴയ മോഹന്‍ലാല്‍' പ്രേമിയായത് കൊണ്ടാകും :)

മാണിക്യനും പാലക്കാടന്‍ മനോഹാരിതയുമാണ്‌ ചിത്രത്തില്‍ ഏറ്റവും സുന്ദരമായി തോന്നിയത്. കന്മദത്തിലെ ഭാനുവില്‍ ചെയ്തതും, ഹവ് ഓള്‍ഡ്‌ ആര്‍ യൂവില്‍ നിരുപമ ചെയ്തതിലും അധികമൊന്നും കേളോത്തെ പ്രഭയില്‍ ഉണ്ടായിരുന്നില്ല. മോഹന്‍ലാലിനും പ്രകാശ് രാജിനും ഒപ്പം നില്‍ക്കുന്ന കഥാപാത്രമാണ് നായിക എന്ന സംവിധായകന്റെ 'തള്ള്' വല്ലാതെ കൂടി പോയി. വേഷത്തിലാകട്ടെ, രണ്ടു കാലത്തിലെ കഥാപാത്രമായിട്ടാകട്ടെ, ഒടിയന്റെ പെണ്ണ് എന്ന ക്ലീഷേയിലാകട്ടെ... പ്രഭ പോരാ!


ഇമ്പകരമായ സംഗീതത്തില്‍ ഹൃദ്യമായ വരികളില്‍ ഒരു മനോഹര ഗാനം- "കൊണ്ടോരാം കൊണ്ടോരാം അന്ത്യാളന്‍ കാവില്‍ കൊണ്ടോരാം.." പക്ഷെ, ആ ഈ ഗാനം ഉള്‍പ്പെടുത്താന്‍ വേണ്ടി മാത്രമായിട്ട് പ്രഭയ്ക്കു പൊടുന്നവെ മാണിക്യനോട് പ്രണയം തോന്നുന്നത് പോലെ അരോചകമായി അനുഭവപ്പെട്ടു. എവിടെയോ എന്തോ തകരാറ് പോലെ...

മാണിക്യന്‍ എന്ന ഒടിയന് അമാനുഷികമായി തുടരാമായിരുന്നു. മാണിക്യനാകാന്‍ മോഹന്‍ലാല്‍ നടത്തിയ ശാരീരിക തയ്യാറെടുപ്പുകളും കോസ്റ്റ്യൂമില്‍ നല്‍കിയ ശ്രദ്ധയും നായികാ കഥാപാത്രത്തില്‍ ഒട്ടുമേ കണ്ടില്ല.

പ്രകാശ് രാജിന്റെ കറുമ്പന്‍ നായരില്‍ നിന്നും പ്രതീക്ഷിതമായത് സംഭവിച്ചു- അതിഗംഭീരമല്ല, ഓവറും അല്ല! അതിപ്പോ ...നാട്ടുനടപ്പനുസരിച്ച് ഒരു വില്ലനാകുമ്പോള്‍...

ഇരുട്ടിനെ ചിത്രത്തില്‍ ആവോളം നായിക പരിഹസിക്കുന്നുണ്ട്. പക്ഷെ ഇരുട്ടിന്റെ നായകനായ ഒടിയനെ ഇഷ്ടപ്പെടാനും സിനിമ ആവശ്യപ്പെടുന്നു. അതെന്തായിരിക്കും ഇങ്ങനെ? ഏതായാലും ഒന്നുണ്ട്...മാനാകാനും മയിലാകാനും മേഘമാലകളാകാനും നിന്റെ കയ്യിലെ താമരപുഷ്പങ്ങളാകാനും ഒരു മനുഷ്യാവതാരത്തെ കൂടി 'ഒടിയന്‍' പരിചയപ്പെടുത്തുന്നു.

തെക്കന്‍ ജില്ലക്കാര്‍ക്ക് ഒടിയന്‍ എന്ന സങ്കല്‍പ്പം അത്ര പരിചിതമാണോ എന്ന് അറിയില്ല- 'ഒടി വയ്ക്കും' എന്നൊക്കെ കേട്ടിട്ടുണ്ട്. ഒടിയന്‍ ഇതാണ് എന്ന് അമ്മൂമ്മ കഥ കേള്‍ക്കുന്ന പ്രിയത്തോടെ കേട്ടിരിക്കാം, കണ്ടിരിക്കാം- മോഹന്‍ലാല്‍ എന്ന നടന്‍ നല്‍കുന്ന ഗ്യാരന്റിയാണത്.


ക്ലൈമാക്സിലും ' അവസാനത്തെ ഒടിയന്‍' എന്ന സങ്കല്‍പ്പം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു എങ്കില്‍....( ആദ്യം അങ്ങനെയാണ് പറഞ്ഞത് ..കേട്ടോ..) ഒടിയന്‍ മാണിക്യന്‍ ഒരു 'ഹാങ്ങ്‌ ഓവര്‍' ആകുമായിരുന്നു... സംശയമില്ല, പണ്ടുണ്ടായിരുന്ന ഒരു തലമുറയ്ക്ക് ഓര്‍മ്മകള്‍ സമ്മാനിക്കാന്‍ ഇന്ന് ഒരു മഹേന്ദ്ര ബാഹുബലി പോലെ...

സിനിമയുടെ ഡീപ്പ് ടെക്നോളജി ഒന്നും വിലയിരുത്താനുള്ള പ്രേക്ഷക ബുദ്ധിയില്ല- സിനിമ കൊള്ളാം, മോഹന്‍ലാല്‍ വിസ്മയിപ്പിച്ചു, ഒടിയന്‍ മാണിക്യനെ കണ്ടു, പാലക്കാട് ഇഷ്ടായി, കഥ കേട്ടു... ആസ്വദിച്ചു.. കാശ് നഷ്ടമായില്ല...വീണ്ടും കാണാനുള്ള പ്രിയവുമുണ്ട്...